(Published in Malayali Magazine, November 2014)
ഇലകളും പൂക്കളും വർണ്ണ പ്രപഞ്ചം തീർത്ത വഴിത്താരയിലൂടെ അയാൾ നടന്നു. മനസ്സിലെ ചിന്തകൾ സമയദൂരങ്ങളെ അതിജീവനം ചെയ്യുന്ന ജീവിതത്തിന്റെ ശരത്ക്കാലത്ത് കൊഴിഞ്ഞു പോയ ഇലകൾ വർണ്ണ ചിത്രങ്ങളായി ഓർമ്മകളെ പ്രകമ്പനം ചെയ്തു.
24 വയസ്സിന്റെ സുന്ദര ദിനങ്ങളിൽ ഒരു നാൾ ഒരു ഗ്രോസറി കടയിൽ നല്ല വെണ്ടയ്ക്ക നോക്കി തിരഞ്ഞെടുക്കുമ്പോഴാണ് ആദ്യമായി അവളുടെ കയ്യിൽ സ്പർശിയ്ക്കുന്നത്. രണ്ടുപേരും തിരഞ്ഞെടുത്തത് ഒരേ ജീവിതജീവിതമായത് അങ്ങിനെയായിരുന്നു. പിന്നെ എത്രയെത്ര വെളുത്ത മുഖങ്ങളും കറുത്ത മുഖങ്ങളും പരസ്പരം കൈമാറി! എത്ര യാത്രകൾ, എത്ര പ്രതിസന്ധികൾ, എത്ര ഹൈക്കിംഗ്, എത്ര ശിശിരങ്ങൾ അവരൊരുമിച്ച് കൊണ്ടാടി!
വെണ്ടയ്ക്ക പരതുന്ന കൊലുന്ന വിരലുകളിൽ മനപ്പൂർവം തൊട്ട താൻ മാപ്പ് പറയേണ്ടതിനു പകരം അവളായിരുന്നു അന്ന് ചിരിച്ചു കൊണ്ട് സോറി പറഞ്ഞത്. അവൾ അങ്ങനെയാണ്. അനാവശ്യമായി സോറി പറയും. അയാളാകട്ടെ, അത്യാവശ്യത്തിനു പോലും വീട്ടിൽ സോറി പറയാറില്ല. മരണക്കിടക്കയിൽ അവസാനമായി അവൾ അയാളോട് പറഞ്ഞതും സോറി ആയിരുന്നു എന്നത് യാദൃഛികം മാത്രമാവുമോ?
അവൾ പാട്ടു പാടുന്ന ഒരു മാലാഖയായിരുന്നു.
ദക്ഷിണേന്ത്യയിലെ പ്രശസ്ത കോളേജിൽ
നിന്ന് സംഗീതത്തിൽ ബിരുദം നേടിയത് കൊണ്ടാവണം ഞങ്ങളുടെ നിശാവിരുന്നുകളിൽ അവളൊരു താരമായിരുന്നു. സൗന്ദര്യവും സംഗീതവും സമാസമം ചേർത്ത് ദൈവം സൃഷ്ടിച്ച അപൂർവ വിദ്യകളിൽ ഒന്ന്.
ഞങ്ങളുടെ കണ്ണുകൾക്ക് സദ്യയേകി
അവൾ
"നക്ഷത്ര ദീപങ്ങൾ തിളങ്ങി" പാടുമ്പോൾ ഞങ്ങൾ അവളുടെ കണ്ണിൽ നക്ഷത്രം കണ്ട് അവരുടെ ജീവിതത്തിന്റെ രാഗമാലിക ആസ്വദിച്ചു.
അയാൾക്കാകട്ടെ എഞ്ചിനീയറിങ്ങിലെ ഡിസൈൻ കണ്‍സ്റ്റ്രൈൻസു പോലെ, സംഗീതം പരിഹരിയ്ക്ക പ്പെടെണ്ട ഒരു പ്രശ്നമായിരുന്നു. ഇവിടെ, ഈ കാനഡയിൽ ജീവിയ്ക്കുമ്പോഴും അവളുടെ ചിന്തകൾ, അവളുടെ സ്പന്ദനങ്ങൾ നാട്ടിലെ ഓരോ പുൽക്കൊടിയോടും ഒപ്പമായിരുന്നു.
ഏപ്രിൽ മാസമായാൽ അവൾ പറയും - നെന്മാറ വേല തുടങ്ങി. അയാൾ ഉപദേശി വേഷമണിഞ്ഞു കൊണ്ട് പറയും, ഒരേ സമയം നമുക്ക് രണ്ട് വഞ്ചികളിൽ, രണ്ടു സ്ഥലങ്ങളിൽ, രണ്ടു കാലങ്ങളിൽ ജീവിയ്ക്കാനാവില്ലെന്ന്.
എണ്ണക്കമ്പനിയിൽ നിന്ന് കിട്ടുന്ന പണം എണ്ണിയും ആഴ്ചകൾ തോറും വീട്ടിൽ പാ
ർ
ട്ടി നടത്തി സ്വന്തം പൊങ്ങച്ചം ചുരുങ്ങിയ ചെലവിൽ സ്ഥാപിച്ചെടുത്തും
കുടിച്ചു ചീർത്തും
വിലസുന്ന നാട്ടു പ്രമാണികൾ അവളുടെ സാന്നിധ്യത്തിനായി മത്സരിച്ചു.
അവൾക്ക് ഉള്ളി ഇഷ്ടമല്ലാത്തത് കൊണ്ട് ഇന്നിവിടെ ഒരു കറിയിലും ഉള്ളി ഇട്ടിട്ടില്ല എന്ന് ജളപ്രഭുവും ഭാര്യയും ഒരുമിച്ചാണയിട്ടു.
അയാളെ അവരെല്ലാം ഗുരുവായൂരെ തുലാഭാരത്തിനെന്ന പോലെ മാസങ്ങളോളം മുമ്പ് ബുക്ക് ചെയ്തു. "ഭാര്യയെയും കൂട്ടി വരണം" എന്ന് പ്രത്യേകം പറഞ്ഞു കൊണ്ടാണ് മാന്യദേഹങ്ങൾ ഫോണ്‍ വെയ്ക്കുക - അയാൾക്കറിയാത്ത പോലെ!
'
ലവന്മാരൊക്കെ ഇത്ര ബുദ്ധിയില്ലാതെയും ഇത്ര ഉയരങ്ങളിൽ എത്തുന്നതെങ്ങനെ
'
എന്ന് അവൾ അയാളോട് പലപ്പോഴും ചോദിയ്ക്കും. അയാൾ മൌനം ഭജിയ്ക്കും.
കുട്ടികൾ ഉണ്ടാവാതിരുന്നതായിരുന്നു അവരുടെ ഭാഗ്യവും നിർഭാഗ്യവും. എല്ലാ പാർട്ടികളിലും അവർ "wrinkle free" ആയി പങ്കെടുത്തു. ഭൂമിയിലെ എല്ലാ സ്വർഗങ്ങളിലും അവർ അവധിക്കാലം ചിലവഴിച്ചു. ജീവിതം അനന്തമായ മധുവിധുവായിരുന്നു അവർക്കെന്നും. ഒരിടയ്ക്ക് അവരുടെ സുഹൃദ് വലയം 150 കുടുമ്പങ്ങൾ ചേർന്ന ഘടജ്വാലയായിരുന്നു. ശനിയാഴ്ച രാത്രി ഏറെ വൈകി വീട്ടിൽ എത്തുമ്പോൾ അവൾ അയാളോട് കണ്ണീരോടെ പറയും: നമുക്കൊരു കുട്ടിയെ ദത്തെടുക്കാം? ജീവിതം കൾ ഡിസാക്കിൽ വഴി മുട്ടി നിൽക്കുന്ന ഈ വേളയിൽ അയാൾ തിരിച്ചറിയുന്നു, സ്വന്തം സ്വാർത്ഥതയല്ലേ അന്ന് അവളെ എതിർത്തത് എന്ന്. പക്ഷെ അവളുടെ സ്നേഹം അന്യന്റെ കുട്ടിയുമായി പങ്കു വെയ്ക്കുവാൻ ഇന്നും താൻ അശക്തനാണല്ലോ എന്നോർത്ത് അയാൾ നെടുവീർപ്പിട്ടു.
അക്കാലത്ത് ഫേസ് ബുക്കായിരുന്നു ഞങ്ങളുടെ ജീവവായു. എല്ലാ പൊങ്ങച്ചക്കാരനും സ്വന്തം വീട്ടിൽ നടത്തുന്ന വിരുന്നിന്റെ പടം, പുതുതായി വാങ്ങുന്ന കാറിന്റെ കൂടെ നിന്നുള്ള പടം, പുതുതായി വാങ്ങുന്ന വീടിന്റെ മുമ്പിൽ നിന്നുള്ള പടം, അങ്ങനെയങ്ങനെ ദൈവത്തിന്റെ പരിവേഷം ആയിരുന്നു അന്നൊക്കെ ഫേസ്ബുക്കിന്. പത്തു മുപ്പതു വർഷം മുമ്പ് - ഇന്റർനെറ്റ് ടെക്നോളജി മനുഷ്യനെ ഭ്രമിപ്പിച്ച കാലമായിരുന്നു അത് - അവൾ നിറഞ്ഞാടിയ ഫേസ് ബുക്ക് പേജ് ഇന്ന് അനാഥം, വിജനം.
അവസാനം, ഏറെക്കുറെ അവളും അയാളും മാത്രമായിത്തുടങ്ങിയ ജീവിതത്തിന്റെ സായന്തനങ്ങളിൽ എന്തിനും ഏതിനും അയാൾക്ക് അവളായിരുന്നു തുണ. അയാളുടെ ഹൈ കൊളസ്ട്രോളും ഹൈ ബീപിയും ആകസ്മികമായ വേദനകളും അവളുടെ സംഗീതത്തെ എന്നേയ്ക്കുമായി അണച്ചു. ക്ഷീണിതനും വൃദ്ധനുമായ അയാൾക്ക് വേണ്ടി അവൾ ജോലിയും പാട്ടും ഉപേക്ഷിച്ചു. ദിവസം മൂന്നു നേരവും മരുന്നും പഥ്യവും താനില്ലാതെ അയാൾ എങ്ങനെ എങ്ങനെ കഴിച്ചു കൂട്ടും എന്ന മനോവ്യഥയിൽ അവളുടെ ഹൃദയം തകർന്നു. ആശുപത്രിയിലെ ജനറൽ വാർഡിൽ നിന്ന് ICU -വിൽ പോയി അവളെ അവസാനമായി കണ്ടപ്പോൾ അവൾ പറഞ്ഞു: "സോറി. നീയിനി ഒറ്റയ്ക്ക് വെണ്ടയ്ക്ക പരതി നടക്കേണ്ടി വരും". അയാൾ പറഞ്ഞു, സാരമില്ല അധികം പരതാൻ ഇനി സമയമില്ല.
കൊഴിഞ്ഞു പോയവരോ കഴിഞ്ഞു കൂടുന്നവരോ ഭാഗ്യവാന്മാർ? അയാൾ ആത്മാർത്ഥ സുഹൃത്തായിരുന്ന ജോയെ കുറിച്ചോർത്തു ആ വഴിയിൽ നിന്നു. ദശകങ്ങൾക്ക് മുമ്പ് അമേരിയ്ക്കൻ മണ്ണിൽ കാല് കുത്തുമ്പോൾ സുഹൃത്തായും വഴി കാട്ടിയായും സംരക്ഷകനായും ആ അപരിചിതൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അജ്ഞാതമായ സംസ്കാരം അയാൾക്ക് പരിചയപ്പെടുത്താൻ കിട്ടിയ ആദ്യത്തെ കൂട്ടുകാരനെ അയാളും ഇഷ്ടപ്പെട്ടു. സപ്തനാഡികളെ സ്തബ്ധമാക്കുന്ന മാളുകളിലെ ദൃശ്യവർണ്ണ മായക്കാഴ്ചകൾ അയാൾക്ക് സംവേദ്യമാക്കിയതും ജോ ആയിരുന്നല്ലോ. എത്ര രാത്രികൾ, സത്രങ്ങൾ, അവിവാഹിത ജീവിതത്തിന്റെ മാസ്മരലോകം അയാൾ ജോയോടൊപ്പം ആവുവോളം കുടിച്ചു.
ടോരോന്റോയിൽ ഒരു ശിശിരകാലത്ത് ഒരു നാൾ രാവിലെ ജോ വന്നു. അവൻ റൂമിൽ വന്നാൽ പിന്നെയെല്ലാം അവന്റെ അദ്ധ്യക്ഷതയിൽ നടക്കും - അയാൾക്ക് ചാരുകസാലയിൽ കിടന്നു നാട്ടു വർത്തമാനം കേൾക്കുകയേ വേണ്ടൂ. ബീഫ് ഫ്രൈ ചെയ്യുമ്പോൾ ജോ പറഞ്ഞു: "നമ്മൾ ഇവിടം വിടുന്നു. കാൽഗറിയിൽ പോവുന്നു." അന്തം വിട്ട് തുറിച്ചു നോക്കുന്ന അയാളെ ഗൌനിയ്ക്കാതെ ബീഫ് ഫ്രൈയുടെയും പോറോട്ടയുടെയും കൂടെ ജോ തത്ത്വോപദേശം വിളമ്പി: "അവിടെയാണ് നമ്മുടെ ഭാവി"
അത് കഴിഞ്ഞ് മൂന്നാമത്തെ ആഴ്ച അയാളും ജോയും കാൽഗറിയിലേയ്ക്ക് യാത്രയായി. ജീവിതത്തിൽ അയാളുടെ മുമ്പേ ഡ്രൈവ് ചെയ്തിരുന്ന ജോ ആ യാത്രയിലും മുമ്പിലായിരുന്നു. പാഞ്ഞു വന്ന ട്രക്കിടിച്ച് ജോ മരണത്തിലെയ്ക്കും മുമ്പേ യാത്രയായി; അയാൾ ഏകനായി കാൽഗറിയിലെത്തി. കാൽഗറിയിൽ ശിശിരം കഴിയാറായിരുന്നു. തനിയ്ക്ക് വരാനായി വഴിയിൽ കരിയില പോലെ കൊഴിഞ്ഞ ജോ - ആരായിരുന്നു തനിയ്ക്കയാൾ?
കൊഴിയുന്ന കരിയിലകൾ...നാട്ടിൽ പോകുമ്പോൾ എന്തിനും ഏതിനും ഒപ്പം നടന്നിരുന്ന ജബ്ബാർ. പത്തു വർഷം മുമ്പ് ഒരു പാതിരയ്ക്ക് ഫോണടിച്ചത് ജബ്ബാറിന്റെ വിയോഗം അറിയിച്ച്, ഉറക്കം എന്നേയ്ക്കുമായി ഇല്ലാതാക്കാൻ ആയിരുന്നു. തുള്ളൽ പാട്ടും തമാശയും ബീഡിയും ഷെയർ ചെയ്തിരുന്ന കുമാരേട്ടനില്ല. കവിതകൾ പാടി നടന്നിരുന്ന രാജേഷില്ല. നാട്ടുകാർക്ക് വേണ്ടി സ്വന്തം ചെലവിൽ ലൈബ്രറി നടത്തിയിരുന്ന ചാക്കോ മാഷില്ല; ലൈബ്രറിയുമില്ല. മനസ്സുകളെ മരവിപ്പിയ്ക്കുന്ന ശിശിരം വരാൻ കരിയിലകൾ കൊഴിഞ്ഞതാവാം.
അയാൾ ഏകാന്ത പഥികനായി ആ വഴിയുടെ അന്ത്യത്തിൽ എത്തി നിന്നു. ജീവിതത്തിൽ എന്ത് നേടി എന്നതിനേക്കാൾ മറ്റുള്ളവർക്കായി എന്ത് ചെയ്തു എന്ന് കൊഴിഞ്ഞു വീണ ഇലകൾ കളിയാക്കുന്നുന്നുവോ? സത്യവും സൗന്ദര്യവും ആദരവും അധികാരവും തേടിയുള്ള യാത്രയിൽ ശരത്കാലത്തെ കൊഴിഞ്ഞ ഇലകൾ അയാളോട് പറഞ്ഞു: "സുഹൃത്തേ ഇവിടെ നിർഭാഗ്യവശാൽ രണ്ടാമതൊരു അവസരമില്ല. അതുകൊണ്ട് സുഖങ്ങൾ ത്യജിയ്ക്കുന്ന ദുഖകരമായ നിത്യസത്യത്തിലെയ്ക്ക് നിങ്ങളും പൊഴിയുന്നതിനു മുമ്പ് കാൽപ്പാടുകൾ രേഖപ്പെടുത്തുക".
വിജനമായ വഴിയോരം അയാൾക്ക് കരിയിലകളുടെ ഉൾക്കാഴ്ചകളായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ