2015 ജനുവരി 22, വ്യാഴാഴ്‌ച

Pravasi @ Toronto

(Published in Malayali Magazine, April 2014)​
​​

ഘോര ഘോരമായ കനേഡിയൻ ശിശിര കാലത്ത്, ഏതാണ് സമയം എന്ന് വ്യക്തമല്ലാത്ത ഒരു നേരത്താണ്  ഇന്ത്യയിൽ നിന്ന് രാഹുൽ ടോറോന്റോ  ലെസ്റ്റർ പിയേഴ്സ ണ്‍ എയർപ്പോർട്ടിൽ മറ്റു പല കുടിയേറ്റക്കാരുടെയും കൂടെ കണ്ണ് മിഴിച്ച്, പകുതി ഉത്സാഹവും പകുതി ആന്തലുമായി നടന്നു കയറിയത്. പറഞ്ഞു വെച്ച പോലെ പട്ടേൽ ഭായ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. "സമയം മൂന്നരയായി. അര മണിക്കൂറായി കാത്തു നിൽക്കുന്നു. പാർക്കിങ്ങിനു ആദ്യത്തെ അര മണിക്കൂർ ഫ്രീയാണ്. ഇനിയിപ്പോ കൂടുതൽ ചാർജ് വരും". നടുക്കടലിലും നക്കിയേ കുടിയ്ക്കൂ എന്നാണല്ലോ ഗുജ്ജുവിന്റെ വേദവാക്യം!

രാഹുൽ ഇന്ത്യയിൽ നിന്ന് നെറ്റ് വഴി ഏർപ്പാടാക്കിയപ്പോൾ 50 ഡോളർ ആണ് എയർപ്പോർട്ട് പിക്കപ്പിനു നിശ്ചയിച്ച തുക. അത് 60 ആക്കാൻ മോഹം
 ​ 
മനുഷ്യ സഹജമാണല്ലോ
, കനേഡിയൻ നടുക്കടലിൽ ലാൻറ് ലോർഡ്‌ ആയ ഗുജ്ജുവിന്റെ മനോഗതം
 ​ 
നിശബ്ദം കേട്ടറിഞ്ഞു. എന്തായാലും വിമാനത്താവള ത്തിൽ നിന്ന് മന്ദം മന്ദം കണ്ണഞ്ചിപ്പിയ്ക്കുന്ന മായിക ലോകത്തിലൂടെ ഒഴുകിയിറങ്ങിയ SUV - യിൽ ഇരിയ്ക്കുമ്പോൾ രാഹുലിനോട് പട്ടേൽ ഭായ് പറഞ്ഞു: "Welcome to Toronto, Nice to meet you"! രാഹുൽ ജഗതിയെ ഓർത്തു.

തേക്കും മാഞ്ചിയവും ഓർക്കിഡും പിന്നെ പണ്ടാറടങ്ങാൻ നൂറു കൂട്ടം തട്ടിപ്പും കണ്ട് മടുത്തപ്പോഴാണ് കൊച്ചിയിലെ എജന്റ്റ് ഒരു ദിവസം സുവർണ്ണാവസരം ഫോണ്‍ വഴി ഓഫർ ചെയ്തത്.

"ഏറ്റവുമധികം വിദ്യാസമ്പന്നരായ മിഡിൽ ക്ലാസ് കുടുമ്പങ്ങൾ താമസിയ്ക്കുന്ന രാജ്യം. കുറ്റ കൃത്യങ്ങൾ കുറഞ്ഞ രാജ്യം. പ്രകൃതി രമണീയമായ സ്വർഗ്ഗ
 ​രാജ്യം​
. ഞങ്ങൾ അവിടെ നിങ്ങൾക്കും ഭാര്യയ്ക്കും ജോലി ഉറപ്പു തരും, വാഗ്ദത്ത ഭൂമിക നിങ്ങളെ വിളിയ്ക്കുന്നു. ഐശ്വര്യ സമൃദ്ധമായ ഒരു ജീവിതം അവിടെ നിങ്ങളെ കാത്തിരിയ്ക്കുന്നു."

രാഹുൽ എപ്പൊ വീണു എന്ന് ചോദിച്ചാൽ മതിയല്ലോ. എന്നാലും ഏജന്റിന്റെ തുഛമായ 5 ലക്ഷം രൂഫ ഫീസ്‌ കൊടുക്കാൻ പോയപ്പോൾ രാഹുലിന്റെ കൈകൾ വിറച്ചു. കടം വാങ്ങിയ പൈസയാണ്.
 ​....​
 ജോലി കിട്ടും എന്ന് എന്താണ് ഒരുറപ്പ്?
 
എജന്റ്റ് പറഞ്ഞു: "ഞങ്ങളുടെ 'ക്രൂ' എയർപ്പോർട്ടിൽ ഉണ്ടാവും. അവൻ നിങ്ങൾക്ക് ഒരാഴ്ച ഫൈവ് സ്റ്റാർ താമസം, ഭക്ഷണം എല്ലാം സൗജന്യമായി ശരിയാക്കിത്തരും. അതിനകം നിങ്ങടെ റേഷൻ കാർഡ്, ഹെൽത്ത് കാർഡ്, P R കാർഡ്
 ​​
 - എല്ലാം സംഘടിപ്പിയ്ക്കും. അപ്പോഴേയ്ക്കും നിങ്ങടെ ജോലിയുടെ കടലാസും വരും. പിന്നെ ബംഗ്ലാവ്, കാറ്, എല്ലാം ശരിയാക്കാൻ ഞങ്ങളുടെ ക്രൂ എപ്പോഴു
 ​മെപ്പൊഴും​
 കൂടെ ഉണ്ടാവും."
 
രാഹുൽ വീണു. വീണിടത്ത് കിടന്നുരുണ്ടു.

അക്കാലത്താണ് കാനഡയിൽ നിന്ന് 'അകന്ന' ബന്ധത്തിൽ ഒരു കുടുംബം നാട്ടിൽ വന്നത്. രാഹുൽ കാണാൻ പോയി. സുഗന്ധം വമിയ്ക്കുന്ന കുടുംബം. ഇംഗ്ലീഷ് പുളുത്തുന്ന കുട്ടികൾ. സ്വാതന്ത്ര്യത്തിന്റെ പറുദീസയെപറ്റി 
​വാ തോരാതെ​
 പ്രഭാഷണം നടത്തുന്ന ചോട്ടൻ, ചോച്ചി - ഹോ ഹോ ഹോ.........എനിയ്ക്കിനി കാനഡയിൽ പോവാതെ  വയ്യ - രാഹുൽ ഉറപ്പിച്ചു.5 ലക്ഷം ഏജന്റിനു കൊടുത്തു : "ഓം തൽസ്സൽ"
 ​!​

പുറപ്പെടുന്നതിനു ഒരാഴ്ച മുന്പാണ് ഏജന്റിനു 
​"​
 ചില logistical issues കാരണം ക്രൂവിനെ അറേഞ്ച് ചെയ്യാൻ
​"​
 പറ്റാതിരുന്നത്‌. തൽക്കാലം അവിടെ എങ്ങിനെയും ഒരു താമസസൌകര്യം ശരിപ്പെടുത്താൻ നോക്കാം എന്ന അയാളുടെ പൊള്ള വാക്കുകൾ അതിനകം രാഹുൽ തിരിച്ചറിഞ്ഞത് കൊണ്ട് സ്വയം എല്ലാം ഏർപ്പാടാക്കിയത് ഭാഗ്യമായി. 
രാഹുൽ ഗുജ്ജുവിന് മെയിലയച്ചു മനസ്സമാധാനം വിലയ്ക്ക് വാങ്ങി. എയർപ്പോർട്ടിൽ നിന്നും ഹൈവേയിലേയ്ക്ക് രഥം അരിച്ചു കയറിയപ്പോൾ, വഴി നീളെ പരന്നു കിടക്കുന്ന തൂവെള്ള ഹിമ പരവതാനി
 ​ നോക്കിയിരിയ്ക്കുകയായിരുന്നു രാഹുൽ​
.
​ ​
സമയം മൂന്നര എന്ന് വാനിൽ കാണുന്നുണ്ടെങ്കിലും രാത്രിയായ പോലെ മ്ലാനവദനയായിരുന്നു പ്രകൃതി. രാത്രിയോ പകലോ? ഇരുളോ വെളിച്ചമോ? സ്വപ്നമോ യാഥാർത്ഥ്യമോ? ജീവിതത്തിന്റെ പുതിയ 
​അ​
ദ്ധ്യായത്തിന്റെ ബിംബാത്മക പ്രതിഭാസം ഒരു മാർക്കേസ് നോവലിലെന്ന പോലെ, 
​രാഹുലിന് തോന്നി. ​
ജെറ്റ് ലാഗ് രാഹുലിനെ 
​ഉറക്കി
.

പട്ടേലിന്റെ ബേസ്മെന്റ് സ്യൂട്ടിൽ ഉള്ള 6 മുറികളും അതിലെ ബങ്കർ കട്ടിലുകളും അവയിൽ മൂട്ട കടി സഹിച്ചുറങ്ങുന്ന പതിനഞ്ചോളം അന്തേവാസികളും അവരുടെ നൈറ്റ് ഷിഫ്റ്റ്‌ ജോലിയ്ക്കുള്ള തയ്യാറെടുപ്പും തൊണ്ട കീറിയുള്ള തെറി വിളികളും പഴകിയ ഭക്ഷണം മൈക്രോവേവിൽ ചൂടാക്കി, പിച്ചക്കാരെ പോലെ പള്ള നിറയ്ക്കലും നിലത്ത് ഇമിഗ്രന്റുകളെപ്പോലെ തന്നെ പരക്കം പായുന്ന എലികളും സൈറണ്‍ ആണോ എന്ന് തോന്നിപ്പോവും വിധം ശബ്ദിയ്ക്കുന്ന ഡ്രൈയറും സൈക്കോ പാത്തായ ഒരു അന്തേവാസിയും, പൊതു മുതലായ ഒരേ ഒരു കമ്പ്യൂട്ടറിന് (അതായിരുന്നല്ലോ പട്ടേൽ ഭായുടെ 'ഹോം അവെ ഫ്രം ഹോമിന്റെ' പരസ്യത്തിലെ കാച് വേർഡ്: കമ്പ്യൂട്ടർ വിത്ത് വൈഫൈ!) ക്യൂ നിൽക്കുന്ന അര ഡസൻ ഉദ്യോഗാർത്ഥികളും, രാഹുലിനെ സ്വപ്ന ലോകത്ത് നിന്നും കനടാവിന്റെ ദുനിയാവിലേയ്ക്ക് ഇറക്കികൊണ്ട് വന്നു.

ആദ്യത്തെ ജോലി കിട്ടി - സർക്കസ്! ആദ്യത്തെ വീടെടുത്തു - കാഴ്ച്ച ബംഗ്ലാവ്! ആദ്യത്തെ സുഹൃത്തിനെ കിട്ടി - ആനമയിലൊട്ടകം തന്നെ!

ജോലി തെണ്ടി നടന്ന ദിന രാത്രങ്ങളിൽ ഒരു നാൾ രാഹുൽ നയനാന്ദകരമായ ആ കാഴ്ച്ച കണ്ടു, പാല് വാങ്ങാൻ നടന്നു പോവുമ്പോൾ മാളിന്റെ ഗേറ്റിൽ തന്നെ വലിയ ചുവന്ന അക്ഷരത്തിൽ മാടി വിളിയ്ക്കുന്നു: "ഹെൽപ് വാണ്ടഡ്, അപ്ലൈ ഹിയർ".
 
ഒരു സർക്കസ് കമ്പനി വൈന്റ് അപ് ചെയ്യുകയാണ്. രാഹുലിന്റെ കൂടെയുണ്ടായിരുന്ന മറാത്തി മാനുസനും ഉത്സാഹമായി. രണ്ടു പേരും കൂടി വീട്ടിലെ മറ്റു ഉദ്യോഗ-ആർത്തിപ്പണ്ടാരങ്ങളോട് ഇത് പറയേണ്ട എന്ന തീരുമാനത്തിലെത്തി. അപ്പോഴേയ്ക്കും രാഹുൽ ഒന്നാം ലോക രാജ്യത്തിൽ വന്നിട്ട് 3 മാസം തികയുകയായി. അടുത്ത ആഴ്ച്ച ഭാര്യയും മോനും നാട്ടിൽ നിന്നും പറക്കുകയായി. രാഹുലാകട്ടെ, നാട്ടിൽ നിന്ന് കൊണ്ട് വന്ന ലച്ചം ലച്ചം നോട്ടുകൾ എണ്ണിയെണ്ണി ചിലവാക്കി തീർക്കുന്നു പിന്നെയും! ആരും സർക്കസ് ചെയ്തു പോവുമല്ലോ, കാനഡയിൽ!

തസ്യെ ജനന്യേ നമ:

ഓർമ്മകളിൽ സ്വപ്നങ്ങൾ മുള പൊട്ടുന്ന ബാല്യകാലത്ത്‌ ഇൻലന്റു ലെറ്ററിൽ ബന്ധുക്കൾക്കെല്ലാം ആളു  വീതം കത്തെഴുതിപ്പിച്ച് എന്നിൽ എഴുത്തിന്റെ ആദ്യ സ്ഫുരണങ്ങൾ നട്ടു വളർത്തിയ എന്റെ അമ്മ. പിൽക്കാലത്ത്‌ അനാഥ പ്രേതം പോലെ ഇന്ത്യൻ മഹാനഗരങ്ങളിലൂടെ അലയുമ്പോൾ സ്നേഹത്തിന്റെ സമാശ്വാസങ്ങൾ വരികൾക്കിടയിൽ ഒളിപ്പിച്ച് ഇൻലന്റു ലെട്ടറുകളായെത്തുന്ന അമ്മ. കുട്ടിക്കാലത്ത് സ്കൂളിലേയ്ക്കുള്ള ചോറ്റുപാത്രം തൊട്ട്, ആർക്കോണം - ജ്വാലാർപേട്ട വഴി ഊഷരഭൂമികളിലൂടെ നാട് വിട്ടോടിപ്പോകുന്ന തീവണ്ടികളിൽ വേദനയുടേയും നിരാശയുടേയും സഹയാത്രികരോടൊപ്പം ജീവിതം പിറകോട്ടോടി മറയുന്നത് ജാലകവാതിലിൽ നോക്കിയിരിയ്ക്കുമ്പോൾ ഗൃഹാതുരത്വത്തിന്റെ വിഹ്വലരുചി കലർന്ന പാഥേയം വരെ, നിറയുന്ന സാന്നിദ്ധ്യമായി അമ്മ. 

ഇന്ന്, ഗോളാര്‍ദ്ധത്തിന്റെ മറുവശം ഒരേ സമയം സങ്കടമായും സാന്ത്വനമായും ഫോണിൽ മൊഴി കനിയുന്ന അമ്മ...പാപങ്ങൾ ഞാൻ ജീവിതത്തിന്റെ ശിക്ഷയായി അനുഭവിയ്ക്കാം - തസ്യെ ജനന്യേ നമ:

കൊഴിയും കരിയിലകൾ

(Published in Malayali Magazine, November 2014)


ഇലകളും പൂക്കളും വർണ്ണ പ്രപഞ്ചം തീർത്ത വഴിത്താരയിലൂടെ അയാൾ നടന്നു. മനസ്സിലെ ചിന്തകൾ സമയദൂരങ്ങളെ അതിജീവനം ചെയ്യുന്ന ജീവിതത്തിന്റെ ശരത്ക്കാലത്ത് കൊഴിഞ്ഞു പോയ ഇലകൾ വർണ്ണ ചിത്രങ്ങളായി ഓർമ്മകളെ പ്രകമ്പനം ചെയ്തു.
24 വയസ്സിന്റെ സുന്ദര ദിനങ്ങളിൽ ഒരു നാൾ ഒരു ഗ്രോസറി കടയിൽ നല്ല വെണ്ടയ്ക്ക നോക്കി തിരഞ്ഞെടുക്കുമ്പോഴാണ് ആദ്യമായി അവളുടെ കയ്യിൽ സ്പർശിയ്ക്കുന്നത്‌. രണ്ടുപേരും തിരഞ്ഞെടുത്തത് ഒരേ ജീവിതജീവിതമായത് അങ്ങിനെയായിരുന്നു. പിന്നെ എത്രയെത്ര വെളുത്ത മുഖങ്ങളും കറുത്ത മുഖങ്ങളും പരസ്പരം കൈമാറി! എത്ര യാത്രകൾ, എത്ര പ്രതിസന്ധികൾ, എത്ര ഹൈക്കിംഗ്, എത്ര ശിശിരങ്ങൾ അവരൊരുമിച്ച് കൊണ്ടാടി! ​

വെണ്ടയ്ക്ക പരതുന്ന കൊലുന്ന വിരലുകളിൽ മനപ്പൂർവം തൊട്ട താൻ മാപ്പ് പറയേണ്ടതിനു പകരം അവളായിരുന്നു അന്ന് ചിരിച്ചു കൊണ്ട് സോറി പറഞ്ഞത്. അവൾ അങ്ങനെയാണ്. അനാവശ്യമായി സോറി പറയും. അയാളാകട്ടെ, അത്യാവശ്യത്തിനു പോലും വീട്ടിൽ സോറി പറയാറില്ല. മരണക്കിടക്കയിൽ അവസാനമായി അവൾ അയാളോട് പറഞ്ഞതും സോറി ആയിരുന്നു എന്നത് യാദൃഛികം മാത്രമാവുമോ?

അവൾ പാട്ടു പാടുന്ന ഒരു മാലാഖയായിരുന്നു. 
​ദക്ഷിണേന്ത്യയിലെ പ്രശസ്ത കോളേജിൽ
 നിന്ന് സംഗീതത്തിൽ ബിരുദം നേടിയത് കൊണ്ടാവണം ഞങ്ങളുടെ നിശാവിരുന്നുകളിൽ അവളൊരു താരമായിരുന്നു. സൗന്ദര്യവും സംഗീതവും സമാസമം ചേർത്ത് ദൈവം സൃഷ്ടിച്ച അപൂർവ വിദ്യകളിൽ ഒന്ന്.
​ 
ഞങ്ങളുടെ കണ്ണുകൾക്ക്‌ സദ്യയേകി 
അവൾ​
 "നക്ഷത്ര ദീപങ്ങൾ തിളങ്ങി" പാടുമ്പോൾ ഞങ്ങൾ അവളുടെ കണ്ണിൽ നക്ഷത്രം കണ്ട് അവരുടെ ജീവിതത്തിന്റെ രാഗമാലിക ആസ്വദിച്ചു.
​ അയാൾക്കാകട്ടെ എഞ്ചിനീയറിങ്ങിലെ ഡിസൈൻ കണ്‍സ്റ്റ്രൈൻസു പോലെ, സംഗീതം പരിഹരിയ്ക്ക പ്പെടെണ്ട ഒരു പ്രശ്നമായിരുന്നു. ഇവിടെ, ഈ കാനഡയിൽ ജീവിയ്ക്കുമ്പോഴും അവളുടെ ചിന്തകൾ, അവളുടെ സ്പന്ദനങ്ങൾ നാട്ടിലെ ഓരോ പുൽക്കൊടിയോടും ഒപ്പമായിരുന്നു. 
 
​ഏപ്രിൽ മാസമായാൽ അവൾ പറയും - നെന്മാറ വേല തുടങ്ങി. അയാൾ ഉപദേശി വേഷമണിഞ്ഞു കൊണ്ട് പറയും, ഒരേ സമയം നമുക്ക് രണ്ട് വഞ്ചികളിൽ, രണ്ടു സ്ഥലങ്ങളിൽ, രണ്ടു കാലങ്ങളിൽ ജീവിയ്ക്കാനാവില്ലെന്ന്.

എണ്ണക്കമ്പനിയിൽ നിന്ന് കിട്ടുന്ന പണം എണ്ണിയും ആഴ്ചകൾ തോറും വീട്ടിൽ പാ
ർ​
ട്ടി നടത്തി സ്വന്തം പൊങ്ങച്ചം ചുരുങ്ങിയ ചെലവിൽ സ്ഥാപിച്ചെടുത്തും 
​കുടിച്ചു ചീർത്തും ​
വിലസുന്ന നാട്ടു പ്രമാണികൾ അവളുടെ സാന്നിധ്യത്തിനായി മത്സരിച്ചു.
​ അവൾക്ക് ഉള്ളി ഇഷ്ടമല്ലാത്തത്‌ കൊണ്ട് ഇന്നിവിടെ ഒരു കറിയിലും ഉള്ളി ഇട്ടിട്ടില്ല എന്ന് ജളപ്രഭുവും ഭാര്യയും ഒരുമിച്ചാണയിട്ടു.​
 അയാളെ അവരെല്ലാം ഗുരുവായൂരെ തുലാഭാരത്തിനെന്ന പോലെ മാസങ്ങളോളം മുമ്പ് ബുക്ക് ചെയ്തു. "ഭാര്യയെയും കൂട്ടി വരണം" എന്ന് പ്രത്യേകം പറഞ്ഞു കൊണ്ടാണ് മാന്യദേഹങ്ങൾ ഫോണ്‍ വെയ്ക്കുക - അയാൾക്കറിയാത്ത പോലെ! 
​'​
ലവന്മാരൊക്കെ ഇത്ര ബുദ്ധിയില്ലാതെയും ഇത്ര ഉയരങ്ങളിൽ എത്തുന്നതെങ്ങനെ
​'​
 എന്ന് അവൾ അയാളോട് പലപ്പോഴും ചോദിയ്ക്കും. അയാൾ മൌനം ഭജിയ്ക്കും.

കുട്ടികൾ ഉണ്ടാവാതിരുന്നതായിരുന്നു അവരുടെ ഭാഗ്യവും നിർഭാഗ്യവും. എല്ലാ പാർട്ടികളിലും അവർ "wrinkle  free" ആയി പങ്കെടുത്തു. ഭൂമിയിലെ എല്ലാ സ്വർഗങ്ങളിലും അവർ അവധിക്കാലം ചിലവഴിച്ചു. ​​ജീവിതം അനന്തമായ മധുവിധുവായിരുന്നു അവർക്കെന്നും. ഒരിടയ്ക്ക് അവരുടെ   സുഹൃദ് വലയം 150 കുടു​​മ്പങ്ങൾ ചേർന്ന ഘടജ്വാലയായിരുന്നു. ശനിയാഴ്ച രാത്രി ഏറെ വൈകി വീട്ടിൽ എത്തുമ്പോൾ അവൾ അയാളോട് കണ്ണീരോടെ പറയും: നമുക്കൊരു കുട്ടിയെ ദത്തെടുക്കാം? ജീവിതം കൾ ഡിസാക്കിൽ വഴി മുട്ടി നിൽക്കുന്ന ഈ വേളയിൽ അയാൾ തിരിച്ചറിയുന്നു, സ്വന്തം സ്വാർത്ഥതയല്ലേ അന്ന് അവളെ എതിർത്തത് എന്ന്. പക്ഷെ അവളുടെ സ്നേഹം അന്യന്റെ കുട്ടിയുമായി പങ്കു വെയ്ക്കുവാൻ ഇന്നും താൻ അശക്തനാണല്ലോ എന്നോർത്ത് അയാൾ നെടുവീർപ്പിട്ടു. 

അക്കാലത്ത് ഫേസ് ബുക്കായിരുന്നു ഞങ്ങളുടെ ജീവവായു. എല്ലാ പൊങ്ങച്ചക്കാരനും സ്വന്തം വീട്ടിൽ നടത്തുന്ന വിരുന്നിന്റെ പടം, പുതുതായി വാങ്ങുന്ന കാറിന്റെ കൂടെ നിന്നുള്ള പടം, പുതുതായി വാങ്ങുന്ന വീടിന്റെ മുമ്പിൽ നിന്നുള്ള പടം, അങ്ങനെയങ്ങനെ ദൈവത്തിന്റെ പരിവേഷം ആയിരുന്നു അന്നൊക്കെ ഫേസ്ബുക്കിന്. പത്തു മുപ്പതു വർഷം മുമ്പ് - ഇന്റർനെറ്റ് ടെക്നോളജി മനുഷ്യനെ ഭ്രമിപ്പിച്ച കാലമായിരുന്നു അത് - അവൾ നിറഞ്ഞാടിയ ഫേസ് ബുക്ക് പേജ് ഇന്ന് അനാഥം, വിജനം.

​അവസാനം, ഏറെക്കുറെ അവളും അയാളും മാത്രമായിത്തുടങ്ങിയ ജീവിതത്തിന്റെ സായന്തനങ്ങളിൽ എന്തിനും ഏതിനും അയാൾക്ക്‌ അവളായിരുന്നു തുണ. അയാളുടെ ഹൈ കൊളസ്ട്രോളും ഹൈ ബീപിയും  ആകസ്മികമായ വേദനകളും അവളുടെ സംഗീതത്തെ എന്നേയ്ക്കുമായി അണച്ചു. ക്ഷീണിതനും വൃദ്ധനുമായ അയാൾക്ക്‌ വേണ്ടി അവൾ ​ജോലിയും പാട്ടും ഉപേക്ഷിച്ചു. ദിവസം മൂന്നു നേരവും മരുന്നും പഥ്യവും താനില്ലാതെ അയാൾ എങ്ങനെ എങ്ങനെ കഴിച്ചു കൂട്ടും എന്ന മനോവ്യഥയിൽ അവളുടെ ഹൃദയം തകർന്നു. ആശുപത്രിയിലെ ജനറൽ വാർഡിൽ നിന്ന് ICU -വിൽ പോയി അവളെ അവസാനമായി കണ്ടപ്പോൾ അവൾ പറഞ്ഞു: "സോറി. നീയിനി ഒറ്റയ്ക്ക് വെണ്ടയ്ക്ക പരതി നടക്കേണ്ടി വരും". അയാൾ പറഞ്ഞു, സാരമില്ല അധികം പരതാൻ ഇനി സമയമില്ല.

കൊഴിഞ്ഞു പോയവരോ കഴിഞ്ഞു കൂടുന്നവരോ ഭാഗ്യവാന്മാർ? അയാൾ ആത്മാർത്ഥ സുഹൃത്തായിരുന്ന ജോയെ കുറിച്ചോർത്തു ആ വഴിയിൽ നിന്നു. ദശകങ്ങൾക്ക് മുമ്പ് അമേരിയ്ക്കൻ മണ്ണിൽ കാല് കുത്തുമ്പോൾ സുഹൃത്തായും വഴി കാട്ടിയായും സംരക്ഷകനായും ആ അപരിചിതൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അജ്ഞാതമായ സംസ്കാരം അയാൾക്ക്‌ പരിചയപ്പെടുത്താൻ കിട്ടിയ ആദ്യത്തെ കൂട്ടുകാരനെ അയാളും ഇഷ്ടപ്പെട്ടു. സപ്തനാഡികളെ സ്തബ്ധമാക്കുന്ന മാളുകളിലെ ദൃശ്യവർണ്ണ മായക്കാഴ്ചകൾ അയാൾക്ക്‌ സംവേദ്യമാക്കിയതും ജോ ആയിരുന്നല്ലോ. എത്ര രാത്രികൾ, സത്രങ്ങൾ, അവിവാഹിത ജീവിതത്തിന്റെ മാസ്മരലോകം അയാൾ ജോയോടൊപ്പം ആവുവോളം കുടിച്ചു.

ടോരോന്റോയിൽ ഒരു ശിശിരകാലത്ത് ഒരു നാൾ രാവിലെ ജോ വന്നു. അവൻ റൂമിൽ വന്നാൽ പിന്നെയെല്ലാം അവന്റെ അദ്ധ്യക്ഷതയിൽ നടക്കും - അയാൾക്ക്‌ ചാരുകസാലയിൽ കിടന്നു നാട്ടു വർത്തമാനം കേൾക്കുകയേ വേണ്ടൂ. ബീഫ് ഫ്രൈ ചെയ്യുമ്പോൾ ജോ പറഞ്ഞു: "നമ്മൾ ഇവിടം വിടുന്നു. കാൽഗറിയിൽ പോവുന്നു." അന്തം വിട്ട് തുറിച്ചു നോക്കുന്ന അയാളെ ഗൌനിയ്ക്കാതെ ബീഫ് ഫ്രൈയുടെയും പോറോട്ടയുടെയും കൂടെ ജോ തത്ത്വോപദേശം വിളമ്പി: "അവിടെയാണ് നമ്മുടെ ഭാവി"

അത് കഴിഞ്ഞ് മൂന്നാമത്തെ ആഴ്ച അയാളും ജോയും കാൽഗറിയിലേയ്ക്ക് യാത്രയായി. ജീവിതത്തിൽ അയാളുടെ മുമ്പേ ഡ്രൈവ് ചെയ്തിരുന്ന ജോ ആ യാത്രയിലും മുമ്പിലായിരുന്നു. പാഞ്ഞു വന്ന ട്രക്കിടിച്ച് ജോ മരണത്തിലെയ്ക്കും മുമ്പേ യാത്രയായി; അയാൾ ഏകനായി കാൽഗറിയിലെത്തി. കാൽഗറിയിൽ ശിശിരം കഴിയാറായിരുന്നു. തനിയ്ക്ക് വരാനായി വഴിയിൽ കരിയില പോലെ കൊഴിഞ്ഞ ജോ - ആരായിരുന്നു തനിയ്ക്കയാൾ?

കൊഴിയുന്ന കരിയിലകൾ...നാട്ടിൽ പോകുമ്പോൾ എന്തിനും ഏതിനും ഒപ്പം നടന്നിരുന്ന ജബ്ബാർ. പത്തു വർഷം മുമ്പ് ഒരു പാതിരയ്ക്ക് ഫോണടിച്ചത് ജബ്ബാറിന്റെ വിയോഗം അറിയിച്ച്, ഉറക്കം എന്നേയ്ക്കുമായി ഇല്ലാതാക്കാൻ ആയിരുന്നു. തുള്ളൽ പാട്ടും തമാശയും ബീഡിയും ഷെയർ ചെയ്തിരുന്ന കുമാരേട്ടനില്ല. കവിതകൾ പാടി നടന്നിരുന്ന രാജേഷില്ല. നാട്ടുകാർക്ക് വേണ്ടി സ്വന്തം ചെലവിൽ ലൈബ്രറി നടത്തിയിരുന്ന ചാക്കോ മാഷില്ല; ലൈബ്രറിയുമില്ല. മനസ്സുകളെ മരവിപ്പിയ്ക്കുന്ന ശിശിരം വരാൻ കരിയിലകൾ കൊഴിഞ്ഞതാവാം.

അയാൾ ഏകാന്ത പഥികനായി ആ വഴിയുടെ അന്ത്യത്തിൽ എത്തി നിന്നു. ജീവിതത്തിൽ എന്ത് നേടി എന്നതിനേക്കാൾ മറ്റുള്ളവർക്കായി എന്ത് ചെയ്തു എന്ന് കൊഴിഞ്ഞു വീണ ഇലകൾ കളിയാക്കുന്നുന്നുവോ? സത്യവും സൗന്ദര്യവും ആദരവും അധികാരവും തേടിയുള്ള യാത്രയിൽ ശരത്കാലത്തെ കൊഴിഞ്ഞ ഇലകൾ അയാളോട് പറഞ്ഞു: "സുഹൃത്തേ ഇവിടെ നിർഭാഗ്യവശാൽ രണ്ടാമതൊരു അവസരമില്ല. അതുകൊണ്ട് സുഖങ്ങൾ ത്യജിയ്ക്കുന്ന ദുഖകരമായ നിത്യസത്യത്തിലെയ്ക്ക് നിങ്ങളും പൊഴിയുന്നതിനു മുമ്പ് കാൽപ്പാടുകൾ രേഖപ്പെടുത്തുക". 

വിജനമായ വഴിയോരം അയാൾക്ക് കരിയിലകളുടെ ഉൾക്കാഴ്ചകളായിരുന്നു.

ജീവപര്യന്തം

(Published in Malayali Magazine, July 2014)

ഭവനരഹിതർ താമസിയ്ക്കുന്ന ഗവന്മെന്റു ഷെൽട്ടറിൽ വെച്ചാണ് അവറാച്ചനെ ഞാൻ കണ്ടത്. അർദ്ധ ബോധാവസ്ഥയിൽ ഭക്ഷണപ്പാത്രം നീട്ടി നിൽക്കുന്ന അയാളുടെ രൂപം പഴയ അവറാച്ചന്റെ ഒരു വികൃതാനുകരണം പോലെ തോന്നിച്ചു. കൂടെ ആദിവാസിയെന്നു തോന്നിയ്ക്കുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഭക്ഷണം കൊടുക്കാൻ ഉള്ള സന്നദ്ധ സേവകൻ ആയി അവിടെയെത്തിയ എന്നെ അയാൾ ഒന്ന് നോക്കിയെന്നു തോന്നി, പക്ഷെ പെട്ടെന്ന് ദൃഷ്ടി മാറ്റുന്നതും കണ്ടു. മരിജ്വാനയുടെ ലഹരിയിൽ അവറാച്ചന് എന്നെ മനസ്സിലായില്ലേ? ഇല്ലെങ്കിൽ ഭാഗ്യം!

ആ ആൾക്കൂട്ടത്തിൽ ചിലരെ കണ്ടാൽ സഹതാപം തോന്നും - അവരിവിടെ എത്തിപ്പെടാൻ ഇടയായ ജീവിത സാഹചര്യങ്ങൾ വ്യവസ്ഥിതിയുടെ സൃഷ്ടിയാവാം എന്നോർത്ത്. ഈ കഴിഞ്ഞ ദിവസം ഒരു അഗതി രാത്രിയിൽ ഉറങ്ങാൻ ശ്രമിയ്ക്കെ ഒരു കടയുടെ മുമ്പിലെ സ്പൈക്കിൽ നിന്ന് ഷോക്കേറ്റു മരിച്ചു. കടയുടമ വെച്ച കെണിയാണ്‌. കഴിഞ്ഞ വർഷമാണ്‌ മാലിന്യക്കൂമ്പാരത്തിൽ കിടന്ന് അന്തിയുറങ്ങിയ ഒരു ഭവനരഹിതനെ സിറ്റിയുടെ ട്രക്ക് വലിച്ചകത്തിട്ടത്...ഭാഗ്യത്തിന് നിലവിളി കേട്ട് ഡ്രൈവർ പരിശോധിച്ചപ്പോൾ ഗാർബെജിനിടയിൽ കിടക്കുന്ന നിഷ്കാസിതനെ കണ്ടു. അത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി.

എന്നാൽ മറ്റു ചിലരാവട്ടെ, 'ഓടി നടന്ന് അടി വാങ്ങിയ്ക്കുന്ന' പാർട്ടികളത്രെ! അങ്ങിനെയൊരു ഗടി ഇപ്പോൾ അവറാച്ചന്റെ അടുത്തേയ്ക്ക് വരികയാണ്. താടി, മീശ, നീട്ടിയ മുടി, ദേഹം മുഴുവൻ നീളത്തിൽ കറുത്ത കോട്ട്, ലഹരി നിറഞ്ഞ കണ്ണുകൾ. അവറാച്ചന്റെ സഖിയെ ഒന്ന് തോണ്ടി, ഒരു പുളിച്ച കമന്റും വളിച്ച ചിരിയുമായി അയാൾ കടന്നു പോയി. സ്വതവേ പൊട്ടനും, പോരെങ്കിൽ ലഹരിച്ചാമിയും, സർവ്വോപരി സർവസംഗ പരിത്യാഗിയും ആയ അവറാച്ചൻ പിന്നെ മുൻ പിൻ നോക്കാതെ പ്രതികരിയ്ക്കും എന്ന് ഞാൻ ഉറപ്പിച്ചു. അവിടെ കിടക്കുന്ന കസാലയോ മറ്റോ എടുത്ത് തല്ലു കൊള്ളിയുടെ തല നോക്കി പൂശുക, എന്താണ് സംഭവിച്ചത് എന്നാലോചിയ്ക്കാനൊന്നും നിൽക്കാതെ മഹാനുഭാവാൻ തറയിൽ വീണ് അലമുറയിട്ട് കരയുക - ഇത്യാദി കലാപരിപാടികൾ ആണ് ഉദ്വേഗഭരിതനായ ഞാൻ വിഭാവനം ചെയ്തത്. പക്ഷെ അയാളാകട്ടെ, മൗനമായി നിലത്തു നോക്കി നിൽക്കുകയായിരുന്നു. അവറാച്ചൻ എവിടെ നിന്ന് എവിടെയെത്തി എന്നോർത്തു പോയി   ഞാൻ ഒരു നിമിഷം.

പൂർവാശ്രമത്തിൽ അവറാച്ചൻ ഇവിടത്തെ മലയാളി അസോസിയേഷന്റെ 'താക്കോൽ സ്ഥാനത്ത് ' ആയിരുന്നു പ്രതിഷ്ഠ! അവറാച്ചന്റെ പ്രസംഗം, അവറാച്ചന്റെ ടിക്കറ്റ് വിൽപ്പന, പരസ്യം പിടിയ്ക്കൽ, പരിപാടികൾ വരുമ്പോൾ കസാലയിടാനും മറ്റും ആളുകളെ ആവേശ
​ത്തോടെ​

​അണി​ 
നിരത്തുന്ന സംഘടനാ പാടവം - എല്ലാം കൊണ്ടും അന്നൊക്കെ അയാളുടെ ഒരു റ്റെയ്മായിരുന്നു എന്നാണ് ചരിത്രം.
കാലം വഞ്ചകനായ ഒരു സഹയാത്രികനാണ്. നിങ്ങൾ ഇന്ന്  കയറിയിരിയ്ക്കുന്ന ആ പീഠത്തിൽ നിന്ന് നിങ്ങളെ വലിച്ച്  താഴെയിടാൻ  ഉള്ള എല്ലാ  കൂടോത്രവും ഒരുക്കി കാലം കാത്തിരിയ്ക്കും. അഹങ്കാരവും ആത്മ വിശ്വാസവും ഒരു പോലെ തലയ്ക്കു പിടിയ്ക്കുന്ന ഒരു നാൾ നിങ്ങൾ കെണിയിൽ വീഴും - അതാണ്‌ അവറാച്ചന് സംഭവിച്ചത്. പുള്ളിയ്ക്ക് പക്ഷെ 'തലയ്ക്കു പിടിയ്ക്കാൻ' വേറെ കൃത്രിമ വിഷങ്ങളും കൂടെയുണ്ടായിരുന്നു. അവറാച്ചനെ വീടില്ലാത്തവനാക്കിയ മാസ്മര ചഷകങ്ങൾ!
മദ്ധ്യ തിരുവിതാംകൂറിലെ പൂത്ത പണക്കാരന്റെ മകളെയാണ് അവറാച്ചൻ വിവാഹം കഴിച്ചത്. ആനി സുന്ദരിയായിരുന്നു. മഴ പെയ്യുന്ന രാത്രികളിൽ അവറാൻ ആനിയുമായി അനന്തമായി ശൃംഗരിച്ചു. കുട്ടികൾ ഒന്നും രണ്ടും മൂന്നും യഥാക്രമം നാട്ടിലും ഗൾഫിലും ടോരോന്റൊയിലും ഭൂജാതരായി. ആനിക്കുട്ടിയുടെ സൗന്ദര്യവും അവറാച്ചന്റെ മദ്യപാനവും പരിണാമ ദശയിൽ വിപരീത പരിമാണത്തിൽ വ്യതിചലിച്ചു - അവരുടെ ജീവിതം പോലെ! ഒരു സാമൂഹ്യ മൃഗമായി അവറാൻ അശ്വമേധം നടത്തുമ്പോൾ കൂട്ടിലടച്ച തത്തയെപ്പോലെ വേപഥു പൂണ്ട് നരകിയ്ക്കുകയായിരുന്നു ആനി.
ജുഗുപ്സാവഹമായ വിശദാംശങ്ങൾ. പതിനാറും ഇരുപത്തിനാലും ബിയർ​കേസുകളുടെ കുതിരപ്പുറത്ത്‌ വീട്ടിൽ ​കുതിച്ചെത്തുന്ന അവറാച്ചന്റെ മുമ്പിൽ ആനിയ്ക്ക് കുട്ടികളുടെ തമ്മിൽ തല്ലും ഗ്രോസറിയുടെ അഭാവത്താൽ ഉണ്ടാക്കാൻ പറ്റാതിരുന്ന കറികളുടെ പരിദേവനവും മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. സ്വതവേ പൊട്ടനും, പോരെങ്കിൽ ലഹരിച്ചാമിയും ആയ അവറാച്ചന് രണ്ടാമതൊന്ന് ആലോചിയ്ക്കാൻ എന്തര്? കലാപരിപാടികൾ ആരംഭിയ്ക്കുകയായി. ബെൽട്ട്‌ ഊരി ആനിയെ ഓൾഡ്‌ ഫാഷൻ രീതിയിൽ മതി വരുവോളം തല്ലുക, കുട്ടികളെ ചേർത്ത് നിർത്തി തല കൂട്ടിയിടിയ്ക്കുക, തളർന്നു നിലത്തു വീഴുന്ന ആനിയുടെ വായിൽ ന്യൂ ജനറേഷൻ രീതിയിൽ തികട്ടി വരുന്ന മദ്യം ഛർദ്ദിച്ചു വെയ്ക്കുക, അവളുടെ ദേഹത്ത് മൂത്രമൊഴിയ്ക്കുക, 'എന്നിട്ടും അരിശം തീരാഞ്ഞ് പുരയ്ക്കു ചുറ്റും മണ്ടി നടന്ന്' അട്ടഹസിയ്ക്കുക, അയല്ക്കാരെ വിളിച്ചുണർത്തി സ്വന്തം ഭാര്യയുടെ സംശയിയ്ക്കപ്പെടേണ്ട ചാരിത്ര്യശുദ്ധി അവരുമായി പര്യാലോചിക്കുക....അങ്ങനെ പോവുന്നു അവറാച്ചന്റെ വിലാസങ്ങളത്രയും!


ആനി എല്ലാം സഹിച്ചു. കുട്ടികളെയോർത്ത്. അപ്പനെയോർത്ത്. രണ്ടറ്റവും കെട്ടിയിട്ട മൃഗമാണല്ലോ ഇമിഗ്രന്റ്! മാനവും മ​ന​വും തെളിഞ്ഞ മുഹൂർത്തങ്ങളിൽ അക്ഷുബ്ധനായി, സമചിത്തനായിരിയ്ക്കുന്ന അവറാച്ചനോട് ആനി ഭൂമിയോളം താഴ്ന്നു പറയും, ചെകുത്താന്റെ പാതയിൽ നിന്ന് പിന്മാറാൻ. പൊട്ടനായ അവറാച്ചൻ എല്ലാം ചിരിച്ചു കൊണ്ട് കേട്ടിരിയ്ക്കും - അടുത്ത കുപ്പിയ്ക്കുള്ള വകുപ്പ് കാണും വരെ. ആനിയാകട്ടെ, പണ്ട് ഹൊസ്റ്റലിൽ എന്ന പോലെ, ചെലവിനായി അപ്പന്റെ പണം വരുത്തിക്കൊണ്ടെ യിരുന്നു. ആ പണം മദ്യമായും തദനന്തരം മർദ്ദനമായും സ്വന്തം മകളുടെ ദേഹത്ത് നിപതിയ്ക്കുന്നത് പാവം പിതാവ് എവിടെ അറിയുന്നു?


പള്ളിയിൽ അച്ഛനെതിരെ കോപ്പ് കൂട്ടുന്ന പ്രമാണി വർഗ്ഗം ഒരു മുഴുവൻ കുപ്പിയും കുടിപ്പിച്ച അന്ന് രാത്രി ആനിയ്ക്കു കാള രാത്രിയായിരുന്നു. അന്നാണ് അവറാച്ചൻ ബേസ്മെന്റിൽ നിന്ന് റീബാർ എടുത്തുകൊണ്ടു വന്ന് ആനിയേയും മക്കളെയും പൊതിരെ തല്ലി ചതച്ചത്.  അയൽവാസികൾ 911 വിളിച്ച് പോലീസ് വന്നപ്പോൾ അവറാച്ചന് ഓർമ്മയില്ലയിരുന്നു, താൻ എന്തിനാണ് ആനിയെ അത് വരെ തല്ലിയത് എന്ന്!
ഒരു നാൾ മിഴികളിലും മൊഴികളിലും സംഗീതം സാന്ദ്രമാക്കിയ പ്രിയതമയുടെ മുഖത്ത് തുപ്പിക്കൊണ്ട് അവറാൻ പോലീസിന്റെ കാറിൽ കയറി പോയി. മക്കളെ കെട്ടിപ്പിടിച്ച് ആ ഒറ്റപ്പെട്ട തുരുത്തിൽ ആനി പുലരുവോളം കരഞ്ഞു. നേരം വെളുത്തപ്പോൾ വന്ന ആശ്വാസം വെറും താൽക്കാലികം മാത്രമായിരുന്നു. മൂന്നാം നാൾ അവറാച്ചൻ മടങ്ങി വന്നു - പൂർവാധികം ശക്തിയോടെ.
ദൂരക്കാഴ്ചയിൽ പക്ഷെ അവറാച്ചൻ പൊതുകാര്യ പ്രസക്തനായിരുന്നു എന്ന് വേണം കരുതാൻ. അല്ലെങ്കിൽ  അയാൾ തന്നെ അസോസിയേഷന്റെ സ്പോർട്സ് ഡേ യുടെ ചുമതലക്കാരനാവില്ലല്ലോ .ഒരു പക്ഷെ കാലം ഒരുക്കിവെച്ച കാണാക്കുരുക്കായിരിയ്ക്കാം, പണ്ട് സ്കൂളിൽ പഠിച്ചതോർമ്മയില്ലേ? "പീഠം ചരിഞ്ഞു , മൂഢൻ മറിഞ്ഞു" -- സ്പോർട്സ് ഡേ , പിന്നെ നൈറ്റ് ആയപ്പോഴത്തേയ്ക്കും മേൽപ്പറഞ്ഞ രണ്ടും സംഭവിച്ചു കഴിഞ്ഞിരുന്നു !
ഒറ്റമുറി അപ്പാർട്ട് മെന്റിൽ സമൃദ്ധിയുടെ ഭൂതകാലം അയവിറക്കിക്കൊണ്ട് ആനി,
​ ​
ഉറങ്ങുന്ന മൂന്നു മക്കളുടെ കൂടെ ഉറങ്ങാതെ കിടന്നു, വ്യർത്ഥമായ തന്റെ മൃഗ ജീവിതത്തെയോർത്ത്.
 ​ ​
അപ്പൻ ദിവസേനയെന്നോണം ഫോണ്‍ ചെയ്ത് സൗഖ്യം അന്വേഷിയ്ക്കും.....ഇളയവന്  സത്യങ്ങൾ മറച്ചു വയ്ക്കാനുള്ള പ്രായമായിട്ടില്ലാത്തതിനാൽ ആഘോ ഷഭരിതമായ വിദേശവാസത്തിന്റെ സൂചനകൾ അപ്പനും പിടി കിട്ടിത്തുടങ്ങി. അന്ന് മകളോടയാൾ അർത്ഥശങ്ക യ്ക്കിടയില്ലാത്ത വിധം സന്ദേശം കൊടുത്തു : "നീയെന്റെ മകളാണ്. Be Smart. അവനെ ഒതുക്കുക. പണം, നിനക്കറിയാ മല്ലോ, എനിക്കൊരു പ്രശ്നമല്ല." 

ആനി മൂത്തമകനെ വിളിച്ചുണർത്തി. അപ്പൻ വെളിയിൽ കാർ നിർത്തുമ്പോൾ തന്നെ 911 വിളിയ്ക്കാനും അകത്ത് കയറിയാൽ വാതിൽ​ തുറന്ന് വെയ്ക്കാനും നിർദ്ദേശം കൊടുത്തു. അടുക്കളയിൽ നിന്നും മീൻ മുറിയ്ക്കുന്ന വലിയ കത്തിയെടുത്ത് ബെഡ്ഡിൽ കൊണ്ടുവന്നുവെച്ചു  . ആദ്യമായി, വ്യത്യസ്തമായൊരു ഉദ്ദേശത്തോടെ, അവൾ കണവനെ കാത്തിരുന്നു! പതിവുപോലെ അബോധാവസ്ഥയിലായ അവറാച്ചനെ ചില ദയാലുക്കൾ ചേർന്ന് വീടിന് മുന്നിൽ കൊണ്ടു വന്ന് നട തള്ളി. ഡ്രൈ​വ്-​വേയിലൂടെ നടന്നും ഇഴഞ്ഞും അവറാച്ചൻ ഒരു വിധം കര പറ്റി, ഷൂ പോലും അഴിയ്ക്കാൻ മിനക്കെടാതെ നേരെ കട്ടിലിലേയ്ക്ക് യാത്രയായി . പക്ഷെ,അന്ന് ആദ്യമായി ആനി പ്രതികരിച്ചു : "ഇനി മേലാൽ നിങ്ങളിവിടെ കിടക്കത്തില്ല " അവറാച്ചൻ പതിവുപോലെ ആനിയുടെ പിതാവിനെ തെറിയഭിഷേകം തുടങ്ങി. പക്ഷെ, ആനിയുടെ മറുപടി പൂർണ്ണമായ അബോധാവസ്ഥയിലും അവറാച്ചനെ ഞെട്ടിച്ചു : "എനിയ്ക്ക് പഴി ചാരാനും ആക്ഷേപിയ്ക്കാനും സ്വന്തമായ ഒരു പിതാവുണ്ട്. ​പ​ക്ഷെ, നിങ്ങൾക്കോ? നിങ്ങൾ മകനാണ്‌ എന്ന് നിങ്ങടെ 
​അപ്പായ്ക്ക്​ എന്തുറപ്പാണ് ഉള്ളത്, കാരണം നിങ്ങടെ ജനനത്തിനു മുമ്പേ അങ്ങോർ വിവാഹമോചിതനായതല്ലേ? അപ്പൊ, നിങ്ങ
ളിങ്ങിനെ​ 
ആയില്ലെങ്കിലേ അത്ഭുതമുള്ളൂ? "​


താൻ പരമരഹസ്യമായി കരുതിയിരുന്ന കാര്യം ഇത്രയും കാലം ആനിയ്ക്കും അറിയാമായിരുന്നു എന്ന സത്യം അവറാച്ചനെ ഭ്രാന്തനാക്കി. ബെഡ്ഡി ലിരുന്ന കത്തിയെടുത്ത് അയാൾ ആനിയെ കുത്താൻ ഓങ്ങുന്നതാണ് തുറന്നിട്ട വാതിലിലൂടെ കടന്നു വന്ന പോലീസ് ഓഫീസർ കണ്ടത്. നിമിഷാർദ്ധത്തിനകം ടേസർ രശ്മിയാൽ ഷോക്കേറ്റ് അവറാച്ചൻ നിലം പരിശായി.

പിന്നെയുണ്ടായതെല്ലാം ചരിത്രം! ഇന്നാട്ടിലെ പാണന്മാർ പാടി നടക്കുന്നത്, അവറാച്ചൻ നിരന്തരം ജയിലും കോടതിയും നോട്ടപ്പുള്ളിയുമായി ജീവിതം തള്ളി നീക്കുകയാണെന്നത്രേ. നാലാമത്തെ തവണ ആൾ ജാമ്യത്തിന് ജയിലിൽ നിന്നിറങ്ങി വരുമ്പോൾ കരഞ്ഞു കൊണ്ട് അവറാച്ചൻ പറഞ്ഞു പോലും: എനിയ്ക്ക്  ജീവിതം മതിയായി. ഭാര്യയും കുട്ടികളുമൊത്ത് ജീവിയ്ക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും".പിറ്റേന്ന് വിലക്ക് ലംഘിച്ച് ആനിയുടെ വീട്ടിൽ കയറി ചെന്ന അവറാച്ചനെ നിമിഷങ്ങൾക്കകം പോലീസ് പവലിയനിലേക്ക്
- ജയിലിലേക്ക് 
-​ 
തിരിച്ചയച്ചു.
ജയിലിലും, ജയിലിനു പുറത്ത് കടന്നാൽ പട്ടിണിയിലും ദുഖത്തിലും​ അവറാച്ചൻ നരകിയ്ക്കുമ്പോൾ ആനി, അപ്പൻ ഉദാരമായി അയച്ചു തരുന്ന കാശ് കൊണ്ട് പുതിയ ജീവിതം തുടങ്ങി. അവൾ യൂനിവേർസിറ്റിയിൽ ഒരു കോഴ്സ്സിന്നു ചേർന്നു. മക്കളെ മുന്തിയ സ്കൂ ളിൽ ചേർത്തു. സിറ്റിയിലെ പോഷ് അപ്പാ​ർട്ട്മെന്റിലെയ്ക്കു താമസം മാറ്റി.
 ​ ​
അതിനിടയിൽ നാട്ടിലേയ്ക്ക് പോവുന്നതിനു മുമ്പായി പോലീസിനെ അറിയിച്ച് മുൻകരുതലായി അവറാച്ചനെ ജയിലിലാക്കി, പിന്നെയും! ഇന്നവൾക്ക്‌ നല്ല ഒരു ജോലിയുണ്ട്. ആത്മവിശ്വാസവും ഉണ്ട്. ​
അവറാച്ചൻ തല്ലി കെടുത്തിയ സൌന്ദര്യദീപം വീണ്ടും സ്ഫുരണങ്ങൾ മക്കളിൽ ചൊരിയുകയാണിന്ന്.

ഷെൽട്ട​റിന്റെ ജനഴികളിലൂടെ വിദൂരതയിൽ അസ്തമന സൂര്യനെ നോക്കിനിന്നു, അവറാച്ചൻ. 
​ദൂരെ മാക്‌ഡോണൽ ട്സിൽ ഡ്രൈവ്- ത്രൂവിൽ കാറുകൾ വരി വരിയായി കാത്തു നിൽക്കുന്നു. ​പക്ഷികൾ ശിശിരത്തിന് വഴി മാറാൻ ദേശാടനം തുടങ്ങി. വ്യർത്ഥമായ മറ്റൊരു ദിനം കൂടി  എരിഞ്ഞടങ്ങുകയാണ്  -- വിഫലമായ തന്റെ ജീവിതം പോലെ.
 ​ ​
സങ്കടവും ദുഃഖവും മാത്രം ശേഷിച്ച അക്കൌണ്ടിൽ ഇനി സേവിങ്ങ്സിനു നിവൃത്തിയില്ല, ​സമയ​വുമി​ല്ല. പോകാൻ നേരമായി. വഴിയോരക്കാഴ്ചകൾ മായുന്നു,മങ്ങുന്നു. ബധിരനും അന്ധനുമായ മരണം എന്നാണ് ഈ വഴി വരുന്നതാവോ? 
​ജീവിതം അനുഭവിച്ചു തീർക്കുന്ന ​
അവറാച്ചന്റെ ജീവപര്യന്തം എന്നാണ് തീരുന്നതാവോ?