2023 ജനുവരി 29, ഞായറാഴ്‌ച
Film Review
നൻ പകൽ നേരത്ത് മയക്കം
പൊട്ടൻ ഒരു ഫലിതം കേട്ടാൽ 3 തവണ ചിരിക്കും എന്ന് പറയാറുണ്ട്. ആദ്യം എല്ലാവരും ചിരിക്കുന്ന കൂട്ടത്തിൽ കാര്യം മനസ്സിലായില്ലെങ്കിലും ചുമ്മാതങ്ങ് ചിരിച്ചോളും. പിറ്റേന്ന് അർത്ഥം മനസ്സിലാകുമ്പോൾ ഒന്നു കൂടി ചിരിക്കും. അതിന്റെ പിറ്റേന്ന് ഒന്നു കൂടി - ആദ്യം ചിരിച്ചത് ഒന്നും മനസ്സിലാവാതെയായിരുന്നല്ലോ എന്നോർത്ത്.
അതുപോലെയാണ് ഞാൻ ഈ സിനിമ 3 തവണ കണ്ടത്. ആദ്യത്തേത് ക്യാമറ പ്രിന്റ് ആയിരുന്നതിനാൽ ഒന്നും മനസ്സിലായില്ല. പൊതുവെ തമിഴ് തെരിയില്ല. പോരെങ്കിൽ ക്യാമറ പ്രിന്റ്റും. പക്ഷെ ഇതിൽ ചിലതൊക്കെ ഉണ്ടല്ലോ എന്ന് മനസ്സിലായി. ഉടനെ തന്നെ തിയ്യറ്ററിൽ പോയി കണ്ടു. കൺ കുളിർത്തു. എന്നാലും ചില സംശയങ്ങൾ ബാക്കിയായി. എന്നാ പിന്നെ ഒന്നൂടെ കണ്ടേക്കാം എന്നു കരുതി.
സിനിമയിലെ മയക്കങ്ങൾ ആണ് എന്നെ മയക്കിയത്. ഓരോ വീടും ഓരോ മരത്തണലും ഓരോ വഴിയോരവും കടത്തിണ്ണയും പാണ്ടിക ശാലയും ചോളപ്പാടവും എന്നും എപ്പോഴും ഉറക്കത്തിന്റെ നിത്യ പ്രണയിയായ എന്നെ വശീകരിച്ചു എന്നതാണ് സത്യം.
പിന്നെ അതിൽ തീരെ irrelevent എന്നു തോന്നിപ്പിയ്ക്കുന്ന (അന്ധയായ ആ സ്ത്രീയുടെ ചിരി പോലെ, ചാണകം ചുമരിൽ ഒട്ടിയ്ക്കുന്ന സ്ത്രീയെ പോലെ, അലസമായി കറങ്ങി തിരിയുന്ന പട്ടിയെ പോലെ....) ആ പാട്ടുകളും TV ഷോയിലെ ഡയലോഗ്കളും ആ സിനിമ convey ചെയ്യുന്ന ദാർശനികതയുടെ ആഴങ്ങളിലേയ്ക്ക് നമ്മളെ എത്തിക്കുന്നു. നമ്മളിൽ എല്ലാം ഉള്ള Existential crisis - നമ്മൾ ആരാണ്, എന്താണ് നമ്മൾ ഓരോരുത്തരും തമ്മിലുള്ള ബന്ധം, etc. -ഓർമ്മപ്പെടുത്തുന്നുണ്ട് ഈ സിനിമ.
മടുപ്പിക്കുന്ന ബിജിഎം ഇല്ല. മടുപ്പിയ്ക്കാത്ത തമിഴ് ഗ്രാമീണ ഭംഗിയുടെ ലാളിത്യം. സാദാ മനുഷ്യനെ പോലെ ലുങ്കിയുടുത്ത് ടാസ്മാകിൽ പോയി കള്ള് മോന്തുന്ന മമ്മുട്ടി. ദുഖങ്ങൾക്ക് നടുവിൽ സുഖ മയക്കം നടത്തുന്ന ആ കാരണവർ. പെട്ടു പോകുന്നവർ തമ്മിൽ പരസ്പരം നടത്തുന്ന കടിപിടികൾ. മകനല്ലെന്നറിയാമെങ്കിലും സാപ്പിടാൻ പറയുന്ന അച്ഛൻ, അങ്ങനെയങ്ങനെ നിരവധി പ്രതീകാത്മക ബിംബങ്ങൾ.
ഞാൻ ഇന്ത ഊരുകാരൻ എന്ന് നമ്മൾ ഓരോരുത്തരും വിചാരിക്കുന്നു, അല്ലേ? ഏതു ഊര്, എന്തു ഞാൻ!
സിനിമയിലെ ചില പാട്ടുകൾ കൊളുത്തി വലിക്കും:
ജ്ഞാനത്തങ്കം എന്ന വേളാങ്കണ്ണിയിലെ പാട്ട്
പാടാൻ മറന്നു പോയ എന്ന ബസ്സിലെ പഴയ പാട്ട്
മയക്കമാ കലക്കമാ മനതിലേ കുഴപ്പമാ വാഴ്‌വിലെ നടുക്കമാ എന്ന പാട്ട്
രാത്രിയിൽ പാടത്തു നിൽക്കുന്ന ബസ്സ് പോലും ഒരു നാടകത്തിന്റെ സ്റ്റേജ് ആണെന്ന് തോന്നും... ചോള ചെടികളെല്ലാം കാണികൾ എന്ന പോലെയും.
അവസാനം ആ ബസ്സിന് പിറകെ പായുന്ന പട്ടിയും ഒരു ബിംബമാണ് - ആത്മാവിന്റെ പിറകെ പായുന്ന മനസ്സ് പോലെ.
പ്രേക്ഷകന് തന്നെ മയക്കവും സ്വപ്നവും സമ്മാനിക്കുന്ന സിനിമയുടെ last seen ഭ്രമാത്മകമാണ്. ഒരു പക്ഷെ നടന്നതെല്ലാം സ്വപ്നം ആയിരിക്കാം. അല്ലെങ്കിൽ james ആയിരുന്ന സുന്ദരം തിരിച്ച് james ആയി മാറിയിട്ടില്ലായിരിയ്ക്കാം. എന്തു തന്നെയായാലും ഒരു ക്ഷണിക സ്വപ്നം മാത്രമായ ജീവിതത്തെ അത് പ്രതിബിംബിപ്പിയ്ക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)