സമയം സന്ധ്യയായി . ഇരുളിന്‍റെ ദേവന്‍ വരാന്‍ പകല്‍ പടി പാതി ചാരി. അയാള്‍ റിപ്പോര്‍ട്ടുകള്‍ നോക്കി: പുരുഷായുസ്സിന്റെ നാഴികക്കല്ലുകള്‍!! പില്‍ക്കാലത്തെ വഴിത്താരകളില്‍ എണ്ണി നോക്കി. വളരെ കുറച്ചേ നേട്ടങ്ങള്‍ എന്ന് പറയാന്‍ ഉള്ളു. ഏറ്റവും ആദ്യം ഓര്‍മ്മ വന്നത് അവളെ ആദ്യം മാറ്റി നിര്‍ത്തി ആരും കാണാതെ മുഖത്തും നിതംബത്തിലും മാറി മാറി തുരു തുരാ ഉമ്മ വെച്ചത്....പിന്നെ അയാള്‍ക്ക് ആദ്യത്തെ കൈക്കുടന്ന നിലാവ് പോലെ കണ്മണി ജനിച്ചതും അതിനു ശേഷം ജീവന്‍റെ ജീവന്‍ ആയ പുന്നാര മോള്‍ ജനിച്ചതും....മോളെ വിദേശത്തെ എന്‍ജിനീയര്‍ കല്യാണം കഴിച്ച് അവള്‍ കണ്ണീരോടെ വിമാനത്താവളത്തില്‍ വിട പറഞ്ഞപ്പോള്‍ കരള്‍ പറിഞ്ഞു പോയ പോലെ സ്മരണകളുടെ അനന്ത സാഗരം തികട്ടി വന്നത്. എല്ലാം ഇനി തീരുകയായി. അല്ലെങ്കിലും, എത്രയായി കഷ്ടപ്പാടുകള്‍ തിന്നും കദന കഥകള്‍ കേട്ടും കയ്പ്പേറിയതും നിറം കെട്ടതും ആയ ഈ പാന പാത്രത്തിലെ സ്വാദിഷ്ടം അല്ലാത്ത മെനു അനുസരിച്ച് ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നു. എത്രയോ കാലമായി കാത്തിരുന്ന ആ അവധിക്കാലം ഇതാ വന്നെത്തിയിരിക്കുന്നു. പക്ഷെ ഒറ്റയ്ക്ക് ആഘോഷിയ്ക്കാന്‍ ആയിരിക്കണം വിധി!
ബയോപ്സി റിസള്‍ട്ട് വന്നപ്പോഴേ മകന്‍റെ മുഖത്ത് കണ്ട കരി നീലിമ കണ്ടിട്ടും കണ്ടില്ലെന്നു നടിയ്ക്കാന്‍ പണ്ടഭിനയിച്ച നാടക വേഷങ്ങളുടെ പ്രവൃത്തി പരിചയം സഹായിച്ചുവോ? പിന്നെയങ്ങോട്ട് അഭിനയങ്ങളുടെ മത്സരമായിരുന്നല്ലോ. അച്ഛനെ ഒന്നും അറിയിയ്ക്കാതെ സംസാരിയ്ക്കാന്‍ മകന്‍റെ അഭിനയം. മകനും മകളും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കിയ വിവരങ്ങള്‍ ആദ്യമേ അറിഞ്ഞിരുന്നു എന്ന വിവരം അറിയിക്കാതിരുന്നു കൊണ്ട് അവര്‍ പറഞ്ഞതൊക്കെ വിശ്വസിച്ചു എന്ന് വരുത്തിക്കൊണ്ട് അച്ഛന്റെ അഭിനയം.....ഇതിനിടയില്‍ ഒന്നും മനസ്സിലാവാതെ പാവം ഭാര്യ....അയാള്‍ റിപ്പോര്‍ട്ടുകള്‍ കുത്തി നിറച്ച ആസ്പത്രി ഫയല്‍ അടച്ചു വെച്ചു.
അര്‍ബുദം കരളിലും ശ്വാസകോശത്തിലും പിടി മുറുക്കി കഴിഞ്ഞു. കൌണ്ട് ഡൌണ്‍ തുടങ്ങി. ഇനി ക്ഷരമല്ലാത്ത ലോകത്തേയ്ക്ക് യാത്രയാവുക. എല്ലാത്തിനും ആധാരമായ ശക്തിയില്‍ ലയിയ്ക്കുക. പക്ഷെ ഞാന്‍ ജീവിതം ആസ്വദിയ്ക്കാന്‍ തുടങ്ങിയത് പോലുമില്ലല്ലോ, ഇത് ചതിയല്ലേ?
അയാള്‍ ഷെല്‍ഫില്‍ നിന്ന് പഴയ ആല്‍ബങ്ങള്‍ എടുത്തു നോക്കി. ഭൂതകാലത്തിന്റെ ചരിത്ര കുറിപ്പുകള്‍ പോലെ. മകള്‍ ആദ്യത്തെ ദിവസം സ്കൂളില്‍ പോയത്. അവള്‍ക്കു പല സമയത്ത് പല പല വേദികളില്‍ സമ്മാനങ്ങള്‍ കിട്ടിയത്, അവളുടെ നൃത്തത്തിന്‍റെ അരങ്ങേറ്റം, അവളുടെ കല്യാണത്തിന് ചെക്കന്റെ വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കാന്‍ എടുത്തത്, പിന്നെ അവളുടെ കല്യാണത്തിന്റെയും അവളുടെ കുട്ടിയുടെയും വരെ...
അതില്‍ ഒരു ഫോട്ടോയില്‍ അയാള്‍ കണ്ണുകള്‍ മാറ്റാന്‍ ആവാതെ തുറിച്ചു നോക്കി ഇരുന്നു: ഇന്നും ഓര്‍ക്കുന്നു, നടന്നു ക്ഷീണിച്ച അവളെ എടുത്ത് അങ്ങാടിയിലൂടെ കടന്നു പോവുമ്പോള്‍ എതിരെ വന്ന ഫോട്ടോഗ്രാഫര്‍ ക്ലിക്ക് ചെയ്ത നൈമിഷിക നിധി. അവള്‍ അയാളെ ഉമ്മ വെക്കുന്ന ചിത്രം.
റെസ്ടുകളിലൂടെയും കീമോതെരാപ്പിയിലൂടെയും ആസ്പത്രികളിലൂടെയും വൈദ്യശാലകളിലൂടെയും ജീവിതം പുരോഗമിയ്ക്കുമ്പോള്‍, സോറി, കത്തി തീരുമ്പോള്‍ ഒരു ദിവസം പഴയ കൂട്ടുകാരന്‍ കാണാന്‍ വന്നു. "കാഴ്ചകള്‍, കെട്ടു കാഴ്ചകള്‍, പരിമിത വൃത്തത്തിനകത്തെ അനുഭാവാഖ്യാനങ്ങള്‍, അഭിനയങ്ങള്‍ - എല്ലാം മടുത്തു കാണും അല്ലെ?" എന്ന് ചോദിച്ചു കൊണ്ടായിരുന്നു അവന്‍റെ വരവ് തന്നെ. കുറച്ചു നേരം, പോയ കാലം ഒരു ദയാ ഹരജി പരിഗണിച്ചെന്നപോലെ, ജാലകങ്ങള്‍ തുറന്നിട്ടു സ്മരണകളെ സ്വച്ചന്ദമായി മേയാന്‍ അനുവദിച്ചു. "എടാ നിന്‍റെ കൂടെ വരാന്‍ എനിയ്ക്ക് പറ്റാതായി പോയത് എന്റെ പാപത്തിന്റെ ശക്തി കാരണം ആയിരിക്കും" എന്ന് പറഞ്ഞു അവന്‍ വിട വാങ്ങി. ഭാര്യയും രണ്ടു മക്കളും എന്നേയ്ക്കുമായി മനോ രോഗത്തിന് അടിപ്പെട്ടു പോയപ്പോള്‍ ജീവിതം ചടങ്ങായി ജീവിച്ചു തീര്‍ക്കുന്ന അവനാണോ അതോ ജീവിച്ചു കൊതി തീരാതെ, ജീവന്‍ വെടിയുന്ന അയാളാണോ ഭാഗ്യവാന്‍? ആത്യന്തികമായി എന്താണ് സാറേ ഈ ഭാഗ്യം?
അവസാനത്തെ കീമോ ചെയ്യാന്‍ ആസ്പത്രിയില്‍ പോവുന്നതിനു മുമ്പ് അയാള്‍ വീടിനടുത്തുള്ള അമ്പലത്തില്‍ പോയി. നട അടച്ചിരുന്നു. അതങ്ങനെയാവുമല്ലോ...അനിവാര്യമായ അന്ത്യ യാത്ര മൊഴിയ്ക്കായി അടഞ്ഞ വാതിലിനു മുന്നില്‍ നിന്ന് കാണാത്ത ദൈവത്തെ നോക്കി യാത്ര പറയാന്‍ വിധിയ്ക്കപ്പെട്ട പാവം മാനുഷര്‍!!1111.....!!.....
അവന്‍ പിറ്റെന്റെ പിറ്റേന്ന് മൃത ദേഹമായി അതേ അമ്പലത്തിനു മുന്നിലൂടെ ആംബുലന്‍സില്‍ പോവുമ്പോഴും തുറക്കാത്ത നടകളില്‍ യാത്രാ മംഗളം ആശിര്‍വദിയ്ക്കാത്ത ജഗദീശ്വരന്‍!.
ഇവിടെ കൂടെ കുറച്ചു കാലം യാത്ര ചെയ്ത ഞങ്ങള്‍ പാവം പുഴുക്കള്‍ മാത്രം സമര്‍പ്പിയ്ക്കട്ടെ ഈ അന്ത്യ യാത്രാ മൊഴി...