2014 ജൂൺ 27, വെള്ളിയാഴ്‌ച

കൊച്ചൗസേപ്പ്

(Published in Malayali magazine, February 2014)
ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ കൊച്ചൗസേപ്പിന് കണ്ണ് രണ്ടും വെളിയില്‍ വന്നു എന്നു) പറയാം. ”നീയൊന്നും നേരെയാവത്തില്ലെടാ” എന്ന് പറയാറുള്ള പെറ്റമ്മയെ തിരസ്‌കരിയ്ക്കാന്‍ ആദ്യമായി കണ്ട കാരണം ദുബായ് നഗരത്തിന്‍റെ മാസ്മരികത തന്നെയായിരുന്നു. അതല്ലെങ്കില്‍ അമ്മച്ചിയെ എന്തിന് അവിശ്വസിയ്ക്കണം? പത്താം ക്ലാസ്സില്‍ മൂന്നു തവണ തോറ്റപ്പോള്‍, ചാച്ചന്‍റെ കോവര്‍ക്കര്‍ ആയിരുന്ന ചാത്തന്‍റെ ശിഷ്യനായി കന്നു പൂട്ടല്‍ ജോലിയില്‍ പ്രവേശിച്ച് പ്രൊബേഷന്‍ പിരീഡ് കഴിയും മുമ്പേ ഒരു തീവ്രവാദി കാളയുടെ ചവിട്ടേറ്റ് വിരമിക്കേണ്ടി വന്നു. പിന്നീട് STD – ISD ബൂത്ത് നടത്തി, നാട്ടുകാരും ബന്ധുക്കളും മൊത്തമായും ചില്ലറയായും ചില്ലിക്കാശു തരാതെ ഫോണ്‍ വിളിച്ച് മുടിപ്പിച്ചപ്പോള്‍ ബിസിനസ്സിലും തോറ്റു. സ്‌കൂളില്‍ മോഡറേഷന്‍ എക്‌സ്പ്രസ് ബസ്സില്‍ എവിടെയും നില്‍ക്കാതെയും തോല്‍ക്കാതെയും പത്താം ക്ലാസ് വരെ പാഞ്ഞു വന്ന പ്രയാണത്തിനിടയില്‍, ചോറ്റു പാത്രത്തില്‍ എക്‌സ്ട്രാ മീന്‍ ഫ്രൈയും പ്രണയവും തന്ന് ഊട്ടിയ പെണ്‍കുട്ടി, ഊട്ടിയില്‍ എസ്‌കര്‍ഷനു പോയപ്പോള്‍ കെട്ടിപ്പിടിച്ചുമ്മവെച്ച് ”ഔസേപ്പച്ചനില്ലാത്ത ജീവിതമില്ലെ”ന്നാണയിട്ട പ്രേയസി, പത്തില്‍ തോറ്റ തന്നോട് നിഷ്‌കരുണം ശ്രീകണ്ഠന്‍ നായരെപ്പോലെ ‘ഗുഡ്‌ബൈ’ പറഞ്ഞപ്പോള്‍ ജീവിതത്തിലും കൊച്ചൌസേപ്പ് തോറ്റു. സദാചാരം പൊ
തിഞ്ഞു കെട്ടി സദാ ചോരുന്ന ഓലപ്പുരയില്‍ പകല്‍ മുഴുവന്‍ പ്രാകുന്ന തള്ള, രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ദുഃഖത്തില്‍ നിന്ന് വിടുതല്‍ വാങ്ങി നിദ്രയെ പുല്‍കിയ ശുഭ മുഹൂര്‍ത്തത്തില്‍ കൊച്ചൌസേപ്പ് വീടിനു പുറത്തു ചാടി. നെറി കെട്ട കുറുക്കന്മാര്‍ ഓരിയിടുന്നുണ്ടായിരുന്നു അന്തമില്ലാതെ.
കള്ളവണ്ടികളിലൂടെയും കാണാക്കിനാവുകളിലൂടെയും കളിമണ്‍വിഗ്രഹങ്ങളിലൂടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മഹാനഗരങ്ങളില്‍ വ്യവഹരിച്ച കള്ളക്കച്ചവടങ്ങളിലൂടെയും കൊച്ചൌസേപ്പ് നടത്തിയ പ്രയാണം അതിന്‍റെ ‘പ്യൂപ്പ’ ദശ കടന്ന് ദുബായ് നഗരത്തില്‍ എത്തിയിരിക്കുന്നു! 6 മാസം ഹോട്ടല്‍ പണിയും, ഉഷ്ണമാപിനി 45 ഡിഗ്രീ സെല്‍ഷ്യസ്സില്‍ സ്ഥിരതാമസമാക്കിയ മരുഭൂമിയില്‍ റോഡ് പണിയും പെയിന്റിംഗ് ജോലിയും കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ഹെല്‍പ്പറായും ലോഡിംഗ് അണ്‍ലോഡിംഗ് ഡ്രൈവറായും, 16  പേര്‍ താമസിക്കുന്ന റൂമിലെ ബങ്ക് ബെഡ്ഡില്‍ ഞെരുങ്ങിയും പരുങ്ങിയും കൊച്ചൌസേപ്പ്, ദുബായ് എന്ന സ്വര്‍ഗ്ഗ രാജ്യത്തില്‍ നരക ജീവിതം നയിച്ചു. ‘ഡിഗിനിറ്റി’ എന്ന സംഭവം നാലാം വയസ്സില്‍ അച്ഛന്‍ മരിച്ച അന്നു തൊട്ടേ അന്യമായ ഒരു വികാരമായതിനാല്‍ അസ്തിത്വ പ്രതിസന്ധി നമ്മുടെ കഥാനായകനെ തീരെ അലട്ടിയിരുന്നില്ല എന്നു വേണം കരുതാന്‍.
2005 സമ്മര്‍. വര്‍ണ്ണാഭമായ പ്രകൃതിയും നീല ജലാശയങ്ങളും നിറഞ്ഞ ഒരു കിഴക്കന്‍ കനേഡിയന്‍ പട്ടണത്തില്‍ ഒരു കള്‍ച്ചറല്‍ ഷോയില്‍ വെച്ചാണ് ഞാന്‍ കൊച്ചൌസേപ്പിനെ പരിചയപ്പെടുന്നത്.
ടൌണില്‍ നിന്ന് ദൂരെ മാറി വനാന്തരത്തില്‍ ഒരു നദിക്കരയില്‍ 10 ഏക്കര്‍ ഭൂമിയില്‍ മനോഹരമായ ഇംഗ്ലീഷ് കോട്ടെജിലാണ് താമസം എന്നറിയുന്നത്, അയാളുടെ ക്ഷണം സ്വീകരിച്ച് അവിടെ പോയപ്പോഴാണ്. പുഴയെ അഭിമുഖീകരിക്കുന്ന വശം മുഴുവന്‍ ചില്ല് ജാലകങ്ങളില്‍ തീര്‍ത്ത്, ദൃശ്യ ഭംഗിയാല്‍ സമൃദ്ധമായ ഒരു രമ്യഹര്‍മ്മ്യം. ബേസ്‌മെന്റില്‍ മനോഹരമായ സ്വിമ്മിംഗ് പൂളും വിശാലമായ ബാറും. അത്യന്താധുനികന്‍ അടുക്കള. നദിക്കരയില്‍ ഉയരത്തില്‍ തീര്‍ത്ത ഡെക്കില്‍ യമണ്ടന്‍ ബാര്‍ബെക്യു… ദെന്തൂട്ടിശ്റ്റാ!
റെഡ് വൈന്‍ സിപ്പ് ചെയ്തു കൊണ്ട് കൊച്ചൌസേപ്പ് ഫ്‌ളാഷ്ബാക്കിലേയ്ക്ക് റീവൈന്റ് ചെയ്തു. വെയര്‍ ഹൌസ് നടത്തിയിരുന്ന സ്‌പോണ്‍സര്‍ അറബിസാര്‍ തന്‍റെ സുഹൃത്തായ മറ്റൊരറബിയോട് ശുപാര്‍ശ ചെയ്ത് സ്റ്റീവ് എന്ന ഒരു കനേഡിയന്‍ സായിപ്പിന്‍റെ ഡ്രൈവര്‍ ആയിക്കൊണ്ട് കൊച്ചൌസേപ്പ് തന്‍റെ ചിത്രശലഭദശയ്ക്ക് സമാരംഭം കുറിച്ചു. ദുബായില്‍ പല നിര്‍മ്മാണ പദ്ധതികള്‍ക്കും ഉപദേശം കൊടുക്കാനായി ഗവണ്മെന്റ് തലത്തില്‍ ഹൈ ലെവല്‍ അഭ്യര്‍ത്ഥന പ്രകാരം വന്ന സായിപ്പാണ് തന്‍റെ ബോസ് എന്നൊന്നും കൊച്ചൌസേപ്പിന് അന്നറിയില്ലായിരുന്നു. സായിപ്പിന്‍റെ പേര്, അദ്ദേഹത്തിന്‍റെ കമനീയമായ ബംഗ്ലാവ്, ‘കമനീയകത്തിന്‍ ധാമം’ പോലെ ഉള്ള മദാമ്മ, അവരുടെ കാഡിലാക് കാറില്‍ ഒരു ഇളംകാറ്റ് പോലെയുള്ള സവാരി… എല്ലാമെല്ലാം പുതുമയായിരുന്നു കൊച്ചൌസേപ്പിന്. കാര്‍ നിര്‍ത്തുന്ന നിമിഷം ഡ്രൈവിംഗ് സീറ്റില്‍ നിന്നും ചാടിയിറങ്ങി സായിപ്പിനും മദാമ്മയ്ക്കും ഡോര്‍ തുറന്നു പിടിച്ചു കൊടുക്കുന്നതും, മദാമ്മ വീട്ടില്‍ കയറുമ്പോഴേയ്ക്കും നിലത്തിരുന്നു ഷൂ അഴിച്ചു കൊടുത്ത് പോളിഷ് ചെയ്തു വെയ്ക്കുന്നതും, സായിപ്പിന് ഫ്രിഡ്ജില്‍ നിന്ന് ബിയര്‍ എടുത്തു പൊട്ടിച്ച് ഗ്ലാസ്സില്‍ ഒഴിച്ച് ടീപ്പോയില്‍ വെച്ച്, ഉപദംശത്തിന് ഇന്ത്യന്‍ നിര്‍മ്മിതമായ എക്‌സോട്ടിക് ടച്ചിങ്ങ്‌സ് സൈഡില്‍ വെച്ച് കൊടുക്കുന്നതും ഡ്രൈവറുടെ ജോലി അല്ലെങ്കിലും കൊച്ചൌസേപ്പ് ചെയ്തു. സ്റ്റീവിന് ഒരു ഇന്ത്യന്‍ രാജാവിന്‍റെ മൂര്‍ത്തീകരണം ജീവിതത്തില്‍ ആദ്യമായി സാക്ഷാത്ക്കാരമായി.
സ്റ്റീവിന്‍റെ കഷ്ടകാലമോ, കൊച്ചൌസേപ്പിന്‍റെ നല്ല കാലമോ, അതോ വിധാതാവിന്‍റെ വിധിനിശ്ചയകാലമോ എന്തോ, പെട്ടെന്നായിരുന്നു മദാമ്മച്ചിയുടെ മരണം. മക്കളില്ലാത്ത സായിപ്പ് ഭാര്യയെ ദുബായില്‍ തന്നെ അടക്കി  കൊച്ചൌസേപ്പിന്‍റെ സാന്നിധ്യത്തില്‍. അതിനുശേഷം മെല്ലെ മെല്ലെ, കൊച്ചൌസേപ്പ് അരങ്ങത്തു നിന്നും അടുക്കളയിലേയ്ക്ക് കടക്കുകയായി. എരുവും ഉപ്പും തീരെ മൃദുവാക്കിയ മട്ടന്‍ ബിരിയാണി, തേങ്ങാപ്പാലും കൊടമ്പുളിയും സമൃദ്ധമായി വിതാനിച്ച മീന്‍ കറി, ഇഞ്ചിയിട്ട ബീഫ് ഫ്രൈ, മത്തി മൊളകും ചോറും കറിവേപ്പിലയുടെ ഫ്‌ളേവര്‍ ഉള്ള ഓംലറ്റും… എന്ന് വേണ്ട, സകല വശീകരണ ഭക്ഷണ വിഭവങ്ങളുമായി കൊച്ചൌസേപ്പ് സായിപ്പിനെ മയക്കിയെടുത്ത് കുളിപ്പിച്ച് കിടത്തി – അക്ഷരാര്‍ത്ഥത്തില്‍ തന്നെ.
അവസാനം സ്റ്റീവിന് തിരിച്ചു പോകാന്‍ സമയമായി; കൊച്ചൌസേപ്പിന് കല്യാണത്തിനും. ദാസ്യത്താല്‍ തളയ്ക്കപ്പെട്ട സ്റ്റീവിന് കൊച്ചൌസേപ്പിനെ വിടാന്‍ പറ്റാത്ത നിസ്സഹായാവസ്ഥയിലേയ്ക്ക് എത്തിയ്ക്കപ്പെട്ടിരുന്നു അപ്പോഴേയ്ക്കും കാര്യങ്ങളുടെ നിജസ്ഥിതി. ”നീ എന്‍റെ കൂടെ കാനഡയിലേയ്ക്ക് വാ, നിന്‍റെ കല്യാണവും മറ്റും പിന്നെ നമുക്ക് ശരിയാക്കാം…” എന്ന് മില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള ആ പ്രൊഫഷണല്‍ എഞ്ചിനീയറെ കൊണ്ട് പറയിപ്പിച്ചത് ‘ദൈവത്തിന്‍റെ വികൃതികള്‍’ ആയിരുന്നിരിയ്ക്കണം. ആയിരം സുഹൃത്തുക്കളല്ല, ആജ്ഞാ നുവര്‍ത്തികളായ പൌരപ്രമുഖരോ പ്രധാനമന്ത്രി പോലുമോ അല്ല, സ്വന്തം വീട്ടിലെ മാനസ പുത്രനെപ്പോലുള്ള സഹായി തന്നെയായിരുന്നു വൃദ്ധനായ, ഏകനായ, സ്റ്റീവിന് ആശ്രയവും വിശ്വാസവും.
2003 ഫാള്‍. വിശ്വാസങ്ങള്‍ ഫാള്‍ ഡൌണ്‍ ചെയ്യപ്പട്ട കാലം – കൊച്ചൌസേപ്പിനും, സ്റ്റീവിനും. കനേഡിയന്‍ റെസിഡന്റ്ഷിപ്പ് എടുത്ത് പുഴക്കര ബംഗ്ലാവില്‍ സ്റ്റീവിന്‍റെ റിട്ടയര്‍മെന്റ് ജീവിതം ആഘോഷഭരിതമായി, അയല്‍ക്കാരായ ദന്തഗോപുരവാസികളുടെ കൂടെ അടിച്ചുപൊളിച്ച് ചിത്രശലഭപ്പൊലിമയുടെ പാനപാത്രം മൊത്തമായി മോന്തുകയായിരുന്നു കൊച്ചൌസേപ്പ്. പുഴയില്‍ നിന്ന് മീന്‍ പിടിച്ച് ഫ്രഷായി ബാര്‍ബെക്യു ചെയ്യാനും, ബോട്ട് ഓടിച്ച് ദിവസങ്ങളോളം കറങ്ങി നടക്കാനും, ചുറ്റു വട്ടത്തുള്ള മറ്റു കോട്ടേജുകളില്‍ ഉള്ള സായിപ്പന്മാരെയും അവരുടെ പെണ്ണുങ്ങളെയും കുട്ടികളെയും ഒക്കെ വിളിച്ചു വരുത്തി സല്‍ക്കരിയ്ക്കാനും, എന്തിനും ഏതിനും കൊച്ചൌസേപ്പില്ലാതെ ഒന്നും നടക്കാത്ത കാലഘട്ടം.
പെട്ടെന്നൊരു നാള്‍ സ്റ്റീവിന്റെ ലങ്ങ് കാന്‍സര്‍ ഡോക്ടര്‍ വെളിപ്പെടുത്തിയ ദിവസം, സ്റ്റീവ് കൊച്ചൌസേപ്പിനോട് പറഞ്ഞു: ”നീ ഉടനെ നാട്ടില്‍ പോവുക. വൃത്തിയായി ഒരു വീട് പണിയുക. കല്യാണം കഴിയ്ക്കുക. തിരിച്ചു വരിക. ഞാന്‍ നിനക്കായ് ജീവിച്ചിരിയ്ക്കാം”. പക്ഷെ കൊച്ചൌസേപ്പിന് തന്‍റെ സായിപ്പിനെ പരിചരിച്ചാല്‍ മാത്രം മതിയായിരുന്നു. വേദനയാല്‍ കഷ്ടപ്പെടുന്ന അദ്ദേഹത്തെ കുളിപ്പിയ്ക്കുന്നതും മല മൂത്ര ദുര്‍ഗന്ധങ്ങള്‍ കിടക്ക വിരിപ്പില്‍ നിന്നും വൃത്തിയാക്കി കൊടുക്കുന്നതും സ്റ്റീവിന്‍റെ കൂടെ സ്റ്റീവിനു വേണ്ടി പ്രാര്‍ഥിയ്ക്കുന്നതും കരയുന്നതും കൊച്ചൌസേപ്പിന്‍റെ സ്വാര്‍ത്ഥമോ നിസ്വാര്‍ത്ഥമോ ആയ സേവനങ്ങള്‍ ആയിരുന്നു. സ്റ്റീവാകട്ടെ, എതിര്‍ക്കുവാന്‍ ഒരവസരവും കൊടുക്കാതെ കൊച്ചൌസേപ്പിനെ പെട്ടെന്ന് നാട്ടിലേയ്ക്ക് പറഞ്ഞയച്ചു.
നാട്ടില്‍ 35 ലക്ഷം രൂപയുടെ പുത്തന്‍ വീട് സ്റ്റീവിന്റെ നിര്‍ബന്ധ ബുദ്ധിയുടെയും സാമ്പത്തിക ശക്തിയുടെയും പിന്‍ബലത്തില്‍ അതിവേഗം പാല് കാച്ചപ്പെട്ടു. തദനന്തരം 5 ലക്ഷം ചെലവില്‍ ആര്‍ഭാട പൂര്‍വ്വം കൊച്ചൌസേപ്പ് കെട്ടി. താന്‍ വിറ്റ അതേ STD ബൂത്തില്‍ നിന്നും അമേരിയ്ക്കന്‍ ഇംഗ്ലീഷില്‍ സായിപ്പുമായി സംസാരിയ്ക്കുന്ന കൊച്ചൌസേപ്പും, കൊച്ചൌസേപ്പിന്‍റെ കല്യാണത്തിന് വന്ന് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് മുണ്ടും ജുബ്ബയുമായി പള്ളിയില്‍ വന്ന സായിപ്പും ആ നാട്ടുകാരുടെ കാഴ്ചകള്‍ക്ക് ഇദംപ്രഥമമായിരുന്നു. സന്തോഷവതിയായ കൊച്ചൌസേപ്പിന്‍റെ അമ്മച്ചി സ്റ്റീവിനെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചു. പക്ഷെ സ്റ്റീവിന് അനുഗ്രഹാശിസ്സുകള്‍, താമസിച്ചെത്തിയ വരദാനങ്ങള്‍ ആയിരുന്നു. അദ്ദേഹം പോകുന്നതിനു മുമ്പ് കൊച്ചൌസേപ്പിനോടും വിദ്യാസമ്പന്നയായ ഭാര്യയോടും കൂടി പറഞ്ഞു: ”നിങ്ങള്‍ കാനഡയില്‍ എത്തും മുമ്പ് ഞാനവിടെ പോയി മണവാട്ടിയ്ക്ക് മാസ്‌റ്റെഴ്‌സിനുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വെയ്ക്കാം”.
പക്ഷേ, ചിത്രശലഭത്തിന് ജീവന്‍ കൊടുക്കുന്നവന്‍ അതിന്‍റെ ജീവിതകാലവും നിശ്ചയിച്ചിട്ടുണ്ടായിരുന്നു. വിവാഹാനന്തരം ഹണിമൂണ്‍ പോലും ഒഴിവാക്കി കാനഡയിലേയ്ക്ക് പറന്ന കൊച്ചൌസേപ്പിന്, ഹോസ്പിറ്റലില്‍ പാലിയെറ്റിവ് കെയറില്‍ ഒറ്റയ്ക്ക് കിടക്കുന്ന സ്റ്റീവിനെയാണ് കാണേണ്ടി വന്നത്. വേദനസംഹാരികള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയാതെ തകര്‍ന്നടിയുന്ന ബോസിനെ കണ്ട് കൊച്ചൌസേപ്പിനു സങ്കടം മറച്ചു വെയ്ക്കാനായില്ല. കരയുന്ന കൊച്ചൌസേപ്പിനോട് സ്റ്റീവ് പറഞ്ഞു: ”എനിയ്ക്ക് പിറക്കാതെ പോയ മകനേ, എന്‍റെ വില്‍പ്പത്രം ബെഡ്‌റൂമില്‍ ഷെല്‍ഫില്‍ വെച്ചിട്ടുണ്ട്. നമ്മുടെ അയല്‍വാസിയായ ക്രിസ്റ്റഫര്‍ ആണ് എന്‍റെ വക്കീല്‍. അദ്ദേഹത്തോട് ചോദിച്ച് വേണ്ടത് ചെയ്യൂ”.
പിറ്റേന്ന് രാത്രി, വേദനയില്‍ നിന്നും ഏകാന്തതയില്‍ നിന്നും എന്നേയ്ക്കുമായി മോചിതനായി, കൊച്ചൌസേപ്പിന്‍റെ നിഷ്‌കളങ്കനായ കണ്‍കണ്ട  ദൈവം. കൊച്ചൌസേപ്പ് നാലാം വയസ്സിനു ശേഷം ആദ്യമായി അനാഥനായി. ഒറ്റയ്ക്ക് ആ ബംഗ്ലാവില്‍ ഇരിയ്ക്കുമ്പോള്‍ വീണ്ടും ഏതോ നെറി കെട്ട കുറുക്കന്‍ ഓരിയിടുന്ന ശബ്ദം കേട്ട പോലെ തോന്നി കൊച്ചൌസേപ്പിന്. പിന്നെയും രണ്ട് ദിവസം കഴിഞ്ഞ്,  ശവദാഹത്തിനു ശേഷം അവസാനത്തെ അതിഥിയും പിരിഞ്ഞു പോയപ്പോള്‍ സ്റ്റീവിന്‍റെ വില്‍പ്പത്രം എഴുതിയ ഒരിഞ്ചു കനമുള്ള ബൈന്ററുമായി ക്രിസ്റ്റഫരിന്‍റെ വീട്ടില്‍ കയറിച്ചെന്ന കൊച്ചൌസേപ്പ്, എ ല്ലാം നേരത്തെ അറിയാമായിരുന്ന ആ വക്കീലിന്‍റെ വാക്കുകള്‍ കേട്ട് ഞെട്ടി: ”ആ കോട്ടേജിന്‍റെയും, ഏകദേശം ഒരു മില്ല്യന്‍ ഡോളര്‍ വരുന്ന സമ്പാദ്യങ്ങളുടെയും ഏക അവകാശി നീയാണ്, നീ മാത്രം”.
കൊച്ചൌസേപ്പ് അതു പറഞ്ഞ് കണ്ണ് തുടച്ചപ്പോള്‍, വനവാസവും അജ്ഞാത വാസവും നടത്തി കഷ്ടപ്പെടുന്ന പരശ്ശതം പ്രവാസികളെ ഓര്‍ത്തുപോയി. ദാസന്‍ & വിജയന്‍ തിയറി പ്രകാരം എല്ലാത്തിനും അതിന്റേതായ സമയവും സമയ ദോഷവും ഉണ്ടെന്ന് ഒരടിക്കുറിപ്പിട്ടുകൊണ്ട് കൊച്ചൌസേപ്പിന്‍റെ കഥയ്ക്ക് ഇവിടെ അര്‍ദ്ധവിരാമം ഇടാം – മറ്റൊരു കാഴ്ച്ചയുമായി അടുത്ത ലക്കത്തില്‍ കണ്ടുമുട്ടും വരെ.

2014 മേയ് 7, ബുധനാഴ്‌ച

മറവിപക്ഷക്കാർ

(Published in the lifestyle magazine - Malayali - December 2013 issue)
നേരം വെളുക്കുന്നതേ ഉള്ളു. പത്രം വന്നത് തുറക്കാതെ സോഫയില്‍ ഇരിപ്പുണ്ട്. ഞാന്‍ 90 കഴിഞ്ഞ ആ വന്ദ്യ വയോധികന്റെ അടുത്തിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. മരണ വാര്‍ത്ത അറിഞ്ഞ് ആളുകള്‍ വന്നെത്തുന്നതേ ഉള്ളു. ഓര്‍മ്മകള്‍ എല്ലാം നഷ്ടമായി വര്‍ഷങ്ങള്‍ തള്ളി നീക്കിക്കൊണ്ട് അദ്ദേഹത്തിന്റെ കൂടെത്തന്നെ ഉണ്ടായിരുന്ന പ്രിയ പത്‌നി, അന്ന് കാലത്ത് ഓര്‍മ്മയുടെ പാലം എന്നേയ്ക്കുമായി കടന്നു പോയി.
‘അന്‍പത്തിമൂന്നാമത്തെ ആനിവേഴ്‌സറി ആയിരുന്നു കഴിഞ്ഞ ആഴ്ച.’ വിതുമ്പല്‍ പുറത്തു കാണിയ്ക്കാതെ അദ്ദേഹം പറഞ്ഞു.
‘നാളെയാണ് അസോസിയേഷന്റെ ക്രിസ്മസ്സ് സെലെബ്രേഷന്‍’. ഞാന്‍ വിഷയം ഒന്ന് മാറ്റാന്‍ വേണ്ടി പറഞ്ഞു. അസോസിയേഷന്‍ എന്ന് വെച്ചാല്‍ ആയിരത്തോളം മലയാളി കുടുംബാംഗങ്ങളുള്ള ഈ പടിഞ്ഞാറന്‍ കാനഡയിലെ മലയോര പട്ടണത്തിലെ ഒരേയൊരു മലയാളി സമാജം.
അദ്ദേഹം ചിന്താമഗ്‌നനായി. 30 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന ക്രിസ്മസ്സ് ആഘോഷത്തെ പറ്റിയായിരിയ്ക്കണം ഓര്‍ക്കുന്നത്… എത്രയെത്ര ക്രിസ്മസ്സ് സെലെബ്രേഷന്‍ അവര്‍ ഒരുമിച്ചു നടത്തിയിരിയ്ക്കാം! പല തവണ അദ്ദേഹവും ഭാര്യയും അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയും ഒക്കെ ആയിരുന്നല്ലോ. 5 വര്‍ഷം മുമ്പ് അല്‍ഷിമേഴ്‌സ് വന്നതിനു ശേഷം കുട്ടിക്കാലം തൊട്ടുള്ള എല്ലാ മധുരിയ്ക്കും ഓര്‍മ്മകളും വിട പറഞ്ഞപ്പോള്‍, കാനഡയുടെ ശൈത്യ കാലം പോലെ വിരസമായ, മഞ്ഞു പെയ്യുന്ന രാത്രികള്‍ തരണം ചെയ്ത് അവര്‍ ഏകാകിനി ആവുന്നത്… അതിനു ശേഷവും ഓരോ ആഘോഷങ്ങളിലും അദ്ദേഹം ഒരു കുട്ടിയെ പോലെ അവരെ കൈ പിടിച്ചു കൊണ്ട് വരുന്നത്… എല്ലാം ഞങ്ങള്‍ കാല്‍ഗറിയിലെ മലയാളികള്‍ക്ക് സുപരിചിതമാണ്.
അതെ, കാലം തീര്‍ത്ത ആ വേദികളില്‍ വേഷം അഴിച്ചു വെച്ച് അവര്‍ യാത്രയാവുന്ന ദിവസം, ഇവിടെ മലയാളികള്‍ മറ്റൊരു ക്രിസ്മസ്സ് ആഘോഷത്തിന്റെ തിരക്കിലാണ്. ഒരേ നഗരത്തില്‍ തന്നെ, വിരോധാഭാസമെന്നു തോന്നിയ്ക്കും വിധം രണ്ടു ചടങ്ങുകള്‍!
അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോരുമ്പോള്‍, മരണത്തെക്കുറിച്ചായി ചിന്ത! അത് മറക്കാനായി ക്രിസ്മസ് ചിന്തയിലേയ്ക്ക് ആവാഹിച്ച് ഡ്രൈവ് ചെയ്തു. ആഘോഷങ്ങള്‍, സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഓര്‍മ്മ ആണല്ലോ ഓരോ പ്രവാസിയ്ക്കും… ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന രോഗികളാവുകയാണോ നാമെല്ലാം? ഇന്ന്, ഒരു നിമിഷം കൊണ്ട് ശിഥിലമാവുന്ന സ്‌നേഹബന്ധങ്ങള്‍ മാത്രമാണ് ശരാശരി കാല്‍ഗറി മലയാളിയുടെ ജീവിതത്തിന്റെ മുതല്‍ക്കൂട്ട്. നാലോ അഞ്ചോ ഹൗസ് പാര്‍ട്ടികളുടെ ആയുസ്സേ ഒരു സ്‌നേഹബന്ധത്തിനുള്ളു എന്നതാണ് ദയനീയമായ സത്യം. അതിശയം തന്നെ. ഊഷര ഭൂമികളില്‍ എത്രയോ കാലം പ്രവാസ ജീവിതം നയിച്ച നമുക്ക് ഇന്ന് ഹിതകരമല്ലാത്ത ഒരു വാക്ക് മതി പുതിയ സ്‌നേഹബന്ധം ഉടഞ്ഞു വീണു തരിപ്പണമാവാന്‍!
ഫേസ് ബുക്കിലെ ഒരു പടത്തിനു ലൈക്ക് അടിച്ചില്ല എന്നതൊക്കെയാണ് സോപ്പ് കുമിള പോലെ പടുത്തുയര്‍ത്തിയ ഈഗോയ്ക്ക് ക്ഷതം പറ്റാന്‍ പുതിയ കാലത്ത് കാരണങ്ങള്‍! ഇത്രയും ക്ഷണഭംഗുരമായ ബന്ധങ്ങളുടെ ലോകത്ത് ജീവിയ്ക്കുന്ന നമ്മുടെ അടുത്ത തലമുറ അതിലും ഒരു പടി മുകളില്‍ വികാരാധീനരാവുന്നതിന് നാം ആരെയാണ് കുറ്റപ്പെടുത്തുക? ഈ അടുത്ത ദിവസമാണ് ഇവിടെ ഒരു മലയാളി പെണ്‍കുട്ടി സ്വന്തം വീടിന്റെ ബേസ്‌മെന്റില്‍ ആത്മഹത്യ ചെയ്തത്. ജീവന്‍ അവസാനിപ്പിയ്ക്കാനുള്ള അനവരതം കാരണങ്ങളും സങ്കീര്‍ണതകളും നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് സ്വന്തം കവചം കൂടുതല്‍ ചുരുക്കിക്കൊണ്ട് നാം സങ്കുചിതരാവുന്നു- കുട്ടികള്‍ അതിലുമപ്പുറവും!
ക്രിസ്മസ്സ് സെലെബ്രേഷന് ഇവിടെ നാം കാണുന്നത് ഗ്രൂപ്പായി നില്ക്കുന്ന ആള്‍ക്കൂട്ടങ്ങളത്രെ. നിങ്ങള്‍ ഭാഗമല്ലാത്ത ഒരു ഗ്രൂപ്പില്‍ പോയി  സംസാരിയ്ക്കാന്‍ ഒരു ശ്രമം നടത്തി നോക്കൂ: ഇസ്രായേലില്‍ എത്തിപ്പെട്ട അറബിയുടെ അവസ്ഥ ആയിരിയ്ക്കും നിങ്ങള്‍ക്ക്! പക്ഷെ ഇത്തരം ഗ്രൂപ്പുകളില്‍ എക്കാലത്തും ഒരേ വ്യക്തികളാണെന്നൊന്നും ധരിച്ചേക്കരുത്. ഏതെങ്കിലും ഒരു സ്‌നോബിഷ് പാര്‍ട്ടിയില്‍, വേണ്ട വിധം ഗൗനിച്ചില്ലേ എന്നൊരു സംശയം മതി, ആ ഫാമിലി പിന്നെ പുതിയ മേച്ചില്‍പ്പുറം തേടി പോകാന്‍. മദ്ധ്യവയസ്‌കരില്‍ പ്രായവും പക്വതയും ഉണ്ടാവും എന്നും അഭ്യസ്തവിദ്യരെല്ലാം വിശാല മനസ്‌കരാവും എന്നുമൊക്കെ തോന്നുന്നത് വെറും മിഥ്യാ ധാരണയാണ് സുഹൃത്തേ. എല്ലാവരുടെയും പുറത്തേയ്ക്കുള്ള പരിവേഷം തങ്ങള്‍ ഇതിലൊന്നുമില്ലെന്ന ഭാവമാണ് (ഇക്കാലത്ത് ജാതി ചിന്തയ്ക്കതീതരെന്നു നടിയ്ക്കുന്ന ചില കപട പുരോഗമന വാദികളെ പോലെ). ഏതു ഗ്രൂപ്പിനും പൊതുവായുള്ള ഒരു സവിശേഷത, സാമൂഹ്യമായി ഉയര്‍ന്ന പദവിയും സമ്പത്തും ഉള്ളവരോടുള്ള ദാസ്യഭാവവും അതില്ലാത്തവരോടുള്ള പരമ പുച്ഛവുമത്രേ. വ്യത്യസ്ത ലേബലുകളില്‍ രൂപവല്‍ക്കരിയ്ക്കപ്പെടുന്ന ഇത്തരം കൂട്ടായ്മകള്‍ പ്രത്യക്ഷത്തില്‍ നാം അകപ്പെട്ട ഏകാന്തതയില്‍ നിന്ന് നമ്മെ രക്ഷിയ്ക്കും എന്ന പ്രതീക്ഷ നല്‍കുമെങ്കിലും, അധികം വൈകാതെ അമരക്കാരന്‍ തന്നെ ‘ജാഡക്കോമരം’ ആയി അധഃപതിയ്ക്കുന്നതാണ് അതിന്റെയൊരു രീതി. വാക്കൊന്നു പിഴച്ചു പോയതിനാല്‍ മാത്രം ശത്രുവായി തീര്‍ന്നവനോട് മിണ്ടിക്കൂടാ, അവന്‍ വിളിച്ചാലും അവന്റെ ഒരു പരിപാടിയ്ക്കും പോകരുത് ഇതൊക്കെയാണ് ഓരോ ഗ്രൂപ്പിന്റെയും പൊതു തത്ത്വ സംഹിതകള്‍.
കാല്‍ഗറിയില്‍ പ്രവാസി ജീവിതം ഇത്രയും അശുഭ പ്രതീക്ഷയാല്‍ നിര്‍ഭരമാണെന്നല്ല വിവക്ഷിയ്ക്കുന്നത്. മരണത്തിലേയ്ക്കുള്ള യാത്ര മാത്രമായ ഈ ജീവിതത്തില്‍ നമുക്ക് ചുറ്റും കാണുന്ന തുല്യദു:ഖിതരായ സഹായാത്രികര്‍ക്കിടയില്‍ കൂട്ടായ്മയുടെ ഒരു ലോകമല്ലേ നാം വിഭാവനം ചെയ്യേണ്ടത്? മനുഷ്യന്‍ ചൊവ്വയില്‍ കോളനി പണിയാന്‍ ഒരുങ്ങുന്ന ഈ പുതു യുഗത്തില്‍ മതങ്ങളിലെയും അതിലെ അവാന്തര വിഭാഗങ്ങളിലെയും, എന്തിന്, ഓരോ വീടുകളിലെയും വ്യക്തികളുടെ സ്വഭാവ വിശേഷങ്ങളിലെയ്ക്കും നമ്മുടെ സമയവും ഊര്‍ജ്ജവും ചിന്തയും പാഴാക്കപ്പെടാതിരിയ്ക്കട്ടെ.
അടുത്ത പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കകം വഴിമാറി കൊടുക്കേണ്ടവരാണ് നാം. വൃദ്ധനോ വൃദ്ധയോ ആയി (ഒരു പക്ഷെ ഏകാകിയും) ഒരു വാനപ്രസ്ഥകാലം നമുക്ക് മുന്നില്‍ കിടക്കുന്നത് കാണാതിരുന്നുകൂടാ. അതും കഴിഞ്ഞാല്‍ മറ്റൊരു ക്രിസ്മസ്സ് കാലം, മറവിരോഗം പിടിപെട്ട സമൂഹത്തില്‍ നമ്മളും ക്രമേണ വിസ്മൃതരാവും. കാലാതിവര്‍ത്തിയായി നില്‍ക്കുന്ന സ്മൃതികള്‍, നാം ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനങ്ങളും സൗഹൃദങ്ങളും മാത്രമായിരിയ്ക്കും എന്ന ഓര്‍മ്മയെങ്കിലും അല്‍ഷിമെഴ്‌സിനു അടിപ്പെടാതിരിയ്ക്കട്ടെ!