2015 ജനുവരി 22, വ്യാഴാഴ്‌ച

ജീവപര്യന്തം

(Published in Malayali Magazine, July 2014)

ഭവനരഹിതർ താമസിയ്ക്കുന്ന ഗവന്മെന്റു ഷെൽട്ടറിൽ വെച്ചാണ് അവറാച്ചനെ ഞാൻ കണ്ടത്. അർദ്ധ ബോധാവസ്ഥയിൽ ഭക്ഷണപ്പാത്രം നീട്ടി നിൽക്കുന്ന അയാളുടെ രൂപം പഴയ അവറാച്ചന്റെ ഒരു വികൃതാനുകരണം പോലെ തോന്നിച്ചു. കൂടെ ആദിവാസിയെന്നു തോന്നിയ്ക്കുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഭക്ഷണം കൊടുക്കാൻ ഉള്ള സന്നദ്ധ സേവകൻ ആയി അവിടെയെത്തിയ എന്നെ അയാൾ ഒന്ന് നോക്കിയെന്നു തോന്നി, പക്ഷെ പെട്ടെന്ന് ദൃഷ്ടി മാറ്റുന്നതും കണ്ടു. മരിജ്വാനയുടെ ലഹരിയിൽ അവറാച്ചന് എന്നെ മനസ്സിലായില്ലേ? ഇല്ലെങ്കിൽ ഭാഗ്യം!

ആ ആൾക്കൂട്ടത്തിൽ ചിലരെ കണ്ടാൽ സഹതാപം തോന്നും - അവരിവിടെ എത്തിപ്പെടാൻ ഇടയായ ജീവിത സാഹചര്യങ്ങൾ വ്യവസ്ഥിതിയുടെ സൃഷ്ടിയാവാം എന്നോർത്ത്. ഈ കഴിഞ്ഞ ദിവസം ഒരു അഗതി രാത്രിയിൽ ഉറങ്ങാൻ ശ്രമിയ്ക്കെ ഒരു കടയുടെ മുമ്പിലെ സ്പൈക്കിൽ നിന്ന് ഷോക്കേറ്റു മരിച്ചു. കടയുടമ വെച്ച കെണിയാണ്‌. കഴിഞ്ഞ വർഷമാണ്‌ മാലിന്യക്കൂമ്പാരത്തിൽ കിടന്ന് അന്തിയുറങ്ങിയ ഒരു ഭവനരഹിതനെ സിറ്റിയുടെ ട്രക്ക് വലിച്ചകത്തിട്ടത്...ഭാഗ്യത്തിന് നിലവിളി കേട്ട് ഡ്രൈവർ പരിശോധിച്ചപ്പോൾ ഗാർബെജിനിടയിൽ കിടക്കുന്ന നിഷ്കാസിതനെ കണ്ടു. അത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി.

എന്നാൽ മറ്റു ചിലരാവട്ടെ, 'ഓടി നടന്ന് അടി വാങ്ങിയ്ക്കുന്ന' പാർട്ടികളത്രെ! അങ്ങിനെയൊരു ഗടി ഇപ്പോൾ അവറാച്ചന്റെ അടുത്തേയ്ക്ക് വരികയാണ്. താടി, മീശ, നീട്ടിയ മുടി, ദേഹം മുഴുവൻ നീളത്തിൽ കറുത്ത കോട്ട്, ലഹരി നിറഞ്ഞ കണ്ണുകൾ. അവറാച്ചന്റെ സഖിയെ ഒന്ന് തോണ്ടി, ഒരു പുളിച്ച കമന്റും വളിച്ച ചിരിയുമായി അയാൾ കടന്നു പോയി. സ്വതവേ പൊട്ടനും, പോരെങ്കിൽ ലഹരിച്ചാമിയും, സർവ്വോപരി സർവസംഗ പരിത്യാഗിയും ആയ അവറാച്ചൻ പിന്നെ മുൻ പിൻ നോക്കാതെ പ്രതികരിയ്ക്കും എന്ന് ഞാൻ ഉറപ്പിച്ചു. അവിടെ കിടക്കുന്ന കസാലയോ മറ്റോ എടുത്ത് തല്ലു കൊള്ളിയുടെ തല നോക്കി പൂശുക, എന്താണ് സംഭവിച്ചത് എന്നാലോചിയ്ക്കാനൊന്നും നിൽക്കാതെ മഹാനുഭാവാൻ തറയിൽ വീണ് അലമുറയിട്ട് കരയുക - ഇത്യാദി കലാപരിപാടികൾ ആണ് ഉദ്വേഗഭരിതനായ ഞാൻ വിഭാവനം ചെയ്തത്. പക്ഷെ അയാളാകട്ടെ, മൗനമായി നിലത്തു നോക്കി നിൽക്കുകയായിരുന്നു. അവറാച്ചൻ എവിടെ നിന്ന് എവിടെയെത്തി എന്നോർത്തു പോയി   ഞാൻ ഒരു നിമിഷം.

പൂർവാശ്രമത്തിൽ അവറാച്ചൻ ഇവിടത്തെ മലയാളി അസോസിയേഷന്റെ 'താക്കോൽ സ്ഥാനത്ത് ' ആയിരുന്നു പ്രതിഷ്ഠ! അവറാച്ചന്റെ പ്രസംഗം, അവറാച്ചന്റെ ടിക്കറ്റ് വിൽപ്പന, പരസ്യം പിടിയ്ക്കൽ, പരിപാടികൾ വരുമ്പോൾ കസാലയിടാനും മറ്റും ആളുകളെ ആവേശ
​ത്തോടെ​

​അണി​ 
നിരത്തുന്ന സംഘടനാ പാടവം - എല്ലാം കൊണ്ടും അന്നൊക്കെ അയാളുടെ ഒരു റ്റെയ്മായിരുന്നു എന്നാണ് ചരിത്രം.
കാലം വഞ്ചകനായ ഒരു സഹയാത്രികനാണ്. നിങ്ങൾ ഇന്ന്  കയറിയിരിയ്ക്കുന്ന ആ പീഠത്തിൽ നിന്ന് നിങ്ങളെ വലിച്ച്  താഴെയിടാൻ  ഉള്ള എല്ലാ  കൂടോത്രവും ഒരുക്കി കാലം കാത്തിരിയ്ക്കും. അഹങ്കാരവും ആത്മ വിശ്വാസവും ഒരു പോലെ തലയ്ക്കു പിടിയ്ക്കുന്ന ഒരു നാൾ നിങ്ങൾ കെണിയിൽ വീഴും - അതാണ്‌ അവറാച്ചന് സംഭവിച്ചത്. പുള്ളിയ്ക്ക് പക്ഷെ 'തലയ്ക്കു പിടിയ്ക്കാൻ' വേറെ കൃത്രിമ വിഷങ്ങളും കൂടെയുണ്ടായിരുന്നു. അവറാച്ചനെ വീടില്ലാത്തവനാക്കിയ മാസ്മര ചഷകങ്ങൾ!
മദ്ധ്യ തിരുവിതാംകൂറിലെ പൂത്ത പണക്കാരന്റെ മകളെയാണ് അവറാച്ചൻ വിവാഹം കഴിച്ചത്. ആനി സുന്ദരിയായിരുന്നു. മഴ പെയ്യുന്ന രാത്രികളിൽ അവറാൻ ആനിയുമായി അനന്തമായി ശൃംഗരിച്ചു. കുട്ടികൾ ഒന്നും രണ്ടും മൂന്നും യഥാക്രമം നാട്ടിലും ഗൾഫിലും ടോരോന്റൊയിലും ഭൂജാതരായി. ആനിക്കുട്ടിയുടെ സൗന്ദര്യവും അവറാച്ചന്റെ മദ്യപാനവും പരിണാമ ദശയിൽ വിപരീത പരിമാണത്തിൽ വ്യതിചലിച്ചു - അവരുടെ ജീവിതം പോലെ! ഒരു സാമൂഹ്യ മൃഗമായി അവറാൻ അശ്വമേധം നടത്തുമ്പോൾ കൂട്ടിലടച്ച തത്തയെപ്പോലെ വേപഥു പൂണ്ട് നരകിയ്ക്കുകയായിരുന്നു ആനി.
ജുഗുപ്സാവഹമായ വിശദാംശങ്ങൾ. പതിനാറും ഇരുപത്തിനാലും ബിയർ​കേസുകളുടെ കുതിരപ്പുറത്ത്‌ വീട്ടിൽ ​കുതിച്ചെത്തുന്ന അവറാച്ചന്റെ മുമ്പിൽ ആനിയ്ക്ക് കുട്ടികളുടെ തമ്മിൽ തല്ലും ഗ്രോസറിയുടെ അഭാവത്താൽ ഉണ്ടാക്കാൻ പറ്റാതിരുന്ന കറികളുടെ പരിദേവനവും മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. സ്വതവേ പൊട്ടനും, പോരെങ്കിൽ ലഹരിച്ചാമിയും ആയ അവറാച്ചന് രണ്ടാമതൊന്ന് ആലോചിയ്ക്കാൻ എന്തര്? കലാപരിപാടികൾ ആരംഭിയ്ക്കുകയായി. ബെൽട്ട്‌ ഊരി ആനിയെ ഓൾഡ്‌ ഫാഷൻ രീതിയിൽ മതി വരുവോളം തല്ലുക, കുട്ടികളെ ചേർത്ത് നിർത്തി തല കൂട്ടിയിടിയ്ക്കുക, തളർന്നു നിലത്തു വീഴുന്ന ആനിയുടെ വായിൽ ന്യൂ ജനറേഷൻ രീതിയിൽ തികട്ടി വരുന്ന മദ്യം ഛർദ്ദിച്ചു വെയ്ക്കുക, അവളുടെ ദേഹത്ത് മൂത്രമൊഴിയ്ക്കുക, 'എന്നിട്ടും അരിശം തീരാഞ്ഞ് പുരയ്ക്കു ചുറ്റും മണ്ടി നടന്ന്' അട്ടഹസിയ്ക്കുക, അയല്ക്കാരെ വിളിച്ചുണർത്തി സ്വന്തം ഭാര്യയുടെ സംശയിയ്ക്കപ്പെടേണ്ട ചാരിത്ര്യശുദ്ധി അവരുമായി പര്യാലോചിക്കുക....അങ്ങനെ പോവുന്നു അവറാച്ചന്റെ വിലാസങ്ങളത്രയും!


ആനി എല്ലാം സഹിച്ചു. കുട്ടികളെയോർത്ത്. അപ്പനെയോർത്ത്. രണ്ടറ്റവും കെട്ടിയിട്ട മൃഗമാണല്ലോ ഇമിഗ്രന്റ്! മാനവും മ​ന​വും തെളിഞ്ഞ മുഹൂർത്തങ്ങളിൽ അക്ഷുബ്ധനായി, സമചിത്തനായിരിയ്ക്കുന്ന അവറാച്ചനോട് ആനി ഭൂമിയോളം താഴ്ന്നു പറയും, ചെകുത്താന്റെ പാതയിൽ നിന്ന് പിന്മാറാൻ. പൊട്ടനായ അവറാച്ചൻ എല്ലാം ചിരിച്ചു കൊണ്ട് കേട്ടിരിയ്ക്കും - അടുത്ത കുപ്പിയ്ക്കുള്ള വകുപ്പ് കാണും വരെ. ആനിയാകട്ടെ, പണ്ട് ഹൊസ്റ്റലിൽ എന്ന പോലെ, ചെലവിനായി അപ്പന്റെ പണം വരുത്തിക്കൊണ്ടെ യിരുന്നു. ആ പണം മദ്യമായും തദനന്തരം മർദ്ദനമായും സ്വന്തം മകളുടെ ദേഹത്ത് നിപതിയ്ക്കുന്നത് പാവം പിതാവ് എവിടെ അറിയുന്നു?


പള്ളിയിൽ അച്ഛനെതിരെ കോപ്പ് കൂട്ടുന്ന പ്രമാണി വർഗ്ഗം ഒരു മുഴുവൻ കുപ്പിയും കുടിപ്പിച്ച അന്ന് രാത്രി ആനിയ്ക്കു കാള രാത്രിയായിരുന്നു. അന്നാണ് അവറാച്ചൻ ബേസ്മെന്റിൽ നിന്ന് റീബാർ എടുത്തുകൊണ്ടു വന്ന് ആനിയേയും മക്കളെയും പൊതിരെ തല്ലി ചതച്ചത്.  അയൽവാസികൾ 911 വിളിച്ച് പോലീസ് വന്നപ്പോൾ അവറാച്ചന് ഓർമ്മയില്ലയിരുന്നു, താൻ എന്തിനാണ് ആനിയെ അത് വരെ തല്ലിയത് എന്ന്!
ഒരു നാൾ മിഴികളിലും മൊഴികളിലും സംഗീതം സാന്ദ്രമാക്കിയ പ്രിയതമയുടെ മുഖത്ത് തുപ്പിക്കൊണ്ട് അവറാൻ പോലീസിന്റെ കാറിൽ കയറി പോയി. മക്കളെ കെട്ടിപ്പിടിച്ച് ആ ഒറ്റപ്പെട്ട തുരുത്തിൽ ആനി പുലരുവോളം കരഞ്ഞു. നേരം വെളുത്തപ്പോൾ വന്ന ആശ്വാസം വെറും താൽക്കാലികം മാത്രമായിരുന്നു. മൂന്നാം നാൾ അവറാച്ചൻ മടങ്ങി വന്നു - പൂർവാധികം ശക്തിയോടെ.
ദൂരക്കാഴ്ചയിൽ പക്ഷെ അവറാച്ചൻ പൊതുകാര്യ പ്രസക്തനായിരുന്നു എന്ന് വേണം കരുതാൻ. അല്ലെങ്കിൽ  അയാൾ തന്നെ അസോസിയേഷന്റെ സ്പോർട്സ് ഡേ യുടെ ചുമതലക്കാരനാവില്ലല്ലോ .ഒരു പക്ഷെ കാലം ഒരുക്കിവെച്ച കാണാക്കുരുക്കായിരിയ്ക്കാം, പണ്ട് സ്കൂളിൽ പഠിച്ചതോർമ്മയില്ലേ? "പീഠം ചരിഞ്ഞു , മൂഢൻ മറിഞ്ഞു" -- സ്പോർട്സ് ഡേ , പിന്നെ നൈറ്റ് ആയപ്പോഴത്തേയ്ക്കും മേൽപ്പറഞ്ഞ രണ്ടും സംഭവിച്ചു കഴിഞ്ഞിരുന്നു !
ഒറ്റമുറി അപ്പാർട്ട് മെന്റിൽ സമൃദ്ധിയുടെ ഭൂതകാലം അയവിറക്കിക്കൊണ്ട് ആനി,
​ ​
ഉറങ്ങുന്ന മൂന്നു മക്കളുടെ കൂടെ ഉറങ്ങാതെ കിടന്നു, വ്യർത്ഥമായ തന്റെ മൃഗ ജീവിതത്തെയോർത്ത്.
 ​ ​
അപ്പൻ ദിവസേനയെന്നോണം ഫോണ്‍ ചെയ്ത് സൗഖ്യം അന്വേഷിയ്ക്കും.....ഇളയവന്  സത്യങ്ങൾ മറച്ചു വയ്ക്കാനുള്ള പ്രായമായിട്ടില്ലാത്തതിനാൽ ആഘോ ഷഭരിതമായ വിദേശവാസത്തിന്റെ സൂചനകൾ അപ്പനും പിടി കിട്ടിത്തുടങ്ങി. അന്ന് മകളോടയാൾ അർത്ഥശങ്ക യ്ക്കിടയില്ലാത്ത വിധം സന്ദേശം കൊടുത്തു : "നീയെന്റെ മകളാണ്. Be Smart. അവനെ ഒതുക്കുക. പണം, നിനക്കറിയാ മല്ലോ, എനിക്കൊരു പ്രശ്നമല്ല." 

ആനി മൂത്തമകനെ വിളിച്ചുണർത്തി. അപ്പൻ വെളിയിൽ കാർ നിർത്തുമ്പോൾ തന്നെ 911 വിളിയ്ക്കാനും അകത്ത് കയറിയാൽ വാതിൽ​ തുറന്ന് വെയ്ക്കാനും നിർദ്ദേശം കൊടുത്തു. അടുക്കളയിൽ നിന്നും മീൻ മുറിയ്ക്കുന്ന വലിയ കത്തിയെടുത്ത് ബെഡ്ഡിൽ കൊണ്ടുവന്നുവെച്ചു  . ആദ്യമായി, വ്യത്യസ്തമായൊരു ഉദ്ദേശത്തോടെ, അവൾ കണവനെ കാത്തിരുന്നു! പതിവുപോലെ അബോധാവസ്ഥയിലായ അവറാച്ചനെ ചില ദയാലുക്കൾ ചേർന്ന് വീടിന് മുന്നിൽ കൊണ്ടു വന്ന് നട തള്ളി. ഡ്രൈ​വ്-​വേയിലൂടെ നടന്നും ഇഴഞ്ഞും അവറാച്ചൻ ഒരു വിധം കര പറ്റി, ഷൂ പോലും അഴിയ്ക്കാൻ മിനക്കെടാതെ നേരെ കട്ടിലിലേയ്ക്ക് യാത്രയായി . പക്ഷെ,അന്ന് ആദ്യമായി ആനി പ്രതികരിച്ചു : "ഇനി മേലാൽ നിങ്ങളിവിടെ കിടക്കത്തില്ല " അവറാച്ചൻ പതിവുപോലെ ആനിയുടെ പിതാവിനെ തെറിയഭിഷേകം തുടങ്ങി. പക്ഷെ, ആനിയുടെ മറുപടി പൂർണ്ണമായ അബോധാവസ്ഥയിലും അവറാച്ചനെ ഞെട്ടിച്ചു : "എനിയ്ക്ക് പഴി ചാരാനും ആക്ഷേപിയ്ക്കാനും സ്വന്തമായ ഒരു പിതാവുണ്ട്. ​പ​ക്ഷെ, നിങ്ങൾക്കോ? നിങ്ങൾ മകനാണ്‌ എന്ന് നിങ്ങടെ 
​അപ്പായ്ക്ക്​ എന്തുറപ്പാണ് ഉള്ളത്, കാരണം നിങ്ങടെ ജനനത്തിനു മുമ്പേ അങ്ങോർ വിവാഹമോചിതനായതല്ലേ? അപ്പൊ, നിങ്ങ
ളിങ്ങിനെ​ 
ആയില്ലെങ്കിലേ അത്ഭുതമുള്ളൂ? "​


താൻ പരമരഹസ്യമായി കരുതിയിരുന്ന കാര്യം ഇത്രയും കാലം ആനിയ്ക്കും അറിയാമായിരുന്നു എന്ന സത്യം അവറാച്ചനെ ഭ്രാന്തനാക്കി. ബെഡ്ഡി ലിരുന്ന കത്തിയെടുത്ത് അയാൾ ആനിയെ കുത്താൻ ഓങ്ങുന്നതാണ് തുറന്നിട്ട വാതിലിലൂടെ കടന്നു വന്ന പോലീസ് ഓഫീസർ കണ്ടത്. നിമിഷാർദ്ധത്തിനകം ടേസർ രശ്മിയാൽ ഷോക്കേറ്റ് അവറാച്ചൻ നിലം പരിശായി.

പിന്നെയുണ്ടായതെല്ലാം ചരിത്രം! ഇന്നാട്ടിലെ പാണന്മാർ പാടി നടക്കുന്നത്, അവറാച്ചൻ നിരന്തരം ജയിലും കോടതിയും നോട്ടപ്പുള്ളിയുമായി ജീവിതം തള്ളി നീക്കുകയാണെന്നത്രേ. നാലാമത്തെ തവണ ആൾ ജാമ്യത്തിന് ജയിലിൽ നിന്നിറങ്ങി വരുമ്പോൾ കരഞ്ഞു കൊണ്ട് അവറാച്ചൻ പറഞ്ഞു പോലും: എനിയ്ക്ക്  ജീവിതം മതിയായി. ഭാര്യയും കുട്ടികളുമൊത്ത് ജീവിയ്ക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും".പിറ്റേന്ന് വിലക്ക് ലംഘിച്ച് ആനിയുടെ വീട്ടിൽ കയറി ചെന്ന അവറാച്ചനെ നിമിഷങ്ങൾക്കകം പോലീസ് പവലിയനിലേക്ക്
- ജയിലിലേക്ക് 
-​ 
തിരിച്ചയച്ചു.
ജയിലിലും, ജയിലിനു പുറത്ത് കടന്നാൽ പട്ടിണിയിലും ദുഖത്തിലും​ അവറാച്ചൻ നരകിയ്ക്കുമ്പോൾ ആനി, അപ്പൻ ഉദാരമായി അയച്ചു തരുന്ന കാശ് കൊണ്ട് പുതിയ ജീവിതം തുടങ്ങി. അവൾ യൂനിവേർസിറ്റിയിൽ ഒരു കോഴ്സ്സിന്നു ചേർന്നു. മക്കളെ മുന്തിയ സ്കൂ ളിൽ ചേർത്തു. സിറ്റിയിലെ പോഷ് അപ്പാ​ർട്ട്മെന്റിലെയ്ക്കു താമസം മാറ്റി.
 ​ ​
അതിനിടയിൽ നാട്ടിലേയ്ക്ക് പോവുന്നതിനു മുമ്പായി പോലീസിനെ അറിയിച്ച് മുൻകരുതലായി അവറാച്ചനെ ജയിലിലാക്കി, പിന്നെയും! ഇന്നവൾക്ക്‌ നല്ല ഒരു ജോലിയുണ്ട്. ആത്മവിശ്വാസവും ഉണ്ട്. ​
അവറാച്ചൻ തല്ലി കെടുത്തിയ സൌന്ദര്യദീപം വീണ്ടും സ്ഫുരണങ്ങൾ മക്കളിൽ ചൊരിയുകയാണിന്ന്.

ഷെൽട്ട​റിന്റെ ജനഴികളിലൂടെ വിദൂരതയിൽ അസ്തമന സൂര്യനെ നോക്കിനിന്നു, അവറാച്ചൻ. 
​ദൂരെ മാക്‌ഡോണൽ ട്സിൽ ഡ്രൈവ്- ത്രൂവിൽ കാറുകൾ വരി വരിയായി കാത്തു നിൽക്കുന്നു. ​പക്ഷികൾ ശിശിരത്തിന് വഴി മാറാൻ ദേശാടനം തുടങ്ങി. വ്യർത്ഥമായ മറ്റൊരു ദിനം കൂടി  എരിഞ്ഞടങ്ങുകയാണ്  -- വിഫലമായ തന്റെ ജീവിതം പോലെ.
 ​ ​
സങ്കടവും ദുഃഖവും മാത്രം ശേഷിച്ച അക്കൌണ്ടിൽ ഇനി സേവിങ്ങ്സിനു നിവൃത്തിയില്ല, ​സമയ​വുമി​ല്ല. പോകാൻ നേരമായി. വഴിയോരക്കാഴ്ചകൾ മായുന്നു,മങ്ങുന്നു. ബധിരനും അന്ധനുമായ മരണം എന്നാണ് ഈ വഴി വരുന്നതാവോ? 
​ജീവിതം അനുഭവിച്ചു തീർക്കുന്ന ​
അവറാച്ചന്റെ ജീവപര്യന്തം എന്നാണ് തീരുന്നതാവോ?

അഭിപ്രായങ്ങളൊന്നുമില്ല: