2024 ജനുവരി 8, തിങ്കളാഴ്‌ച

ഫെബ്രുവരിയിലെ നക്ഷത്രങ്ങൾ

ഫെബ്രുവരിയിലെ ഒരിരുണ്ട സായാഹ്നത്തിൽ ഞാൻ ഹിന്ദുമന്ദിറിലേയ്ക്കു കയറുമ്പോൾ യാദൃശ്ചികമായാണ് ആര്യാദേവിയെ കണ്ടത്. ബോംബെ ജീവിതത്തിൻറെ മാസ്മരികമായ സ്മരണകൾ മനസ്സിനെ ക്ലാവ് പിടിപ്പിയ്ക്കാൻ തുടങ്ങിയെങ്കിലും ആര്യയ്ക്ക് ഒറ്റ നോട്ടത്തിൽ തന്നെ എന്നെ മനസ്സിലായി. "എന്താണ്, അമ്പലത്തിലൊക്കെ വരാൻ തുടങ്ങിയോ?" ചിരിച്ചുകൊണ്ട് ആര്യ ചോദിച്ചു. മനോഹരമായ പഴയ ചിരിയിൽ ഒരൽപ്പം വിഷാദത്തിന്റെ മേമ്പൊടി കലർന്നിട്ടുണ്ടോ എന്നു തോന്നി. "നോട്ടീസ് ബോർഡിൽ ഒരു പരസ്യം പതിയ്ക്കാൻ വന്നതാണ്. ആര്യ എപ്പോഴാണ് കാനഡയിൽ എത്തിയത്?" ആര്യ മറുപടി പറയും മുമ്പേ, മുപ്പത്തി മുക്കോടി ഈശ്വരന്മാരുടെ കാൽഗറി ഏജന്റായ 'പണ്ഡിറ്റ്‌ജി' യും പ്രോട്ടോക്കോൾ അനുസരിച്ച് ദൈവത്തിന്റെയും രക്ഷാധികാരിയായി വരുന്ന 'പ്രസിഡന്റ്ജി' യും ക്ഷേത്രവാതിൽ തുറന്നു പ്രത്യക്ഷപ്പെട്ടു. വരം വേണോ എന്ന് ചോദിച്ചില്ല. തേടിയ വള്ളിയുടെ കാലിൽ വീഴാൻ പറ്റിയ സമയമാണ്. ആര്യയുടെ ഫോണ്‍ നമ്പർ ധൃതിയിൽ വാങ്ങിച്ച് 'ക്ഷേത്ര വ്യാപാരത്തിനായി' രണ്ട് എമാന്മാരുടെയും പിറകെ ഓടി. രാത്രി, വീട്ടിൽ വന്ന് ഫോണ്‍ വഴി ആര്യയോട് പതിവ് മലയാളി ചോദ്യാവലി ആരംഭിച്ചുവെങ്കിലും ഫോണിലൂടെ അവൾ മൌനസംവാദം നടത്തുകയാണ് ഉണ്ടായത്. മിതഭാഷിയാണെങ്കിലും എന്നോടവൾ ഉള്ള് തുറന്നു പറയാറുള്ളതായിരുന്നല്ലോ....ബന്ധങ്ങളിലെ സൂക്ഷ്മതകളും സ്ഥൂലതകളും വകതിരിയ്ക്കാനുള്ള പരിപാകം കാലത്തിന്റെ കുത്തൊഴുക്കിൽ വന്നതാവാം. എന്നാലും ക്രിസ്റ്റിയെവിടെ എന്ന് ചോദിച്ചപ്പോൾ "നാളെ ടിം ഹൊർട്ടൻസിൽ ഒന്ന് വരാമോ" എന്ന് ചോദിച്ചത് എന്തിനാവാം? പകുതിയിൽ നിർത്തുന്ന വാക്കുകൾ ചിന്തകൾക്ക് മേയാനുള്ള സ്ഫുരണങ്ങൾ ആണ്. ഫോണ്‍ വെച്ചയുടനെ ആത്മബന്ധത്തിന്റെ കൈയ്യൊപ്പുള്ള ഫ്ലാഷ് ബാക്കിലേയ്ക്ക് ഞാൻ യാത്രയായി.... എഞ്ചിനീയറിംഗ് കോളേജിൽ ഒറ്റയാനായ റിബൽ, അവിശ്വസനീയമാം വിധം ധൈര്യശാലി, പെണ്‍കുട്ടികൾ വെറുക്കുന്ന പുഛഭാവം മുഖമുദ്രയാക്കിയ കലാപകാരി, കവിതാസ്വാദകൻ - എന്തെല്ലാം വേഷങ്ങളാണ് യഥാർത്ഥത്തിൽ ഒരു വേഷംകെട്ടും ഇല്ലാത്ത ആ മനുഷ്യന്! ദരിദ്രനായിരുന്നു ക്രിസ്റ്റി. എന്നാലാ ദാരിദ്ര്യം പോലും അവന് ശക്തിയായിരുന്നു. അവനെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ ഐതിഹ്യങ്ങൾ കോളേജിൽ, പ്രത്യേകിച്ചും ജൂനിയേഴ്സ്‌, പറഞ്ഞു നടക്കാറുണ്ടായിരുന്നു. അതിൽ ഒരു കഥ, പാലാക്കാരാൻ അച്ചായനായ പ്രിൻസിപ്പലിന്റെ മോൻ ജാഡയോടെ ക്ലാസ്സിൽ വന്നിരുന്നപ്പോൾ അവനെ പൊക്കിയെടുത്ത് റാഗ് ചെയ്തതും "പ്രിൻസി ചോദിയ്ക്കുമ്പം പറഞ്ഞേയ്ക്കണം sixth sem -ലെ ക്രിസ്റ്റിയാണ് റാഗ് ചെയ്തത്" എന്നവനോട് പ്രത്യേകം പറഞ്ഞതും. ക്ലാസ് കട്ട് ചെയ്തും വഴക്കടിച്ചും backlog വരുത്തിയ 36 പേപ്പർ ഒരുമിച്ചെഴുതി പാസ്സായ ജീനിയസ് എന്നത് മറ്റൊരു കഥ. ആര്യയാകട്ടെ, മറ്റേ ധ്രുവത്തിലാണ്. അച്ചടക്കത്തിന്റെയും കുലീനതയുടെയും സൌന്ദര്യത്തിന്റെയും കലാവാസനകളുടെയും പര്യായപദം. മാൻപേടയെ പോലെ നിഷ്കളങ്കമായ കണ്ണുകൾ. സംഗീതം, നൃത്തം, ക്ഷേത്രകലകൾ - എല്ലാമെല്ലാം അവൾക്ക് ഉപാസനയായിരുന്നു. തലമുറകളുടെ അനന്തമായ സമ്പാദ്യത്തിന് കാലം കനിഞ്ഞു നൽകിയ, ജന്മിയെന്ന ജന്മത്തിന്റെ ഒരേയൊരു മകൾ! എന്ത് ദിവ്യശക്തിയാണ് അവരെ അടുപ്പിച്ചത് എന്നത് കോളേജിലെ എക്കാലത്തെയും ദുരൂഹതയത്രേ. ഇടമലയാറിന്റെ തീരത്ത്, പച്ചമരത്തണൽ വിരിച്ച് വളഞ്ഞുതിരിഞ്ഞ് പോകുന്ന വഴിയിലൂടെ കോളേജിലേയ്ക്കും തിരിച്ചും അവർ നടക്കുന്നത് പിന്നെപ്പിന്നെ ഒരു പതിവ് കാഴ്ചയായി. ക്രിസ്റ്റി, കാമ്പസ് സെലക്ഷനിൽ ബോംബെയിലെ പ്രശസ്തമായ കമ്പനിയിൽ ജോലി കിട്ടി, മധുരമധുരമായ കോളേജ് ലൈഫ് വിടുമ്പോൾ ആര്യ പാതിവഴിയിൽ എത്തിയതെ ഉണ്ടായിരുന്നുള്ളു. പ്രണയം രണ്ടുപേർക്കും അതി ഗുരുതരമായി തലയ്ക്കു പിടിച്ചിരുന്നു. കാണുന്നതെല്ലാം വർണ്ണപ്രപഞ്ചവും ചെയ്യുന്നതെല്ലാം നാടകീയവുമായിരുന്ന വസന്തകാലം. കോളേജിലെ അവസാനനാളുകളിലൊന്നിൽ അവൾ ക്രിസ്റ്റിയുടെ ഹോസ്റ്റൽ റൂമിൽ പോയി - ആദ്യമായി. സിഗരറ്റിന്റെയും മദ്യത്തിന്റെയും തിരുശേഷിപ്പുകൾ അലങ്കോലമാക്കിയ മുറിയിൽ അൽതാഫ് രാജയുടെ കവ്വാലി പ്ലേ ചെയ്യുന്നുണ്ടായിരുന്നു. "സുബഹ് പെഹലി ഗാടീ മേ ഘർ കോ ലൌട്ട് ജാവോഗെ..." കാസറ്റ് പ്ലെയർ ജനുവരി മുതൽ ഡിസംബർ വരെയുള്ള ഋതുഭേദങ്ങൾ പാടുമ്പോൾ ക്രിസ്റ്റി ചൂടുചായ കപ്പിൽ ഒഴിച്ച് "Can you marry me" എന്ന് ചോദിയ്ക്കുകയുണ്ടായി. അവൾ മൃദുസ്വരത്തിൽ ചിരിയുടെയും കരച്ചിലിന്റെയും അകമ്പടിയോടെ പറഞ്ഞു: "നൂറുവട്ടം". അൽതാഫ് രാജയുടെ കൂടെ ക്രിസ്റ്റിയും പാടി: "ഇൻ നശീലി ആഘോം സെ, കബ് ഹമേ പിലാവോഗെ...." പ്രണയം ഏതു നിമിഷവും തകർന്നു തരിപ്പണമാകുന്ന സ്ഫടിക ബിംബമാണ്. അതിനു ചുറ്റും ജീവിതം ക്രൂരമായ യാഥാർത്ഥ്യമായി അതിനെ തുറിച്ചു നോക്കുന്നത്, അതിനെതിരെ വമ്പിച്ച പടയൊരുക്കങ്ങൾ നടക്കുന്നത്, കമിതാക്കൾ അറിയാറില്ല. ആര്യയുടെ അച്ഛൻ കേട്ടറിഞ്ഞപ്പോൾ എല്ലാ നരകവും പൊട്ടിപ്പുറപ്പെട്ടു. ആര്യാദേവിയ്ക്ക് പിന്നെ quarantine കാലമായിരുന്നു. ഇമെയിൽ, ഇന്റർനെറ്റ്, സെൽ ഫോണ്‍ - വികാര വിനിമയത്തിന്റെ സർവ്വ ജീവനാഡികളും വിഛേദിയ്ക്കപ്പെട്ടു. അവൾ പഴയ നാലുകെട്ടിലെ മച്ചറയിൽ പാരമ്പര്യത്തിന്റെയും കുലമഹിമയുടെയും തടവുകാരിയായി. നിസ്സഹായനായ അച്ഛൻ മർദ്ദന മുറ സ്വീകരിച്ചപ്പോൾ അവൾ വിജയൻ മാഷ്‌ പറയാറുള്ളതായി ക്രിസ്റ്റി പറഞ്ഞ 'ഒളിച്ചു കടത്തിയ ആയുധങ്ങളെ' കുറിച്ചോർത്തു....എന്ത് കുലം, എന്ത് പൈതൃകം! തുടർച്ചയായി ഫോണ്‍ വിളികൾ വനരോദനം പോലെ പരിണമിച്ചത്‌ കൊണ്ടാകണം, ഒരു നാൾ ക്രിസ്റ്റി തലയെടുപ്പോടെ നിൽക്കുന്ന നാലുകെട്ടിന്റെ ഗെയിറ്റ് തുറന്ന് ഉറച്ച ചുവടോടെ കയറി വന്നു. മാതൃഭൂമി പത്രവും വെള്ളിച്ചെല്ലവും വെറ്റിലത്താംബൂലവുമായി പൂമുഖത്ത് വിരാജിയ്ക്കുന്ന ഫ്യൂഡൽ പ്രഭുവിനോട്‌ ദരിദ്രനായ കാമുകൻ പറഞ്ഞു: "ഞാൻ ക്രിസ്റ്റി ജോണ്‍. ആര്യാ ദേവിയെ കാണാൻ വന്നതാണ്." "ന്താ കാര്യം?" "നാല് കിലോമീറ്റർ കിഴക്കോട്ടു പോയാൽ അവിടെ ഒരു രെജിസ്റ്റ്രാപ്പീസുണ്ട്. അവിടെ കൊണ്ട് പോയി നോം അങ്ങ്ട് വേളി കഴിയ്ക്ക്യ - അതിനന്നെ!" "എനിയ്ക്ക് താൽപ്പര്യമില്ലെങ്കിലോ?" പ്രഭു അന്വേഷിച്ചു. "ഹൈ...അതിനു നിങ്ങളെയല്ലല്ലോ കെട്ടണേ" ശ്വശുരന്റെ ക്ഷമ നെല്ലിപ്പടി കടന്ന് ബഹുദൂരം സഞ്ചരിച്ചിരുന്നു. അഷ്ടഗൃഹത്തിലെ ആഢ്യൻ മകളെ കെട്ടാൻ വരുന്നത് സ്വപ്നം കണ്ട് ഉറങ്ങുകയും ജീവിയ്ക്കുകയും ചെയ്യുന്ന തമ്പുരാൻ നസ്രാണിയെ കഴുത്തിന്‌ പിടിയ്ക്കാൻ തുനിഞ്ഞു. നീട്ടിയ കൈ തട്ടി മാറ്റിക്കൊണ്ട് പഴയ റിബൽ പറഞ്ഞു: "എന്നെക്കൊണ്ട് മ്ലേഛത്തരം ചെയ്യിപ്പിയ്ക്കല്ലേ..." ആര്യാദേവി യാത്രയ്ക്കൊരുങ്ങി ബാഗുമെടുത്ത്‌ എത്രയോ നാളായി കാത്തിരിയ്ക്കുകയായിരുന്നു. അവൾ ക്രിസ്റ്റിയുടെ കൂടെ ഇറങ്ങുമ്പോൾ താതവാക്യം കേട്ടു: "ഇനി നീ..." വാക്കുകൾ വീഴുന്നതിനു മുമ്പേ ക്രിസ്റ്റി പറഞ്ഞു: "ഒരിയ്ക്കലും നിങ്ങളുടെ ഔദാര്യത്തിനായി ഞങ്ങൾ തിരിച്ചു വരില്ല." പശ്ചാത്തലത്തിൽ അമ്മയുടെ അടക്കിപ്പിടിച്ച കരച്ചിൽ. അച്ഛൻ അലറുകയാണ്: "ഇവിടത്തെ ഒരു സാധനവും കൊണ്ട് പോയെയ്ക്കരുത്" ക്രിസ്റ്റി പറഞ്ഞു: "ഞാനവൾക്കയച്ച കത്തുകൾ, valentine's day-യ്ക്കയച്ച സമ്മാനങ്ങൾ, ഇവയൊഴികെ ഒരു മണൽത്തരി പോലും അവൾ കൊണ്ട് പോകില്ല. എല്ലാ സ്വത്തും കെട്ടിപ്പിടിച്ച് നിങ്ങൾ ജീവിയ്ക്കുക, മരിയ്ക്കുക. Good Bye!" നിശബ്ദനായി നില്ക്കുന്ന അച്ഛൻ ശപിയ്ക്കുകയായിരുന്നോ എന്നൊന്നും തീർച്ചയില്ലാതെ അവൾ ക്രിസ്റ്റിയുടെ കൂടെ ബോംബെയ്ക്ക് യാത്രയായി..... ബോംബെയിൽ ടാറ്റാ ഹോസ്പിറ്റലിൽ വെച്ചാണ് ക്രിസ്റ്റിയെ ഞാൻ പരിചയപ്പെടുന്നത്. oncology -യിൽ ഡോക്ടർ പോത്തച്ചനെ കാണാൻ പോയപ്പോൾ അവിടെയിരിയ്ക്കുന്ന ക്രിസ്റ്റിയെ പോത്തച്ചൻ introduce ചെയ്തു. പെട്ടെന്ന് തന്നെ അവൻ എന്റെ ആത്മമിത്രമായി. breast cancer വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആര്യയുടെ പരിചരണത്തിന് കഴിയുകയാണവൻ. സ്ട്രെക്ച്ചറുകളുടെയും ക്യൂ നിൽക്കുന്ന രോഗികളുടെയും നീണ്ടു പോകുന്ന ഇടനാഴികളുടെയും പ്രശസ്തരായ ഡോക്ടർമാരുടെ ബൂത്തുകളിൽ വിധി കാത്തു കിടക്കുന്ന ആൾക്കൂട്ടത്തിന്റെയും പശ്ചാത്തലത്തിൽ പിന്നെയും പിന്നെയും പല തവണ ഞങ്ങൾ കണ്ടു. കാൻസർ കരാള ഹസ്തം മുറുക്കിയപ്പോഴും ആര്യയുടെ വീട്ടിൽ നിന്നും ആരും എത്തിയില്ല. ക്രിസ്റ്റിയുടെ അപരിമിതവും നിരുപാധികവുമായ സ്നേഹമായിരുന്നിരിയ്ക്കണം അവളുടെ മാറത്തെ ദ്വേഷകണങ്ങളെ കരിച്ചു കളഞ്ഞത്. drains എടുത്തുമാറ്റി, ആശുപത്രിയിൽ നിന്നും ഇറങ്ങിയ ഉടനെ, അവനെന്നെ താജ് ഹോട്ടലിൽ ഡിന്നറിനു വിളിച്ചു - ആര്യയുടെ കൂടെ. ആ രാത്രിയിൽ ആര്യ എന്നോട് വളരെ കാര്യമായി സംസാരിച്ചു. അവരുടെ പ്രേമം എത്രമാത്രം തീവ്രമായിരുന്നു എന്ന് ഇന്നലെയെന്ന പോലെ ഓർക്കുന്നു ഞാൻ. പഴയ റിബൽ മുഖക്ഷൌരം ചെയ്ത് സുന്ദരനാവുകയും എത്രയോ വിനീതനാവുകയും ചെയ്തിരിയ്ക്കുന്നു. "നമ്മുടെ തമ്പുരാട്ടിയുടെ എഞ്ചിനീയറിംഗ് കോഴ്സ് ഇനി കമ്പ്ലീറ്റാക്കണം" അതായിരുന്നു അവന്റെ മുഖ്യപദ്ധതി എന്ന് തോന്നി. ഓർമ്മകൾ എപ്പോഴോ ഉറക്കത്തിന് വഴിമാറുകയും സ്വപ്നങ്ങളിലേയ്ക്ക് metamorphosis നടത്തുകയും ചെയ്തു. ബോംബെയിൽ മാഹിം ക്രീക്കിലെ അഴുക്കു വെള്ളത്തിൽ വിരിഞ്ഞു നിൽക്കുന്ന രണ്ട് താമരപ്പൂക്കൾ സ്വപ്നമായി വന്നു. ദുർഗന്ധം വമിച്ച് ഒഴുകുന്ന വെള്ളത്തിൽ പൂക്കൾ തത്തിക്കളിച്ച് ചാഞ്ചാടി, എങ്ങോട്ടെന്നറിയാതെ സഞ്ചരിയ്ക്കുകയാണ്. അപ്പോൾ ഒരു പൂ, പ്ലാസ്റ്റിക്ക് ബാഗുകളുടെ ഒരു കൂനയിൽ തട്ടി ഉടക്കി നിന്നു. മറ്റെതാകട്ടെ, ഒഴുക്കിൽ മുന്നോട്ട് കടലിനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ആകർഷകമായ billboards അഴുക്കുചാലിനിരുവശവും വിവിധ വർണ്ണങ്ങളിൽ കന്നഞ്ചിപ്പിച്ചു നില്ക്കുന്നത് കാണാം. ഒറ്റപ്പെട്ട താമര കടലിനെ തേടി, ചാഞ്ചാടി മുന്നോട്ട്, മുന്നോട്ട്.... കനേഡിയൻസിന്റെ ദേശാഭിമാനബിംബങ്ങളിൽ ഒന്നായ ടിം ഹൊർറ്റൻസിൽ പിറ്റേന്ന് മൈനസ് 40 ഡിഗ്രി സെൽഷ്യസ്സിൽ ചൂടുള്ള സൂപ്പും ബട്ടർ പുരട്ടിയ ബേഗൽസും കഴിച്ചുകൊണ്ട് ഞാനും ആര്യയും കുറെയേറെ നേരം മിണ്ടാതിരുന്നു. പുറത്തുള്ള മരവിപ്പ് ഇപ്പോൾ അകത്ത് തീരെ തോന്നുന്നില്ല. ക്രിസ്റ്റിയ്ക്ക് എന്തോ സംഭവിച്ചു എന്ന് എനിയ്ക്ക് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരുന്നു. അതല്ലെങ്കിൽ അവൾ ഒരിയ്ക്കലും ഒറ്റയ്ക്ക് വരില്ലായിരുന്നു. ഇനി അവൻ എന്തെങ്കിലും സൌന്ദര്യപ്പിണക്കത്തിന് ഇവളെ ഉപേക്ഷിച്ചതാവുമോ? ഛെ, അതൊരിയ്ക്കലും ഉണ്ടാവില്ല. ചിന്തകൾ വീണ്ടും കാടു കേറുന്നതിനു മുമ്പേ ആര്യ പറഞ്ഞു: "എഴുത്തുകാരനല്ലേ, ഒരു കഥയ്ക്ക്‌ ഇന്ധനം തരാം എന്നു വെച്ചാണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്." ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മിണ്ടാതിരിയ്ക്കുക എന്നത് എന്റെ ഭീരുത്വത്തിന്റെയും അന്തർമുഖത്വത്തിന്റെയും ഭാഗമായുള്ള പ്രതിഭാസമാണ്. ബഹുമാനിയ്ക്കപ്പെടേണ്ട ശാന്തതയോടെ ആര്യ പറഞ്ഞു തുടങ്ങി: "അവനും ഞാനും കൂടി ടോരോന്റോയിൽ എത്തിയിട്ട് രണ്ടു മൂന്ന് വർഷമായി. ഡൌണ്‍ ടൌണിൽ ഒരു apartment - ൽ ആയിരുന്നു താമസം. "അങ്ങോരവിടെ കാൽഗറിയിലാണ്. നമുക്ക് അങ്ങോട്ട്‌ പോയി പുള്ളിയെ സർപ്രൈസ് ചെയ്യണം" എന്ന് ക്രിസ്റ്റി എപ്പോഴും പറയുമായിരുന്നു. എന്റെ സംശയങ്ങൾ കൂടുതൽ ശക്തിയോടെ വയറ്റിനടിയിൽ ഒരു വിപ്ലവം സൃഷ്ടിയ്ക്കുകയാണ്. എന്നാൽ ഒരു എഴുത്തുകാരന് പ്രധാനമായും വേണ്ടത് കേൾക്കാൻ തുറന്നിട്ട ആഗിരണാത്മക മനസ്സല്ലേ എന്നോർത്ത് ചോദ്യങ്ങൾക്ക് കടിഞ്ഞാണിട്ടു. എൻറെ മനസ്സ് വായിച്ചിട്ടായിരിയ്ക്കണം, ആര്യ പറഞ്ഞു: "അന്ന് രാവിലെ ജോലിയ്ക്ക് പോകാൻ ഇറങ്ങുമ്പോൾ ക്രിസ്റ്റി വളരെ ക്ഷീണിതനായിരുന്നു. ഞാൻ കുറെ പറഞ്ഞു നോക്കി, വയ്യെങ്കിൽ പോണ്ട, റെസ്റ്റ് എടുത്തോളൂ എന്ന്. അന്ന് എന്തൊക്കെയോ പ്രധാനപ്പെട്ട ചില meetings ഉണ്ടെന്നു പറഞ്ഞ് സെറിയൽ പോലും മുഴുവൻ കഴിയ്ക്കാതെ ധൃതിയിൽ കാർ സ്റ്റാർട്ട്‌ ചെയ്ത് പോയയാൾ തിരിച്ചു വന്നത് വെറുമൊരു 'ബോഡി'യായിട്ടാണ്!" വീണു തകരുന്ന വെള്ളച്ചാട്ടങ്ങൾ മനോബലത്തിന്റെ അണക്കെട്ടുകളാൽ തടഞ്ഞ് അവൾ പറഞ്ഞു: "എൻറെ മുമ്പിൽ 2 വഴിയേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, നാട്ടിലേയ്ക്ക് തിരിച്ചു പോവുക. അച്ഛൻ ഇപ്പോഴും അവന്റെ മരണം അറിഞ്ഞിട്ടില്ലാത്തതിനാൽ ഓരോ തവണയും ഫോണ്‍ ചെയ്യുമ്പോൾ 'ക്രിസ്റ്റിയോട് സോറി പറയാൻ' ആവശ്യപ്പെടും. രണ്ടാമത്തെ വഴി അവന്റെ ആഗ്രഹമായിരുന്ന കാൽഗറിയിലേയ്ക്കുള്ളതായിരുന്നു. അവൻ എപ്പോഴും പറയാറുണ്ട്‌, ഒരിയ്ക്കലും നമ്മൾ നാട്ടിൽ, എന്റെ വീട്ടിൽ പോയി അവരുടെ ഔദാര്യത്തിന് യാചിയ്ക്കരുതെന്ന്. എനിയ്ക്കാണെങ്കിൽ അവന്റെ ഓർമ്മകൾ കുത്തിനിറച്ച ആ സ്റ്റുഡിയോ apartment-ഇൽ ഒറ്റയ്ക്ക് താമസിയ്ക്കുന്നത് ചിന്തിയ്ക്കാൻ പോലും പറ്റിയില്ല. കഴിഞ്ഞ മാസമാണ് കാൽഗറിയിൽ എത്തിയത്. അവനുണ്ടായിരുന്നെങ്കിൽ ചേട്ടനെ....." ഗദ്ഗദം വാചകത്തെ അവിടെ ഖണ്ഡിച്ചു. സുന്ദരിയായ, വിനയശീലയായ, നിസ്സഹായായ ഈ കൊച്ചു പെണ്‍കുട്ടിയ്ക്ക് ഹൃദയാഘാതം വന്ന് മരിച്ച ഭർത്താവിന്റെ കൂടെയുള്ള ഭൂതകാലവും, അച്ഛനും അമ്മയും ചേർന്ന് ഒരായുസ്സ് മുഴുവൻ നീണ്ട ഭാവിയും ഉണ്ട്. കാപ്പിക്കടയുടെ പുറത്ത് നേരം ഇരുണ്ടു. കാൽഗറിയിൽ മഞ്ഞു പെയ്യാൻ തുടങ്ങിയിരുന്നു. മാഞ്ഞുപാളികൾ തൊട്ടു തലോടുന്ന parking ലോട്ടിൽ കാറിലേയ്ക്കു കയറും മുമ്പേ ഇടി വെട്ടേറ്റ പോലെ നിൽക്കുന്ന എന്നോട് ആര്യ പറഞ്ഞു: "ഈ ജീവിതത്തിൽ എനിയ്ക്ക് ക്രിസ്റ്റിയല്ലാതെ ഒരു ഭർത്താവില്ല. ഫെബ്രുവരിയിൽ ഞങ്ങളുടെ ആനിവേഴ്സറിയാണ്. സെയിന്റ് വാലെൻന്റൈനിന്റെ കൂടെ മാനത്ത് മറ്റൊരു നക്ഷത്രമായി അവനെന്നെ നോക്കുന്നുണ്ട്. എന്നുമെന്നും ഞാൻ സുരക്ഷിതയും സന്തോഷവതിയും ആവാൻ അവന്റെ ഓർമ്മകൾ മാത്രം മതി." ഞാൻ ആകാശത്തേയ്ക്ക് നോക്കി. അവിടെ എന്റെ കലങ്ങിയ മനസ്സ് പോലെ എല്ലാം അവ്യക്തമായിരുന്നു. സ്നേഹസാഗരം നിലാവായി പൊഴിയുന്ന അമ്പിളിയമ്മാമൻ മാത്രം ആത്മാർത്ഥമായി ചിരിച്ചുകൊണ്ടിരുന്നു. ഭൂമിയിൽ ഫെബ്രുവരിയിലെ നക്ഷത്രങ്ങളെ നോക്കി ഇമ വെട്ടാതെ, തളരാതെ, പതറാതെ, മിഴികൾ നനയാതെ ചിരിയ്ക്കുന്ന കമിതാക്കളെപ്പോലെ....

ഹിമാലയൻ ഹണിമൂണ്‍

"എത്ര ദൂരം, എത്ര കാലം, പലായനം ചെയ്താലും, എത്രയൊക്കെ പറിച്ചു നട്ടാലും, സ്വദേശത്തോ വിദേശത്തോ എത്ര ജീവിതാനുഭവങ്ങൾ സ്വായത്തമാക്കിയാലും, അവസാനമൊരു നാൾ സ്വന്തം തട്ടകത്ത് നിന്ന് നാം ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല എന്ന സത്യം തിരിച്ചറിയും. അതാണ് മനുഷ്യ ജന്മത്തിന്റെ ദൗർഭാഗ്യകരമായ പരിമിതി." ഹിമാലയാൻ റേഞ്ചിൽ ദുർഘടമായ, വിജനമായ ഒരു കൂരയ്ക്കുള്ളിൽ ഇരുന്ന് "എങ്ങിനെ ഇവിടെ എത്തിപ്പെട്ടു" എന്ന ഞങ്ങളുടെ ചോദ്യത്തിനു മറുപടിയായി സ്വാമിജി പറഞ്ഞ മറുപടി യാണത്. ഞങ്ങൾ, ഞാനും ഭാര്യയും, കല്യാണം കഴിഞ്ഞു ഒരാഴ്ച ആയതേ ഉള്ളു. ദില്ലിയിൽ നിന്നും ബസ്സ് പിടിച്ച് തലേന്ന് രാത്രി അൽമോറയിലേയ്ക്കും അവിടെ നിന്ന് രാവിലെ ജീപ്പിൽ മല നിരകളിലേയ്ക്കും, അതും കഴിഞ്ഞ് ചൂട് പിടിച്ചു തുടങ്ങിയ പ്രഭാത വെയിലിൽ കാൽ നടയായി കുത്തനെയുള്ള കയറ്റം ഏഴു കിലോമീറ്ററോളം നടന്നും, ആ പർണ്ണ കുടീരത്തിലെത്തിയപ്പോൾ സ്വാമിജി അവിടെ ഉണ്ടായിരുന്നില്ല. അൽമോറയിലോ നൈനിറ്റാളിലോ ഉള്ള സുഖവാസ റിസോർട്ടുകളിൽ ഹണിമൂണ്‍ ആഘോഷിയ്ക്കുന്നതിനു പകരം ഈ മലനിരകളിൽ വിയർത്തു കുളിച്ചു നടന്ന് ഏതോ സംന്യാസിയെ കാത്ത് ആശ്രമത്തിനു മുമ്പിൽ അന്തം വിട്ടു നിൽക്കുന്ന ഈ പിരാന്തനെയാണോ നമുക്കു കിട്ടിയത് എന്ന് ഭാര്യ ചിന്തിച്ചിരിയ്ക്കാം. എല്ലാ ആത്മീയ അന്വേഷണത്തിനും ഭൗതികമായ ഒരു നിമിത്തം ഉണ്ടായിരിക്കുമല്ലോ. പത്താം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ അച്ഛനുമായുണ്ടായ അഭിപ്രായ വ്യത്യാസത്താൽ വീട് വിട്ടിറങ്ങിയ സ്വാമിജി തൃശ്ശൂരിൽ ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ചേരുകയും, പിന്നീട് 8 വർഷത്തിനു ശേഷം കൽക്കത്തയിലെ അവരുടെ ആസ്ഥാനത്ത് എത്തി, 15 വർഷം മിഷൻ വർക്കുകളുമായി ഇന്ത്യ മുഴുവൻ സഞ്ചരിയ്ക്കുകയും, അവസാനം അതിലും വിരക്തി വന്ന് ഹിമാലയത്തിൽ ആശ്രമം പണിത് തപസ്സും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഒറ്റയ്ക്ക് ഒരു സംന്യാസ ജീവിതം നയിയ്ക്കുകയായിരുന്നു സ്വാമിജി. അറിവിന്റെ ഭണ്ഡാകാരം. നിഷ്ക്കളങ്കതയുടേയും വിനയത്തിന്റെയും മൂർത്തിമത് ഭാവം. ആശ്രമത്തിനു മുന്നിലുള്ള തറയിൽ ഞങ്ങൾ ക്ഷീണിച്ച് ഇരിപ്പായി. മുമ്പിൽ സൂര്യപ്രകാശമേറ്റ് വെട്ടിത്തിളങ്ങുന്ന ഹിമപാളികളാൽ ഗംഭീരപ്രതാപത്തോടെ ഹിമവാൻ. ശാന്തി കിരണങ്ങൾ അവിടെ നിന്നും പ്രസരിയ്ക്കുന്നുണ്ടെന്ന് തോന്നി. ഭാര്യ ചോദിച്ചു: "തിരിച്ചു നടക്കേണ്ടി വരുമോ?" സെൽ ഫോണ്‍ പോട്ടെ, ലാൻഡ്‌ഫോണ്‍ പോലും സാർവത്രികമല്ലാതിരുന്ന കാലം. പെട്ടെന്ന് ദൂരെ നിന്ന് അതിവേഗം കാഷായധാരിയായ ഒരു യുവാവ് നടന്ന് വരുന്നത് കണ്ടു. അടുത്തെത്തിയപ്പോൾ ചിരകാല പരിചയമുള്ളതുപോലെ അത്മാർത്ഥമായി തുറന്നു ചിരിയ്ക്കുന്നുണ്ട്. ഞാൻ ആദ്യമായി കാണുകയാണെങ്കിലും സ്വാമിജിയ്ക്ക് അന്ന് എന്റെ ഊഹത്തിൽ ഒരു അമ്പത് വയസ്സെങ്കിലും കാണണം.അപ്പോൾ ഈ "പയ്യൻ" വല്ല ശിഷ്യനുമാവണം. ഞങ്ങളെ രണ്ടു പേരയും പേരെടുത്ത് അഭിസംബോധന ചെയ്തപ്പോഴാണ് ശരിയ്ക്കും ഞെട്ടിയത്. ഞെട്ടലുകളുടെ തുടക്കം മാത്രമായിരുന്നു അത്. എന്റെ പേര് പണ്ടത്തെ ഓർമ്മകളിൽ ഒരു പക്ഷെ നില നിന്നിരിയ്ക്കാം. പക്ഷെ ഒരാഴ്ച മുൻപ് മാത്രം ഞാൻ പോലും പരിചയപ്പെട്ട എന്റെ ഭാര്യയുടെ പേര് അറിയണമെങ്കിൽ, ശരിയ്ക്കും mystic ആയ, ഞങ്ങൾ തേടി വന്ന, സാക്ഷാൽ സ്വാമിജി തന്നെയാണ് മുൻപിൽ എന്ന് ഉടനെ ബോധ്യപ്പെട്ടു. പക്ഷെ ഇത്രയും ചെറുപ്പമല്ലല്ലോ എന്ന എന്റെ സംശയം പിടിച്ചെടുത്ത് സ്വാമിജി പറഞ്ഞു: "യോഗയും meditation-ഉം ചെയ്ത് കുറച്ചു ഭക്ഷണം ക്രമീകരിച്ചാൽ നിങ്ങൾക്കും പ്രായത്തെ പറ്റിയ്ക്കാം." ഒരു ബെഡ്റൂം, ഒരു ലൈബ്രറി, ഒരു ഗുഹ പോലുള്ള meditation room - ഇത്രയും ചേർന്നതായിരുന്നു ആശ്രമം. ഞങ്ങൾ ഒരാഴ്ചയോളം അവിടെ താമസിച്ചു. സന്ധ്യാസമയത്ത്, അഗതികളും അശരണരുമായ ഉത്തർഖണ്ടിലെ കുട്ടികളെ വിളിച്ചിരുത്തി സ്വാമിജി മധുരമധുരമായ ശബ്ദത്തിൽ, ഹിന്ദുസ്ഥാനി രാഗത്തിൽ, ശോകവും ഭക്തിയും ചേർത്ത് ആലപിയ്ക്കുന്ന ശുദ്ധസംഗീതം ഇന്നും സിരകളിൽ ലഹരി പടർത്തുന്നു. 'യഥാർത്ഥ വിശ്വാസം യുക്തിയ്ക്ക് നിരക്കുന്നതായിരിയ്ക്കണം.' എന്നും 'യഥാർത്ഥ സംന്യാസം ജനങ്ങൾക്ക്‌ ഉപകരിയ്ക്കുന്നതാവണം' എന്നും ഉള്ള വിവേകാനന്ദ വചനങ്ങൾ അക്ഷരാർത്ഥത്തിൽ ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചു തന്നു. എത്രയെത്ര കഥ കൾ! ജനക മഹാരാജാവിന് യാജ്ഞ്യ വൽക്യൻ പറഞ്ഞു കൊടുത്ത ഉപദേശങ്ങൾ, കടോപനിഷത്തിൽ പ്രതിപാദിയ്ക്കുന്ന നചികേതസ്സിൻറെ കഥ, അങ്ങനെയങ്ങനെ..... അവസാനം ഭൌതികലോകത്തെ വെടിഞ്ഞ്, എന്നെയും ശിഷ്യനാക്കാമോ എന്ന് ഞാൻ കെഞ്ചി യപ്പോൾ സ്വാമിജി പറഞ്ഞു : "you have a beautiful wife, and a beautiful life." സ്വാമിജി തുടർന്നു: " പ്രശ്നോപനിഷത്തിൽ ഒരു കഥയുണ്ട്. ജീവിതത്തിന്റെ നിരർത്ഥകത, മായ, വൈരാഗ്യം - ഇതെല്ലാം ഒന്ന് മനസ്സിലാക്കിത്തരാൻ ഉദാലകാരുണിയുടെ അടുത്ത് ഒരു ശിഷ്യൻ അഭ്യർ ത്ഥിയ്ക്കു കയാണ്‌. മുനി പറ ഞ്ഞു : എന്റെ കൂടെ 3 മാസം ജീവിയ്ക്കു, അതിനു ശേഷം എനിയ്ക്കറിയുമെങ്കിൽ ഞാൻ പറഞ്ഞു തരാം. പരമമായ സത്യം, ആത്മൻ എന്ന് വിളിയ്ക്കുന്ന കുണ്ഡലിനീ ശക്തി, അതിലേയ്ക്കുള്ള അന്വേഷണം കഠിനമായ ഒരു പാതയാണ്. രാത്രി വളരെ വൈകി. നിങ്ങൾ ഉറങ്ങിക്കോളു." രാത്രിയിൽ ഞങ്ങൾ ബെഡ്റൂമിലും സ്വാമിജി മെഡിറ്റേഷൻ റൂമിലും കിടക്കും.യഥാർത്ഥത്തിൽ സ്വാമിജി ഉറങ്ങുന്നുണ്ടോ എന്ന് എനിയ്ക്ക് സംശയമാണ്. അതുപോലെ തന്നെ ഭക്ഷണമില്ലാതെയും, മരവിപ്പിയ്ക്കുന്ന തണുപ്പിൽ തടാകത്തിൽ കുളിച്ചും ജീവിയ്ക്കുന്ന ഒരു അത്ഭുത മനുഷ്യനാണ് അദ്ദേഹം. ഞങ്ങൾ അവിടെ എത്തിയ അന്ന് രാത്രി.......ഉറക്കത്തിൽ സ്വപ്നത്തിലെന്ന പോലെ ഒരു മുരളൽ. കുറച്ചു കഴിഞ്ഞപ്പോൾ ജനൽപ്പാളികളിൽ തട്ടിയും മുട്ടിയും ഭയങ്കരമായ അലർച്ച . ഞാനും ഭാര്യയും ഞെട്ടി വിറച്ച് എഴുന്നേറ്റു. പെട്ടെന്ന് സ്വാമിജി വന്ന് ജനൽ തുറന്നു. അവിടെ ഭീമാകാരത്തിൽ നിൽക്കുന്ന പുലിയോടു സ്വാമിജി ഹിന്ദിയി ൽ പറഞ്ഞു: "ഹരി ഓം. അവർ എന്റെ അതിഥികളാണെ ന്ന് നിനക്കറിയില്ലേ? അവരെ ശല്യപ്പെടുത്താതെ തിരിച്ചു പോ ...". പുലിയെപ്പോലെ വന്നവൻ എലിയെപ്പോലെ തിരിച്ചു പോകുന്നത് അക്ഷരാർത്ഥത്തിൽ ഞങ്ങൾ കണ്ടു. സ്വാമിജി പറഞ്ഞു: "Himalayan tiger ആണ്. വംശനാശം വന്നു കൊണ്ടിരിയ്ക്കുന്ന പാവങ്ങൾ. ഞാൻ മാത്രമാകുമ്പോൾ വരാറില്ല. ഞാനൊരു useless ആണെന്നാവും കരുതിയിട്ടുള്ളത്. ഇന്നിപ്പോൾ നിങ്ങൾ ഉള്ളത് കൊണ്ട് മണം പിടിച്ചു വന്നതാണ്. സാരമില്ല. ഉറങ്ങിക്കോളൂ, ഇനിയവൻ വരില്ല. പിറ്റേന്ന് കാലത്ത് ഞാൻ ഭാര്യയോട് ചോദിച്ചു: "ഇന്നലെ രാത്രി നടന്നത് സ്വപ്നമായിരുന്നോ, അതോ നീയും കണ്ടതാണോ?" അവൾ പറഞ്ഞു: "ഇത് ഞാൻ അങ്ങോട്ട്‌ ചോദിയ്ക്കാൻ തുടങ്ങുകയായിരുന്നു!" ആദിശങ്കരൻ ഹിമാലയൻ വനാന്തരങ്ങളിൽ സ്ഥാപിച്ച ജ്യോതിർലിംഗം കാണാൻ പോവുകയുണ്ടായി ഞങ്ങൾ. ജീപ്പിൽ മല കയറിയുള്ള യാത്രയിൽ സ്വാമിജി പറഞ്ഞു: "നിങ്ങൾ എന്റെ ആശ്രമിലെത്താൻ ഈ നൂറ്റാണ്ടിലും എത്ര കഷ്ടപ്പെട്ടു! ശങ്കരാചാര്യർ അദ്ദേഹത്തിന്റെ 32 വയസ്സിനുള്ളിൽ ഭാരതം മുഴുവൻ കാൽ നടയായി ചുറ്റിയടിച്ച് , 12 ജ്യോതിർ ലിംഗങ്ങൾ സ്ഥാപിച്ച് ദശനാമി സംസ്കാരം establish ചെയ്യുകയും അദ്വൈതം എന്ന ആശയം പ്രചരിപ്പിയ്ക്കുകയും സൌന്ദര്യ ലഹരി പോലെ അതി മനോഹര സൂക്തങ്ങൾ രചിയ്ക്കുകയും ചെയ്തു. ഹരി ഓം." ക്ഷേത്രത്തിൽ സുന്ദരിയായ ഒരു സന്യാസിനി ധ്യാനശീലയായി ഇരിയ്ക്കുന്നുണ്ടായിരുന്നു.അവരുടെ അഭൗമമായ സൌന്ദര്യത്തെ വായിൽ നോക്കാനായി സ്വാമിജിയും ഭാര്യയും കാണാതെ ഒപ്പിച്ചെടുക്കാൻ ഞാൻ കുറെ പാടുപെട്ടു. ശ്രീ ശങ്കരന്റെ സാനിദ്ധ്യത്തിൻറെ സ്പന്ദനങ്ങൾ അവിടുത്തെ മണ്‍തരികളിലും അനുഭവവേദ്യമായിരിയ്ക്കാം. പക്ഷെ എന്റെ പാപപങ്കിലമായ മനസ്സും കണ്ണുകളും ആ ശുഭ്രവസ്ത്രധാരിണിയായി കണ്ണടച്ചിരിയ്ക്കുന്ന യുവ സംന്യാസിനിയിൽ ഉടക്കി നിന്നത് സ്വാമിജി കണ്ടു കാണണം. അല്ലെങ്കിൽ ഇങ്ങിനെ പറയില്ലല്ലോ : "സൌന്ദര്യത്തെ ഉപാസിയ്ക്കുന്നതും ആസ്വദിയ്ക്കുന്നതും ഒരു തെറ്റാണെന്നോ, രഹസ്യമായ മാനസിക വിനോദമാണെന്നോ കരുതേണ്ടതില്ല. ഒരു പൂന്തോട്ടത്തിലെ പൂക്കളെ നോക്കി നിന്ന് മനം കുളിർപ്പിയ്ക്കുന്നതു കൊണ്ട് എന്ത് പ്രശ്നം? പ്രശ്നം പൂവെടുത്ത് സ്വന്തം പോക്കറ്റിൽ ഇടുമ്പോഴാണ്‌". എനിയ്ക്ക് എല്ലാം മനസ്സിലായി. സ്വാമിജിയ്ക്ക് എല്ലാം മനസ്സിലായി എന്നും മനസ്സിലായി. ഒരാഴ്ചത്തെ സ്വർഗ്ഗീയ വാസം അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ചു പോരുമ്പോൾ, കരുണയോടെ, സ്നേഹത്തോടെ ആ മാസ്മരികമായ മന്ദഹാസത്തൊടെ ഞങ്ങളുടെ തലയിൽ കൈ വെച്ചനുഗ്രഹിച്ച് സ്വാമിജി പറഞ്ഞു: "വിചിത്രമായ ഉപദേശമാണ് തരുന്നത് - Homeless ആവണം. നമ്മുടെ ശാപമാണ് gather ചെയ്യൽ. എല്ലാം നാം വാരിക്കൂട്ടുന്നു, എന്തിനെന്നറിയാതെ. ബന്ധങ്ങളും ബന്ധനങ്ങളും ഉപഭോഗ വസ്തുക്കളും. എല്ലാം ഉപേക്ഷിയ്ക്കുവാനുള്ള മനസ്സും ധൈര്യവും ഉണ്ടാവണം. ഭാര്യ മുഖം കറുപ്പിയ്ക്കുമ്പോൾ, അല്ലെങ്കിൽ ഭർത്താവ് കുറ്റപ്പെടുത്തുമ്പോൾ, depressed ആകുകയും മറ്റൊരാൾ പൊക്കിപ്പറയുമ്പോൾ പറന്നു പൊന്തുകയും ചെയ്യാതെ, ചിത്തവൃത്തി നിരോധാവസ്ഥയിലേക്ക്, ഒരു tranquil state -ലേയ്ക്ക്, മനസ്സിനെ പരിപാകം ചെയ്യുക. പണ്ട് മരം ഉരയ്ക്കുമ്പോഴാണ് തീയുണ്ടായിരുന്നത്. അതുവരെ ആ തീ എവിടെയായിരുന്നു? അതുപോലെത്തന്നെ മനസ്സിന്റെ ചില പ്രത്യേക അവസ്ഥയിൽ മാത്രമേ മനസ്സിൽ ആത്മീയത കത്തിപ്പടരൂ. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും തീ നിങ്ങളിലും നിങ്ങളിൽ നിന്ന് മറ്റുള്ളവരിലും കത്തിപ്പിടിയ്ക്കട്ടെ. ഹരി ഓം " മനസ്സില്ലാ മനസ്സോടെ ഞങ്ങൾ ആശ്രമത്തിൽ നിന്നും ഇറങ്ങി. വിജനമായ ആ വഴിയിലൂടെ നടക്കുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി. സ്വാമിജി നിഷ്ക്കളങ്കമായി സ്നേഹപൂർവ്വം ചിരിയ്ക്കുന്നുണ്ടായിരുന്നു. പുറം കാഴ്ചകളെ ക്കാൾ ഉൾക്കാഴ്ചകൾ പ്രദാനം ചെയ്തതായിരുന്നു ഞങ്ങൾക്ക് മഹത്തായ ആ യാത്ര! (കടപ്പാട്: സ്വാമി ജ്ഞാന മയാനന്ദ; ശ്രീ.എം )

2023 ജനുവരി 29, ഞായറാഴ്‌ച

Film Review

നൻ പകൽ നേരത്ത് മയക്കം പൊട്ടൻ ഒരു ഫലിതം കേട്ടാൽ 3 തവണ ചിരിക്കും എന്ന് പറയാറുണ്ട്. ആദ്യം എല്ലാവരും ചിരിക്കുന്ന കൂട്ടത്തിൽ കാര്യം മനസ്സിലായില്ലെങ്കിലും ചുമ്മാതങ്ങ് ചിരിച്ചോളും. പിറ്റേന്ന് അർത്ഥം മനസ്സിലാകുമ്പോൾ ഒന്നു കൂടി ചിരിക്കും. അതിന്റെ പിറ്റേന്ന് ഒന്നു കൂടി - ആദ്യം ചിരിച്ചത് ഒന്നും മനസ്സിലാവാതെയായിരുന്നല്ലോ എന്നോർത്ത്. അതുപോലെയാണ് ഞാൻ ഈ സിനിമ 3 തവണ കണ്ടത്. ആദ്യത്തേത് ക്യാമറ പ്രിന്റ് ആയിരുന്നതിനാൽ ഒന്നും മനസ്സിലായില്ല. പൊതുവെ തമിഴ് തെരിയില്ല. പോരെങ്കിൽ ക്യാമറ പ്രിന്റ്റും. പക്ഷെ ഇതിൽ ചിലതൊക്കെ ഉണ്ടല്ലോ എന്ന് മനസ്സിലായി. ഉടനെ തന്നെ തിയ്യറ്ററിൽ പോയി കണ്ടു. കൺ കുളിർത്തു. എന്നാലും ചില സംശയങ്ങൾ ബാക്കിയായി. എന്നാ പിന്നെ ഒന്നൂടെ കണ്ടേക്കാം എന്നു കരുതി. സിനിമയിലെ മയക്കങ്ങൾ ആണ് എന്നെ മയക്കിയത്. ഓരോ വീടും ഓരോ മരത്തണലും ഓരോ വഴിയോരവും കടത്തിണ്ണയും പാണ്ടിക ശാലയും ചോളപ്പാടവും എന്നും എപ്പോഴും ഉറക്കത്തിന്റെ നിത്യ പ്രണയിയായ എന്നെ വശീകരിച്ചു എന്നതാണ് സത്യം. പിന്നെ അതിൽ തീരെ irrelevent എന്നു തോന്നിപ്പിയ്ക്കുന്ന (അന്ധയായ ആ സ്ത്രീയുടെ ചിരി പോലെ, ചാണകം ചുമരിൽ ഒട്ടിയ്ക്കുന്ന സ്ത്രീയെ പോലെ, അലസമായി കറങ്ങി തിരിയുന്ന പട്ടിയെ പോലെ....) ആ പാട്ടുകളും TV ഷോയിലെ ഡയലോഗ്കളും ആ സിനിമ convey ചെയ്യുന്ന ദാർശനികതയുടെ ആഴങ്ങളിലേയ്ക്ക് നമ്മളെ എത്തിക്കുന്നു. നമ്മളിൽ എല്ലാം ഉള്ള Existential crisis - നമ്മൾ ആരാണ്, എന്താണ് നമ്മൾ ഓരോരുത്തരും തമ്മിലുള്ള ബന്ധം, etc. -ഓർമ്മപ്പെടുത്തുന്നുണ്ട് ഈ സിനിമ. മടുപ്പിക്കുന്ന ബിജിഎം ഇല്ല. മടുപ്പിയ്ക്കാത്ത തമിഴ് ഗ്രാമീണ ഭംഗിയുടെ ലാളിത്യം. സാദാ മനുഷ്യനെ പോലെ ലുങ്കിയുടുത്ത് ടാസ്മാകിൽ പോയി കള്ള് മോന്തുന്ന മമ്മുട്ടി. ദുഖങ്ങൾക്ക്‌ നടുവിൽ സുഖ മയക്കം നടത്തുന്ന ആ കാരണവർ. പെട്ടു പോകുന്നവർ തമ്മിൽ പരസ്പരം നടത്തുന്ന കടിപിടികൾ. മകനല്ലെന്നറിയാമെങ്കിലും സാപ്പിടാൻ പറയുന്ന അച്ഛൻ, അങ്ങനെയങ്ങനെ നിരവധി പ്രതീകാത്മക ബിംബങ്ങൾ. ഞാൻ ഇന്ത ഊരുകാരൻ എന്ന് നമ്മൾ ഓരോരുത്തരും വിചാരിക്കുന്നു, അല്ലേ? ഏതു ഊര്, എന്തു ഞാൻ! സിനിമയിലെ ചില പാട്ടുകൾ കൊളുത്തി വലിക്കും: ജ്ഞാനത്തങ്കം എന്ന വേളാങ്കണ്ണിയിലെ പാട്ട് പാടാൻ മറന്നു പോയ എന്ന ബസ്സിലെ പഴയ പാട്ട് മയക്കമാ കലക്കമാ മനതിലേ കുഴപ്പമാ വാഴ്‌വിലെ നടുക്കമാ എന്ന പാട്ട് രാത്രിയിൽ പാടത്തു നിൽക്കുന്ന ബസ്സ്‌ പോലും ഒരു നാടകത്തിന്റെ സ്റ്റേജ് ആണെന്ന് തോന്നും... ചോള ചെടികളെല്ലാം കാണികൾ എന്ന പോലെയും. അവസാനം ആ ബസ്സിന് പിറകെ പായുന്ന പട്ടിയും ഒരു ബിംബമാണ് - ആത്മാവിന്റെ പിറകെ പായുന്ന മനസ്സ് പോലെ. പ്രേക്ഷകന് തന്നെ മയക്കവും സ്വപ്നവും സമ്മാനിക്കുന്ന സിനിമയുടെ last seen ഭ്രമാത്മകമാണ്. ഒരു പക്ഷെ നടന്നതെല്ലാം സ്വപ്നം ആയിരിക്കാം. അല്ലെങ്കിൽ james ആയിരുന്ന സുന്ദരം തിരിച്ച് james ആയി മാറിയിട്ടില്ലായിരിയ്ക്കാം. എന്തു തന്നെയായാലും ഒരു ക്ഷണിക സ്വപ്നം മാത്രമായ ജീവിതത്തെ അത് പ്രതിബിംബിപ്പിയ്ക്കുന്നു.

2022 ഫെബ്രുവരി 15, ചൊവ്വാഴ്ച

അവരോഹണം

തണുപ്പും മഞ്ഞുവീഴ്ചയും ഉള്ള പ്രഭാതം. ഓസ്കാർ ബെഡിൽ നിന്ന് എന്തിന് എണീയ്ക്കണം എന്നാലോചിച്ചു കിടന്നു. ഭൂമിയിലെയോ ആകാശത്തെയോ ഏതൊരു ചരാചരത്തിന് എന്ത് വ്യത്യാസമാണ് താൻ എണീറ്റത് കൊണ്ട് ഉണ്ടാവാൻ പോകുന്നത്? ഓരോ ദിവസവും ഒരു ചടങ്ങു പോലെ ജീവിച്ചു തീർക്കുക തന്നെ. ഏതായാലും ഉറക്കം വരാത്തതുകൊണ്ട് ഒരു വിധം എഴുന്നേറ്റ് പല്ലുതേച്ചു. കണ്ണാടിയിലെ രൂപം ഒരു വയസ്സന്റേതു പോലെയുണ്ട്. അതിനർത്ഥം മരണം ഒരു വിളിപ്പാടകലെയാണ് എന്നതുകൊണ്ടല്ല, യുവാക്കളുമായുള്ള അകലം വർദ്ധിയ്ക്കുന്നതു കൊണ്ടാണ് ഓസ്കാർ വേപഥു പൂണ്ടത്. കണ്ണാടിയിലെ തന്റെ ബിംബത്തോടയാൾ ചോദിച്ചു: മരണത്തേക്കാൾ, വിരഹവേദനയേക്കാൾ, മോഹഭംഗങ്ങളെക്കാൾ, ദാരിദ്ര്യത്തേക്കാൾ, വാർധക്യമല്ലേ മനുഷ്യന്റെ സങ്കടകരമായ ദുരവസ്ഥ? നിസ്സഹായതയുടെ ചിരിയായിരുന്നു 'പ്രതി'ബിംബത്തിന്റെ മറുപടി. നൊമ്പരമായി കടന്നുപോയ ഇന്നലെകളുടെ ഓർമകളെ സാക്ഷ്യം നിർത്തി ആദ്യത്തെ പെഗ്ഗിൽ സോഡയൊഴിച്ചുകൊണ്ട് ഓസ്കാർ തന്റെ ദിവസത്തിന് തിരി കൊളുത്തി. ഒരു കത്തെഴുതി വെച്ച് ഭാര്യ സ്ഥലം വിട്ടിട്ട് ഒരു മാസമായി. "മക്കളുമായി നന്നായി അഡ്ജസ്റ്റ് ചെയ്ത് ജീവിയ്ക്കണം. ഞാൻ പോയി എന്നോർത്തു സ്വതവേയുള്ള ബിപി കൂട്ടരുത്. ആഴ്ചയിലൊരിയ്ക്കലെങ്കിലും മുറികളൊക്കെ വൃത്തിയാക്കണം. രാവിലത്തെ വ്യായാമം മറക്കരുത്...." അങ്ങനെയങ്ങനെ. വിടവാങ്ങൽ കത്തിനേക്കാൾ ഒരു നിർദ്ദേശ പത്രികയായിട്ടാണ് ഓസ്‌കാറിന്‌ തോന്നിയത്. 30 വർഷത്തെ ജീവിതം, അനുഭവം, പരീക്ഷണം, എല്ലാം ഉപേക്ഷിച്ച് അവൾ നടന്നു പോയി. യാത്രകൾ ചെയ്ത് ശിഷ്ടകാലം തീർക്കാൻ. അല്ലെങ്കിലും ജീവിതം ഒരു യാത്രയിൽ കവിഞ്ഞു എന്താണ്! മക്കൾ രണ്ടുപേരും അടുക്കളയിൽ പ്രാതൽ ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. അമ്മയുടെ അഭാവം അച്ഛന് തോന്നാതിരിയ്ക്കാൻ അവർ കഴിയുന്നതും ശ്രമിയ്ക്കുന്നുണ്ട് - അതും അമ്മയുടെ നിർദ്ദേശമാവാം. അവരുടെ അച്ഛൻ പെട്ടെന്ന് അസ്വസ്ഥമാവുന്ന പഴയ തലമുറയുടെ പ്രതീകമാണെന്ന് അവർക്കറിയാം. അച്ഛൻ എന്ന മുമ്പേ പറന്ന പക്ഷിയാണ് അവരുടെ എല്ലാ സൗഭാഗ്യങ്ങളുടെയും സങ്കടങ്ങളുടെയും കാരണം. വെസ്റ്റേൺ ട്രെൻഡിനെ പറ്റി, സംഗീതത്തെ പറ്റി, സിനിമയിലെയും സാഹിത്യത്തേയും പുത്തൻ പ്രവണതകളെപ്പറ്റിയെല്ലാം നിർവികാരമായി വിലയിരുത്തുകയും അതേസമയം പഴകിയ പോയകാലത്തിന്റെ മൗഢ്യങ്ങളിൽ സ്വയം എരിയുകയും മറ്റുള്ളവരെയും എരിയ്ക്കുകയും ചെയ്യുന്ന അച്ഛൻ അവരുടെ അഭിമാനവും ബാധ്യതയുമാണ്. സാഹചര്യത്തിന്റെ ബാധ്യത. സമയത്തിന്റെയും കാലത്തിന്റെയും ബാധ്യത. ദോശയും ചമ്മന്തിയും ചായയും മേശപ്പുറത്തു കാത്തിരിയ്ക്കുമ്പോൾ കുളി കഴിഞ്ഞ് അടുത്ത പെഗ്ഗിൽ സോഡയൊഴിച്ച് ഓസ്കാർ വീട്ടിൽ നിലയുറപ്പിച്ചു. മക്കൾ ജോലിയിലേയ്ക്കും ബോധം പരിധിയ്ക്കു പുറത്തേയ്ക്കും പോയിക്കഴിഞ്ഞ ആ മധ്യാഹ്നത്തിൽ ഓസ്‌കാറിന്‌ പഴയ കാല സ്മരണകൾ ക്ലോക്ക് തൂങ്ങുന്ന ചുവരിലും ജനാലപ്പുറത്തെ ശൂന്യപഥങ്ങളിലും കിടപ്പുമുറിയിലെ കട്ടിലിലും ബാക്ക് യാർഡിലെ വെള്ളപ്പരവതാനിയിലും എല്ലാമെല്ലാം കാണായി. ബെഡ്‌റൂമിൽ ചെന്നാൽ അവൾ നട്ടു നനച്ചു വളർത്തിയ പനിക്കൂർക്ക കാണാം. ഒന്ന് തൊട്ടാൽ മണം കൈകളിൽ പടർത്തുന്ന സുന്ദരിച്ചെടി. പരിമളം പരത്തി നിൽക്കുന്ന സുന്ദരിയായിരുന്നല്ലോ ഹെലനും. അടുക്കളയുടെ അടുത്തുള്ള നൂക്കിൽ സ്വന്തം സൗന്ദര്യത്തെപ്പറ്റി തികച്ചും ബോധവതിയായി തലതാഴ്ത്തി നിൽക്കുന്ന റോസ്. ആ പൂവ് അതിന്റെ ദുഃഖം ഓസ്‌കാറിന്റെ കണ്ണുകളിൽ കണ്ടത് മനസ്സിലാക്കിയിട്ടെന്ന പോലെ...മൗനം അവർക്കിടയിൽ ദീർഘ സംവാദങ്ങൾ നടത്തി. 'ഹാ പുഷ്പമേ' എന്ന് ഓസ്കാർ പൂവിനോടാണോ അതോ തിരിച്ചാണോ പാടേണ്ടത് എന്ന് ചിന്തിച്ച് അവർ പുഞ്ചിരിച്ചു പരസ്പരം.. 35 വര്ഷങ്ങൾക്കു മുമ്പ് നോർത്ത് അമേരിയ്ക്കയിൽ ഈ ചെറിയ പട്ടണത്തിൽ ഒരു ഇമിഗ്രന്റ് ആയി ചേക്കേറിയ കാലം. കല്യാണം കഴിയ്ക്കാത്ത ചെറുപ്പക്കാർ ബേസ്‌മെന്റുകളിൽ മിതമായ വാടകയും അമിതമായ മോഹങ്ങളും വെച്ച് ജീവിതം പറിച്ചുനട്ട ഗതികെട്ട കാലം. റമ്മടിയും റമ്മി കളിയും പതിവായിരുന്ന കാലം. രണ്ടിലും അഗ്രഗണ്യനായ റൂം മേറ്റ് സഖാവ് കുമാരേട്ടൻ അന്നേ പറഞ്ഞിരുന്നു, "ഓസ്കാർ, ഈ രാജ്യം നിനക്ക് സർവ സൗഭാഗ്യങ്ങളും വാരിത്തന്നു കഴിഞ്ഞാലും ഒരു ദശാസന്ധിയിൽ നീയോർക്കും എന്തിനിവിടെ എത്തിപ്പെട്ടുവെന്ന്. പക്ഷെ അന്ന് തിരിച്ചുപോക്കിനതീതമായ മനസ്സിന്റെയും ശരീരത്തിന്റെയും തടവിലാക്കപ്പെട്ട പ്രലോഭനങ്ങളിൽ നീ തളയ്ക്കപ്പെട്ടിരിയ്ക്കും. ആ തടവറയിൽ ശിഷ്ടകാലം നിനക്ക് രമിയ്ക്കാം, പിന്നെ മരിയ്ക്കാം." കാലത്തിനു കുറുകെ നടന്ന കുമാരേട്ടൻ ഇവിടെ കരയ്ക്കിട്ട മീനിനെ പോലെയായിരുന്നു. പിൽക്കാലത്ത് അക്കാഴ്ചകൾ കാണാൻ കാത്തുനിൽക്കാതെ ഒരു ആത്മഹത്യ വഴി ജീവിതത്തിൽ നിന്നും സ്ക്രൂട്ടായി. ലുംബർ എക്സ്പോർട്ട് ബിസിനസ് തുടങ്ങിയ ഓസ്കാർ പെട്ടെന്നാണ് തന്റെ സാമ്രാജ്യം പണിതുയർത്തിയത്. അക്കാലത്ത് സ്ഥലത്തെ പ്രധാന ദിവ്യന്മാർ അത്താഴ വിരുന്നുകളിൽ വീഞ്ഞിന്റെ ലഹരിയുടെ ആധിക്യത്താലും പുതിയ അപ്സ്റ്റാർട്ടിനോട് വീരസ്യം പറയാനുള്ള ത്വരയാലും തങ്ങൾ ഈ പട്ടണത്തിൽ വരുമ്പോഴുള്ള കാലത്തെപ്പറ്റി അതിശയോക്തിയോടെ ബോറടിപ്പിച്ചു കൊണ്ടിരുന്നു. അവർക്കിടയിലും അതുവഴി കമ്മ്യൂണിറ്റിയിലും പള്ളിയിലും പ്രസക്തനാവാൻ ഓസ്കാറിനും അതൊക്കെ അൽപ്പം ആവശ്യമായിരുന്നു. അവരുടെ പരിചയങ്ങളിൽ നിന്നാണ് ഓസ്കാർ ഹെലനെ കണ്ടുമുട്ടുന്നതും ഇഷ്ടമാവുന്നതും 6 മാസത്തെ ഡേറ്റിംഗിന് ശേഷം കല്യാണം കഴിയ്ക്കുന്നതും. ആ സൗന്ദര്യവും തന്റേടവും ക്ഷണയുക്തിയും വാക് സാമർഥ്യവും എല്ലാമെല്ലാം ഓസ്‌കാറിന്‌ ഇഷ്ടമായി. തിളങ്ങുന്ന കണ്ണുകൾ ഇഷ്ടമായി. പിന്നെ അവളുടെ നാടും. കരിനീലക്കായലും മലകളും ആറും വയലേലകളും ചുറ്റിക്കറങ്ങിയ മധുവിധുക്കാലം...അത് പട്ടണത്തിലെ സ്റ്റാർ ഹോട്ടലിൽ ഒരാഴ്ചത്തെ ഹണിമൂൺ സ്റ്റേ ആയി പുനരാവർത്തനം ചെയ്യപ്പെട്ടു. വസന്തകാലത്തെ പുഷ്പാലംകൃതമായ വഴിത്താരകളിൽ സ്വപ്നസുന്ദരിയുമൊത്ത് പ്രഭാതസവാരി, നീലനിറമാർന്ന റോക്കി മലനിരകൾ കണ്ണാടിയിലെന്ന പോലെ കായലിൽ പ്രതിബിംബം തീർക്കുമ്പോൾ ഹെലന്റെ നീലക്കണ്ണുകളിൽ ഓസ്‌കാറിന്റെ ചേതനകൾ ബിംബങ്ങളായും രൂപങ്ങളായും അവയെ പുനരാവിഷ്കരിച്ചു. കാലം നിശ്ചലമായി. കായലിൽ കളിവള്ളം തുഴഞ്ഞ് അവർ പരസ്പരം മിഴികളിൽ നോക്കി എത്രയോ മണിക്കൂറുകൾ സ്വയം നഷ്ടപ്പെടുത്തി. പ്രണയകാലം. സ്വപ്‌നകാലം. സുരഭിലം. മേജർ സിറ്റികളിൽ എല്ലാം ഓസ്കാർ ആയിടയ്ക്ക് ബ്രാഞ്ച് ഓഫീസുകൾ തുടങ്ങി. പ്രശസ്തമായ ഒരു ഫർണിച്ചർ കമ്പനിയും അക്വയർ ചെയ്ത് പ്രോഡക്ടുകൾ USA, ചൈന, ജപ്പാൻ, ജർമനി തുടങ്ങി എല്ലാ രാജ്യത്തേയ്ക്കും എക്സ്‌പോർട് ആരംഭിച്ചു. കൈ വെയ്ക്കുന്നതെല്ലാം സ്വർണവർണത്തിൽ തിളങ്ങുകയായിരുന്നു. ടൗണിനു നടുക്കായി ബഹുനിലകളുള്ള ഹെഡ് ഓഫിസും ടൗണിനു വെളിയിൽ 5000 സ്‌ക്വയർ ഫീറ്റ് ഏക്കറെജ്‌ രമ്യഹർമ്യവും ഏതാണ്ട് ഒരേ സമയത്താണ് പൂർത്തിയായത്. പലജാതി ലക്ഷുറി കാറുകൾ, യാച്ച്, പ്രൈവറ്റ് ജെറ്റ് എന്നിങ്ങനെ നോർത്ത് അമേരിക്കൻ ആഢ്യത്തത്തിന്റെ ലക്ഷണമൊത്ത ദമ്പതികളായി അവർ മറ്റുള്ളവർക്കു മുമ്പിൽ ദൃശ്യപ്പെടാൻ തുടങ്ങി. അന്നത്തെ അഞ്ചാമത്തെ പെഗ്ഗിൽ സോഡയൊഴിയ്ക്കുമ്പോൾ ഓസ്കാർ സ്വയം ചോദിച്ചു, എവിടെയാണ് താളം തെറ്റിയത്? മുറുകുന്ന തന്ത്രികൾ നല്ല സ്വരമാധുരി പകരുമെങ്കിലും പൊട്ടാനെളുപ്പമാണ്. ഹണിമൂൺ ദിനരാത്രങ്ങൾ വായ്‌നാറ്റത്തിലേയ്ക്കും വിയർപ്പുമണത്തിലേയ്ക്കും ചെടിപ്പിയ്ക്കാൻ തുടങ്ങിയ നാളുകളിൽ ഹെലൻ തിരിച്ചറിഞ്ഞു, ചേർച്ചയില്ലായ്മകൾ ആണ് കൂടുതൽ എന്നും, വിരുദ്ധ ചേരികളിൽ ആണ് അവരെന്നും. അവൾ കോളേജിൽ പഠിയ്ക്കുമ്പോഴേ പെണ്ണവകാശങ്ങൾക്കു വേണ്ടി പൊരുതിയവളാണെങ്കിൽ, പെണ്ണുങ്ങൾ ഉറക്കെ സംസാരിയ്ക്കുന്ന വീടുകളെ തന്നെ ഓസ്‌കാറിന്‌ അലർജി ആയിരുന്നു. പാരമ്പര്യമായിക്കിട്ടിയ ധാരണകളും വിശ്വാസങ്ങളും ഓസ്‌കാർ മുറുകെപ്പിടിച്ചു. എന്തിനാണ് പെണ്ണുങ്ങൾക്ക് വേണ്ടി ആണുങ്ങളും കിടന്ന് ബഹളം വെയ്ക്കുന്നത് എന്ന് സത്യമായും അയാൾക്ക് മനസ്സിലാവാറില്ല. അതുപോലെ കല, കവിത, എന്നിങ്ങനെ കാൽക്കാശിനു കൊള്ളാത്ത വൃഥാവ്യായാമങ്ങളോട് ഓസ്‌കാർ ഒരു കരുണയും കാണിച്ചില്ല. അവയ്ക്കു വേണ്ടി വലിയ കെട്ടിടങ്ങൾ നിർമിയ്ക്കുവാൻ ചിലവാക്കുന്ന പണം എത്രയോ പ്രയോജനകരമായ പ്രവൃത്തികൾക്ക് ഉപയോഗിയ്ക്കാം എന്ന് അയാൾ ആത്മാർത്ഥമായി ചിന്തിച്ചു. പഴയ കാലം ഇങ്ങനെ വളരെ പ്രാക്ടിക്കൽ ആയി ചിന്തിച്ചവരുടെ കാലമായിരുന്നു എന്നയാൾ എപ്പോഴും പറയും. ഹെലനാകട്ടെ ദിനം പ്രതി ചെറുതായിക്കൊണ്ടിരിയ്ക്കുന്ന അവളുടെ ലോകത്തിൽ വാതിലുകൾ അകത്തേക്കും പുറത്തേയ്ക്കും തുറക്കാനാവാത്ത അവളുടെ മുറിയിലെ ഒരേയൊരു ജാലകമായിരുന്നു കഥയും കവിതയും എഴുതിയ പുസ്തകങ്ങൾ. വിരുദ്ധ ചേരികളിലേയ്ക്ക് കാലം തിരിയ്ക്കപ്പെട്ടെങ്കിലും കാലം ക്രൗര്യത്തെ തേനിലൊളിപ്പിച്ച് പലപ്പോഴും വിഷത്തിന്റെ പാനപാത്രത്തിൽ വിളമ്പിത്തരുമല്ലോ. അക്കാലത്തൊരുനാൾ ഹെലൻ ഗർഭിണിയായി. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ പൊട്ടാൻ പോകുന്ന തന്ത്രികളെ മാന്ത്രികൻ തൽക്കാലമെങ്കിലും വിളക്കിച്ചേർത്തതായിരിയ്ക്കണം എന്ന് തോന്നി ഓസ്‌കാറിന്‌. ആദ്യത്തെ കണ്മണി കുടുംബസങ്കല്പങ്ങൾക്ക് പ്രലോഭനം തീർത്തു. വെച്ചടി കയറുന്ന ബിസിനസ്സ് ഓസ്കറിനെ ദിവസങ്ങളോളം പട്ടണത്തിൽ നിന്നകറ്റി നിർത്തി. ജീവിതം മാറിമറിയുകയായിരുന്നു. കലയും സാഹിത്യവും മ്യൂസിക്കും യാത്രകളും ചരിത്രവും ആസ്വദിച്ച ഹെലൻ ക്രമേണ നാലു ചുമരുകൾക്കുള്ളിൽ സ്വന്തം സന്തതിയുമായി തളയ്ക്കപ്പെട്ടു. ആ ചുമരുകൾ കൂടുതൽ ഇടുങ്ങുന്നതായും ഇരുളുന്നതായും തോന്നി ഹെലന്.കച്ചവടത്തിന്റെ പുതിയ ഉയരങ്ങളും ലക്ഷ്യങ്ങളും പുനർനിർണയം ചെയ്യപ്പെടുമ്പോൾ ഓസ്‌കാറിന്റെ ജീവിതവും സമയവും സംസാരവും ചിരിയും ചിന്തയും സംവേദനങ്ങളും കമ്പനിയുടെ ഭീമാകാരൻ സൗധത്തിനകത്ത് ഒതുങ്ങി. ഒരുനാൾ മൂന്നു വയസ്സായ മകൻ ബർത്ത് ഡേയ്ക്ക് കേക്ക് മുറിയ്ക്കാൻ അച്ഛനെ കാത്തിരുന്നു. രാവേറെ കഴിഞ്ഞും ഓസ്കാർ വരാതിരുന്നതിനാൽ കണ്ണീരോടെ അമ്മയും മകനും പരസ്പരം കേക്കുകൾ കഴിപ്പിച്ചതും പിറ്റേന്ന് അത് പറഞ്ഞപ്പോൾ ഓസ്കാർ ചിരിച്ചതും ഹെലനെ വേദനിപ്പിച്ചു. അത് കണ്ട് ഓസ്കാറിനും വിഷമമായി. യാന്ത്രികമായ കുടുംബജീവിതത്തിൽ പരസ്പരം പരിഭവപ്പെടാനാവാതെ സ്നേഹിയ്ക്കാനും വിഹ്വലപ്പെടാനും കരയാനുമാവാതെ ഓസ്കാറും ഹെലനും അവരുടെ കൊട്ടാരത്തിലെ രാജകുമാരനും വർഷങ്ങൾ കഴിച്ചുകൂട്ടിയപ്പോൾ അവർക്ക് അടുത്ത അതിഥിയും വന്നെത്തി. രണ്ടാമത്തെ കുട്ടി - കാലത്തിന്റെ പരീക്ഷണ വികൃതികൾ! അല്ലെങ്കിൽ എന്തിനായിരിയ്ക്കണം, നമ്മൾ നടക്കേണ്ടതില്ലാത്ത, സ്വയം ചലിയ്ക്കുന്ന നടവഴികൾ, അലംകൃതമാക്കി വെച്ചതും, വശീകരണങ്ങൾ വഴി നീളെ നിരത്തി വെച്ചതും? ഷൂ റാക്കിൽ ഇപ്പോഴും ഹെലന്റെ ചെരുപ്പുകൾ അനാഥക്കുട്ടികളെ പോലെ കിടക്കുന്നുണ്ട്. ഓസ്കാർ ജനലിന്റെ ബ്ലൈൻഡ് പൊക്കി പുറത്തേയ്ക്ക് നോക്കി. സ്നോ വീഴുന്നുണ്ട്. വെയിലത്തു വീഴുന്ന മഞ്ഞുപാളികൾ പണ്ടത്തെപ്പോലെ ഇന്നും മനോഹരം തന്നെ. എത്രയോ കാലത്തിനു ശേഷം ഇയ്യിടെ ലോക്ക് ഡൌൺ സമയത്ത് സ്നോ വീഴുന്ന ഒരു സന്ധ്യയ്ക്ക് ഹെലന്റെ കൂടെ നടക്കാനിറങ്ങിയത് ഓർത്തു ഓസ്കാർ. അന്ന് നടപ്പാതയുടെ വശങ്ങളിൽ, ഇലകൾ പൊഴിഞ്ഞ മരങ്ങളിൽ സ്നോ ധവള ചിത്രം വരച്ചിരുന്നു. പരാതിയും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും പ്രതീക്ഷിച്ച ഓസ്കാറിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് ഹെലൻ അവരുടെ കുട്ടികളുടെ കാര്യമാണ് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നത്. അന്ന് മൂത്ത മകന് ജോലിയിൽ പ്രൊമോഷൻ കിട്ടി അവൻ മാനേജർ ആയ ദിവസമായിരുന്നു. അവനെ സ്‌ട്രോളറിൽ ഇരുത്തി വനാന്തരങ്ങളിലൂടെ അവർ ട്രിപ്പുകൾ നടത്തിയത് ഇന്നലെയെന്നപോലെ ഓർത്താസ്വദിച്ചു. അന്നൊരിയ്ക്കൽ ഒരു സ്വിസ്സ് വില്ലേജിൽ അവനെ എന്റെ മോൻ എന്ന് പറഞ്ഞു കൊഞ്ചിച്ചിരുന്ന ആഞ്ജലീന എന്ന വെള്ളാരംകണ്ണുള്ള കന്യാസ്ത്രീയെ ഓർത്തു അവർ പുഞ്ചിരിച്ചു. വര്ഷങ്ങള്ക്കു ശേഷം അവളുടെ മനോഹരമായ ചിരി ഓസ്കാർ അന്നാണ് കാണുന്നത്. വീട്ടിൽ തിരിച്ചെത്തുന്നതിനു മുമ്പ് ഹെലൻ പറഞ്ഞു, "ഓസ്കാർ നമുക്ക് പിരിയാം. നാം രണ്ടു പേരും നമ്മുടെതല്ലാത്ത കുറ്റം കൊണ്ട് ഒരുമിയ്ക്കപ്പെട്ടവരാണ്. നമ്മുടേതല്ലാത്ത കുറ്റം കൊണ്ട് കുട്ടികളെ ജനിപ്പിച്ചവരാണ്, ഒരേ വീട്ടിൽ കുറച്ചു കാലം കഴിച്ചു കൂട്ടിയവരാണ്. ഇനി നമുക്ക് വർഷങ്ങളായി നാം തുടരുന്ന നിർവികാര മനസ്സ് കൊണ്ട് തന്നെ ഇതവസാനിപ്പിയ്ക്കാം. വിവാഹമോചനം വേണ്ട. ഓസ്‌കാറിന്‌ വേറെ പെണ്ണിനെ വേണമെങ്കിൽ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചോളു. കുട്ടികളെ കെയർ ചെയ്യണം എന്ന് മാത്രം. എനിയ്ക്കറിയാം അതൊന്നും ആലോചനയിൽ പോലും ഉണ്ടാവില്ലെന്ന്. ഞാൻ ഒരു ദിവസം പ്രഭാതത്തിൽ ഒരു യാത്ര പോകും. ഇനിയെന്റെ ജീവിതം ഹോസ്റ്റലുകളിലും ഗ്രാമങ്ങളിലെ BNB സത്രങ്ങളിലും പിന്നെ വനാന്തരങ്ങളിലെ പർണശാലകളിലും മൂന്നാം ലോക രാജ്യങ്ങളിലെ കടൽത്തീരത്തെ കുടിലുകളിലും ആയിരിയ്ക്കാം. എന്നെ തിരഞ്ഞു വരാൻ മിനക്കെടേണ്ട. കണ്ടെത്താനാവില്ല. കണ്ടെത്തിയാലും ഞാൻ തിരിച്ചു വരില്ല." "പക്ഷെ ഹെലൻ, നാം, അല്ല, ഞാൻ, ഇപ്പോൾ ഈ കോവിഡ് കാരണം ഒരു വിധം ജീവിതത്തിന്റെ അർത്ഥവും അർത്ഥമില്ലായ്മയും മനസ്സിലാക്കി വരികയാണ്. ഞാൻ ചെയ്ത പല തെറ്റുകളുടെയും നേരെ എന്റെ കണ്ണ് തുറപ്പിച്ചു തരാൻ ഈ വൈറസ് കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. അത് കൊണ്ട് നമുക്ക് ഒന്ന് കൂടി ഒരു ശ്രമം നടത്തിനോക്കിക്കൂടെ? യാത്ര പോകാം, നമുക്കൊരുമിച്ച്." ഓസ്‌കാറിന്റെ മുഖം കരച്ചിലിന്റെ വക്കിലായിരുന്നു. "ഓസ്കാർ എന്ത് തെറ്റാണ് ചെയ്തിട്ടുള്ളത്? എനിയ്ക്കും കുട്ടികൾക്കും വേണ്ടി ജീവിതം ഹോമിച്ചതോ? ഞങ്ങൾക്ക് സ്വർഗീയ സുഖം വരാൻ വേണ്ടി രാപ്പകൽ അദ്ധ്വാനിച്ചതോ? അടിസ്ഥാനപരമായി ചില വീക്ഷണങ്ങളിൽ നമുക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നിരിയ്ക്കാം...അത് പക്ഷെ വീക്ഷണം മാത്രമല്ലെ ഓസ്കാർ? ശരി തെറ്റുകൾ തീരുമാനിയ്ക്കാൻ നമ്മളാര്? വൈറസ് തന്നെയാണ് എന്നെയും ഇത്രയും ചിന്തിപ്പിച്ചത്. എനിയ്ക്കായി ഓസ്കാർ ഡെപ്പോസിറ്റ് ചെയ്ത വലിയ ഒരു തുകയുണ്ടല്ലോ, അതിൽ നിന്ന് ചെലവുകൾക്ക് ഞാൻ പണമെടുത്തുകൊള്ളാം. സ്വന്തം കാലിൽ നിൽക്കാൻ കഴിയാതിരുന്ന എന്റെ കാലത്തെയോർത്ത് ഞാൻ ലജ്ജിയ്ക്കുന്നു. എങ്കിലും എന്റെ ശിഷ്ട കാലത്തേയ്ക്ക് മുഴുവനും അത് ധാരാളം മതിയാകും. ഓസ്കാർ എനിയ്ക്ക് തന്ന സൗഭാഗ്യങ്ങളിൽ ഏറ്റവും വലുതും അവസാനത്തേതും ആയിരിയ്ക്കും അത്. ദയവു ചെയ്ത് കൂടുതൽ അതിൽ നിക്ഷേപിയ്ക്കരുത്. ദയവു ചെയ്ത് എന്നെ ഇനി മേൽ സ്നേഹിയ്ക്കയുമരുത്." വീണ്ടും ഞാൻ ചോദിയ്ക്കുന്നു, ഒരവസരം കൂടി തന്നു കൂടെ എന്ന് ചോദിച്ച ഓസ്കാറിനോട് ഹെലൻ പറഞ്ഞ മറുപടി തന്നെയായിരിയ്ക്കണം മനുഷ്യരാശിയോട് കോവിഡ് പറയാനുദ്ദേശിയ്ക്കുന്നതും. "ഒരവസരം ചോദിയ്ക്കാൻ പോലും കഴിയാതെ 50 ലക്ഷം മനുഷ്യർ ഒരു വൈറസിനാൽ ദാരുണമായി വധിയ്ക്കപ്പെട്ടു. അവർ മരണക്കിടക്കയിൽ കിടക്കുമ്പോൾ ഒരിയ്ക്കലെങ്കിലും സ്വന്തം ഭാര്യയോട്, അമ്മയോട്, അച്ഛനോട്, മകനോട് അല്ലെങ്കിൽ മകളോട് 'ഞാൻ എന്റെ ജീവിതത്തിൽ നിങ്ങളെക്കാൾ സ്നേഹിച്ച ഒരു വ്യക്തിയില്ല. എനിയ്ക്കതൊരിയ്ക്കലും പറയാനോ പ്രകടിപ്പിയ്ക്കാനോ സാധിച്ചില്ല എന്നോർത്ത് ഞാൻ പശ്ചാത്തപിയ്ക്കുന്നു' എന്ന് പറയണമെന്ന് തോന്നിയിട്ടുണ്ടാവില്ലേ? പക്ഷെ അവർക്കു മുമ്പിലുള്ളത് അമിത ജോലിയാൽ ക്ഷീണിച്ച ഒരു നേഴ്സോ ഡോക്ടറോ ആണെങ്കിൽ അവരോടു അത് പറഞ്ഞിട്ടെന്തു കാര്യം എന്നോർത്ത് അവർ രാത്രിയിലെപ്പോഴോ, ഏകാന്തമായ മരണത്തിലേയ്ക്ക് നടന്നു പോയിട്ടുണ്ടാവില്ലേ? അവർ ഏതു മതം, ഏതു ജാതി, ഏതു ദൈവം, ഏതു കുലീന കുടുംബം, ഏതു യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദം ഉള്ളവരായിട്ടും അവരുടെ അവസാനത്തെ നിമിഷങ്ങളിൽ അവർ കരഞ്ഞത് ഒരുപോലെയായിരുന്നില്ലേ? അതുകൊണ്ട് ഞാൻ ജീവിതം പൂർണമായും ഒന്ന് ജീവിയ്ക്കട്ടെ, ഓസ്‌കാറിന്‌ യാത്രകൾ നടത്താം, പക്ഷെ നാം ഒരുമിച്ചു നടത്തുന്ന യാത്രകൾ ഒരിയ്ക്കലും സ്വതന്ത്രമായ കാഴ്ചകൾ പ്രദാനം ചെയ്യില്ല എന്നല്ലേ നമ്മുടെ അനുഭവം?" സമയം രാത്രിയായിരിയ്ക്കുന്നു. കുട്ടികൾ എപ്പോഴോ വീട്ടിൽ തിരിച്ചെത്തിയിരിയ്ക്കുന്നു. പെഗ്ഗുകൾ എത്രയായെന്നും തിട്ടമില്ല. ഒരിയ്ക്കലും ലഹരിയുടെ അളവും പരിധിയും തിരിച്ചറിയാൻ മിനക്കെടാത്ത മനുഷ്യനെ വൈറസ് വീണ്ടും ഓമിക്രോൺ അവതാരത്തെ വിട്ട് ബോധമണ്ഡലം തിരിച്ചുപിടിയ്ക്കാനും ജീവിതം വെറും ജീവിച്ചങ്ങു തീർക്കാനും വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു. വെറും വെറുതെ. വേച്ചു വേച്ച് ഓസ്കാർ ബെഡ് റൂമിലെ കിടക്കയിലേക്ക് നടന്നു.

2020 ഡിസംബർ 11, വെള്ളിയാഴ്‌ച

കാലഹരണപ്പെടും കാലം

 കഥ നടക്കുന്നത് പണ്ടാണ്. പണ്ടു പണ്ട്, 88 ദശലക്ഷം വര്‍ഷം മുമ്പ്. കാൽഗറിയിലെ പനടെല്ല പ്രദേശത്തെ ഒരു പനയുടെ ചോട്ടിലിരുന്ന് കുറച്ചു ദിനോസറുകൾ ഇന്ത ദുനിയാവിന്റെ ഭാവിയെ പറ്റി കൂടിയാലോചിച്ചു കൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ ഹിഡുംബനും ലോകത്തിന്റെ പരമാധികാരിയെന്ന് ധരിച്ചു വശായവനും വായാടിയും സർവോപരി വംശവെറിയനും ആയ മൂപ്പൻ തലയൊന്നു കുടഞ്ഞു, പനയുടെ രണ്ടോല ഒറ്റ കടി കടിച്ചു കൊണ്ട് മുകളിലേക്ക് നോക്കി. പരന്ന ഭൂമിയിൽ മുഴുവൻ പരക്കെ പ്രകാശം പരത്തി നിൽക്കുന്ന സൂര്യനെ ചൂണ്ടി പറഞ്ഞു: 


"ദോ ആ കത്തി നിൽക്കുന്ന സൂര്യനുള്ളിടത്തോളം കാലം നമ്മുടെ കുലീന വംശവും നമുക്ക് ഉള്ള ശക്തിയും അധികാരങ്ങളും കൊച്ചു കൊച്ചു അപ്രസക്ത ജീവികളുടെ മേലുള്ള മേൽക്കോയ്മയും എല്ലാം നില നിൽക്കുക തന്നെ ചെയ്യും. അവരെ പേടിപ്പിച്ചും പീഡിപ്പിച്ചും ചൂഷണം ചെയ്തും നാം തിന്നും കൊഴുത്തും വാഴും. അതിനെ ചോദ്യം ചെയ്യാൻ വരുന്ന ഏതൊരു ശക്തിയും, കരയിലാവട്ടെ, വായുവിലാവട്ടെ, വെള്ളത്തിലാവട്ടെ, എന്റെ ഈ കാലിന്റെ ചവിട്ടേറ്റ് നമ്മുടെ ഈ പരന്ന ഭൂമിയ്ക്കടിയിലേയ്ക്ക് ആഴ്ന്നു പോകും. ആർക്കും സംശയം വേണ്ട." 

മൂപ്പൻ അങ്ങനെയാണ്. കാൽഗറിയുടെ പരിസരം മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും ഭൂമിയുടെ മൊത്തം കാര്യവും അറിയാം എന്നാണ് പൊതുവെ ഉള്ള വിചാരം. സ്വന്തം വർഗത്തിന് മാത്രം ജീവിക്കാനുള്ളതാണ് ലോകം മുഴുവൻ എന്ന് കുട്ടിക്കാലം തൊട്ടേ പനടെല്ലയിൽ ഉള്ള കെങ്കേമൻ ദിനോസറുകൾ മൂപ്പന് പറഞ്ഞു കൊടുത്ത അറിവുണ്ട്. തന്നോട് മുട്ടാൻ വന്ന ആന, സിംഹം, ബൈസൺ തുടങ്ങിയ സഹജീവികളെ തത്സമയം തന്നെ ഒതുക്കിയ ചരിത്രമേ മൂപ്പന് ഉള്ളു.

പക്ഷെ എല്ലാ ദിനോസറുകളും മൂപ്പനെ പോലെ മർക്കടമുഷ്ടിക്കാരൊന്നും ആയിരുന്നില്ല. കൂട്ടത്തിൽ ധാരാളം യാത്ര ചെയ്യുന്നവരും അതുകൊണ്ടു തന്നെ ലോകവിവരവും ബുദ്ധിയും ആകാര വടിവുമുള്ള പെൺ ദിനോസറുകൾ ഉണ്ടായിരുന്നു. അവർ പിൽക്കാലത്തു അർജന്റീനയെന്നും ചിലിയെന്നും ഒക്കെ പേരിട്ട് വേലി കെട്ടി തിരിക്കാൻ പോകുന്ന മനോഹര ഭൂപ്രദേശങ്ങളിൽ ചുറ്റിയടിക്കാറുണ്ടായിരുന്നു. 

ആമസോൺ കാടുകളിലുള്ള കിളികളും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും സൈബീരിയൻ വിജനതയിൽ നിന്നും ദേശാടനം ചെയ്തു വരുന്ന പക്ഷിക്കൂട്ടങ്ങളും നടത്തുന്ന ആശയ വിനിമയങ്ങൾ അവർ ശ്രദ്ധിച്ചു കേൾക്കാറുണ്ടായിരുന്നു. 

മഴവില്ലുപോലെ ഏഴഴകുള്ളവളും ആരെയും ഒരു കൂസലില്ലാത്തവളും ആയ ഒരു ദിനോസറിണി മൂപ്പനെ ശ്രദ്ധിക്കാതെ, ദൂരെ അനന്തമായി കിടക്കുന്ന ജലാശയത്തിൽ ദൃഷ്ടിയൂന്നി, ആത്മഗതമെന്ന പോലെ പറഞ്ഞു: 

"നാം തന്നെ കേമൻ എന്ന ഈ വെളച്ചിലൊന്നും ഇനി അധികം കാലം പോകുമെന്ന് തോന്നുന്നില്ല. നമുക്ക് സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാൻ സാധിക്കുന്ന ഒരു തരം ജീവികൾ വരാൻ പോകുന്നുണ്ട് അധികം താമസിയാതെ....അവർ ഹോമോസാപ്പിയൻസ് എന്ന് പിൽക്കാലത്ത് അറിയപ്പെടും. കോടാനുകോടികളായി അവർ പെറ്റു പെരുകും. അവരുടെ നിലനിൽപ്പിന് നമ്മൾ ഭീഷണിയായതു കൊണ്ട് നമ്മൾ ഈ ഭൂമിയിൽ ഇനി ഇല്ലാതാവേണ്ടിയിരിക്കുന്നു. ആരാവും നമ്മളെ കൊന്നൊടുക്കുകയെന്നോ എങ്ങനെയാണു നമ്മളെല്ലാം ഇല്ലാതാവുക എന്നോ എനിക്കറിയില്ല. എന്റെ കാലം കഴിഞ്ഞിട്ടായാൽ മതിയായിരുന്നു."

മൂപ്പനെ എന്തിനും ഏതിനും പിന്താങ്ങുന്ന കുറെ ദിനോസറുകൾ ഇന്നത്തെപ്പോലെ അന്നും ഉണ്ടായിരുന്നു. അവർ ഇതുകേട്ട് ചാടിയെണീറ്റു....പനടെല്ല പ്രകമ്പനം കൊണ്ടു. അവിടവിടെയായി മരങ്ങളിലും മുൾച്ചെടികളിലും ഇരുന്ന് വെയിൽ കാഞ്ഞിരുന്ന പക്ഷികൾ ഒക്കെ പറന്നു പോയി. 

താളം തെറ്റിയ ജീവിതവുമായി അർമാദിച്ചു നടന്നിരുന്ന ആ രാക്ഷസജീവികൾ ഉറക്കെ അലറി: "കൊല്ലാൻ വരുന്നത് ആരായാലും, അത് ഒറ്റയ്ക്കാവട്ടെ, ഒരു കൂട്ടമാവട്ടെ, നമ്മുടെ ഒരു രോമം പോലും തൊടാൻ സമ്മതിയ്ക്കില്ല. അവർക്ക് നമ്മുടെ ഭീമമായ ശക്തിയെ പറ്റി ഒരു പിടിയും ഇല്ലാഞ്ഞിട്ടാണ്."

അവർ അലറിക്കൊണ്ട് ഭൂമി കുലുങ്ങും വിധം കാനനസ്കിസ് കാനനത്തിലൂടെ വാല് പൊക്കിയുയർത്തി ഓടിച്ചാടുകയും നിലത്തടിക്കുകയും ചെയ്തു. എന്നിട്ടും കലി തീരാതെ തിരിച്ചോടി വന്ന് ദിനോസറിണിയെ ആക്രമിക്കാൻ ആഞ്ഞപ്പോൾ മൂപ്പൻ തടഞ്ഞുവെങ്കിലും വാലുയർത്തി ശിഷ്യന്മാരോട് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. 

അതിനു ശേഷം മൂപ്പൻ ദിനോസറിണിയോടു അല്പം രഹസ്യമായി ഇങ്ങനെ ഉപദേശിച്ചു: "നിനക്കറിയാമല്ലോ, നമ്മളാണ് ഇന്ന് ഈ നാടിന്റെയും കാടിന്റെയും കടലിന്റെയും പർവ്വതങ്ങളുടെയും ആകാശത്തിന്റെയും അധിപന്മാർ. അതങ്ങിനെ തന്നെ ആയിരിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമല്ല. ശക്തിയും ധൈര്യവും ഉള്ള നാം ഈ ഭൂമുഖത്തുണ്ടെങ്കിൽ മറ്റുള്ള പീക്കിരി ജീവികൾ പിന്നെ കിടന്ന് ആളാവാൻ നോക്കില്ല, അതറിയാമോ?" 

ഈ പോക്ക് കേസിനോട് ഇനി മിണ്ടിയിട്ട് കാര്യമില്ലെന്നു കരുതി ദിനോസാറിണി വെയിൽ മങ്ങിയ കാൽഗറി താഴ് വരയിലൂടെ ഹോമോസാപ്പിയൻസിനെ പറ്റി ചിന്തിച്ചു കൊണ്ട് ഉദാസീനയായി നടന്നു. മൂപ്പനാകട്ടെ തന്റെ ശിഷ്യരേയും കൂട്ടി ആർത്തു ചിരിച്ചും ചാടിയും തെക്കോട്ടു ലക്ഷ്യമാക്കി അന്ന് രാത്രിയിലെ വന്യമായ ക്രീഡകൾക്ക് പുറപ്പെട്ടു.

ഇടക്ക് എന്തോ ഓർത്തൊന്നു നിന്ന മൂപ്പൻ ശിഷ്യരോട്‌ ചോദിച്ചു: "എന്താണാ വരാൻ പോണ കൃമീടെ പേര് പറഞ്ഞത്? ഹോമോസാപ്പിയൻസോ? വിചിത്രം തന്നെ"

ശിഷ്യന്മാർ വന്യമായി ആർത്തു ചിരിച്ചു കൊണ്ട് വളഞ്ഞു തിരിഞ്ഞ് ഓടിക്കൊണ്ട് പറഞ്ഞു: ഏതു ശപ്പനായാലും തുണ്ടം തുണ്ടമാക്കില്ലേ നമ്മൾ!"

കാലങ്ങൾക്കിപ്പുറം ഭ്രാന്തചിത്തരായ ചില മനുഷ്യർ പനടെല്ലയിൽ നിന്നും അമേരിക്കൻ ഐക്യ നാടുകളിലേയ്ക്ക് ഡ്രൈവ്   ചെയ്യാൻ ഡിയർഫുട്ട് എന്ന് പേരിട്ടുണ്ടാക്കിയ അതേ പാതയായിരുന്നു അത്....

മൂപ്പൻ ദിനോസറും കൂടെയുള്ള ക്രൂരന്മാരും ഒരു വെല്ലുവിളിയും നേരിടാതെ ജീവിച്ചു എന്നല്ല...അവർ അടിച്ചു തോൽക്കാൻ സാദ്ധ്യതയുള്ള ടീമുകളുമായി ഉടക്കുണ്ടാവുന്ന അവസരം വരുമ്പോൾ മൂപ്പൻ നയത്തിൽ പ്ലേറ്റ് മാറ്റുകയാണ് പതിവ്. ഭീഷണി ഉണ്ടാക്കുന്ന ഗ്രൂപ്പുമായി ഒരു ഉടമ്പടി ഉണ്ടാക്കും. പിന്നെ വേറെ ഏതെങ്കിലും രീതിയിൽ അവരുടെ ഉള്ളിൽ തന്നെ കുത്തിത്തിരിപ്പുണ്ടാക്കുകയോ അതല്ലെങ്കിൽ അവരുമായി മുട്ടാൻ കെൽപ്പുള്ള വേറെ വല്ല ദിനോസർ ടീമിനെയും കണ്ടെത്തി അവരുമായി ശണ്ഠ ഉണ്ടാക്കാനുള്ള കോപ്പു കൂട്ടുകയോ ഒക്കെ ചെയ്യാനുള്ള വിദ്യ മൂപ്പന് നന്നായിട്ടറിയാമായിരുന്നു. അതുകൊണ്ടാണല്ലോ മൂപ്പനായത്!

അതുപോലെ തന്നെ, മൂപ്പൻ നയിക്കുന്നവരെല്ലാം ഒരേ അഭിപ്രായക്കാരും ആയിരുന്നില്ല. മൂപ്പന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾ കാണുമ്പോൾ പലരും അഭിപ്രായം പറയാറില്ല. ദിനോസറിണിയെപ്പോലുള്ളവർ  പറയുന്നതിനെ നിർദ്ദയം നിശബ്ദമാക്കും. പലരും കൊല്ലപ്പെടും. 

പ്രകൃതിയുടെയും കാലത്തിന്റെയും അനന്തമായ ചംക്രമണത്തെ ഓർത്തു കൊണ്ട്, ഒരു നിരർത്ഥ സ്വപ്നമായ ജീവിതത്തെ ഓർത്തു കൊണ്ട് ദിനോസറിണി കാട്ടിലെ മൂകതയിൽ മുങ്ങി നടന്നു...

നിഷേധവും ധിക്കാരവും ബലാല്‍ക്കാരമായ അതിര്‍ത്തി ലംഘനങ്ങളുമായി ദിനോസർക്കൂട്ടം വിഹരിയ്ക്കുമ്പോഴും  
സായംസന്ധ്യകളിൽ വിഹ്വലതയുടെ കൂരകളിൽ ചേക്കേറുന്ന നിസ്സഹായ ജീവികളുടെ വിഹ്വലതകൾ, ചെറുതും വലുതുമായ നാനാതരം മൃഗങ്ങളെ നോക്കി നിസ്സംഗമായി നെടുവീർപ്പിടുന്ന ദിനോസർ യുവത്വം,  ചെയ്തു തീർത്ത അപരാധങ്ങളെയോർത്ത് ഇനിയുമൊരവസരത്തിനായ് നിശബ്ദം കേഴുന്ന വാർദ്ധക്യം, രോഗാതുരമായ ശരീരവും വന തൃഷ്ണകളുടെയും മോഹഭംഗങ്ങളുടെയും പരീക്ഷണങ്ങളാൽ ക്ഷീണിച്ച മനസ്സും കൈമുതലായുള്ള  സഹയാത്രികൾ, ഒന്നും പോരെങ്കിലിതാ, ഈ കാടുകളിൽ കടിപിടികൂടുന്ന സിംഹങ്ങൾ,  സിംഹങ്ങളുടെ സ്വാഭാവിക ശത്രുക്കളായ ആനകൾ, അങ്ങനെയങ്ങനെ എല്ലാം നിരന്നു നിൽക്കുന്നു. അവരുടെ കണ്ണിലെ ക്രൗര്യവും അവരുടെ അന്തരേന്ദ്രിയങ്ങളിലെ വരൾച്ചയും അവരുടെ നാവിന്റെ കപടതയും അവരുടെ മനസ്സിന്റെ ദയാരാ ഹിത്യവും....

ദിനോസറിണിaയെ എല്ലാം ഭയചകിതയാക്കുന്നു. നിരാശയാക്കുന്നു. സ്വയം വില കെട്ട് ഈ കാലത്ത് ജനിയ്ക്കണ്ടായിരുന്നു. കോടാനുകോടി ചംക്രമണം നടത്തിയ കാലമേ, നീ ഈ കീടത്തെ ഇനിയും എത്ര നാൾ ഇങ്ങനെ പൊയ്കാഴ്ചകളാൽ പീഡിപ്പിക്കും? എല്ലാം തീരും നാൾ വരുന്ന നാൾ കാണാതിരിക്കാൻ ഉള്ള ഭാഗ്യം മാത്രം മതി.

കോ-പ്രണയ കാലം

 ദൈവമേ, കണ്ണുകൾ നീറുന്നതു കാരണം തീരെ തുറക്കാൻ പറ്റുന്നില്ല. പൊട്ടുന്ന വേദന കാരണം എന്റെ  തല പൊക്കാനാകുന്നില്ല. വരണ്ട തൊണ്ടയിൽ ആർദ്രത വറ്റിയ ചുമ മാത്രം നിരന്തരമായി സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരിയ്‌ക്കുന്നു. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റ വാതിലിനു മുന്നിൽ നിഴലുകളുണ്ടോ എന്ന് തോന്നിയതുമാവാം. അത് കൊറോണ രോഗിയോ മാലാഖയോ അതോ മരണമോ?


രണ്ടാഴ്ച മുമ്പല്ലേ ബാറിൽ അവളുടെ കൂടെയിരുന്ന് കൊറോണ ബിയർ നുണഞ്ഞതും ഇറ്റലിയിൽ പുഴുക്കളെപ്പോലെ മനുഷ്യർ തീരുന്നതിനെപ്പറ്റി വാചാലനായതും! ഇന്നിപ്പോൾ അവളെവിടെയാണെന്നു പോലും അറിയാതെ ഇവിടെയിങ്ങനെ തീരാനാവുമോ വിധി? ഇത് ശരിയല്ല, ഇത് എന്തൊരു വിഢിത്തമാണ്! മരണമേ, എനിക്ക് മരിക്കാൻ  പ്രായമായില്ലല്ലോ.... വില കുറഞ്ഞ ജീവനുകളുമായി പന്താടാൻ നിനക്ക് ആഫ്രിക്കയില്ലേ? നമ്മൾ കൃത്യമായി ടാക്സ് കൊടുക്കുകയും  സോഷ്യൽ ഡിസ്റ്റൻസിങ് ,സോപ്പിട്ടു കൈ കഴുകൽ, എന്നിങ്ങനെ ജാത്യാചാരങ്ങളെല്ലാം പാലിയ്ക്കുകയും ചെയ്തതല്ലേ? 

കാനനാസ്‌കിസിലെ റോക്കി മൗണ്ടനിൽ ഏകാന്തമായി നടത്തിയ പർവ്വതാരോഹണങ്ങളിലും നീലാഞ്ജനം പോലെയുള്ള  ബ്രിട്ടീഷ് കൊളംബിയയിലെ കടൽ തീരങ്ങളിലൂടെ നടത്തിയ കാൽ നട യാത്രകളിലും എമറാൾഡ് ലേക്കിലെ ലഹരി പിടിപ്പിക്കുന്ന മാസ്മരിക ഭംഗിയിലും അവളായിരുന്നു മനസ്സിൽ. 

തമ്മിൽ കാണുമ്പോഴൊക്കെയും പറയാതെ പറഞ്ഞു വെക്കുന്ന പ്രണയങ്ങളും പരിഭവങ്ങളും കൈമാറുന്നതു പോലെ.... എന്നാൽ അവൾ എന്തൊക്കെയോ നിഗൂഡതകളും ഒളിപ്പിക്കുന്നതും പോലെ കൊണ്ടാടപ്പെട്ട ആ പ്രണയകാലം... 

ബീച്ചിൽ പറക്കുന്ന പക്ഷികൾ അന്ന് വിഹായസ്സിൽ വരച്ച ചിത്രങ്ങൾ ആ ദേവതയെ ഓർമ്മിപ്പിച്ചതും, പിന്നെ ഒരു നാൾ സംന്യാസം സ്വീകരിച്ചു മല  മുകളിൽ തപസ്സിരിക്കുമ്പോൾ അവളെയെങ്ങനെ പിരിയും എന്നോർത്തതും ഓർത്ത്   ആശുപത്രിക്കിടക്കയിൽ ഞെളിപിരി കൊണ്ട് മടുത്തു. നേഴ്സ് വന്നു പറഞ്ഞു - വൈറ്റൽസ് എടുക്കാൻ സമയമായി.

അന്ന് രാത്രി മരണം പറഞ്ഞു: "സമയമായില്ല മോനെ, ഞാനീ വാർഡിൽ കറങ്ങി നടക്കുന്നുണ്ട്. സമയമാകുമ്പോൾ വന്നു നിന്നെ കൊണ്ടുപോയ്ക്കോളാം. ഇടയ്ക്കിടയ്ക്ക് ഹസ്തദാനം തന്നു ആനയിക്കേണ്ടതില്ല." 

അത് പറഞ്ഞത് മരണമോ അതോ നേഴ്സ്സിന്റെ വേഷത്തിൽ വന്ന മാലാഖയോ? മാലാഖമാരുടെ പറുദീസയിൽ ദൈവം മരണത്തിന്റെ ആനന്ദ  നൃത്തം കണ്ടാസ്വദിക്കുന്ന രാത്രിയായിരുന്നുവല്ലോ അത്. മുഖം മൂടിയണിയാൻ പറ്റാത്ത മാലാഖമാർ കരഞ്ഞപ്പോൾ ദൈവം പറഞ്ഞു: മുഖം മൂടിയണിയാത്തവരാണ് എന്റെ പ്രിയങ്കരികൾ, അവർ ആണ് ആദ്യം എന്റെ അടുത്തു എത്തുക."

അത് കേട്ടപ്പോൾ മുഖം മൂടിയണിഞ്ഞ മാലാഖാമാർക്ക് സംശയവും ദു:ഖവുമായി - മുഖത്തിന്റെ മൂടുപടം ധരിയ്‌ക്കണോ അതോ മരിയ്ക്കണോ? മൂടുപടം ധരിച്ചവരുടെ നാട്ടിൽ മാലാഖമാരുടെ ധര്മസങ്കടത്തിന് ദൈവത്തിനു പോലും ഉത്തരം നൽകാൻ ആയില്ല. ദൈവം ഉത്തരം നൽകുന്നതിനേക്കാൾ ചോദ്യങ്ങൾ ചോദിയ്ക്കുന്ന തിരക്കിലായിരുന്നല്ലോ...

ഇന്റെൻസീവ് കെയർ യൂണിറ്റിൽ ആർക്കും പ്രവേശനമില്ലെങ്കിലും രാത്രി ഒരുറക്കമോ അതോ മരുന്നിന്റെ മയക്കമോ എന്തോ ഒന്ന് കഴിഞ്ഞു കണ്ണും തുറന്നിരിക്കുമ്പോൾ അവളതാ കതക് തുറന്നു കൂളായി കടന്നു വരുന്നു....ഇതൊരു തോന്നലാണോ അതോ മരുന്നിന്റെ എഫക്റ്റാണോ? 

പരിഭ്രമം കണ്ട് അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു: യാഥാർത്ഥ്യമാണ് സാറെ.... നിങ്ങളെ കാണാൻ മറ്റൊരു സമയത്തും പറ്റില്ലെന്നു ഉറപ്പുണ്ടായിരുന്നു. അല്ലെങ്കിലും നമ്മൾക്ക് കാണാൻ സമയവും കാലവും ഒരിയ്ക്കലും അനുവാദം തന്നിരുന്നില്ലല്ലോ...

"അവളിന്നു മറ്റൊരാളുടെ ഭാര്യയാണ്‌. രണ്ടു കുട്ടികളുടെ  അമ്മയാണ്. പലരുടെയും പലതുമാണ്. ചേരേണ്ട തന്മാത്രകൾ ചേരുമായിരുന്നെങ്കിൽ കാലം ജാതിയും മതവും നോക്കാതെ ഞങ്ങളെ ഒന്നാക്കിയേനെ" - 

വാതിലിനിപ്പുറം ഒളിച്ചു നിന്ന് പ്രേമസംഭാഷണം കേൾക്കുന്ന മരണത്തോട് ഞാൻ പറഞ്ഞു. 

മരണം ഒന്ന് ചമ്മി, പിന്നെ തലയുയർത്തിപ്പിടിച്ച്‌ അടുത്ത വാർഡിനെ ലക്ഷ്യമാക്കി നടന്നു.

അവൾ ചോദിച്ചു: " സംഗീതവും കവിതയും സാഹിത്യവും കലയും പിന്നെ പ്രേമവും essential service ആണോ മാഷേ?

അവൾ ചിരിച്ചു. വർഷങ്ങളോളം മയക്കിയ ചിരി.

വൃത്തി കെട്ട ചുമയുടെ അകമ്പടിയോടെ ഞാൻ പറഞ്ഞു: "കൊറോണ വാർഡിനെ ചുറ്റിപറ്റി നടക്കുന്ന ഒരു കോമാളിയുണ്ട്. അവൻ പറയുന്നത് ഒന്നും ഈ ലോകത്തു അത്ര essential ഒന്നും അല്ലെന്നാണ്. പക്ഷെ പ്രേമവും കവിതയുമില്ലെങ്കിൽ പിന്നെ നമുക്ക് ജീവിതമെന്തിന് പ്രിയേ?"

കാലഹരണപ്പെട്ട വെട്ടുകിളികൾ ആ സമയത്ത് മാലാഖമാരെ വേട്ടയാടാനും അവരുടെ മുഖപടം വലിച്ചുകീറി അവരെ നിരായുധരാക്കാനും നോക്കുകയായിരുന്നു ആ രാത്രിയിൽ. ആശുപത്രി വരാന്തയിൽ വെച്ച് വെട്ടുകിളികളുമായി മരണം ഒരു താൽക്കാലിക സന്ധിയിൽ ഒപ്പിട്ടു. തദനന്തരം അവർ ചിയേഴ്സ് പറഞ്ഞു -- പക്ഷെ വെട്ടുകിളികൾക്കറിയില്ലായിരുന്നു, N95 മാസ്ക് ധരിച്ച് മുന്നിലിരുന്ന് ചിയേഴ്സ് പറഞ്ഞത് മരണമായിരുന്നു എന്ന സത്യം. 

സന്ധി ചെയ്ത കരാർ മരണം കാറ്റിൽ പറത്തി പൊട്ടിച്ചിരിയ്ക്കുകയും വെട്ടുകിളികൾ പ്രാണരക്ഷാർത്ഥം അവരുടെ പൊത്തുകളിൽ lockdown പ്രഖ്യാപിച്ച് ഒളിച്ചിരിക്കുകയും ചെയ്തപ്പോൾ അദൃശ്യനായ മരണത്തോട്അദൃശ്യനായ ദൈവത്തെ ചൂണ്ടി ഞാൻ ചോദിച്ചു: ഇയാളാണോ രക്ഷകൻ? വെട്ടുകിളികൾ മറുപടി പറഞ്ഞു: അല്ലേയല്ല, ഞങ്ങൾ തന്നെയാണ് രക്ഷകർ, ഞങ്ങൾ മാത്രം.

അവളുടെ നോട്ടങ്ങളും കണ്ണിലെ ഭാവങ്ങളും എന്നും പറയാതെ പറയുന്നുണ്ടായിരുന്നു -- ഇഷ്ടമാണെന്ന്.

ഇഷ്ടങ്ങൾ വെളിപ്പെടുത്താനാവാത്ത വിധം ദൂരത്തിലും വെളിപ്പെടുത്തേണ്ടതില്ലാത്ത വിധം അടുപ്പത്തിലുമായിരുന്നല്ലോ നാം ... 65 വർഷത്തെ ആയുസ്സിൽ, ഇനി ഇപ്പോൾ നിഞ്ഞു തന്ന ശിഷ്ടദിനങ്ങളിൽ, ഓർമ്മയിൽ മധുരകാലമായി വന്നതിലധികവും അവളെപ്പറ്റി ഉള്ളതായിരുന്നല്ലോ എന്നോർത്തപ്പോൾ ഒരുതരം വ്യർത്ഥബോധം പിടികൂടി. എന്താണ് ജീവിതം എന്ന് മരണത്തോട് ചോദിക്കുന്നതിൽ യുക്തിയില്ല.

വെട്ടുകിളികൾ വെളിച്ചം കെടുത്തിയ രാത്രിയിൽ ഞാൻ എന്നോട് ചോദിച്ചു, കഥ ഇത് വരെ പറഞ്ഞതും നാടകം ഇതു വരെ കളിച്ചതും ആർക്കു വേണ്ടിയായിരുന്നെന്ന്.

"ഞാൻ പറയാനാഗ്രഹിച്ചതും നീ കേൾക്കാൻ ആഗ്രഹിച്ചതും ആയ ഒരു കാര്യം പറഞ്ഞു പിരിയാം, പ്രായോഗികമായും ഭ്രാന്തില്ലാതെയും ആളുകൾ പെരുമാറുന്ന മറ്റൊരു ലോകത്തു വെച്ചു നമുക്കിനിയും കാണാം. എങ്കിലും, നീ ഒരു വാക്ക് പറയു പ്രിയേ, എന്നെ യാത്രയാക്കാൻ. എന്റെ വിൽപ്പത്രത്തിൽ എല്ലാ പ്രേമവും കണ്ണീരും ഞാൻ നിനക്കാണ് എഴുതി വെച്ചിട്ടുള്ളത്."

ദൈവം നിസ്സഹായനായി നിന്ന ആ രാത്രിയിൽ, മരണവും മാലാഖമാരും ഒരു പോലെ തിരക്കിലായിരുന്നു. ഒരു മാലാഖ വന്ന്‌ ഉത്തരം പറയും മുമ്പ് അവളെ എന്നിൽ നിന്നകറ്റി....

ചിരിച്ചു കൊണ്ടവൾ വിട  പറയുമ്പോൾ അവസാനം കണ്ടത് ദൈവം അവളുടെ പിറകേ ഒരു പൂവാലനെപ്പോലെ ചിരിച്ചു നടക്കുന്നതും മരണം എൻ്റെ വാർഡ് അന്വേഷിച്ച് ധൃതിയിൽ നടന്നു വരുന്നതുമായിരുന്നു.   

(Published in Indo American Press Club journal in May 2020)

2017 സെപ്റ്റംബർ 26, ചൊവ്വാഴ്ച

പൂവിളികളും പൂക്കളങ്ങളും ഓർമിപ്പിക്കുന്നത് 
രാജീവ് ചിത്രഭാനു 

(Onam message written for Malayali Associatin Calgary, 2017)

ഈ വർഷം ഓണത്തിന് ഒരൊറ്റ ചാനലിലും മലയാളം സിനിമയിലെ നടന്മാരും നടികളും സംവിധായകരും ഒന്നും തന്നെ ദർശനം തന്നു നമ്മെ പുളകം കൊള്ളിക്കുന്നതല്ല എന്നാണത്രെ അനൗദ്യോഗികമായ അരുളപ്പാട്. ചാനലുകളായ ചാനലുകളിലെല്ലാം വാതോരാതെ നടന്ന അന്തിച്ചർച്ചകളിൽ നടന്ന വിഗ്രഹ ഭഞ്ജനം  കാരണം തങ്ങൾക്കൊക്കെ നിലപാട് തറയിൽ നിന്ന് നിലത്തേയ്ക്കിറങ്ങേണ്ടി വന്നതിന്റെ രോഷമാണ് പോലും കാരണം. എന്തായാലും ഇത് ശരിയാണെങ്കിൽ ആദ്യം സന്തോഷിക്കുന്നത് സാക്ഷാൽ മാവേലിത്തമ്പുരാൻ ആയിരിക്കും. പിന്നെ വൃത്തിയായി ചിന്തിക്കാൻ കഴിയുന്ന മലയാളികളും.

കഴിഞ്ഞ കുറെ വർഷങ്ങളായി ഓണത്തിന് ഇക്കൂട്ടർ വന്നിരുന്ന് വികലമായ മലയാളത്തിൽ അവരുടെ കുട്ടിക്കാലത്തെ "ബയങ്കര" "ബംഗിയുള്ള" ഓണത്തെക്കുറിച്ചു പുളുവടിക്കലായിരുന്നല്ലോ പതിവ്. 'ഞാൻ', 'എന്റെ' എന്നൊക്കെ നൂറു തവണ പറഞ്ഞും കുണുങ്ങികുഴഞ്ഞും നടികൾ ബുദ്ധി ശൂന്യത പ്രകടിപ്പിക്കും. നടന്മാരാകട്ടെ, ഇല്ലാത്ത കഴിവുകൾ ഉണ്ടെന്നു കാണിക്കാൻ പാട്ടു പാടും, പുസ്തകങ്ങൾ വായിച്ചതായൊക്കെ തട്ടി വിടും, കവിതകൾ ഉദ്ധരിയ്ക്കും, എന്ന് വേണ്ട 'വേഷം കെട്ടൽ' മാത്രമേ വശമുള്ളു എന്നൊരായിരം തവണ സ്വയം തെളിയിക്കും. ടീവിയെ അക്ഷരാർത്ഥത്തിൽ തന്നെ ഈ സിനിമോപജീവികൾ ഒരു പണ്ടാറപ്പെട്ടിയാക്കി വെച്ചു. ആ അക്രമമാണ് ഇനി അവസാനിക്കാൻ പോകുന്നത്. പ്രജാസ്‌നേഹിയായ മാവേലി സ്വാഭാവികമായും ഇത്തവണ സന്തോഷത്താൽ തുള്ളിച്ചാടിയായിരിക്കും നമ്മുടെ അടുത്തെത്തുന്നത്.

ഇത്തരം താരവൈകൃതങ്ങൾ നമ്മുടെ തലവിധിയാകുന്നതിനു മുമ്പുള്ള കാലത്തെ ഓണ വെയിലിന് നല്ല ഭംഗിയുണ്ടായിരുന്നതായി ഓർക്കുന്നുവോ? ചിങ്ങം പിറന്നതറിയാൻ കലണ്ടർ നോക്കേണ്ട - മഴക്കാലം കഴിഞ്ഞ് പൊൻ കിരണം പോലെ പെയ്തിറങ്ങുന്ന മഞ്ഞ വെയിൽ നോക്കിയാലറിയാം ഓണം കൺ മുമ്പിലെത്തിയെന്ന്. മലയാളികളുടെ സ്വന്തം ഓണം ഇന്ത്യയിൽ മറ്റെങ്ങുമില്ലെന്നു മാത്രമല്ല, മറ്റ് ഭാരതീയ ആഘോഷങ്ങളായ ദീപാവലി, ഹോളി, വിനായക ചതുർഥി, ശിവരാത്രി, നവരാത്രി, സംക്രാന്തി, പൊങ്കൽ, ദസ്സറ, വൈശാഖി, വസന്ത് പഞ്ചമി, ജന്മാഷ്ടമി എന്നിങ്ങനെ കാക്കത്തൊള്ളായിരം ആഘോഷങ്ങളൊന്നും കേരളത്തിൽ സർവത്രികമല്ല. നമുക്ക് അതിനെല്ലാം പകരം, അതിനേക്കാളൊക്കെ ജനകീയമായ ഓണമുണ്ട്.

ഓണം കൂടുതൽ മധുരമാവാൻ മനസ്സിൽ പ്രണയം വേണം. കസവു മുണ്ടും വേഷ്ടിയുമണിഞ്ഞു നിൽക്കുന്ന പ്രണയിനിയുടെ കണ്ണുകളിലെ കത്തിനിൽക്കുന്ന വെളിച്ചമാണോണം. പെൺകൊടിയ്ക്കോ, ഡബിൾ മുണ്ടും ജുബ്ബയുമിട്ട ആരാധകന്റെ കൊതിയ്ക്കുന്ന നോട്ടവും ത്രസിക്കുന്ന പ്രസരിപ്പും ഉളവാക്കുന്ന വികാരമാണോണം. ആ ഓണദിനങ്ങളിൽ പരസ്പരം നോക്കിയിരുന്ന്, പറയാതെ പകർന്ന വികാരങ്ങളൊന്നും തന്നെ, ഇന്നത്തെ ഒരു whatsaap മെസ്സേജിനും പകരം വെയ്ക്കാനാവുമോ? ഓണം അന്യമാവുമ്പോൾ നാം പ്രണയ ശൂന്യരായ നിസ്സംഗരായി മാറുന്നു; പൂക്കളുടെയും വർണ്ണങ്ങളുടെയും സൗന്ദര്യത്തെ കാണാനുള്ള കാഴ്ച നഷ്ടമാവുന്നു; ഒരു കാലത്ത് സ്വപ്നം കൊണ്ട് നാം തീർത്ത ജീവിതത്തിന്റെ പാനപാത്രത്തെയും നമ്മളെത്തന്നെയും നഷ്ടപ്പെടുന്നു.

അത് വരാതിരിയ്ക്കാൻ, അഥവാ വന്നുവെങ്കിലും നമ്മുടെ യൗവനവും ഊർജവും തിരിച്ചു പിടിക്കാൻ, പൂവിളികളെ കേൾക്കാനും പൂക്കളങ്ങൾ കാണാനും, നമ്മുടെ സ്വന്തം ഓണാഘോഷം വരികയാണ്. സെപ്റ്റംബർ 2-ന്  ശനിയാഴ്ച വൈകുന്നേരം MCAC നടത്തുന്ന ഗംഭീരമായ ഓണാഘോഷത്തിന് പങ്കെടുക്കാൻ താങ്കളെയും കുടുംബത്തെയും സാദരം ക്ഷണിയ്ക്കുന്നു. 

വരുമ്പോൾ ഒരു കാര്യം: ദയവായി നിങ്ങളുടെ പുഞ്ചിരി കൊണ്ട് വരാൻ മറക്കരുതേ.