2015 ജനുവരി 22, വ്യാഴാഴ്‌ച

Pravasi @ Toronto

(Published in Malayali Magazine, April 2014)​
​​

ഘോര ഘോരമായ കനേഡിയൻ ശിശിര കാലത്ത്, ഏതാണ് സമയം എന്ന് വ്യക്തമല്ലാത്ത ഒരു നേരത്താണ്  ഇന്ത്യയിൽ നിന്ന് രാഹുൽ ടോറോന്റോ  ലെസ്റ്റർ പിയേഴ്സ ണ്‍ എയർപ്പോർട്ടിൽ മറ്റു പല കുടിയേറ്റക്കാരുടെയും കൂടെ കണ്ണ് മിഴിച്ച്, പകുതി ഉത്സാഹവും പകുതി ആന്തലുമായി നടന്നു കയറിയത്. പറഞ്ഞു വെച്ച പോലെ പട്ടേൽ ഭായ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. "സമയം മൂന്നരയായി. അര മണിക്കൂറായി കാത്തു നിൽക്കുന്നു. പാർക്കിങ്ങിനു ആദ്യത്തെ അര മണിക്കൂർ ഫ്രീയാണ്. ഇനിയിപ്പോ കൂടുതൽ ചാർജ് വരും". നടുക്കടലിലും നക്കിയേ കുടിയ്ക്കൂ എന്നാണല്ലോ ഗുജ്ജുവിന്റെ വേദവാക്യം!

രാഹുൽ ഇന്ത്യയിൽ നിന്ന് നെറ്റ് വഴി ഏർപ്പാടാക്കിയപ്പോൾ 50 ഡോളർ ആണ് എയർപ്പോർട്ട് പിക്കപ്പിനു നിശ്ചയിച്ച തുക. അത് 60 ആക്കാൻ മോഹം
 ​ 
മനുഷ്യ സഹജമാണല്ലോ
, കനേഡിയൻ നടുക്കടലിൽ ലാൻറ് ലോർഡ്‌ ആയ ഗുജ്ജുവിന്റെ മനോഗതം
 ​ 
നിശബ്ദം കേട്ടറിഞ്ഞു. എന്തായാലും വിമാനത്താവള ത്തിൽ നിന്ന് മന്ദം മന്ദം കണ്ണഞ്ചിപ്പിയ്ക്കുന്ന മായിക ലോകത്തിലൂടെ ഒഴുകിയിറങ്ങിയ SUV - യിൽ ഇരിയ്ക്കുമ്പോൾ രാഹുലിനോട് പട്ടേൽ ഭായ് പറഞ്ഞു: "Welcome to Toronto, Nice to meet you"! രാഹുൽ ജഗതിയെ ഓർത്തു.

തേക്കും മാഞ്ചിയവും ഓർക്കിഡും പിന്നെ പണ്ടാറടങ്ങാൻ നൂറു കൂട്ടം തട്ടിപ്പും കണ്ട് മടുത്തപ്പോഴാണ് കൊച്ചിയിലെ എജന്റ്റ് ഒരു ദിവസം സുവർണ്ണാവസരം ഫോണ്‍ വഴി ഓഫർ ചെയ്തത്.

"ഏറ്റവുമധികം വിദ്യാസമ്പന്നരായ മിഡിൽ ക്ലാസ് കുടുമ്പങ്ങൾ താമസിയ്ക്കുന്ന രാജ്യം. കുറ്റ കൃത്യങ്ങൾ കുറഞ്ഞ രാജ്യം. പ്രകൃതി രമണീയമായ സ്വർഗ്ഗ
 ​രാജ്യം​
. ഞങ്ങൾ അവിടെ നിങ്ങൾക്കും ഭാര്യയ്ക്കും ജോലി ഉറപ്പു തരും, വാഗ്ദത്ത ഭൂമിക നിങ്ങളെ വിളിയ്ക്കുന്നു. ഐശ്വര്യ സമൃദ്ധമായ ഒരു ജീവിതം അവിടെ നിങ്ങളെ കാത്തിരിയ്ക്കുന്നു."

രാഹുൽ എപ്പൊ വീണു എന്ന് ചോദിച്ചാൽ മതിയല്ലോ. എന്നാലും ഏജന്റിന്റെ തുഛമായ 5 ലക്ഷം രൂഫ ഫീസ്‌ കൊടുക്കാൻ പോയപ്പോൾ രാഹുലിന്റെ കൈകൾ വിറച്ചു. കടം വാങ്ങിയ പൈസയാണ്.
 ​....​
 ജോലി കിട്ടും എന്ന് എന്താണ് ഒരുറപ്പ്?
 
എജന്റ്റ് പറഞ്ഞു: "ഞങ്ങളുടെ 'ക്രൂ' എയർപ്പോർട്ടിൽ ഉണ്ടാവും. അവൻ നിങ്ങൾക്ക് ഒരാഴ്ച ഫൈവ് സ്റ്റാർ താമസം, ഭക്ഷണം എല്ലാം സൗജന്യമായി ശരിയാക്കിത്തരും. അതിനകം നിങ്ങടെ റേഷൻ കാർഡ്, ഹെൽത്ത് കാർഡ്, P R കാർഡ്
 ​​
 - എല്ലാം സംഘടിപ്പിയ്ക്കും. അപ്പോഴേയ്ക്കും നിങ്ങടെ ജോലിയുടെ കടലാസും വരും. പിന്നെ ബംഗ്ലാവ്, കാറ്, എല്ലാം ശരിയാക്കാൻ ഞങ്ങളുടെ ക്രൂ എപ്പോഴു
 ​മെപ്പൊഴും​
 കൂടെ ഉണ്ടാവും."
 
രാഹുൽ വീണു. വീണിടത്ത് കിടന്നുരുണ്ടു.

അക്കാലത്താണ് കാനഡയിൽ നിന്ന് 'അകന്ന' ബന്ധത്തിൽ ഒരു കുടുംബം നാട്ടിൽ വന്നത്. രാഹുൽ കാണാൻ പോയി. സുഗന്ധം വമിയ്ക്കുന്ന കുടുംബം. ഇംഗ്ലീഷ് പുളുത്തുന്ന കുട്ടികൾ. സ്വാതന്ത്ര്യത്തിന്റെ പറുദീസയെപറ്റി 
​വാ തോരാതെ​
 പ്രഭാഷണം നടത്തുന്ന ചോട്ടൻ, ചോച്ചി - ഹോ ഹോ ഹോ.........എനിയ്ക്കിനി കാനഡയിൽ പോവാതെ  വയ്യ - രാഹുൽ ഉറപ്പിച്ചു.5 ലക്ഷം ഏജന്റിനു കൊടുത്തു : "ഓം തൽസ്സൽ"
 ​!​

പുറപ്പെടുന്നതിനു ഒരാഴ്ച മുന്പാണ് ഏജന്റിനു 
​"​
 ചില logistical issues കാരണം ക്രൂവിനെ അറേഞ്ച് ചെയ്യാൻ
​"​
 പറ്റാതിരുന്നത്‌. തൽക്കാലം അവിടെ എങ്ങിനെയും ഒരു താമസസൌകര്യം ശരിപ്പെടുത്താൻ നോക്കാം എന്ന അയാളുടെ പൊള്ള വാക്കുകൾ അതിനകം രാഹുൽ തിരിച്ചറിഞ്ഞത് കൊണ്ട് സ്വയം എല്ലാം ഏർപ്പാടാക്കിയത് ഭാഗ്യമായി. 
രാഹുൽ ഗുജ്ജുവിന് മെയിലയച്ചു മനസ്സമാധാനം വിലയ്ക്ക് വാങ്ങി. എയർപ്പോർട്ടിൽ നിന്നും ഹൈവേയിലേയ്ക്ക് രഥം അരിച്ചു കയറിയപ്പോൾ, വഴി നീളെ പരന്നു കിടക്കുന്ന തൂവെള്ള ഹിമ പരവതാനി
 ​ നോക്കിയിരിയ്ക്കുകയായിരുന്നു രാഹുൽ​
.
​ ​
സമയം മൂന്നര എന്ന് വാനിൽ കാണുന്നുണ്ടെങ്കിലും രാത്രിയായ പോലെ മ്ലാനവദനയായിരുന്നു പ്രകൃതി. രാത്രിയോ പകലോ? ഇരുളോ വെളിച്ചമോ? സ്വപ്നമോ യാഥാർത്ഥ്യമോ? ജീവിതത്തിന്റെ പുതിയ 
​അ​
ദ്ധ്യായത്തിന്റെ ബിംബാത്മക പ്രതിഭാസം ഒരു മാർക്കേസ് നോവലിലെന്ന പോലെ, 
​രാഹുലിന് തോന്നി. ​
ജെറ്റ് ലാഗ് രാഹുലിനെ 
​ഉറക്കി
.

പട്ടേലിന്റെ ബേസ്മെന്റ് സ്യൂട്ടിൽ ഉള്ള 6 മുറികളും അതിലെ ബങ്കർ കട്ടിലുകളും അവയിൽ മൂട്ട കടി സഹിച്ചുറങ്ങുന്ന പതിനഞ്ചോളം അന്തേവാസികളും അവരുടെ നൈറ്റ് ഷിഫ്റ്റ്‌ ജോലിയ്ക്കുള്ള തയ്യാറെടുപ്പും തൊണ്ട കീറിയുള്ള തെറി വിളികളും പഴകിയ ഭക്ഷണം മൈക്രോവേവിൽ ചൂടാക്കി, പിച്ചക്കാരെ പോലെ പള്ള നിറയ്ക്കലും നിലത്ത് ഇമിഗ്രന്റുകളെപ്പോലെ തന്നെ പരക്കം പായുന്ന എലികളും സൈറണ്‍ ആണോ എന്ന് തോന്നിപ്പോവും വിധം ശബ്ദിയ്ക്കുന്ന ഡ്രൈയറും സൈക്കോ പാത്തായ ഒരു അന്തേവാസിയും, പൊതു മുതലായ ഒരേ ഒരു കമ്പ്യൂട്ടറിന് (അതായിരുന്നല്ലോ പട്ടേൽ ഭായുടെ 'ഹോം അവെ ഫ്രം ഹോമിന്റെ' പരസ്യത്തിലെ കാച് വേർഡ്: കമ്പ്യൂട്ടർ വിത്ത് വൈഫൈ!) ക്യൂ നിൽക്കുന്ന അര ഡസൻ ഉദ്യോഗാർത്ഥികളും, രാഹുലിനെ സ്വപ്ന ലോകത്ത് നിന്നും കനടാവിന്റെ ദുനിയാവിലേയ്ക്ക് ഇറക്കികൊണ്ട് വന്നു.

ആദ്യത്തെ ജോലി കിട്ടി - സർക്കസ്! ആദ്യത്തെ വീടെടുത്തു - കാഴ്ച്ച ബംഗ്ലാവ്! ആദ്യത്തെ സുഹൃത്തിനെ കിട്ടി - ആനമയിലൊട്ടകം തന്നെ!

ജോലി തെണ്ടി നടന്ന ദിന രാത്രങ്ങളിൽ ഒരു നാൾ രാഹുൽ നയനാന്ദകരമായ ആ കാഴ്ച്ച കണ്ടു, പാല് വാങ്ങാൻ നടന്നു പോവുമ്പോൾ മാളിന്റെ ഗേറ്റിൽ തന്നെ വലിയ ചുവന്ന അക്ഷരത്തിൽ മാടി വിളിയ്ക്കുന്നു: "ഹെൽപ് വാണ്ടഡ്, അപ്ലൈ ഹിയർ".
 
ഒരു സർക്കസ് കമ്പനി വൈന്റ് അപ് ചെയ്യുകയാണ്. രാഹുലിന്റെ കൂടെയുണ്ടായിരുന്ന മറാത്തി മാനുസനും ഉത്സാഹമായി. രണ്ടു പേരും കൂടി വീട്ടിലെ മറ്റു ഉദ്യോഗ-ആർത്തിപ്പണ്ടാരങ്ങളോട് ഇത് പറയേണ്ട എന്ന തീരുമാനത്തിലെത്തി. അപ്പോഴേയ്ക്കും രാഹുൽ ഒന്നാം ലോക രാജ്യത്തിൽ വന്നിട്ട് 3 മാസം തികയുകയായി. അടുത്ത ആഴ്ച്ച ഭാര്യയും മോനും നാട്ടിൽ നിന്നും പറക്കുകയായി. രാഹുലാകട്ടെ, നാട്ടിൽ നിന്ന് കൊണ്ട് വന്ന ലച്ചം ലച്ചം നോട്ടുകൾ എണ്ണിയെണ്ണി ചിലവാക്കി തീർക്കുന്നു പിന്നെയും! ആരും സർക്കസ് ചെയ്തു പോവുമല്ലോ, കാനഡയിൽ!

അഭിപ്രായങ്ങളൊന്നുമില്ല: