Written for circulation in Calgary for the Malayali Association Onam celebration.
പഴയ കാലത്തിന്റെ പ്രസക്തിയെ, ചിന്തകളുടെ സാന്ദ്രതയെ, നഷ്ടവസന്തങ്ങള്‍ക്ക് കാതോര്‍ക്കുവാന്‍ സമയം ഇല്ലാതെ ജീവിതത്തിന്റെ റേസ് കാറില്‍ നടത്തുന്ന റോളര്‍ കോസ്ടര്‍ റയിടിന്റെ നിരര്‍ഥകതയെ, എല്ലാം വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് മറ്റൊരു ഓണം വരവായി. ചിങ്ങവെയിലിന്റെ പ്രകാശവും എങ്ങും ഹരിതാഭാമാക്കി അലങ്കരിച്ച സമ്മരിന്റെ വശ്യതയും കിളിക്കൊഞ്ചലും സൈക്കിള്‍ സവാരിയായും ജോഗിംഗ് ആയും ജീവിതത്തിന്റെ ത്രസിപ്പും തുടിപ്പും ആസ്വദിയ്ക്കുന്ന കാല്‍ഗരിക്കാരന്റെ ആഹ്ലാദവും, ഓണത്തിന്റെ വരവ് നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നു.
പഴയ കാലത്തിന്റെ പ്രസക്തിയെ, ചിന്തകളുടെ സാന്ദ്രതയെ, നഷ്ടവസന്തങ്ങള്‍ക്ക് കാതോര്‍ക്കുവാന്‍ സമയം ഇല്ലാതെ ജീവിതത്തിന്റെ റേസ് കാറില്‍ നടത്തുന്ന റോളര്‍ കോസ്ടര്‍ റയിടിന്റെ നിരര്‍ഥകതയെ, എല്ലാം വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് മറ്റൊരു ഓണം വരവായി. ചിങ്ങവെയിലിന്റെ പ്രകാശവും എങ്ങും ഹരിതാഭാമാക്കി അലങ്കരിച്ച സമ്മരിന്റെ വശ്യതയും കിളിക്കൊഞ്ചലും സൈക്കിള്‍ സവാരിയായും ജോഗിംഗ് ആയും ജീവിതത്തിന്റെ ത്രസിപ്പും തുടിപ്പും ആസ്വദിയ്ക്കുന്ന കാല്‍ഗരിക്കാരന്റെ ആഹ്ലാദവും, ഓണത്തിന്റെ വരവ് നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നു.
ഓണം ജീവിതത്തെ എങ്ങിനെ സ്വാധീനിയ്ക്കുന്നു എന്ന് ചിന്തിച്ചാല്‍ അത് നമ്മുടെ കുട്ടിക്കാലവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ടാണ് എന്ന് കാണാന്‍ കഴിയും. പൂവ്, പൂക്കളം, പൂവിളി, ഓണത്തപ്പന്‍ (തൃക്കാക്കരപ്പന്‍ എന്ന് ഞങ്ങളുടെ നാട്ടില്‍ പറയുന്ന കളിമണ്‍ വിഗ്രഹം), സര്‍വോപരി വാത്സല്യ നിധിയായ, നിഷ്കളങ്കനായ, നഷ്ട സ്വര്‍ഗ്ഗങ്ങള്‍ മനസ്സില്‍ എക്കാലവും പേറി നടക്കുന്ന, മാവേലി എന്നാ രാജാവ് - ഇത്തരം ഗതകാല ബിംബങ്ങള്‍ ബാലമനസ്സുകളുടെ അകത്തളങ്ങളില്‍ എന്നെന്നേയ്ക്കുമായി പ്രതിഷ്ടിയ്ക്കപ്പെടുന്നു. പിന്നീട് പലതരം വേഷങ്ങള്‍ കെട്ടിയാടുന്ന ജീവിതത്തിന്റെ രംഗശാലയിലെ ഇടവേളകളില്‍ ഒരു സ്മൃതിയായും കനലായും കുട്ടിക്കാലത്തെ കളിക്കൂട്ടുകാരന്റെയും കൂട്ടുകാരിയുടെയും ഓര്‍മ്മകളുടെ രൂപത്തിലും ഓണം വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.
ഇപ്പോള്‍, ഇതെഴുതുമ്പോള്‍ ഓര്‍മ്മ വരുന്നത്, അത്തം മുതല്‍ ഓണം വരെ നീളുന്ന അക്കാലത്തെ അവധി ദിനങ്ങള്‍ ആണ്. കുന്നിന്‍ പുറങ്ങളില്‍ മേയുന്ന കന്നുകളെ പോലെ അലകഷ്യമായി നടന്നും സംസാരിച്ചും പൂക്കൊട്ടകളില്‍ പൂക്കളത്തിനുള്ള പൂക്കള്‍ ശേഖരിച്ചും നടന്ന കാലം. പലതരം പൂവുകളുടെ മോഹിപ്പിയ്ക്കുന്ന വര്‍ണ്ണ ഭംഗികള്‍ ആസ്വദിയ്ക്കാന്‍ കഴിവുണ്ടായിരുന്ന കാലം. നാഥന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന രവീന്ദ്രനാഥന്‍ ആയിരുന്നു എല്ലാത്തിന്റെയും നേതാവ്. അനന്തമായി നീളുന്ന തായം കളികള്‍, കുട്ടിയും കോലും, തൊട്ടു കളി, ഒളിച്ചു കളി, നൂറ്റും കൊള്ളി, ....തായം എന്നാല്‍ പനങ്കുരു ഉപയോഗിച്ചുള്ള പകിട കളിയാണ്. കുട്ടിയും കോലും ക്രിക്കറ്റിന്റെ പ്യൂപ്പ ദശയില്‍ ഉള്ള രൂപമത്രെ! നൂറ്റും കൊള്ളി ഈര്‍ക്കില കഷ്ണങ്ങള്‍ കൊണ്ട് അതീവ ശ്രദ്ധയോടെ കളിയ്ക്കുന്ന ഒരു ഐറ്റം ആണ്. പിന്നെ നാഥന്റെ സിനിമാക്കഥകള്‍.....ഏറ്റവും പുതിയ പടങ്ങള്‍ എല്ലാം നാഥന്‍ കാണും. അതില്‍ ജയന്റെയും നസീറിന്റെയും ഭാഗങ്ങളൊക്കെ അഭിനയിച്ചു കാണിയ്ക്കും. നാഥന് ഒരു പ്രണയം ഉണ്ടായിരുന്നു. നാഥന്റെ പ്രണയ കഥകളും സിനിമാ കഥകളും പലപ്പോഴും സംമിശ്രങ്ങള്‍ ആയിരുന്നു! ഞങ്ങളാകട്ടെ, ആ കഥകള്‍ കേട്ട് അന്തം വിട്ടിരിയ്ക്കുകയും ആ സിനിമകളുടെ പരസ്യങ്ങള്‍ പേപ്പറില്‍ വരുമ്പോള്‍ അത് നോക്കി വായില്‍ വെള്ളമിറക്കി ഇരിയ്ക്കുകയും ചെയ്യും!
വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ചായത്ത് പ്രസിഡന്റും പിന്നെ DCC സെക്രട്ടറിയും ആയ നാഥനെ എന്റെ ഹ്രസ്വ സന്ദര്‍ശന വേളകളില്‍ കണ്ടു മുട്ടുന്നത് തന്നെ വളരെ ദുര്‍ലഭമായി. കണ്ടാലും രണ്ടു പേര്‍ക്കും പില്‍ക്കാലത്ത് ചുമലില്‍ വഹിയ്ക്കേണ്ടി വന്ന പരശ്ശതം കുരിശുകളുടെ ഭാരം കാരണം വാക്കുകള്‍ കുറവേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. മദ്യമോ, പുക വലിയോ, മുറുക്കോ, പെണ്ണോ, എന്ന് വേണ്ട ഒരു ദുശ്ശീലവും ഇല്ലാതിരുന്ന "wrinkle free man" ആയിരുന്നു നാഥന്‍. മാരകമായ ഏതോ രോഗത്തിനടിപ്പെട്ടു മരണപ്പെട്ട അവന്റെ മൃതശരീരം ആണ് അവനെക്കുറിച്ചുള്ള അവസാനത്തെ ഓര്‍മ്മ.
ഓര്‍മ്മകളുടെ ഓണങ്ങള്‍!
ഇല്ലത്തെ കാര്യസ്ഥന്‍ ആയ നാരായണന്‍ നമ്പ്യാര്‍ - നമ്പ്യാര്‍ എന്ന് വിളിയ്ക്കും - ആണ് ഓണക്കാലത്തെ പ്രധാന താരം. കുഞ്ചന്‍ നമ്പ്യാരുടെ എല്ലാ തുള്ളല്‍ പാട്ടുകളും ഹൃദിസ്ഥം. തൃക്കാക്കരപ്പന്റെ സൃഷ്ടിയില്‍ അനിതരസാധാരണമായ കരവിരുതാണ് നമ്പ്യാര്‍ക്ക്. തൃക്കാക്കരപ്പനു അരിമാവ് കൊണ്ട് കോലങ്ങള്‍ അണിഞ്ഞു ഒരുക്കുന്നതിലും ഓണദിനങ്ങളില്‍ അതി രാവിലെ പൂവിളിയ്ക്കുന്നതിലും മുഴുത്ത ഏത്തപ്പഴക്കുലകള്‍ അറുത്തു കൊണ്ട് വന്നു പത്തായപ്പുരയില്‍ കെട്ടി തൂക്കി പുകച്ചു പഴുപ്പിയ്ക്കുന്നതിലും പുത്തന്‍ കയറാല്‍ വരിഞ്ഞു കെട്ടി അത്തത്തലെന്ന് ഊഞ്ഞാല്‍ റെഡിയാക്കി തരുന്നതിലും എല്ലാമെല്ലാം നമ്പ്യാരായിരുന്നു ഞങ്ങളുടെ കണ്‍കണ്ട ദൈവം!
തമാശയാണ് കാലത്തിന്റെ കണ്‍കെട്ടു കളി. ഒരിയ്ക്കലും പിരിയാനാവില്ലെന്നും അഭാവത്തില്‍ ജീവിതം തന്നെ വിരസമാവുമെന്നു അക്കാലത്ത് ഉറച്ചു വിശ്വസിച്ചിരുന്ന നമ്പ്യാര്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചപ്പോള്‍ തികഞ്ഞ നിര്‍വികാരതയോടെയാണ് കോളേജ് ഹോസ്റ്റലില്‍ ഇരുന്ന് ആ ഇന്‍ലാന്റു ലെറ്റര്‍ വായിച്ചത് എന്ന് ഇന്നോര്‍ക്കുന്നു. അത് കഴിഞ്ഞു എത്രയെത്ര ഓണങ്ങള്‍ കടന്നു പോയി!
എല്ലാം എത്ര പെട്ടെന്നാണ് മാഞ്ഞു പോയത്! എങ്ങനെയാണ് അതൊക്കെ ജലരേഖകള്‍ പോലെ മാഞ്ഞു പോയത്?
കാലം മാറി, കഥ മാറി! ജാതികളും മതങ്ങളും സൃഷ്ടിയ്ക്കുന്ന അന്ധകാരത്തില്‍ മുങ്ങിത്തപ്പിയും മദ്യാസക്തിയില്‍ പട്ടണങ്ങള്‍ മത്സരിച്ചു ജയിച്ചും കിടമല്‍സരങ്ങളില്‍ തോല്‍ക്കുമ്പോള്‍ പരസ്പരം കൊന്നും ക്വട്ടേഷന്‍ സംഘങ്ങളെക്കൊണ്ട് കൊല്ലിച്ചും വര്‍ഗ്ഗീയതയുടെയും കള്ളപ്പണത്തിന്റെയും ദുസ്സഹമായ ദുര്‍ഭൂതങ്ങളെ മനസ്സാ വരിച്ചും രമിച്ചും പീഡിപ്പിച്ചും നടത്തുന്ന കേളികളുടെ ഓണമാണ് കേരളത്തില്‍ എങ്ങും - കഷ്ടം! സര്‍ക്കാര്‍ നടത്തുന്ന ഒനാഘോഷങ്ങളും , പ്രച്ച്ചന്ന വേഷങ്ങളും പ്രഹസനങ്ങളായി, നോക്ക് കുത്തികള്‍ ആയി TV-യില്‍ പല്ല് കാട്ടി ഇളിയ്ക്കുന്നു. സ്ക്രീനിന്റെ താഴെ, moving bar -ല്‍ sms വഴി പടരുന്ന വര്‍ഗ്ഗീയ വിദ്വേഷ കഥകള്‍....കേരളം ഭ്രാന്താലയം ആണെന്ന് വിവേകാനന്ദന്‍ പറഞ്ഞത് പുതിയ കാലത്തില്‍ പ്രസക്തി കൂടി, ഡോള്‍ബി സൌണ്ടിലായി ചെവിയില്‍ മുഴങ്ങുന്നു.
ഈ അവസരത്തിലാണ് നാം പ്രവാസികള്‍ നടത്തുന്ന ഓണാഘോഷങ്ങള്‍ താരതമ്യേന മഹത്തരങ്ങള്‍ ആവുന്നത്. കേരളത്തിന് പുറത്തു ഓണ സങ്കല്‍പ്പങ്ങളിലെ സ്നേഹവും കൂട്ടായ്മയും ആവേശത്തോടെ മായാലോകം തീര്‍ക്കുന്നത് കാണാം. ഇന്ത്യയ്ക്ക് പുറത്താവട്ടെ, അതിന്റെ ശക്തി പതിന്‍മടങ്ങ് വര്‍ദ്ധിയ്ക്കുന്നു. കാല്‍ഗരിയില്‍ നാം ഈ ശനിയാഴ്ച (Aug.25) St.Vladimir Church - ല്‍ നമ്മള്‍ക്ക് പറ്റുന്ന രീതിയില്‍ ഒരു ചെറിയ സദ്യ (സദ്യ എന്നാല്‍ ഭക്ഷണം മാത്രമല്ല, കണ്ണിനും കാതിനും മനസ്സിനും നാവിനും എല്ലാം സദ്യ - അതായിരിയ്ക്കട്ടെ നമ്മുടെ ലക്‌ഷ്യം!) ഒരുക്കുമ്പോള്‍ താങ്കളും കുടുംബവും പങ്കെടുക്കുക എന്നതാണ് നമ്മള്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ ആഘോഷം.