2012 നവംബർ 8, വ്യാഴാഴ്‌ച

yaathraa mozhi

സമയം സന്ധ്യയായി . ഇരുളിന്‍റെ  ദേവന്‍ വരാന്‍ പകല്‍ പടി പാതി ചാരി. അയാള്‍ റിപ്പോര്‍ട്ടുകള്‍ നോക്കി: പുരുഷായുസ്സിന്റെ നാഴികക്കല്ലുകള്‍!! പില്‍ക്കാലത്തെ വഴിത്താരകളില്‍ എണ്ണി നോക്കി. വളരെ കുറച്ചേ നേട്ടങ്ങള്‍ എന്ന് പറയാന്‍ ഉള്ളു. ഏറ്റവും ആദ്യം ഓര്‍മ്മ വന്നത് അവളെ ആദ്യം മാറ്റി നിര്‍ത്തി ആരും കാണാതെ മുഖത്തും നിതംബത്തിലും മാറി മാറി തുരു തുരാ ഉമ്മ വെച്ചത്....പിന്നെ അയാള്‍ക്ക്‌ ആദ്യത്തെ കൈക്കുടന്ന നിലാവ് പോലെ കണ്മണി ജനിച്ചതും അതിനു ശേഷം ജീവന്‍റെ  ജീവന്‍ ആയ പുന്നാര മോള്‍ ജനിച്ചതും....മോളെ വിദേശത്തെ എന്‍ജിനീയര്‍ കല്യാണം കഴിച്ച് അവള്‍ കണ്ണീരോടെ വിമാനത്താവളത്തില്‍ വിട പറഞ്ഞപ്പോള്‍ കരള്‍ പറിഞ്ഞു പോയ പോലെ  സ്മരണകളുടെ അനന്ത സാഗരം തികട്ടി വന്നത്. എല്ലാം ഇനി തീരുകയായി. അല്ലെങ്കിലും, എത്രയായി കഷ്ടപ്പാടുകള്‍ തിന്നും കദന കഥകള്‍ കേട്ടും കയ്പ്പേറിയതും നിറം കെട്ടതും  ആയ ഈ പാന പാത്രത്തിലെ സ്വാദിഷ്ടം അല്ലാത്ത മെനു അനുസരിച്ച് ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നു. എത്രയോ കാലമായി കാത്തിരുന്ന ആ അവധിക്കാലം ഇതാ വന്നെത്തിയിരിക്കുന്നു. പക്ഷെ  ഒറ്റയ്ക്ക് ആഘോഷിയ്ക്കാന്‍ ആയിരിക്കണം വിധി!


ബയോപ്സി റിസള്‍ട്ട് വന്നപ്പോഴേ മകന്‍റെ  മുഖത്ത് കണ്ട കരി നീലിമ കണ്ടിട്ടും കണ്ടില്ലെന്നു നടിയ്ക്കാന്‍ പണ്ടഭിനയിച്ച നാടക വേഷങ്ങളുടെ പ്രവൃത്തി പരിചയം സഹായിച്ചുവോ? പിന്നെയങ്ങോട്ട് അഭിനയങ്ങളുടെ മത്സരമായിരുന്നല്ലോ. അച്ഛനെ ഒന്നും അറിയിയ്ക്കാതെ സംസാരിയ്ക്കാന്‍ മകന്‍റെ അഭിനയം. മകനും മകളും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കിയ വിവരങ്ങള്‍ ആദ്യമേ അറിഞ്ഞിരുന്നു എന്ന വിവരം അറിയിക്കാതിരുന്നു കൊണ്ട് അവര്‍ പറഞ്ഞതൊക്കെ വിശ്വസിച്ചു എന്ന് വരുത്തിക്കൊണ്ട് അച്ഛന്റെ അഭിനയം.....ഇതിനിടയില്‍ ഒന്നും മനസ്സിലാവാതെ പാവം ഭാര്യ....അയാള്‍ റിപ്പോര്‍ട്ടുകള്‍ കുത്തി നിറച്ച ആസ്പത്രി ഫയല്‍ അടച്ചു വെച്ചു. 

അര്‍ബുദം കരളിലും ശ്വാസകോശത്തിലും പിടി മുറുക്കി കഴിഞ്ഞു. കൌണ്ട് ഡൌണ്‍ തുടങ്ങി. ഇനി ക്ഷരമല്ലാത്ത ലോകത്തേയ്ക്ക് യാത്രയാവുക. എല്ലാത്തിനും ആധാരമായ ശക്തിയില്‍ ലയിയ്ക്കുക. പക്ഷെ ഞാന്‍ ജീവിതം ആസ്വദിയ്ക്കാന്‍ തുടങ്ങിയത് പോലുമില്ലല്ലോ, ഇത് ചതിയല്ലേ?

അയാള്‍ ഷെല്‍ഫില്‍ നിന്ന് പഴയ ആല്‍ബങ്ങള്‍ എടുത്തു നോക്കി. ഭൂതകാലത്തിന്റെ ചരിത്ര കുറിപ്പുകള്‍ പോലെ. മകള്‍ ആദ്യത്തെ ദിവസം സ്കൂളില്‍ പോയത്. അവള്‍ക്കു പല സമയത്ത് പല പല വേദികളില്‍ സമ്മാനങ്ങള്‍ കിട്ടിയത്, അവളുടെ നൃത്തത്തിന്‍റെ അരങ്ങേറ്റം, അവളുടെ കല്യാണത്തിന് ചെക്കന്റെ വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കാന്‍ എടുത്തത്‌, പിന്നെ അവളുടെ കല്യാണത്തിന്റെയും അവളുടെ കുട്ടിയുടെയും വരെ...

അതില്‍ ഒരു ഫോട്ടോയില്‍ അയാള്‍ കണ്ണുകള്‍ മാറ്റാന്‍ ആവാതെ തുറിച്ചു നോക്കി ഇരുന്നു: ഇന്നും ഓര്‍ക്കുന്നു, നടന്നു ക്ഷീണിച്ച അവളെ എടുത്ത് അങ്ങാടിയിലൂടെ കടന്നു പോവുമ്പോള്‍ എതിരെ വന്ന ഫോട്ടോഗ്രാഫര്‍ ക്ലിക്ക് ചെയ്ത നൈമിഷിക നിധി. അവള്‍ അയാളെ ഉമ്മ വെക്കുന്ന ചിത്രം. 

റെസ്ടുകളിലൂടെയും കീമോതെരാപ്പിയിലൂടെയും ആസ്പത്രികളിലൂടെയും വൈദ്യശാലകളിലൂടെയും ജീവിതം പുരോഗമിയ്ക്കുമ്പോള്‍, സോറി, കത്തി തീരുമ്പോള്‍ ഒരു ദിവസം പഴയ കൂട്ടുകാരന്‍ കാണാന്‍ വന്നു. "കാഴ്ചകള്‍, കെട്ടു കാഴ്ചകള്‍, പരിമിത വൃത്തത്തിനകത്തെ അനുഭാവാഖ്യാനങ്ങള്‍, അഭിനയങ്ങള്‍ - എല്ലാം മടുത്തു കാണും അല്ലെ?" എന്ന് ചോദിച്ചു കൊണ്ടായിരുന്നു അവന്‍റെ വരവ് തന്നെ. കുറച്ചു നേരം, പോയ കാലം ഒരു ദയാ ഹരജി പരിഗണിച്ചെന്നപോലെ, ജാലകങ്ങള്‍ തുറന്നിട്ടു സ്മരണകളെ സ്വച്ചന്ദമായി മേയാന്‍ അനുവദിച്ചു. "എടാ നിന്‍റെ കൂടെ വരാന്‍ എനിയ്ക്ക് പറ്റാതായി പോയത് എന്റെ പാപത്തിന്റെ ശക്തി കാരണം ആയിരിക്കും" എന്ന് പറഞ്ഞു അവന്‍ വിട വാങ്ങി. ഭാര്യയും രണ്ടു മക്കളും എന്നേയ്ക്കുമായി മനോ രോഗത്തിന് അടിപ്പെട്ടു പോയപ്പോള്‍ ജീവിതം ചടങ്ങായി ജീവിച്ചു തീര്‍ക്കുന്ന അവനാണോ അതോ ജീവിച്ചു കൊതി തീരാതെ, ജീവന്‍ വെടിയുന്ന അയാളാണോ ഭാഗ്യവാന്‍? ആത്യന്തികമായി എന്താണ് സാറേ ഈ ഭാഗ്യം?

അവസാനത്തെ കീമോ ചെയ്യാന്‍ ആസ്പത്രിയില്‍ പോവുന്നതിനു മുമ്പ് അയാള്‍ വീടിനടുത്തുള്ള അമ്പലത്തില്‍ പോയി. നട അടച്ചിരുന്നു. അതങ്ങനെയാവുമല്ലോ...അനിവാര്യമായ അന്ത്യ യാത്ര മൊഴിയ്ക്കായി അടഞ്ഞ വാതിലിനു മുന്നില്‍ നിന്ന് കാണാത്ത ദൈവത്തെ നോക്കി യാത്ര പറയാന്‍ വിധിയ്ക്കപ്പെട്ട പാവം മാനുഷര്‍!!1111.....!!.....

 അവന്‍ പിറ്റെന്റെ പിറ്റേന്ന് മൃത ദേഹമായി അതേ അമ്പലത്തിനു മുന്നിലൂടെ ആംബുലന്‍സില്‍ പോവുമ്പോഴും തുറക്കാത്ത നടകളില്‍ യാത്രാ മംഗളം ആശിര്‍വദിയ്ക്കാത്ത ജഗദീശ്വരന്‍!.

ഇവിടെ കൂടെ കുറച്ചു കാലം യാത്ര ചെയ്ത ഞങ്ങള്‍ പാവം പുഴുക്കള്‍ മാത്രം സമര്‍പ്പിയ്ക്കട്ടെ ഈ അന്ത്യ യാത്രാ മൊഴി...

2012 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

Onam - 2012

Written for circulation in Calgary for the Malayali Association Onam celebration.

പഴയ കാലത്തിന്റെ പ്രസക്തിയെ, ചിന്തകളുടെ സാന്ദ്രതയെ, നഷ്ടവസന്തങ്ങള്‍ക്ക് കാതോര്‍ക്കുവാന്‍ സമയം ഇല്ലാതെ ജീവിതത്തിന്റെ റേസ് കാറില്‍ നടത്തുന്ന റോളര്‍ കോസ്ടര്‍ റയിടിന്റെ നിരര്‍ഥകതയെ, എല്ലാം വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ മറ്റൊരു ഓണം വരവായി. ചിങ്ങവെയിലിന്റെ പ്രകാശവും എങ്ങും ഹരിതാഭാമാക്കി അലങ്കരിച്ച സമ്മരിന്റെ വശ്യതയും കിളിക്കൊഞ്ചലും സൈക്കിള്‍ സവാരിയായും ജോഗിംഗ് ആയും ജീവിതത്തിന്റെ ത്രസിപ്പും തുടിപ്പും ആസ്വദിയ്ക്കുന്ന കാല്‍ഗരിക്കാരന്റെ ആഹ്ലാദവും,  ഓണത്തിന്റെ വരവ് നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നു.


ഓണം ജീവിതത്തെ എങ്ങിനെ സ്വാധീനിയ്ക്കുന്നു എന്ന് ചിന്തിച്ചാല്‍ അത് നമ്മുടെ കുട്ടിക്കാലവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ടാണ് എന്ന് കാണാന്‍ കഴിയും. പൂവ്, പൂക്കളം, പൂവിളി, ഓണത്തപ്പന്‍ (തൃക്കാക്കരപ്പന്‍ എന്ന് ഞങ്ങളുടെ നാട്ടില്‍ പറയുന്ന കളിമണ്‍ വിഗ്രഹം), സര്‍വോപരി വാത്സല്യ നിധിയായ, നിഷ്കളങ്കനായ, നഷ്ട സ്വര്‍ഗ്ഗങ്ങള്‍ മനസ്സില്‍ എക്കാലവും പേറി നടക്കുന്ന, മാവേലി എന്നാ രാജാവ് - ഇത്തരം ഗതകാല ബിംബങ്ങള്‍ ബാലമനസ്സുകളുടെ അകത്തളങ്ങളില്‍ എന്നെന്നേയ്ക്കുമായി പ്രതിഷ്ടിയ്ക്കപ്പെടുന്നു. പിന്നീട് പലതരം വേഷങ്ങള്‍ കെട്ടിയാടുന്ന ജീവിതത്തിന്റെ രംഗശാലയിലെ ഇടവേളകളില്‍ ഒരു സ്മൃതിയായും കനലായും കുട്ടിക്കാലത്തെ കളിക്കൂട്ടുകാരന്റെയും കൂട്ടുകാരിയുടെയും ഓര്‍മ്മകളുടെ രൂപത്തിലും ഓണം വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.

ഇപ്പോള്‍, ഇതെഴുതുമ്പോള്‍ ഓര്‍മ്മ വരുന്നത്, അത്തം മുതല്‍ ഓണം വരെ നീളുന്ന അക്കാലത്തെ അവധി ദിനങ്ങള്‍ ആണ്. കുന്നിന്‍ പുറങ്ങളില്‍ മേയുന്ന കന്നുകളെ പോലെ അലകഷ്യമായി  നടന്നും സംസാരിച്ചും പൂക്കൊട്ടകളില്‍ പൂക്കളത്തിനുള്ള പൂക്കള്‍ ശേഖരിച്ചും നടന്ന കാലം. പലതരം പൂവുകളുടെ മോഹിപ്പിയ്ക്കുന്ന വര്‍ണ്ണ ഭംഗികള്‍ ആസ്വദിയ്ക്കാന്‍ കഴിവുണ്ടായിരുന്ന കാലം. നാഥന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന രവീന്ദ്രനാഥന്‍ ആയിരുന്നു എല്ലാത്തിന്റെയും നേതാവ്. അനന്തമായി നീളുന്ന തായം കളികള്‍, കുട്ടിയും കോലും, തൊട്ടു കളി, ഒളിച്ചു കളി, നൂറ്റും കൊള്ളി, ....തായം എന്നാല്‍ പനങ്കുരു ഉപയോഗിച്ചുള്ള പകിട കളിയാണ്. കുട്ടിയും കോലും ക്രിക്കറ്റിന്റെ പ്യൂപ്പ ദശയില്‍ ഉള്ള രൂപമത്രെ! നൂറ്റും കൊള്ളി ഈര്‍ക്കില കഷ്ണങ്ങള്‍ കൊണ്ട് അതീവ ശ്രദ്ധയോടെ കളിയ്ക്കുന്ന ഒരു ഐറ്റം ആണ്. പിന്നെ നാഥന്റെ സിനിമാക്കഥകള്‍.....ഏറ്റവും പുതിയ പടങ്ങള്‍ എല്ലാം നാഥന്‍ കാണും. അതില്‍ ജയന്റെയും നസീറിന്റെയും ഭാഗങ്ങളൊക്കെ അഭിനയിച്ചു കാണിയ്ക്കും. നാഥന് ഒരു പ്രണയം ഉണ്ടായിരുന്നു. നാഥന്റെ പ്രണയ കഥകളും സിനിമാ കഥകളും പലപ്പോഴും സംമിശ്രങ്ങള്‍ ആയിരുന്നു! ഞങ്ങളാകട്ടെ, ആ കഥകള്‍ കേട്ട് അന്തം വിട്ടിരിയ്ക്കുകയും ആ സിനിമകളുടെ പരസ്യങ്ങള്‍ പേപ്പറില്‍ വരുമ്പോള്‍ അത് നോക്കി വായില്‍ വെള്ളമിറക്കി ഇരിയ്ക്കുകയും ചെയ്യും!

വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ചായത്ത് പ്രസിഡന്റും പിന്നെ DCC സെക്രട്ടറിയും ആയ നാഥനെ എന്റെ ഹ്രസ്വ സന്ദര്‍ശന വേളകളില്‍ കണ്ടു മുട്ടുന്നത് തന്നെ വളരെ ദുര്‍ലഭമായി. കണ്ടാലും രണ്ടു പേര്‍ക്കും പില്‍ക്കാലത്ത്‌ ചുമലില്‍ വഹിയ്ക്കേണ്ടി വന്ന പരശ്ശതം കുരിശുകളുടെ ഭാരം കാരണം വാക്കുകള്‍ കുറവേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. മദ്യമോ, പുക വലിയോ, മുറുക്കോ, പെണ്ണോ, എന്ന് വേണ്ട ഒരു ദുശ്ശീലവും ഇല്ലാതിരുന്ന "wrinkle free man" ആയിരുന്നു നാഥന്‍. മാരകമായ ഏതോ രോഗത്തിനടിപ്പെട്ടു മരണപ്പെട്ട അവന്റെ മൃതശരീരം ആണ് അവനെക്കുറിച്ചുള്ള അവസാനത്തെ ഓര്‍മ്മ.

ഓര്‍മ്മകളുടെ ഓണങ്ങള്‍!

ഇല്ലത്തെ കാര്യസ്ഥന്‍ ആയ നാരായണന്‍ നമ്പ്യാര്‍ - നമ്പ്യാര്‍ എന്ന് വിളിയ്ക്കും - ആണ് ഓണക്കാലത്തെ പ്രധാന താരം. കുഞ്ചന്‍ നമ്പ്യാരുടെ എല്ലാ തുള്ളല്‍ പാട്ടുകളും ഹൃദിസ്ഥം. തൃക്കാക്കരപ്പന്റെ സൃഷ്ടിയില്‍ അനിതരസാധാരണമായ കരവിരുതാണ് നമ്പ്യാര്‍ക്ക്. തൃക്കാക്കരപ്പനു അരിമാവ് കൊണ്ട് കോലങ്ങള്‍ അണിഞ്ഞു  ഒരുക്കുന്നതിലും ഓണദിനങ്ങളില്‍ അതി രാവിലെ പൂവിളിയ്ക്കുന്നതിലും മുഴുത്ത ഏത്തപ്പഴക്കുലകള്‍ അറുത്തു കൊണ്ട് വന്നു പത്തായപ്പുരയില്‍ കെട്ടി തൂക്കി പുകച്ചു പഴുപ്പിയ്ക്കുന്നതിലും പുത്തന്‍ കയറാല്‍ വരിഞ്ഞു കെട്ടി അത്തത്തലെന്ന്  ഊഞ്ഞാല്‍ റെഡിയാക്കി തരുന്നതിലും എല്ലാമെല്ലാം നമ്പ്യാരായിരുന്നു ഞങ്ങളുടെ കണ്‍കണ്ട ദൈവം!

തമാശയാണ് കാലത്തിന്റെ കണ്‍കെട്ടു  കളി. ഒരിയ്ക്കലും പിരിയാനാവില്ലെന്നും അഭാവത്തില്‍ ജീവിതം തന്നെ വിരസമാവുമെന്നു അക്കാലത്ത് ഉറച്ചു വിശ്വസിച്ചിരുന്ന നമ്പ്യാര്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചപ്പോള്‍ തികഞ്ഞ നിര്‍വികാരതയോടെയാണ് കോളേജ് ഹോസ്റ്റലില്‍ ഇരുന്ന്‌ ആ ഇന്‍ലാന്റു ലെറ്റര്‍ വായിച്ചത് എന്ന് ഇന്നോര്‍ക്കുന്നു. അത് കഴിഞ്ഞു എത്രയെത്ര ഓണങ്ങള്‍ കടന്നു പോയി! 

എല്ലാം എത്ര പെട്ടെന്നാണ് മാഞ്ഞു പോയത്! എങ്ങനെയാണ് അതൊക്കെ ജലരേഖകള്‍ പോലെ മാഞ്ഞു പോയത്?

കാലം മാറി, കഥ മാറി! ജാതികളും മതങ്ങളും സൃഷ്ടിയ്ക്കുന്ന അന്ധകാരത്തില്‍ മുങ്ങിത്തപ്പിയും മദ്യാസക്തിയില്‍ പട്ടണങ്ങള്‍ മത്സരിച്ചു ജയിച്ചും കിടമല്‍സരങ്ങളില്‍ തോല്‍ക്കുമ്പോള്‍ പരസ്പരം കൊന്നും ക്വട്ടേഷന്‍ സംഘങ്ങളെക്കൊണ്ട് കൊല്ലിച്ചും വര്‍ഗ്ഗീയതയുടെയും കള്ളപ്പണത്തിന്റെയും ദുസ്സഹമായ ദുര്‍ഭൂതങ്ങളെ മനസ്സാ വരിച്ചും രമിച്ചും പീഡിപ്പിച്ചും നടത്തുന്ന കേളികളുടെ ഓണമാണ് കേരളത്തില്‍ എങ്ങും - കഷ്ടം! സര്‍ക്കാര്‍ നടത്തുന്ന ഒനാഘോഷങ്ങളും , പ്രച്ച്ചന്ന വേഷങ്ങളും  പ്രഹസനങ്ങളായി, നോക്ക് കുത്തികള്‍ ആയി TV-യില്‍ പല്ല് കാട്ടി ഇളിയ്ക്കുന്നു. സ്ക്രീനിന്റെ താഴെ, moving bar -ല്‍ sms വഴി പടരുന്ന വര്‍ഗ്ഗീയ വിദ്വേഷ കഥകള്‍....കേരളം ഭ്രാന്താലയം ആണെന്ന് വിവേകാനന്ദന്‍ പറഞ്ഞത് പുതിയ കാലത്തില്‍ പ്രസക്തി കൂടി,  ഡോള്‍ബി സൌണ്ടിലായി ചെവിയില്‍ മുഴങ്ങുന്നു.

ഈ അവസരത്തിലാണ് നാം പ്രവാസികള്‍ നടത്തുന്ന ഓണാഘോഷങ്ങള്‍ താരതമ്യേന മഹത്തരങ്ങള്‍ ആവുന്നത്. കേരളത്തിന്‌ പുറത്തു ഓണ സങ്കല്‍പ്പങ്ങളിലെ സ്നേഹവും കൂട്ടായ്മയും ആവേശത്തോടെ മായാലോകം തീര്‍ക്കുന്നത് കാണാം. ഇന്ത്യയ്ക്ക് പുറത്താവട്ടെ, അതിന്റെ ശക്തി പതിന്‍മടങ്ങ്‌ വര്‍ദ്ധിയ്ക്കുന്നു. കാല്‍ഗരിയില്‍ നാം ഈ ശനിയാഴ്ച (Aug.25) St.Vladimir Church - ല്‍ നമ്മള്‍ക്ക് പറ്റുന്ന രീതിയില്‍ ഒരു ചെറിയ സദ്യ (സദ്യ എന്നാല്‍ ഭക്ഷണം മാത്രമല്ല, കണ്ണിനും കാതിനും മനസ്സിനും നാവിനും എല്ലാം സദ്യ - അതായിരിയ്ക്കട്ടെ നമ്മുടെ ലക്‌ഷ്യം!) ഒരുക്കുമ്പോള്‍ താങ്കളും കുടുംബവും പങ്കെടുക്കുക എന്നതാണ് നമ്മള്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ ആഘോഷം.
   


2012 ജൂലൈ 23, തിങ്കളാഴ്‌ച

Kanika Spandanam

ദശലക്ഷങ്ങള്‍ കൂടി നില്‍ക്കെ, അതാ കൊടുമ്പിരിക്കൊള്ളുന്നു ഭയാനക ശബ്ദങ്ങള്‍ - ബിംഗ് ബാന്‍ഗ് ബിംഗ് ബാന്‍ഗ് ബിംഗ് ബാന്‍ഗ്.......
തീ ഗോളങ്ങള്‍ ഉയരുകയായി. പര്‍വതങ്ങള്‍ ഇടിഞ്ഞു വീഴുകയായി. സമുദ്രങ്ങള്‍ വറ്റുകയായി . കോടി സൂര്യന്‍മാര്‍  താണ്ഡവ നൃത്തം ആടുന്ന കൊടും ഊഷര തമസ്സുകള്‍ കാഴ്ച്ചയില്‍ തിമിരം വിതയ്ക്കുകയായി.
"എന്‍റെ പൊന്നനുജത്തീ, സൂസീ (Super Symmetry) നിന്നോട് വിട പറയാന്‍ സമയമായി" - കണം  പറഞ്ഞു.
"ഞാനെങ്ങോട്ടാ പോവാ ഏട്ടാ?" സൂസി ചോദിച്ചു.
"തമസ്സിന്‍റെ ദുഃഖം മാലോകരില്‍ നിന്ന് മറച്ചു വയ്ക്കാന്‍, പ്രപഞ്ചത്തിന്‍റെ രഹസ്യങ്ങള്‍  രഹസ്യങ്ങളായി നില്‍ക്കാന്‍ തമോ ഗര്‍ത്തങ്ങള്‍ (black holes) സൃഷ്ടിയ്ക്കപ്പെടണം. അവിടെ നിനക്ക് രണ്ട് ഏക്കറ സ്ഥലം ഏട്ടന്‍ ഏര്‍പ്പാടാക്കാം. പെശകണ്ട. നല്ല വെളനിലം ആണ്. മോന്തിയാവോളം അധ്വാനിയ്ക്ക്യ. അദ്വാനി കീ ജെ. ഗൊണം കിട്ടും."
കണ്ണീരോടെ, നിമിഷാര്‍ദ്ധത്തിന്റെ ആയുസ്സേ ബാക്കിയുള്ളൂ എന്ന സത്യം ജനനം തൊട്ടേ അശരീരി കേട്ട കണങ്ങള്‍ യാത്രയായി....
"ഇനിയെന്ന് കാണും നമ്മള്‍?" എന്ന് വിപ്ലവ കവി എഴുതി ശീലയില്‍ പാടിക്കളിച്ചു തോറ്റം പാട്ടാക്കാന്‍ യുഗങ്ങള്‍ പലതും കടക്കണമല്ലോ - "എങ്കിലും, പറയു ഏട്ടാ, ഇനി എന്നാ കാണ്വാ?"
"വിഹായസ്സില്‍ വേര്‍പാടുകളും വേദനകളും ഇല്ല പെണ്ണേ. എങ്കിലും നിന്‍റെ ആശ്വാസത്തിന് പറയാം:
"എല്ലാം അറിയാനുള്ള നിന്‍റെ ഈ ത്വര നിനക്ക് വിനാശമായി ഭവിച്ചു. എന്നെപ്പോലെയോ എന്നെക്കാളോ ശക്തിയും ഊര്‍ജവും സൗന്ദര്യവും ഉള്ള നിന്നെ മുനിമാര്‍ ശപിച്ചത്‌ നിനക്കോര്‍മ്മയില്ലേ? കേള്‍ക്ക, സ്ഫടിക ഗോളം പോലുള്ള മായാലോകം ഞാന്‍ തീര്‍ക്കും - അവിടത്തെ പരീക്ഷണ ശാലകളില്‍ എന്‍റെ ശക്തികളുടെ കണികകള്‍ അവര്‍ കണ്ടെത്തുന്ന നാള്‍ വരും. അന്ന് നിന്‍റെ പാര്‍പ്പിടം ഒരു രഹസ്യം അല്ലാതായി തീരുന്ന അവസ്ഥ വരികയും നിന്‍റെ എട്ടനുമായി ഉള്ള അനിവാര്യമായ സമാഗമം സാധ്യമായി വരികയും ചെയ്യും. പക്ഷെ അതുവരെയും പെങ്ങളെ, എന്‍റെ ലുക്ക് അലൈക്കെ, നീ അജ്ഞാത വാസം വരിച്ചേ തീരൂ." 
സൂസി പറഞ്ഞു: "അന്ന്, യുഗാന്തരങ്ങള്‍ക്കപ്പുറം, നമ്മള്‍ കണ്ടു മുട്ടുമ്പോള്‍, അതൊരു വല്ലാത്ത മുട്ടല്‍ ആവില്ലേ ഏട്ടാ? അപ്പോഴേയ്ക്കും കറുത്ത ഗര്‍ത്തങ്ങളില്‍ തിന്നു ചീര്‍ത്തു എനിയ്ക്ക് obesity വന്നു കാണും എന്നും എന്‍റെ മാംസ പിണ്ഡം വല്ലാത്ത പിണ്ട ശക്തിയായി, പടിയടച്ചു പിണ്ഡം വെയ്ക്കപ്പെട്ടവള്‍ ആയി മാറുമെന്നും ഉള്‍കണ്ണാല്‍  ഞാന്‍ കാണുന്നതും എന്‍റെ മറ്റൊരു ദുഷ്ട ചിന്തയാവുമോ? അന്ന് ആ പുതിയ കാലത്ത്, എന്നെ താങ്ങാനുള്ള ശക്തി ഏട്ടന്‍റെ സ്ഫടിക ഗോളത്തിനും അതിലെ ചില്ല് മാളികകള്‍ക്കും ഉണ്ടാവുമോ?"
"നിന്‍റെയീ ചോദ്യങ്ങള്‍ നിനക്ക് വാങ്ങിച്ചു തന്ന ശാപങ്ങളെ നിനക്കോര്‍മ്മയില്ലേ സൂസി? അന്ന് ആ നരകഭാവിയില്‍ പകുതി ചിത്രം മാത്രം മായയുടെ മൂടുപടത്തിലൂടെ കണ്ടു  മടുത്ത്, നിന്നെ ആലിംഗനം ചെയ്യാന്‍ കാലം പരുവപ്പെട്ടിരിയ്ക്കും. Good Bye, Boson!"

2012 ജൂൺ 1, വെള്ളിയാഴ്‌ച

Daaridrya Kaandam - 4

പൂനയില്‍ ഗണേശോത്സവം...സരസ്  ബാഗില്‍  ഭീംസെന്‍ ജോഷിയുടെ ഹിന്ദുസ്ഥാനി കച്ചേരി നടക്കുന്നു....പഞ്ചേന്ദ്രിയങ്ങളെ ലാസ്യ  ലഹരിയില്‍ തളയ്ക്കുന്ന  സന്ധ്യ .

माझे माहेर पन्धरी....

കൂടെ ചമ്രം പടിഞ്ഞിരുന്നു താളമടിച്ചു ആസ്വദിയ്ക്കുകയാണ്   രത്നഗിരിക്കാരന്‍  യൂസഫ്‌ ഷെയ്ക്കും പിന്നെ ഗുരുവായൂര്‍ക്കാരന്‍ കുഞ്ഞനുജനും. ഗണപതി പാപ്പാ മോറിയ  പാടിക്കൊണ്ടുള്ള  പദയാത്രകളില്‍ ഷെയ്ക്കും കൂടും എല്ലാ വര്‍ഷവും മുടങ്ങാതെ. അതും മലയാളിയുടെ നിര്‍വികാരമായ , സ്വല്‍പ്പം പരിഹാസച്ചുവ  ചേര്‍ത്ത  നിരീക്ഷണത്തോടെയല്ല, മറിച്ച്  ദേഹം മുഴുവന്‍ സപ്തവര്‍ണ്ണം പൂശി, ആനന്ദ  നൃത്തത്തില്‍ ആറാടിക്കൊണ്ടാണ് . സ്വയം  പരിത്യജിച്ചു,  പാട്ടിനൊത്ത്  വെയ്ക്കുന്ന  ആ  ചുവടുകളില്‍ ലയിച്ചു രസിച്ചു നൃത്തം ചെയ്യുന്ന  ഷെയ്ക്കിനെ  നോക്കി പലപ്പോഴും അതിശയിച്ചിട്ടുണ്ട് : എവിടെ നിന്ന്  കിട്ടുന്നു ഇതിനുള്ള  പ്രചോദനം?

കുഞ്ഞനുജന്‍ ആണെങ്കില്‍ നാട്ടില്‍ നിന്നും B.Sc-യ്ക്ക് റാങ്ക്. M.Sc-യ്ക്ക് റാങ്ക്. ഉപരി പഠനത്തിന്‍റെ മോഹങ്ങളും സ്വപ്നങ്ങളുമായി പൂനയില്‍ വന്ന് കഷ്ട കാല കാണ്ഡം  വിധിയായി തലയില്‍ ചുമന്നു. സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് അഞ്ചു സഹോദരങ്ങളെ സര്‍വ സ്വതന്ത്ര ലോകത്തിനു കൈവെടിഞ്ഞു അച്ഛന്‍ യാത്രയായി. അഷ്ടഗൃഹത്തില്‍ പിറന്ന ബ്രാഹ്മണ കുലമഹിമയും പൊളിഞ്ഞ നാലുകെട്ടിന്റെ കഥകളും മാത്രമുണ്ട് അഷ്ട ദാരിദ്ര്യത്തിന്റെ ലഹരിയ്ക്ക് `touchings` ആയി കൂട്ടിന്.

സംഗീതവും സാഹിത്യവും കലാമണ്ഡലം കഥകളി  നടന്മാരുമായി ദിവാളി കുളിച്ചും തിമിര്‍ത്തും നടന്ന  പിതാമഹന്മാര്‍. അവരുടെ പിന്‍ തലമുറയില്‍ വിദ്യാഭ്യാസം നേടി രക്ഷപ്പെടാം എന്ന്  വ്യാമോഹിച്ച  പുതു തലമുറയുടെ ദയനീയ  പ്രതീകമത്രെ കുഞ്ഞനുജന്‍!

സരസ്  ബാഗില്‍ സംഗീത  സദസ്സുകള്‍ രാത്രിയുടെ അന്ത്യ യാമങ്ങളിലാണ് അക്കാലത്ത് സമാപിയ്ക്കാറുള്ളത്. അത് കഴിഞ്ഞു കാല്‍നടയായി മടങ്ങി വരുമ്പോള്‍ ഷെയ്ക്ക് വാചാലനാവും: സംഗീതം തപസ്യയാക്കിയ ഭാരത സംസ്കാരത്തിന്‍റെ പാരമ്പര്യത്തെ പറ്റി. തുളസീ ദാസിനെയും കബീര്‍ ദാസിനെയും പറ്റി. അങ്ങിനെ എത്രയെത്ര രാത്രികള്‍! പിന്നീടു അയോദ്ധ്യയില്‍ പള്ളി തകര്‍ത്തപ്പോള്‍ വിജയ  ലഹരിയുടെ ആന്ധ്യം ആവേശമായി ലക്ക്  കെട്ട  സ്വന്തം സഹപ്രവര്‍ത്തകര്‍ ആ  സാധുവിനെ ഫോണ്‍  ചെയ്ത്  ``ജയ്‌ ശ്രീരാം `` എന്ന്  പറഞ്ഞ്  അട്ടഹസിച്ച്  ആര്‍ക്കുന്നതും കാണേണ്ടി  വന്നു.

ഫെരോദിയയുടെ മാര്‍വാഡി കമ്പനിയില്‍ അന്നൊരിയ്ക്കല്‍ രാവിലെ ഗേറ്റില്‍ ഒരു ആള്‍ക്കൂട്ടം. പൊതുവേ തൊഴിലാളികള്‍ പേടിതൊണ്ടന്‍മാരാണ്. കൂലി കൂട്ടാന്‍ സമരങ്ങള്‍ ഇല്ല. ഒരു കാരണവും ഇല്ലാതെ പിരിച്ചു വിടാം. ഡാങ്കെ എന്ന് പേരായ General Manager ആണ് യൂണിയന്‍ ലീഡര്‍. എത്ര അന്വര്‍ത്ഥം! പി.എഫ്-ലേയ്ക്ക് Employee share - ഉം Employer share - ഉം തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് തന്നെ വെട്ടിച്ചു മാറ്റുന്ന സമ്പ്രദായം ആയിരുന്നു നടപ്പ് രീതി. എന്നിട്ടും ആരും `ക` എന്നോ `മ` എന്നോ ഉരിയാടിയിട്ടില്ല. മറാത്തി മക്കള്‍ അങ്ങിനെ നോക്കുമ്പോള്‍ ഉപഭോഗിയ്ക്കാന്‍ അനന്ത സാധ്യതയുള്ള ദാസ്യ വര്‍ഗ്ഗം  ആണല്ലോ! അവര്‍ക്ക് അവരുടെ കാര്യം നോക്കാന്‍ പുറത്തു നിന്നും ഒരു രക്ഷകന്‍ വരേണ്ടിയിരിയ്ക്കുന്നു! ``സര്‍വ ലോക ഭീരുക്കളെ സംഘടിയ്ക്കുവിന്‍`` എന്നാരും ആഹ്വാനം ചെയ്തതുമില്ല.

പിന്നെയെങ്ങിനെ ഈ ആളുകള്‍ ഇവിടെ കൂട്ടം കൂടി? നോക്കുമ്പോള്‍ അതാ കമ്പനി മുതലാളിയുടെ കാര്‍ ഗേറ്റിനു മുമ്പിലുണ്ട്. സംഭവം ഇങ്ങനെ: രാവിലെ മൊയലാളി വരുമ്പോള്‍ ഗെയിറ്റ്  മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. കാരണം റോ മറ്റീരിയല്‍ കൊണ്ട്  വന്ന  ഒരു ട്രക്കിനു വേണ്ടി ഗെയിറ്റ്  തുറന്നു കൊടുത്തതാണ് വാച്ച്‌മാന്‍. കണ്ട  പാടെ മാര്‍വാഡി  ഏമാന്  കലി  കയറി. വാച്ചുമാനോട് ഇപ്രകാരം സംസ്കൃതത്തില്‍ അരുളിച്ചെയ്തു:

"तेरा बाप का हें क्या ये कंपनी?"

അത്  കേട്ട്  കൊണ്ടാണ്  കാല്‍നടയായി  ജോലിയ്ക്ക്  എത്തുന്ന  ഷെയ്ക്ക്  ഗെയിറ്റ്  കടന്നു വരുന്നത്. ഷേക്കിനറിയാം ഇത്  മൂത്ത  തമ്പ്രാന്‍ ആണെന്നും മാത്രമല്ല,  ഒരു മുഷ്കനും  മുരടനും  അറുപിശുക്കനും  സര്‍വോപരി നിരക്ഷര  കുക്ഷിയായ  കോടീശ്വരന്‍  ആണെന്നും.

മാര്‍വാടിയെ  അസ്തപ്രജ്ഞന്‍ ആക്കിക്കൊണ്ട്  ഷെയ്ക്ക്  തിരിച്ചടിച്ചു:

"नहीं तो ? तेरा बाप का हे समझ  रखा हे क्या? ये कंपनी तो हम  सब के बाप का हे।...तू तो सिर्फ  एक  बहाना हे"

മാര്‍വാഡിക്ക്  ഉള്‍ക്കൊള്ളാവുന്നതിനും  അപ്പുറം ആയിരുന്നു അതൊക്കെ. തൂക്കിക്കൊല്ലാന്‍ അധികാരം ഇല്ലാത്തതിനാല്‍ ഷെയ്ക്കിന്  ഉടന്‍ termination order കൊടുത്തു. ആരുടേയും മുഖത്തേക്ക്  പോലും നോക്കാതെ തലയുയര്‍ത്തി പിടിച്ച്  ഗേറ്റ്  കടന്നു പോയ  ഷേക്കിനെ പിന്നെയൊരിക്കലും കണ്ടില്ല....

കോര്‍പ്പറേറ്റു  കള്‍ച്ചര്‍ ബന്ധങ്ങള്‍ എങ്ങനെ തുടങ്ങുന്നു എന്നും എങ്ങനെ അവസാനിയ്ക്കുന്നു എന്നും മനസ്സിലാക്കുന്നതിന്റെ ബാല  പാഠങ്ങള്‍  ആയിരുന്നു  അതൊക്കെ. കൂപ  മണ്ടൂകമായ  ആ  മാര്‍വാഡി കമ്പനിയുടെ മുഖമുദ്ര, പില്‍ക്കാലത്ത്  Multinational സ്രാവുകള്‍  Ethics എന്നും  Policy എന്നും Mission എന്നും Vision എന്നും മാങ്ങാത്തൊലി എന്നും പറഞ്ഞു മറ്റു പല  രീതിയിലും അതേ  പടി നടപ്പാക്കുന്നതും കണ്ടു.

കഥ, സംഗീതം, സാഹിത്യം, കവിത...എന്ന്  വേണ്ട  കുഞ്ഞനുജന് അവഗാഹമില്ലാത്ത  വിഷയം കുറവാണ്. പൂനയില്‍  കണക്കില്‍ റിസര്‍ച്ച്  ചെയ്തിരുന്ന  ഇന്‍സ്ടിട്യൂട്ട് അവിടെ തന്നെ ജോലി വാഗ്ദാനം ചെയ്തു. Calicut University-യില്‍ നിന്നും വരേണ്ട  പേപ്പറുകള്‍ സമയത്ത്  വരാതിരുന്നത്  കാരണം ആ  ജോലി നഷ്ടപ്പെട്ടു. പിന്നീടറിഞ്ഞു, യൂനിവേഴ്സിറ്റിയില്‍  വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടത്ര എണ്ണയിടാത്തത്  കൊണ്ടാണത്രേ കാലതാമസം വന്നത്! അതുകൊണ്ട്  അര്‍ഹിയ്ക്കുന്ന  ഒരു candidate-നു ജോലി കിട്ടിയില്ല  എന്നൊരു ഗുണമുണ്ടായി.

ഇന്ന് " Return to the society"-യുടെ കാലമാണല്ലോ.അപ്പോള്‍ പിന്നെ ദുരിത  ഭാരവുമായി വരുന്ന  അഭയാര്‍ഥികള്‍ക്ക്  ഇങ്ങിനെയൊക്കെയല്ലേ നമുക്ക്  "റിട്ടേണ്‍" ചെയ്യാന്‍ പറ്റൂ?

കുഞ്ഞനുജന്‍ പൂന  വിട്ടു. നാട്ടില്‍ കുളത്തില്‍ കുളിയും പത്രം വായനയും മുറുക്കലും ഒക്കെയായി ജീവിതം പുരോഗമിയ്ക്കവേ ദേ, അയലത്ത്  ഒരു ഇംഗ്ലീഷ്  മീഡിയം സ്കൂള്‍ പൊന്തി വന്നു - കൂണ്‍ പോലെ. ഇന്നലെ വരെ കണ്ടിരുന്നില്ല  ഇങ്ങനെയൊരു പള്ളിക്കൂടം. ഇന്ന്  കണ്ടു. നാളെ കാണുമോ? അറിയില്ല. പക്ഷെ നാളെ മറ്റൊന്ന്  സംഭവിച്ചു. അവിടെയ്ക്ക്  കുഞ്ഞനുജന്‍ വിളിയ്ക്കപ്പെട്ടു. അവരുടെ ഗ്രൌണ്ടില്‍ പശുവിനെ കെട്ടരുത്  എന്ന്  പറയാനോ മറ്റോ ആയിരിയ്ക്കും എന്ന്  കരുതി  ലുങ്കി ഉടുത്ത്  ഷര്‍ട്ടിടാതെ നഗ്ന പാദാനായി  കടന്നു ചെന്നപ്പോള്‍, അവര്‍ , സ്കൂള്‍ മാനേജരും HM-ഉം കൂടി, അവിടെ മാഷാവാന്‍  അഭ്യര്‍ഥിയ്ക്കുകയായിരുന്നു. അവര്‍ കേട്ടൂ പോലും, അയല്‍ പക്കത്ത്  ഒരാള്‍ B.Sc-യ്ക്കും M.Sc-യ്ക്കും റാങ്ക്  വാങ്ങി, പിന്നെ പൂനയില്‍ പോയി P.Hd - യും എടുത്തു പൂച്ചയെ പോലെ പമ്മി നടക്കുന്നുണ്ടെന്ന്.

കുഞ്ഞനുജന്‍ പറഞ്ഞു: എന്റെ കയ്യില്‍ നിങ്ങള്ക്ക്  തരാന്‍ കാശൊന്നും ഇല്ല. പക്ഷെ അവര്‍ക്ക്  കാശേ വേണ്ട. അവരൊക്കെ മോശമില്ലാത്ത  പ്രീഡിഗ്രി ക്കാരും ഡിഗ്രിക്കാരും ഒക്കെയാണത്രെ. "താങ്കള്‍ ഒന്നിങ്ങോട്ടു വന്നാല്‍ മതി, അതും താങ്കള്‍ക്ക്  സമയം കിട്ടുമ്പോള്‍ മാത്രം!"

അങ്ങിനെ 2 വര്‍ഷം അവിടെ ജോലി ചെയ്ത  കുഞ്ഞനുജനെ സ്വപ്നം മാടി വിളിച്ചത്  പാലാക്കാരന്‍ ജോര്‍ജ്  ജോസഫിന്‍റെ രൂപത്തിലാണ്. ജോര്‍ജ്  കുഞ്ഞനുജന്റെ ചേട്ടന്‍ രാമേട്ടന്റെ ഉറ്റ  സുഹൃത്തും സഹപാഠിയും എന്തിന് , മനസ്സാക്ഷി സൂക്ഷിപ്പ്കാരനും ആണ് . കാണാത്ത  ദൈവത്തെ അല്ല, രാമേട്ടന്‍ കാണുന്ന  ജോര്‍ജിനെ ആണ്  കൂടുതല്‍ വിശ്വസിയ്ക്കുന്നത്.

അപ്പോള്‍ പിന്നെ ജോര്‍ജ്  75000 രൂപ  ചോദിച്ചതിലും അത്  കുഞ്ഞനുജന്‍ കൊടുത്തതിലും  ഒന്നും അദ്ഭുതമില്ല. ഗള്‍ഫില്‍ കണക്കു വാധ്യാര്‍ ജോലിക്കാണ്  ഈ  തുക. ജീവിതത്തിന്‍റെ കണക്കുകള്‍ തെറ്റുമ്പോള്‍ നാം വിധിയെ പഴിയ്ക്കുന്നു  എന്ന്  കണക്കിന്‍റെ  മാഷ്‌ മനസ്സിലാക്കാന്‍ തുടങ്ങി. Visit visa എടുത്ത്  ഗള്‍ഫില്‍ എത്തിയപ്പോള്‍ അവിടെ സ്കൂളിന്റെ പാര്‍ട്ട്‌ണര്‍മാര്‍ തമ്മില്‍  തല്ലി തല്ക്കാലം ആരെയും ഇനി ജോലിയ്ക്കെടുക്കെണ്ട എന്ന്  തീരുമാനിച്ചു.

6 മാസം ദുബായില്‍  ജോലി തെണ്ടി അവസാനം നാട്ടില്‍ തിരിച്ചെത്തിയ കുഞ്ഞനുജന്  സ്കൂളില്‍ ജോലിയില്ല  എന്ന്  മാത്രമല്ല  പ്രശ്നം. കുടുംബ സദസ്സുകളില്‍,  പറ്റിച്ച  ജോര്‍ജിനെ കുറിച്ചുള്ള  ചോദ്യങ്ങള്‍ക്ക്  ഉത്തരം  പറയാന്‍ ഉള്ള  വൈമുഖ്യം കാരണം അപ്രത്യക്ഷനായ  രാമേട്ടന്‍. രാമേട്ടനെ കുറിച്ചും ജോര്‍ജിനെ കുറിച്ചും  ചോദ്യങ്ങള്‍ക്ക്  ഉത്തരം പറയേണ്ടി വരുന്നതായിരുന്നു  കുഞ്ഞനുജന്റെ ഗതികേട്. പിന്നെ, പ്രായം ഇത്രയായിട്ടും എവിടെയും  എത്തിപ്പെടാത്ത  ഈ  വിരസ  ജീവിതത്തിന്‍റെ  ബാധ്യത - കടങ്ങള്‍ പെരുകുകയാണ്. എവിടെയാണ്, എവിടെയാണ് നാം കണ്ട  സ്വര്‍ഗം?

ആ  ദിവസങ്ങളില്‍ ഒരു നാള്‍ ആണ്  പണ്ടെങ്ങോ apply ചെയ്ത  KSRTC കണ്ടക്ടര്‍ ജോലിയ്ക്ക്  PSC-യില്‍ നിന്ന്  ഇന്റെര്‍വ്യൂ കത്ത്  വരുന്നത്. സ്വപ്നങ്ങളെ പച്ചയ്ക്ക്  കൊളുത്തി, ആ  ഇന്റര്‍വ്യൂവിനു പോവുകയും അവരുടെ കുനുഷ്ടു  ചോദ്യങ്ങള്‍ക്ക്  അതേ നാണയത്തില്‍ മറുപടി നല്‍കുകയും ചെയ്തത്  കൊണ്ടാവണം  ഇന്ന്  KSRTC-യ്ക്ക്  റാങ്കും P.Hd-യും ഉള്ള  കണ്ടക്ടറെ കിട്ടിയത്!

പൂന: ഇത്രയും ജോലി സാദ്ധ്യതകള്‍ ഉള്ളതും ഇത്ര  മേല്‍ വശീകരിയ്ക്കുന്നതും ആയ  നഗരം വേറെയില്ല. പിന്നെ ഈ  ജോലി....ഇവിടെ മാര്‍വാഡികളും സിന്ധികളും പാഴ്സികളും അല്ലാതെ employers ഉണ്ടാവുകയുമില്ല. ഇവിടെ ജോലി ചെയ്യുക, Experience നേടുക, അത്  വീര  ചരിത്രമായി Biodata-യില്‍ എഴുതി പിടിപ്പിയ്ക്കുക -  നേടുക, വെല്ലുക, വിജയിക്കുക!!
എല്ലാത്തിനോടും, ഒരു പക്ഷെ ജീവിതത്തിനോടും വിരക്തി തോന്നിയ  കാലഘട്ടം അതായിരുന്നിരിക്കണം .

ആ  മാര്‍വാഡി  കമ്പനിയില്‍ അല്‍പ  ജ്ഞാനിയുടെയും  പിന്നെ അജ്ഞാനിയുടെയും 2 ഗ്രൂപ്പുകള്‍  ഉണ്ടായിരുന്നു. യഥാക്രമം, ഗംഭീര്‍ എന്നും ഡാങ്കെ  എന്നും. ഏതു ഗ്രൂപ്പില്‍ ചേര്‍ന്നാലും ശരി, നമ്മുടെ proximity ആ നിരക്ഷരന്‍  മാര്‍വാഡി  സേടിന്റെ കാല്‍പ്പാദം വരെയേ എത്താന്‍ പോവുന്നുള്ളൂ, അതും ഈ  രണ്ടു ദ്വാരപാലകരെ ഭേദിച്ച്  മുന്നേറിയാല്‍ മാത്രം.

സുഹൃത്തുക്കളെ, ദാരിദ്ര്യ  കാണ്ഡം ഇവിടെ തീരുകയാണ്....

ജീവിതം ജീവിയ്ക്കാന്‍ ഉള്ളതാണെങ്കില്‍, ജോലി എന്നാല്‍  അടിമത്തം എന്നല്ലെങ്കില്‍, ഞാനിതാ ഫെരോദിയ , നിങ്ങടെ ഈ  തരികിട  പ്രസ്ഥാനത്തിലെ ജോലി വലിച്ചെറിയുന്നു...നാട്ടില്‍, തെങ്ങുകളില്‍  നിന്നും കവുങ്ങുകളില്‍ നിന്നും വീഴുന്ന  കൊഞാട്ടകള്‍ വിറ്റു  ജീവിച്ചാലും,  ഇല്ലെങ്കിലും നിങ്ങടെ ശമ്പളത്തെക്കാളും നിങ്ങള്‍ കല്‍പ്പിച്ചു തന്ന  Designation - നെക്കാളും വില  അവിടെ ഞാന്‍ എഴുതി വാങ്ങും.

കരളിനെ രണ്ടായി മുറിച്ചു നടത്തിയ  ആ  ആത്മഗതവും പക്ഷെ, പൂന  വിട്ടു ഒരു  ഇടക്കാല  പരോളില്‍ നാട്ടില്‍ കഴിഞ്ഞ  കാലത്ത്  മാത്രമേ യഥാര്‍ത്ഥ്യം ആയി  നില  നിന്നുള്ളൂ...ഹാ  കഷ്ടം!

2012 മേയ് 5, ശനിയാഴ്‌ച

Daaridrya Kaandam - 3

രാസ്താപേട്ടിലുള്ള ഒരു സത്രത്തില്‍ വെച്ചാണ്‌ ആന്തണി ജോസഫ് ആലപ്പാടിനെ പരിചയപ്പെടുന്നത്. വീട് മലപ്പുറം ആണെന്ന് പറഞ്ഞപ്പോള്‍ പറഞ്ഞു,
"7 കാരട്ടാണല്ലോ...ഞങ്ങള്‍ തൃശൂര്‍ക്കാര്‍ക്ക് എല്ലാം സ്വര്‍ണത്തിന്റെ കാരറ്റ് പോലെയാണ് മൊത്തം ജീവിത വീക്ഷണം. 8 -ല്‍ 8 തൃശൂരിന് മാത്രം അവകാശപ്പെട്ടതാണ്``. 
ആന്തണി സ്വര്‍ണ്ണം വില്‍ക്കുന്ന കുടുംബത്തില്‍ തന്നെയാണ് ജനിച്ചത്‌. അച്ഛന്‍റെ ചെറുപ്പത്തില്‍ ഉള്ള വിയോഗവും നക്സല്‍ പ്രസ്ഥാനത്തോടുള്ള അടുപ്പവും ഒക്കെയായി ആലപ്പാട്ട് നിന്നും നിഷ്കാസിതനായി. ആന്ധ്രയില്‍ കഞ്ചാവും വിപ്ലവ ചിന്തകളുമായി അലഞ്ഞു തിരിഞ്ഞു ജീവിതം അനുഭവപൂരിതമാക്കി. അവസാനം കമ്പ്യൂട്ടര്‍ യുഗത്തിലെയ്ക്ക് ഉള്ള വഴിത്താര സ്വാഭാവികമായും തുറക്കപ്പെട്ടു, 80 -കളിലെ ഗള്‍ഫു പറുദീസയില്‍ പോയി പണം വാരിക്കൂട്ടി. ബിസിനസ്സ്കാരന്‍റെ  രൂപത്തില്‍ തിരിച്ചു പൂനയില്‍ എത്തി ഒരു വൃത്തം പൂര്‍ത്തിയാക്കി.`
"നാം ഓരോ കുഴികള്‍ കുഴിച്ചു വെച്ചു കാത്തിരിക്കുക. കസ്ടമര്‍ അതില്‍ വന്നു 
ചാടിക്കോളും അവന്‍റെതായ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി. അവനെക്കുറിച്ചു ബെജാരാവുന്നതിനു പകരം നീ നിന്നെ ഓര്‍ത്തു ബെജാറാവുക അതെല്ലിങ്കില്‍ ഒന്നിനെ ഓര്‍ത്തും ബെജാരാവാതിരിക്കുക." ഇതാണ്  പുള്ളിയുടെ ഒരു രീതി.

ഓഷോ ആശ്രമത്തില്‍ കമ്പ്യൂട്ടര്‍ മൊത്തവ്യാപാരം നടത്തി ഇവിടെയും പണം കൊയ്യുന്ന ആന്തണി സുഹൃത്തും വഴികാട്ടിയും ആയിരുന്നു.
ആശ്രമത്തിലെ നിരന്തര സന്ദര്‍ശനങ്ങളില്‍ ആദ്യമൊക്കെ ആന്തണിയുടെ സഹായി എന്ന വ്യാജേനയും പിന്നെ പിന്നെ അവിടെ മാനേജരും സ്വാമിയും ആയ മഹേഷ്ജിയുമായുള്ള കൂട്ടുകെട്ടിലും കണ്ട കാഴ്ചകള്‍, കേട്ട കഥകള്‍ അവയൊക്കെ അനന്ത സാധ്യതയുള്ള അധ്യായങ്ങളാണ്. ആധ്യാത്മികതയുടെ വിരസകാണ്ഡം  രചിയ്ക്കുക എന്നത് തല്ക്കാലം സ്കോപ്പില്‍ പെടാത്തതുകൊണ്ട് ദാരിദ്ര്യകാണ്ഡം ഈ  ലക്കം  ആന്തണിയെ ചുറ്റിപ്പറ്റിയാവട്ടെ. പിന്നെ സോജയെയും...

മിലിട്ടറി ഹോസ്പിറ്റലില്‍ ഒരു കാമുകിയുണ്ട് ആന്തണിയ്ക്ക്. പേര്  സോജ. ഞായറാഴ്ചകളില്‍ കാറുമായി എത്തുന്ന ആന്തണി സാധാരണ പോലെയാവില്ല. കുളിച്ചു, മുടി ചീകി സുന്ദരനായി വരുന്നത് അവളെ കാണാന്‍ പോവാനായി ഒപ്പം വരുന്നോ എന്ന് ചോദിച്ചാണ്. പ്രേമസല്ലാപം നടത്തില്ല എന്ന് വാഗ്ദാനം തരും, പാലിയ്ക്കുകയും ചെയ്യും. ആദ്യത്തെ തവണ കണ്ടപ്പോള്‍ തന്നെ `കൂട്ടുകാരന്‍ ഇവിടെ വല്ലതും തരപ്പെടുത്തി തരാം എന്ന് പറഞ്ഞാണോ കൊണ്ട് വന്നത്`എന്നായിരുന്നു  സോജയുടെ ചോദ്യം. "എന്നിട്ട് വേണം അവന്‍റെ ജീവിതം കൊഞാട്ടയാവാന്‍"  എന്ന് ആന്തണി.

കഞ്ചുകങ്ങളും മുഖപടങ്ങളും നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങള്‍, സ്വയം ഉള്‍വലിയുന്നവന് വാക്കുകള്‍ നഷ്ടപ്പെടുന്ന  സന്ദര്‍ഭങ്ങള്‍....എവിടെയാണ് നാം കണ്ടെത്തുന്ന നമ്മുടെ സ്വര്‍ഗ്ഗങ്ങള്‍! കാണുന്നതും കാണാത്തതുമായ പരിസര്‍ഗ്ഗങ്ങള്‍, പിന്നെ നാം നമ്മളില്‍ സങ്കല്‍പ്പിച്ചു കൂട്ടുന്ന പ്രമാണി ത്തങ്ങള്‍; ഒരു വേള, നാം നമ്മളെ നോക്കുന്ന ആ മുഹൂര്‍ത്തം....അതിനു നാം തന്നെ സാക്ഷ്യം വഹിച്ച സുന്ദര നിമിഷങ്ങള്‍ ആയിരുന്നു അവ. 


ആന്തണി സോജയോടു പറയുകയാണ്‌: കാലം ഇന്നലെ എന്നെ ഒരു കമ്പ്യൂട്ടര്‍ സയിന്ടിന്‍സ്ടു ആക്കിയെങ്കില്‍ നാളെ നിന്നെ മിസ്സ്‌ ഇന്ത്യ ആക്കില്ലെന്ന് ആര് കണ്ടു? നാം പാര്‍ക്കാന്‍ വന്ന ഈ സ്ഥലത്ത്, എന്റെ കൂടെ മുറി ഷെയര്‍ ചെയ്യുന്നുവോ എന്ന് മാത്രമേ ഞാന്‍ ചോദിയ്ക്കേണ്ടതുള്ളു. നിന്റെ ഉത്തരവും ഇത്തരം ക്ഷണികമായ ഈ ലോകത്തിന്റെ perspective- ല്‍ മാത്രമേ ആവേണ്ടതുള്ളൂ. ഇനിയിപ്പോ ആ ചിന്തകളില്‍ വെറുപ്പിന്റെ നിസ്സംഗതയോ പരിദേവനങ്ങളോ ആണെങ്കില്‍ തന്നെ.....സൂര്യനും ചന്ദ്രനും എന്നാണ് ഒരുമിച്ചിരുന്നിട്ടുള്ളത്? ദൂരങ്ങള്‍ സൂക്ഷിയ്ക്കുമ്പോഴും അകലങ്ങള്‍ സൃഷ്ടിയ്ക്കാതിരുന്നാല്‍ മനുഷ്യ രാശി വിജയിയ്ക്കും സോജ, നീ ഒരു നക്ഷത്രമായി വാഴ്ക. സ്വയം കത്തുന്ന ഈ സൂര്യന്നു കാഴ്ചകള്‍ അമൃത ഭരിതമാവാന്‍ ആ നക്ഷത്ര ക്കാഴ്ചകള്‍ മതി, മരണം വരെ.


പെട്ടെന്നാണ്  എല്ലാം കീഴ്‌മേല്‍ മറിഞ്ഞത്. പന്ത്  തട്ടുകയും ഉരുട്ടുകയും അതില്‍ രസിയ്ക്കുകയും ചെയ്യുന്നവന്  എല്ലാം രസം, കാണുന്നത്  കണ്ടില്ലെന്നു ഭാവിയ്ക്കുക, കാണാത്തത്  കണ്ടെന്നും നടിക്കുക. അതാണല്ലോ അങ്ങേരുടെ രസം. സോജയെ പ്രശസ്തനും പ്രമുഖനും ആയ  ഒരു എന്‍ജിനീയര്‍ കല്യാണം കഴിച്ചു. ആന്തണി അറിയുന്നത്  തന്നെ എല്ലാം കഴിഞ്ഞു ഒരു ഫോണ്‍ കാള്‍ വഴി. അതും അവള്‍ വിളിച്ചതല്ല . വേറൊരുത്തന്‍ ഫ്രണ്ട്  പറഞ്ഞ  വിവരം. 


അങ്കുശമില്ലാത്ത  ചാപല്യമേ മണ്ണില്‍ 

അങ്കനയെന്നു
വിളിയ്ക്കുന്നു നിന്നെ ഞാന്‍

എന്ന് പാടിയപ്പോള്‍ അയാള്‍ അതാ കരയുന്നു.....ഒരിയ്ക്കലും കരയാത്ത മുന്‍ നക്സലൈറ്റ് ....ജീവിതം അച്ഛന്‍ മരിച്ചതിനു ശേഷം, നക്സല്‍ വിപ്ലവ ചിന്തകള്‍ക്ക് ശേഷം, ബിസിനസ്സ് വെട്ടിപ്പിടുത്തങ്ങള്‍ക്ക് ശേഷം സ്നേഹം തുള്ളി തുള്ളിയായെങ്കിലും ഒരു പിശുക്കന്‍റെ പണപ്പെട്ടിയില്‍ നിന്നുള്ള ഔദാര്യ പ്രവാഹം കണക്കെയെങ്കിലും അവാഹിയ്ക്കപ്പെടുമ്പോള്‍ ആസ്വാദനത്തിനു അടിമപ്പെടുകയായിരുന്നു ആന്തണി. സഹതാപം പക്ഷെ ഏറ്റു വാങ്ങാന്‍ എട്ടിലെ പശുവല്ല. അയാള്‍ മറുപടി കണ്ടെത്തിയത് പണ്ട് മുതല്‍ തന്നെ ചതിയ്ക്കില്ല എന്ന്  നൂറാവര്‍ത്തി സാക്ഷ്യപ്പെടുത്തിയിട്ടുള്ള കഞ്ചാവില്‍ ആയിരുന്നു. 

പൂനയില്‍ ജോലിയില്‍ വിരസത കൂടി വന്നു. ഇനി ഇത് വിട്ടു വേറെ പന്ഥാവുകള്‍ സ്വയം സൃഷ്ടിയ്ക്കാന്‍  മാനസികമായി തയ്യാറെടുത്തു. ജീവിതം അതിന്‍റെ inevitable ആയ നൈരന്തര്യങ്ങള്‍ പുനരാവര്‍ത്തനം ചെയ്തു കൊണ്ടേ ഇരുന്നു.

എല്ലാം കൊണ്ടും മതിയായ പൂന വിടുമ്പോള്‍ യാത്ര പറയാന്‍ ആന്തണിയെ പോലെ രണ്ടു മൂന്നു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാഴ്ച ദയനീയം. മുകളിലേയ്ക്ക് ചീകി  വെച്ച മുടിയ്ക്ക് പകരം ചപ്രത്തല , ഊശാന്‍ താടി, കുഴിയില്‍ ആഴ്ന്ന കണ്ണുകള്‍. അതിനു മുമ്പ് ആന്തണിയെ കാണാന്‍ അവിടെ ചെന്നിരുന്നു.

എന്‍റെ പേര് ഓര്‍മകളില്‍ നിന്ന് പോലും വെട്ടി മാറ്റുക, ഞാന്‍ ഇതാ ഈ നിമിഷം മുതല്‍ അന്യന്‍ ആവുന്നു എന്ന് പറഞ്ഞു വിട പറയാന്‍ ചെന്നതതാണ്. ആന്തണി പറഞ്ഞു: യാത്ര പറയാന്‍ വന്നതാവും അല്ലെ? ഇവിടത്തെ ദാരിദ്ര്യ ജീവിതത്തില്‍ നിന്ന് നിനക്ക് രക്ഷപ്പെടാതെ വയ്യ. പോവുക. നീയും ഞാനും അടങ്ങുന്ന സംസാര സാഗരം നമ്മെ മടുപ്പിയ്കുന്ന ഒരു നിസ്സംഗതയില്‍ എത്തിയ്ക്കുന്ന സന്ദിഗ്ധ ഘട്ടം ആണിത്. ഞാന്‍ പറഞ്ഞ സത്യങ്ങളെ അവിശ്വസിയ്കാതിരിയ്ക്കൂ, എന്‍റെ അവസ്ഥ മറിച്ചാണ് നിന്നോട് സംവേദിയ്ക്കുന്നതെങ്കിലും.

സോജ രാജകുമാരി തൃപ്പൂണിത്തുറയില്‍ സര്‍വ്വ സൌഭാഗ്യങ്ങളുമായി വാഴുന്നു എന്നാണു മങ്ങിയ കാഴ്ചകള്‍ മാത്രം കാണാന്‍ കഴിവുള്ള മനുഷ്യ ജന്മം കാണിച്ചു തന്ന സങ്കല്‍പ്പങ്ങള്‍.....മാനസികമായും ശാരീരികമായും അവര്‍ അനുഭവിച്ചു തീര്‍ക്കുന്ന വേദനകള്‍ അവരെ ഒരു അകാല വൃദ്ധയാക്കിയിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷം യാദൃചികമായി ഉണ്ടായ ഒരു കൂടിക്കാഴ്ചയില്‍. നിങ്ങള്‍ എന്തിനാണ് ആ പാവത്തിനെ ചതിച്ചത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് പറയാന്‍ ഉണ്ടായിരുന്നതു ഒരു വാക്യം മാത്രം: "ചതിയ്ക്കുന്നത് നമ്മളല്ല അനിയാ, ദൈവമാണ്..പ്രതീക്ഷകളും മോഹങ്ങളും തരികയും അത് കൈയെത്താ ദൂരം വരെ കാണിച്ചു രസിപ്പിച്ചു കളിപ്പിച്ചു പിന്നെ തട്ടിപറിച്  എടുക്കുകയും ചെയ്യുന്ന ദൈവം."

കാലം പിന്നെയും കുറെ താണ്ടെണ്ടി വന്നു, അല്‍പ ജ്ഞാനിയായ, ദൈവത്തിന്‍റെ അനുഗ്രഹം എപ്പോഴും കുടയായി തണലായി ഉള്ളതിനാല്‍ അഹങ്കാരം അന്ധതയായി, ആഭരണമായി, അണിയുന്ന എല്ലാ അര്‍ത്ഥത്തിലും ദരിദ്രനായ ഈ പുഴു, ആ വാക്കുകളെ കൂട്ടി ചൊല്ലി അര്‍ഥം ഗണിച്ചെടുക്കാന്‍.

2012 ഏപ്രിൽ 29, ഞായറാഴ്‌ച

daaridrya kaandam - 2

അങ്ങിനെയിരിക്കെ ഒരു ദിവസം സന്ധ്യാ സമയത്ത് ഹോട്ടലില്‍ വെയിറ്റര്‍ ആയ പട്ടേല്‍ സാബ് ഒരു വേശ്യയുമായി റൂമില്‍ കയറി വന്നു. പട്ടേല്‍ ഞങ്ങളുടെ റൂമില്‍ ഏറ്റവും പത്രാസും പൈസയും ഉള്ള അന്തേവാസിയാണ്. പല  തവണ ജംഗ്ളി മഹാരാജ് റോഡിലുള്ള കല്‍ക്കത്ത രെസ്ടോരന്റില്‍ പുള്ളിയുടെ ഔദാര്യത്തില്‍ പള്ള നിറച്ചതും ആണ്. പട്ടേല്‍ ഒരു BJP-ക്കാരന്‍ ആണ്. അതുകൊണ്ട് ചെറിയ രീതിയില്‍ ചില വാഗ്വാദങ്ങള്‍ പലപ്പോഴും ഞായറാഴ്ചകളില്‍ പതിവുണ്ട്. പുള്ളിയുടെ ഫ്രണ്ട് ആയ ഒരു എന്‍ജിനീയര്‍ ഞായറാഴ്ച കാണാന്‍ വരും. അന്തസ്സോടെ, അഭിമാനത്തോടെ പട്ടേല്‍ പരിചയപ്പെടുത്തും. പക്ഷെ അദ്ദേഹം കോണ്‍ഗ്രസ്സുകാരന്‍  ആയിരുന്നു. കൂടിക്കാഴ്ച അവസാനിക്കുന്നത് ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാവിയില്‍ രണ്ടു പേരും കണ്ടു വെച്ചിട്ടുള്ള ഉള്‍ക്കൃഷ്ടമായ ചിന്താ  ധാരയിലെ വ്യതാസങ്ങളെ ചൊല്ലിയുള്ള കടി പിടിയിലാവും. ഫ്രണ്ട് ചോദിക്കും: നിങ്ങടെ നേതാവ് ആ ശുംഭന്‍ ബാല്‍ താക്കറെ, അയാളെ നിങ്ങള്‍ ഏതു വകുപ്പിന്റെ മന്ത്രിയാണ് ആകാന്‍ പോവുന്നത്....പട്ടേലിന് ഒരു സംശയവുമില്ല: "അയാളെ ഞങ്ങള്‍ രാഷ്ട്രപതിയാക്കും. എന്നാലും നിങ്ങടെ എല്ലാ നപുംസകങ്ങളെക്കാളും ഭേദം തന്നെ...."

വര്‍ത്തമാനവും ഭാവിയും എല്ലാം അത്യന്തം അനിര്‍വചനീയമായ ചോദ്യങ്ങള്‍ ആയി നില നില്‍ക്കുമ്പോഴും ഈ ചര്‍ച്ചകള്‍ ആയിരുന്നു അതില്‍ അനല്‍പ്പം ആയ ആനന്ദം പകര്‍ന്നു തന്നിരുന്നത് എന്ന് പറയാതെ വയ്യ.

പട്ടേല്‍ കൊണ്ട് വന്ന പെണ്‍കിടാവ്, നിഷ്കളങ്കന് ഇത്രമേല്‍ വശ്യത തോന്നാന്‍ ഉതകുന്ന ചാരുത ആണെന്ന സത്യം അവിതര്‍ക്കിതമാണ്. അത് അല്ലെങ്കിലും പൂനയില്‍ ഏതൊരു പെണ്ണിന്റെയും ജന്മ ഭാഗ്യം ആണെന്ന് വേണം കരുതാന്‍. മുന്തിരിച്ചാറു പോലെ, തൊട്ടും തൊടാതെയും ആസ്വദിക്കപ്പെടുന്ന ദൃശ്യ ഭംഗിപോലെ, ഭൂമിയില്‍ നാം തീര്‍ത്ത സ്വര്‍ഗീയ ഭാവനകള്‍ക്ക് നിറങ്ങള്‍ പകരുന്ന ചൈതന്യ സങ്കലപങ്ങള്‍ പോലെ, പൂനയില്‍ പെണ്‍കുട്ടികള്‍ വശ്യ ചാരുതയായി നിങ്ങളെ എന്നും ആകര്‍ഷിക്കും. ചുവന്ന തെരുവില്‍ ഈ വര്‍ഗത്തിനെ കണ്ടു പരിചയിച്ചതാണ് - അത് വേറെ കഥ. അവരുടെ ജീവിതം എന്തെന്നറിയാന്‍ അവരുടെ കദന വീഥികളിലൂടെ പദയാത്രകള്‍ നടത്തിയ കാലം. അതൊക്കെ ഓര്‍മകളില്‍ ഒരു മുറിയും ആഘാതവും ആയി നിന്നോട്ടെ, കാഴ്ചകള്‍ തിമിരാനുഗ്രഹം ഭാവിചീടട്ടെ....

പക്ഷെ ഇവള്‍, മുല്ലപ്പൂ മാലയും ചൂടി, ഇത്രയടുത്ത് വന്നു നില്‍ക്കുമ്പോള്‍ എന്തോ, അത്രയും അടുത്ത് ഒരു പെണ്ണ് വന്നു നില്‍ക്കുന്നത് ആദ്യമായിട്ടായതിനാല്‍ ആവാം ഈ സംത്രാസം.' മിഴി പൂട്ടുക മിഴിനീരൊപ്പുക' എന്ന് കവി പാടുന്നതിനും മുമ്പ്‌, പട്ടിണിയിലും പട്ടേലിനെതിരെ രോഷം പതഞ്ഞു വന്നത് പ്രായത്തിന്‍റെ അസന്തുലിതമായ വികാരങ്ങളാല്‍ ആവണം. അല്ലെങ്കിലും കാഴ്ച്ചയുടെ പരിമിതികളില്‍ നാം കല്പിച്ചു കൂട്ടുന്ന സങ്കല്‍പങ്ങള്‍ക്ക് ജീവിത വീക്ഷണത്തിന്റെ മൊത്തമായ പരിഗണനകളില്‍ എന്ത് വില?
ഉടക്കിയപ്പോള്‍ പട്ടേല്‍ ലെയ്ന്‍ മാറ്റി. എന്നാ പിന്നെ നീ ആദ്യം. കേട്ട പാതി കേക്കാത്ത പാതി ആ അതി സുന്ദരി ദാണ്ടേ കട്ടിലില്‍ വന്നിരിപ്പായി, ബ്ലൌസോക്കെ അഴിയ്ക്കാനും തുടങ്ങി. ഇനി ഇവിടെ ഇരുന്നാല്‍  പലതിനും ഉത്തരം പറയേണ്ടി വരും എന്ന ഭീരുത്വ ചിന്തയോ അതോ പട്ടേലിനെ പിണക്കി അവിടെ ജീവിയ്ക്കാന്‍ പറ്റാത്ത ദാരിദ്ര്യത്തിന്റെ നിസ്സഹായതയോ അതോ വെറും കപട ആദര്‍ശ ചിന്തയോ എന്തോ (എന്തിനാണ്  ഈ കപടം എന്ന വാക്ക് സ്വയം ഒരു ആഭരണം ആയി അണിയുന്നത്? സ്വന്തം വേഷത്തെ പറ്റി മറ്റുള്ളവര്‍ക്ക് ഒരു തെറ്റിധാരണയും ഉണ്ടാവാതിരിയ്ക്കാന്‍ എന്ന്  വിവക്ഷ.)...അവിടെ നിന്നിറങ്ങി.


തെരുവില്‍ ബസ്സ് കാത്തു നില്‍കുമ്പോള്‍ വീട് എന്നോ താവളം എന്നോ പറയാന്‍ എങ്കിലും ഉള്ള  ഇരുമ്പിന്റെ ഫ്രേമില്‍ തീര്‍ത്ത ഒരു കട്ടിലും അതില്‍ നാമ മാത്രമായ ഒരു കിടക്കയും അതിലുള്ള മൂട്ടകളും എല്ലാം മിസ്സ്‌ ആവുന്നുവല്ലോ എന്ന ചിന്തയായിരുന്നു. എത്ര വിചിത്രമാണ് ജീവിതം! കിടക്കാന്‍ ആഡംബര  കട്ടിലും കഴിയ്ക്കാന്‍ വിഭവങ്ങളും പരിചരിയ്ക്കാന്‍ സേവകരും നഷ്ടപ്പെട്ടതിനെക്കാള്‍ വേദന ഈ താല്‍ക്കാലിക സത്രം ഒരു രാത്രിയ്ക്ക് വേണ്ടിയെങ്കിലും പരിത്യജിയ്ക്കുമ്പോള്‍ ആണെന്ന്!


കയ്യില്‍ ഉള്ള 5 രൂപ വെച്ച് എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലം നമ്മുടെ ജോമോന്‍ താമസിക്കുന്ന ഖട്കെ വാസ്ലെ-യിലെ വീട്ടില്‍ തന്നെ. അവിടെയാവുമ്പോള്‍ വേറെ അധികം ചിലവും ഇല്ല, ടെലെഫോണ്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മറാത്തി മറിച്ച് കൊടുക്കുന്ന വാടക വീടായതിനാല്‍ ആരും അന്വേഷിച്ചു വരുന്ന പ്രശ്നവും ഇല്ല. PMT ബസ്സിറങ്ങി ആഞ്ഞു പിടിച്ചു. അവന്‍ അവിടെ ഉണ്ടോ എന്തോ? ഇല്ലെങ്കില്‍ തിരിച്ചു സ്വ വസതിയിലേയ്ക്ക്‌ പോവാന്‍ നടക്കുക തന്നെ വഴിയുള്ളൂ. കാരണം ഇനി 2 രൂപയെ ബാകിയുള്ളൂ. 

പെട്ടെന്നതാ പുറകില്‍ ഒരു ആള്‍ക്കൂട്ടം...അവര്‍ ആണെങ്കില്‍ എന്തോ ലക്‌ഷ്യം വെച്ചിട്ടെന്ന പോലെ പിന്നാലെ പാഞ്ഞു വരികയുമാണ്. കുറച്ചു വേഗം നടന്നു നോക്കി, അവരാണെങ്കില്‍ പതിന്‍ മടങ്ങ്‌ സ്പീഡില്‍ തൊട്ടു പിറകെ. കഷ്ടിച്ച് ജോമോന്റെ അപാര്‍ട്ടുമെന്റില്‍ എത്തിപ്പെട്ടു. അവന്റെ ഡോര്‍ മൂന്നാം നിലയിലേയ്ക്ക് ഓടിക്കയറുമ്പോള്‍ ഒരു ജാഥയ്ക്ക് ഉള്ള ആളുകള്‍ പുറകെ വരുന്നുണ്ടായിരുന്നു. വാതിലിലില്‍ മുട്ടിയപ്പോള്‍ ഒരു അനക്കവും കേക്കുന്നില്ലല്ലോ...ഇടിച്ചും ചവിട്ടിയും നോക്കി. ഹൂം ഹൂ. ആരും അകത്തില്ല. താഴെയ്ക്കിറങ്ങാന്‍ ഒരു നിവര്‍ത്തിയും ഇല്ല. എന്ന പിന്നെ മോളിലോട്ട് തന്നെ കേറുക. ടെറസ്സില്‍ കയറുന്ന വാതില്‍ ഭാഗ്യത്തിന് തുറന്നു കിടപ്പുണ്ട്. വേഗം ടെറസ്സില്‍ കയറി, പക്ഷെ വാതിലിനു ഉള്ളില്‍ നിന്നെ ബോള്‍ട്ട് ഉള്ളൂ പുറത്തു ലോക്ക് ചെയ്യാന്‍ ഒന്നും ഇല്ല. വാതില്‍ തള്ളി പിടിച്ചു ടെറസ്സില്‍, പിന്‍ഗാമികള്‍ ഇങ്ങോട്ട് വരില്ലായിരിയ്ക്കാം എന്ന വിശ്വാസത്തോടെ. 

വിശ്വാസം...അതിനു  ഒരു നിമിഷത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. എട്ടു പത്തു പേരുടെ ശക്തിയ്ക്ക് മുന്‍പില്‍ വാതില്‍ തുറന്നു കൊടുക്കപ്പെട്ടു. തൊഴുതു കൂപ്പിയ കൈകളെ വകവെക്കാതെ അവര്‍ ഓരോരുത്തരായി അവരുടെ മനസ്സിലെ കോണി കയറിച്ച വികാരങ്ങളെ തീരുന്നത് വരെ താടനങ്ങളാല്‍ തകര്‍ത്തുടച്ചു. ചില ഉദാഹരണങ്ങള്‍ പറയുകയാണെങ്കില്‍, "നിന്‍റെ വീടെവിടെ?" എന്ന് ചോദ്യം. വീട് എന്നൊന്നില്ലല്ലോ എന്നോര്‍ക്കുമ്പോഴും ഇവരോട് വീടിനെ പറ്റി വര്‍ണിയ്ക്കാന്‍ താമസിയ്ക്കുമ്പോഴും അവര്‍ അടിയ്ക്കാന്‍ ചാന്‍സുകള്‍ കണ്ടെത്തുകയായിരുന്നു. പടെ പടെ എന്ന് പലരുടെയും കൈക്കരുത്തുകള്‍ കവിളാല്‍ ഏറ്റു വാങ്ങിയതിനു ശേഷം ഒരു മാന്യന്‍ ആ ടെറസ്സില്‍ വരികയുണ്ടായി. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയൂ എന്ന പോലെ എന്തൊക്കെയോ അയാള്‍ പറയുന്നുണ്ടായിരുന്നു....എല്ലാം മനസീലായില്ല. അതിനു മുന്‍പേ ബോധം സലാം പറഞ്ഞിരുന്നു. അതുപോലെ തന്നെ കൊമ്പ് വെച്ച് കെട്ടിയ ആത്മാഭിമാനപ്പട്ടവും ചവിട്ടേറ്റു ഒതുക്കപ്പെട്ടിരുന്നു.

അതിരാവിലെ ഉണരുമ്പോള്‍ ജോമോനും പോത്തച്ചനും കട്ടിലിനടുത്ത്‌ തുറിച്ചു നോക്കി ഇരുപ്പുണ്ടായിരുന്നു. ഉണര്‍ന്നപ്പോള്‍ അവര്‍ക്കല്‍പ്പം ആശ്വാസമായി. പൊക്കിയെടുത്തു മുനിസിപ്പല്‍  ആശുപത്രിയില്‍ കൊണ്ടുപോയി.ജോമോന്‍, നേഴ്സ് പറഞ്ഞ പോലെ എല്ലാ മരുന്നും വാങ്ങിച്ചു കൊണ്ട് വന്നു. മാത്രമല്ല  നെഴ്സിനും മറ്റും നല്ല നോട്ടുകള്‍ കയ്യില്‍ വെച്ച് കൊടുക്കുകയും ചെയ്തു. ജോമോന് എല്ലാത്തിനും വ്യക്തമായ കാരണം ഉണ്ടായിരുന്നു: "എന്നെ കാണാന്‍ വന്ന എന്‍റെ സുഹൃത്തിനു സംഭവിച്ച ദുരിതം എനിയ്ക്ക് സംഭവിച്ചത് പോലെ തന്നെയാണ്. എത്ര പണം  ചെലവായാലും  അത് എനിയ്ക്ക് പ്രശ്നമല്ല . "
2 രൂപ പോക്കറ്റില്‍ വെച്ച്, യാതൊരു മുന്നറിയിപ്പും ഇല്ലാതെ അര്‍ദ്ധ രാത്രി കാണാന്‍ ചെന്ന ഔചിത്യവും സ്വയം ചോദ്യം ചെയ്യുകയായിരുന്നു ആ സമയത്ത്.

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു പോത്തച്ചനെ കാണുന്നത് വരെയും ജോമോന്‍ ഒരു സമസ്യ ആയിരുന്നു. തെക്കന്‍ തിരുവിതാംകൂറിലെ ഈ അച്ചായന്‍ എന്തിനായിരിക്കും ഈ എഴാം കൂലിയെ അന്ന് പണവും പിന്‍ ബലവും തന്നു സഹായിച്ചത്? ഞങ്ങള്‍ വടക്കന്മാര്‍ക്ക് ഒരിയ്ക്കലും മനസ്സിലാക്കാന്‍ പറ്റാത്ത രഹസ്യങ്ങള്‍! പോത്തച്ചന്‍ ഒരു മന്ദബുദ്ധിയൊടെന്ന പോലെ വിശദീകരിച്ചു: "ജോമോന്‍ അവിടെ ഒരു പെണ്ണിനെ കുറെ ദിവസമായിട്ടു പുറകെ നടന്നു ശല്യം ചെയ്യുകയായിരുന്നു, അന്ന് നീ വന്ന ദിവസം, അവന്‍ അവളെ കയറി പിടിച്ചു. അവള്‍ അവളുടെ ആങ്ങളമാരോട് വിവരം പറഞ്ഞു. മൊത്തം കോളനിയില്‍ ഉള്ളവര്‍ ജോമോന്‍ പുറത്തു പോയ സമയത്ത് കൂട്ടം കൂടി കള്ളും കുടിച്ചു അവന്‍ വരുന്നത് നോക്കി ഇരിക്കുകയായിരുന്നു. അപ്പോഴാണ് സന്ധ്യാ സമയത്ത് നിന്‍റെ വരവ്, പാതി ഇരുട്ടില്‍ നിന്‍റെ മുഖം അവന്‍റെ പോലെ തോന്നിയത് കൊണ്ടോ അതോ അവനു വെച്ചിരുന്നത് ഏതെങ്കിലും ഒരു മലയാളിയ്ക്ക് കൊടുത്തെയ്കാം എന്ന് വിചാരിച്ചോ എന്തോ നിനക്കിട്ടു ചാമ്പിയത്!"
 ഇത് ജോമോന് അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അച്ചായന്‍ സ്ടയിലില്‍ ഒരു ചിരി പാസാക്കി പോത്തച്ചന്‍. എല്ലാം വിശദമാകുന്ന ചിരി.

ആശുപത്രിയില്‍ നിന്നിറങ്ങി വീണ്ടും വീട്ടില്‍ ചെന്നപ്പോള്‍ അതാ അവിടെ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പട്ടേല്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. "നീ ഇന്നലെ എന്തിനാണ് ഇവിടെ നിന്നു പോയത്" എന്ന പട്ടേലിന്റെ ചോദ്യം ഇന്നും ഉത്തരം ഇല്ലാതെ അവശേഷിയ്ക്കുന്നു.

2012 ഏപ്രിൽ 19, വ്യാഴാഴ്‌ച

Daridrya kaandam - 1

ഓര്‍മ്മകള്‍...
പൂന റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള ഒരു ഹോട്ടല്‍. ജോലി തെണ്ടി നടന്നു ക്ഷീണിച്ചു വിശപ്പും ദാഹവും സഹിയ്ക്കാന്‍ പറ്റാതെ കയറിയതാണ്. 

സ്വഭാവം വെച്ച് ഇത്ര മുന്തിയ ഭക്ഷണശാല കാണുമ്പോള്‍ വായിലെ വെള്ളം ഇറക്കി വേഗത്തില്‍ നടക്കുകയാണ് പതിവ്. പിന്നെ റോഡിലേയ്ക്ക് ഇറക്കി കെട്ടിയ ചായക്കടയില്‍ ഒരു ഹാഫ് ചായ ഓര്‍ഡര്‍ ചെയ്തു അതിനു വഴി തെളിയിയ്ക്കാന്‍ രണ്ടു ഗ്ലാസ്‌ പച്ചവെള്ളം കുടിച്ചു അതിന്‍റെ പിന്നാലെ ചൂടുള്ള അതി മധുരമുള്ള "അമൃത തുല്യ"മായ ചായ കുടിച്ചു കഴിഞ്ഞാല്‍ വിശപ്പ്‌ കുറച്ചു ദൂരം പിന്നിലാക്കപ്പെടും.. 

അക്കാലങ്ങളില്‍ നേരം വെളുത്തു കഴിഞ്ഞാല്‍ തുടങ്ങുക എങ്ങനെ വിശപ്പിനെ പറ്റിയ്ക്കാം എന്ന താത്വിക ചിന്തയാണ്. വെള്ളത്തിന്‌ ദാഹം ശമിപ്പിയ്ക്കല്‍ എന്ന ഒറ്റ ജോലി മാത്രമല്ല എന്ന സാധ്യത കണ്ടെത്തിയതും അക്കാലത്ത് തന്നെ. സ്റ്റേഷന് പിന്നിലെ റെയില്‍ ട്രാക്കുകള്‍ക്കപ്പുറം ചേരി ചേരാ നയം കാത്തു സൂക്ഷിച്ചു കൊണ്ട് ചുറ്റും തകരപ്പാട്ട വീടുകളാല്‍ അലങ്കരിയ്ക്കപ്പെട്ട ഒരു പുരാതന കെട്ടിടത്തിലെ നാലാം നില വലിഞ്ഞു കയറി എത്തിപ്പെട്ടാല്‍ അവിടെ മുറി പങ്കിടാന്‍ ഒരു മധ്യ പ്രദേശുകാരന്‍ ഹോട്ടല്‍ വെയിറ്റര്‍, ഒരു ബംഗാളി ചുമട്ടു തൊഴിലാളി, ഒരു തമിഴന്‍ അക്കൌണ്ടന്റ് എന്നിങ്ങനെ മഹാരഥന്മാര്‍ കുറവല്ല. പക്ഷെ അവര്‍ക്കെല്ലാം പരിവട്ടം മാത്രമേ ഉള്ളൂ, പട്ടിണിയില്ല.പലപ്പോഴും കനിവോടെ ഭക്ഷണം വാങ്ങിച്ചു തന്ന  മഹാത്മാക്കള്‍. എങ്കിലും  മഹാന്മാര്‍ ഒരുമിച്ചു ശാപ്പാടടിയ്ക്കാന്‍ പോവുമ്പോള്‍ വിളിച്ചാല്‍ കൂടെ പോവുന്നത് ഒഴിവാക്കും. അഭിമാനമാണല്ലോ വലുത്. പച്ചവെള്ളം അതിലും വലുത്. "ഞാന്‍ കഴിച്ചു, വിശപ്പില്ല" എന്ന് പറയുമ്പോള്‍ VKN പറഞ്ഞ പോലെ ആവും ചിന്ത: "ഇപ്പൊ ഒരു കിണ്ടി വെള്ളം കുടിച്ചതെയുള്ളൂ, അതൊന്നു ദഹിച്ചോട്ടെ."

അപ്പോള്‍ പറഞ്ഞു വന്നത് മധ്യാഹ്ന സൂര്യന്‍ തകര്‍ത്തു കളഞ്ഞ ചെറുത്ത്നില്‍പ്പുമായി കയറിച്ചെന്ന ഭക്ഷണശാലയെപറ്റിയാണല്ലോ. മുഖം കഴുകി വെടിപ്പാക്കി മെനു പഠിയ്ക്കാന്‍ തുടങ്ങി. ഉപചാര പൂര്‍വ്വം വെള്ളം കൊണ്ട് വെച്ച വെയിറ്ററെ തല്‍ക്കാലം ഗൌനിച്ചില്ല. വെള്ളവും കുടിച്ചില്ല. കാരണം ഇത്തവണ ഭക്ഷണം തന്നെയാണ് ലക്‌ഷ്യം. മെനുവില്‍ ഉപരിപഠനം തന്നെ നടത്തിയപ്പോള്‍ കയ്യിലുള്ള 25 രൂപയില്‍ നില്‍ക്കുന്നത് മുട്ട ബിരിയാണിയാണ് എന്ന് ബോധ്യമായി. ബിരിയാണി കൊണ്ട് വന്ന വെയിറ്റര്‍ ബഹുമാനം വിടാതെ ഗ്രേവി കൊണ്ട് വരട്ടെ എന്ന് ചോദിച്ചു. നോക്കിയപ്പോള്‍ ശരിയാണ്. ബിരിയാണിയുടെ കൂടെ ഒരു സലാട് പോലുമില്ല. എന്നാല്‍ പിന്നെ ഗ്രേവി കൂട്ടി പൂശാം എന്നായി. ആസ്വദിച്ചു കഴിച്ചു.

ബില്ല് വന്നപ്പോള്‍ ബഷീര്‍ പറഞ്ഞ പോലെ സപ്ത നാഡികളും തളര്‍ന്നു. കണ്ണില്‍ ഇരുട്ട് കയറി. പക്ഷെ പേഴ്സ് നഷ്ടപെട്ടത് അല്ല കാരണം. ബില്ല് 35 രൂപ! വെയിറ്ററെ കൊസ്ട്യന്‍ ചെയ്തു: ഇതെങ്ങനെ സംഭവിച്ചു? "സാറ് ഗ്രേവി ഓര്‍ഡര്‍ ചെയ്തില്ലേ? അതിനു 7 രൂപ, പിന്നെ 3 രൂപ ടാക്സും." ഇടലിയുടെ കൂടെ സാമ്പാര്‍ ഫ്രീ കിട്ടുന്ന പോലെ ഇവിടെ നടക്കില്ല എന്ന് ഓര്‍ക്കേണ്ടതായിരുന്നു.

നാട്ടില്‍ നോക്കെത്താ വയലുകളില്‍ നെല്‍ക്കൃഷിയുടെ ആധിപത്യമോ, കുഞ്ഞുനാള്‍ തൊട്ടു മുറ്റം നിറച്ചും മെതിച്ചും ഉണക്കിയും വേവിച്ചും സമൃദ്ധമായ അന്നത്തിന്റെ സമ്പന്നമായ ചരിത്രമോ ഒന്നുമല്ല ഓര്‍മയില്‍ വന്നത്. അറിയാവുന്ന ഒരു മനുഷ്യന്‍ പോലുമില്ലാത്ത ഈ മഹാനഗരത്തില്‍ ആരാണ് എന്നെ 10 രൂപ തന്നു സഹായിയ്ക്കുക? അതും പെട്ടെന്ന്, ഈ ഹോട്ടലുകാര്‍ കടുത്തെന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ്. സെല്‍ ഫോണ്‍ പോട്ടെ, ലാന്‍റ് ഫോണ്‍ പോലും സാര്‍വത്രികം ആയിട്ടില്ലാത്ത കാലം. ഇന്‍ലാന്റുകളില്‍ കത്തെഴുതി വിവരം കൈമാറിയിരുന്ന കാലം. വിവര സാങ്കേതിക വിപ്ലവം അങ്ങ് ദൂരെ ഏഴു കടലും കടന്നു കാണാ മറയത്തെ ആങ്ങളയെയും പെങ്ങളെയും പുഴയും പൂവും പൂക്കളവും സ്വന്തം മടിത്തട്ടിലെ കൊച്ചു വട്ടത്തില്‍ ആവാഹിച്ചു വരുത്തിയിട്ടുണ്ടായിരുന്നില്ല.

കയ്യില്‍ ഉണ്ടായിരുന്ന ഫയലും എടുത്തു കൌണ്ടറില്‍ പോയി. ഫയലും കയ്യിലെ വാച്ചും  അവിടെ വെച്ച് പറഞ്ഞു. ബില്ലടയ്ക്കാന്‍ പൈസ തികയില്ല. 10 രൂപ കുറവുണ്ട്. ഫയലും വാച്ചും ഇവിടെ വെച്ച് വീട്ടില്‍ പോയി ബാക്കി പൈസ എടുത്തു വരാം. ഫയലില്‍ സര്‍ട്ടിഫിക്കറ്റും ഉണ്ട്. ക്ഷമിയ്ക്കണം.

വീട്ടില്‍, അങ്ങനെ പറയാമോ എന്നത് വേറെ വിഷയം, 10 രൂപ പോയിട്ട് 10 പൈസ പോലും ഇല്ല എന്ന രഹസ്യം അവര്‍ക്കെങ്ങനെ അറിയാന്‍ എന്നായിരുന്നു കപട ചിന്ത. വീട്ടില്‍ എന്നല്ല നാട്ടില്‍ തന്നെ കാല്‍ കാശിന്റെ മൂല്യം ഇല്ലാത്ത ദരിദ്രന്‍ മൂല്യബോധത്തില്‍ എങ്ങനെ ധനികന്‍ ആവാന്‍! ഏതായാലും മുഖപടം പൊഴിയാതെ, കാപട്യവും പരാജിതന്റെ വ്രണിത ഭാവവും മിഴികളില്‍ നിന്നും തുടച്ചു, ആത്മ വിശ്വാസക്കുറവു കൊണ്ട് ആര്‍ദ്രമാവുന്ന ശബ്ദം ഉള്ളില്‍ പൂഴ്ത്തി വെച്ച്, തല പൊക്കുമ്പോള്‍ മുന്നില്‍ അതാ ആ വെയിറ്റര്‍. സാറേ എന്ന് വിളിച്ചയാള്‍ ഏതു തെറിയില്‍ ആണ് ഉപസംഹരിയ്ക്കാന്‍ ഭാവം എന്നോര്‍ത്ത് നില്‍ക്കെ അയാള്‍ പറഞ്ഞു: "സാരമില്ല സാര്‍. സാറിവിടെ ഇതൊന്നും വെയ്ക്കേണ്ട. പൊയ്ക്കോളൂ. എന്നെങ്കിലും ഇത് വഴി വരുമ്പോള്‍ 10 രൂപ കയ്യില്‍ ഉണ്ടെങ്കില്‍ ഇവിടെ തന്നു പോയാല്‍ മതി". നിങ്ങള്‍ക്ക് ടിപ്പു പോലും തരാന്‍ പറ്റിയില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ നിലം പരിശാക്കിക്കൊണ്ട് അയാള്‍ മറുപടി നല്‍കി: "എന്നെങ്കിലും നിങ്ങള്‍ ജീവിതത്തില്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇല്ലാത്തവന് ഒരു നേരത്തെ ആഹാരം വാങ്ങിച്ചു കൊടുക്കാന്‍ സാധിച്ചാല്‍ അന്ന് എന്നെ ഓര്‍ത്താല്‍ മതി, അതാണ് എന്റെ ടിപ്."

പിന്നീടും പല തവണ ആ ഹോട്ടലിന്റെ മുന്നിലൂടെ പോയെങ്കിലും ദാരിദ്ര്യത്താല്‍ അനുഗ്രഹീതന്‍ ആയിരുന്നതിനാല്‍ 10 രൂപ തികച്ചു എടുക്കാന്‍ കയ്യില്‍ ഉണ്ടായിരുന്നില്ല. അതുണ്ടായപ്പോഴെയ്ക്കും പിന്നെ ആ നഗരത്തില്‍ നിന്നും ബഹുദൂരം അകന്നു.
വിശക്കുന്നവനു ഒരു നേരം ഭക്ഷണം വാങ്ങിച്ചു കൊടുക്കാനും പിന്നീട് ഒരിയ്ക്കലും സാധിച്ചില്ല. അതുകൊണ്ട് മാന്യനായ ആ     വെയിറ്റര്‍ക്ക് ടിപ്പായി ഇത് സമര്‍പ്പിയ്ക്കുന്നു.