Published in Uravu magazine
മഞ്ഞു പെയ്യുന്ന ഒരു രാത്രിയിൽ ആണ് അയാള് ആ തീരുമാനം എടുത്തത് - നാട്ടിലേയ്ക്ക് തിരിച്ചു പോവുക തന്നെ.അകാലത്തിൽ വിട പറഞ്ഞ ഭാര്യയും ചിറകു മുളച്ചപ്പോൾ അന്യ ലോകങ്ങളിലേയ്ക്ക് പറന്നകന്ന മക്കളും അയാളെ ഏറെക്കുറെ ഒറ്റപ്പെടുത്തിയിരുന്നു. തണുത്തുറഞ്ഞ വടക്കേ അമേരിയ്ക്കൻ സായാഹ്നങ്ങൾ, അനന്തമായ വിജനത മാത്രം കാഴ്ച്ചപ്പെടുന്ന വീഥികൾ, ക്ഷീണിച്ചു മങ്ങിയ വെയിൽ....വിരസതയുടെ തനിയാവർത്തനങ്ങൾ ആയിരുന്നു അയാളുടെ ദിനരാത്രങ്ങൾ. വല്ലപ്പൊഴുമൊരിയ്ക്കൽ സൌഹൃദവിരുന്നുകളിലേയ്ക്ക് അയാള് ക്ഷണിയ്ക്കപ്പെട്ടു. അവിടെയാകട്ടെ, ലഹരി നിറഞ്ഞ പൊങ്ങച്ച പ്രസംഗങ്ങളിലും ദിനം പ്രതി പടച്ചുവിടപ്പെടുന്ന അഭിനവമനുഷ്യന്റെ ആധുനിക കളിപ്പാട്ടങ്ങളിലും പുരുഷന്മാർ വ്യാപൃതരായി. സ്ത്രീകൾ പരമ്പാരഗത കുലത്തൊഴിലായ ഏഷണിയിലും പരദൂഷണത്തിലും പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തി.
അയാൾക്ക് ഗൃഹസ്ഥാശ്രമത്തിൽ സിരകളിൽ വശീകരണ പാനപാത്രം കാഴ്ച വെച്ച നോർത്ത് അമേരിയ്ക്കൻ ജീവിതം മടുത്തു. ഗ്രാമാന്തരീക്ഷം അയാളെ മാടി വിളിച്ചു. കുളവും വയലേലകളും ചെമ്മണ്‍ റോഡുകളും എല്ലാം അന്യം നിന്നുവെന്നറിയാം. എങ്കിലും ആൾക്കൂട്ടവും അതിന്റെ ചിട്ടയില്ലായ്മയും നാട്ടുവർത്തമാനങ്ങളും ചൂടുള്ള രാത്രികളും ഒരിയ്ക്കൽ കൂടി ആസ്വദിയ്ക്കണം. വേണ്ടപ്പെട്ടവർ എല്ലാം എന്നേ യാത്രയായെങ്കിലും കുട്ടിക്കാലം തൊട്ടറിയുന്ന അൽപ്പം ബന്ധുക്കൾ ഇനിയും അവിടെ ബാക്കിയുണ്ടല്ലോ...അവിടെത്തന്നെ സിദ്ധി കൂടണം. കൃഷിയോ കച്ചവടമോ എന്തെങ്കിലുമൊക്കെ ചെയ്ത് ഇനിയുള്ള കാലം ജന്മനാട്ടിൽ തന്നെ. ഒരു മടക്കയാത്രയ്ക്ക് സമയമായി.
40 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് തിരിച്ചുപോകുമ്പോൾ അയാൾ അധികമാരോടും യാത്ര പറയാൻ പോയില്ല. ഇനി അതിന്റെ പേരിൽ ഒരു യാത്രയയപ്പ് ഉത്സവം, നെടു നെടുങ്കൻ പ്രസംഗ പരമ്പര, ഇല്ലാത്ത ഗുണഗണങ്ങളുടെ വ്യാജ വർണന...അവയെക്കാൾ ഭേദം മരണമാകുന്നു.
സഹ തടവുകാരുടെ അഭാവം കൊണ്ട് മാത്രം ജയിലിൽ നിന്ന് വ്യത്യസ്ഥമായ അപ്പാർട്ട്മെൻറ് ഉപേക്ഷിച്ച്, ഓർമ്മകളുടെ പൊട്ടും പൊടിയും കുത്തി നിറച്ച ബാഗേജുമായി അയാൾ എയർപ്പോർട്ടിലേയ്ക്ക് യാത്രയായി.
****************************** ****************************** ****************************** ****************************** ******************
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വടക്കോട്ട് ഹൈവേയിലൂടെയുള്ള കഠിനമായ, ഉദ്വേഗഭരിതമായ ടാക്സി യാത്ര ഏതാണ്ട് തീരാറായി. പണ്ടത്തെ പോലെയല്ല, വയസ്സായപ്പോൾ ഒന്നിനും ധൈര്യമില്ലാതായിരിയ്ക്കുന്നു. പ്രത്യേകിച്ചും ഒറ്റയ്ക്കായത്തിൽ പിന്നെ, ഉൾവലിയലും ഭീരുത്വവും ആയിരിയ്ക്കുന്നു മുഖമുദ്ര.
റോഡുകൾ എത്ര ഇടുങ്ങിയതാണിവിടെ... ഓവർടെയ്ക്ക് ചെയ്യുന്ന വണ്ടികളും എതിരെ വരുന്ന കാലൻ ടിപ്പറുകളും തൊട്ടു തൊട്ടില്ല എന്ന പോലെ കടന്നു പോകുമ്പോൾ ഓരോ തവണയും കണ്ണടച്ച് ചിന്തിച്ചു: "ദിപ്പോ തീരും". കണ്ണ് തുറന്നു നോക്കുമ്പോൾ ജീവിതം പോലെ പൊട്ടിപ്പൊളിഞ്ഞ റോഡ് മുന്നിൽ തീ വിരിച്ച് നീണ്ട് കിടന്നു.
വറ്റി വരണ്ട് , പീഡിപ്പിയ്ക്കപ്പെട്ട്, തളർന്നുറങ്ങുന്ന നിളയ്ക്ക് കുറുകെ കുറ്റിപ്പുറം പാലത്തിലൂടെ കാർ പായുമ്പോൾ ഡ്രൈവറോട് പറഞ്ഞു: "ഒന്ന് നിര്ത്തൂ". റോഡിൽ നിന്നിറങ്ങി ചോര വാർന്നൊഴുകിയ ജഡം പോലെ കിടക്കുന്ന നദിയെ നോക്കി നിന്നപ്പോൾ, ഏതോ പഴയ കാലത്തൊരു നാൾ, ഭാര്യയും കുട്ടികളുമായി ഈ പുഴയുടെ തീരത്ത് ഇളനീർ കുടിച്ചതും തോണിയിൽ അക്കരെ ക്ഷേത്രത്തിൽ പോയി തൊഴുതതും ഓർത്തു.
"ഞാൻ മാത്രം നിനക്കായ് തിരിച്ചു വന്നിരിയ്ക്കുന്നു നിളാ....പക്ഷെ നീയും എനിയ്ക്കപരിചിതയായല്ലോ" അയാള് മന്ത്രിച്ചു.
വാട്ട്സ് ആപ്പ് മെസേജുകളിൽ തല താഴ്ത്തിയിരിയ്ക്കുന്ന ഡ്രൈവറോട് ഹൈവേയുടെ തീരത്തുള്ള ഹോട്ടലിലേയ്ക്ക് പോകാൻ നിർദ്ദേശം കൊടുത്തു. വൈദ്യശാലയുടെ പെരുമയിൽ പ്രസിദ്ധിയാർജിച്ച നഗരത്തിന്റെ പ്രാന്തപ്രദേശം. ഹോട്ടൽ റിസപ്ഷനിൽ അഡ്രസ്സ് ചോദിച്ചപ്പോൾ പണ്ട് ഉപേക്ഷിച്ചു പോയ, കാടും പൊടിയും പിടിച്ച് കിടക്കുന്ന തറവാടിന്റെ പേര് പറഞ്ഞു കൊടുത്തു. ഇനി അവിടെ പോയി എല്ലാം വീണ്ടും തുടങ്ങണം - തൽക്കാലം ഈ സത്രത്തിൽ കുറച്ചു നാൾ തങ്ങാം. വൈദ്യശാലയിൽ സുഖ ചികിത്സയും.
ലഗേജ് മുറിയിലെത്തിയ്ക്കുന്നതിനിടെ ഡ്രൈവർ റിസപ്ഷനിൽ പോയി തന്റെ കമ്മീഷൻ രഹസ്യമായി തരപ്പെടുത്തുന്നത് കണ്ടില്ലെന്നു നടിച്ചു.
റൂമിൽ ജനലിനപ്പുറം ഹൈവേ കാണാം. എത്രയോ തവണ ബസ്സിൽ യാത്ര ചെയ്ത അതേ ഹൈവേ. പ്രണയിനിയുടെ കൂടെ കണ്‍സെഷൻ ടിക്കറ്റിൽ കോളേജിൽ പോയിരുന്ന ഹൈവേ. രാഷ്ട്രീയത്തിനും പൊതു പ്രവർത്തനത്തിനും കൌമാരം അലഞ്ഞു തിരിഞ്ഞ ഹൈവേ. അവസാനം അവിടെ തന്നെ തിരിച്ചെത്തിയിരിയ്ക്കുന്നു!
കതകിൽ ഒന്ന് മുട്ടുക പോലും ചെയ്യാതെ റൂം ബോയ് അകത്തു വന്നു. ഹോട്ടലിനോടനുബന്ധിച്ചുണ്ടായിരു ന്ന ബാറടച്ചതിനാൽ തനിയ്ക്കും കസ്റ്റമെഴ്സിനും വന്ന ബുദ്ധിമുട്ട് പറഞ്ഞ് ഗവണ്മെന്റിനെ ശപിച്ചു. എങ്കിലും തന്റെ തനതായ ചെട്ടി മിടുക്ക് പ്രയോഗിച്ച് 'സാധനം' ഒപ്പിച്ചു തരാം എന്ന് വാഗ്ദാനം ചെയ്തു.
അയാൾ പറഞ്ഞു: "വേണ്ട. രാത്രിയിലേയ്ക്ക് അല്പ്പം കഞ്ഞിയും ചമ്മന്തിയും കിട്ടുമോ?"
റൂം ബോയ് ഏതോ വിചിത്ര ജീവിയെ എന്ന പോലെ അയാളെ നോക്കി.
"ഒപ്പിയ്ക്കാം". അവന് എല്ലാം തന്നെ ഒപ്പിയ്ക്കലാണല്ലോ. അതിഥികളെ ഒപ്പിച്ച് ജീവിതം ആഘോഷിയ്ക്കുന്നവൻ. രാത്രി കഞ്ഞി കുടിയ്ക്കുന്നതിനിടയിൽ അവനോട് തറവാടിന്റെ കാര്യം പറഞ്ഞു. അവിടെ എല്ലാം വൃത്തിയാക്കണം. 2 ഏക്കർ സ്ഥലത്ത് ഓർഗാനിക് കൃഷി തുടങ്ങണം. വീട്ടിൽ ഇലക്ട്രിസിറ്റി, ഫോണ്‍, കേബിൾ ടീവി - എല്ലാം സംഘടിപ്പിയ്ക്കണം. എല്ലാത്തിനും പറ്റിയ ഒരു ഇടനിലക്കാരനെ കണ്ടു പിടിയ്ക്കണം.
പിറ്റേന്ന് അവൻ റഹ്മത്തുള്ളയെയും കൂട്ടി രാവിലെ തന്നെ പ്രത്യക്ഷപ്പെട്ടു. ജീൻസും ഷർട്ടും നീട്ടിയ താടിയും ഷേവ് ചെയ്ത മേൽമീശയും കരുവാളിച്ച മുഖവുമുള്ള ചെറുപ്പക്കാരനാണ് റഹ്മത്തുള്ള.
"ഏത് ആപ്പീസിലും പോയി പുസ്പം പോലെ കാര്യം ഒപ്പിച്ചു തരും റഹ്മത്തുള്ള" - റൂം ബോയ് സാക്ഷ്യപ്പെടുത്തി.
റഹ്മത്തുള്ളയുടെ കാർമികത്വത്തിൽ കാര്യങ്ങൾ പെട്ടെന്ന് മുന്നേറി. അയാള് ജനിച്ചു വളർന്ന തറവാട്ടു വീട്ടിൽ വർഷങ്ങൾക്കു ശേഷം റഹ്മത്തുള്ളയുടെ കൂടെ ജീപ്പിൽ വന്നിറങ്ങി. കാട് പിടിച്ചു കിടക്കുന്ന പാമ്പിൻകാവും തുളസിത്തറയും. പണ്ട്, ഒളിച്ചു കളിച്ച തൂണുകൾ ചോർന്നൊലിച്ച് ദ്രവിച്ചിരിയ്ക്കുന്നു. മഴയത്ത് നിറഞ്ഞു തുളുമ്പുമ്പോൾ ഉണ്ണിത്തണ്ട് കൊണ്ട് വെള്ളം ഒഴുക്കി കളിച്ച കൊക്കർണി കാട് പിടിച്ച് വരണ്ടു കിടന്നു. എത്രയോ കുട്ടികൾ ഓടിക്കളിച്ച തേന്മാവിൻ ചോട്ടിൽ ആർക്കും വേണ്ടാതെ പഴുത്ത മാങ്ങകൾ വൈലോപ്പിള്ളിയ്ക്ക് സ്മരണഗീതം ചമയ്ക്കുന്നു. പായലും അഴുക്കും നിറഞ്ഞ് കുളിയ്ക്കാൻ പറ്റാതായ കുളം. അതിനപ്പുറം ഇരുപ്പൂ മേനി വിളഞ്ഞിരുന്ന വയല പ്രദേശം മരുഭൂമി പോലെ.....അയാള് പ്രജ്ഞയറ്റവനെപ്പോലെ നിന്നു.
റഹ്മത്തുള്ളയുടെ വർത്തമാനം അയാളെ വർത്തമാന കാലത്തേയ്ക്ക് കൊണ്ടുവന്നു. "ങ്ങളീ വീട് പൊളിച്ച് പുതിയത് പണിയാവും നല്ലത്. പഴയ തടി വിറ്റാൽ ആ പൈസ കൊണ്ട് നല്ലൊരു വീട് പണിയാം. എല്ലാം ഞമ്മള് റെഡിയാക്കിത്തരാം. ങ്ങളൊന്നും അറിയണ്ട." അയാളുടെ അർദ്ധസമ്മതം റഹ്മത്തുള്ളയ്ക്ക് കാര്യങ്ങൾ അതിവേഗം ബഹുദൂരം കൊണ്ടു പോകാൻ പ്രചോദനമായി.
അപ്പോൾ ഒരു ആഡംബര കാർ വീടിന്റെ പടിയ്ക്കൽ വന്നു നിന്നു. കുലീന വേഷം ധരിച്ച ഒരു വിദ്വാൻ വണ്ടിയിൽ നിന്ന് മാലിന്യം നിറച്ച സഞ്ചിയുമായി ഇറങ്ങി. വീട്ടുമുറ്റത്ത് ആൾപ്പെരുമാറ്റം കണ്ടിട്ടാവണം ഉടനെ തന്നെ കാറിൽ കയറി തിരിച്ചു പോയി. അപ്പോഴാണയാൾ ശ്രദ്ധിച്ചത് - ചവറ്റു കൂമ്പാരം തന്നെയുണ്ട് ഒരു മൂലയിൽ! നാട്ടിലെ അഴുക്കു മുഴുവൻ ഉപേക്ഷിയ്ക്കുന്നത് തന്റെ തറവാട്ടു വളപ്പിലാണ്. എന്ത് മനോഹരമായ സംസ്കൃതി!
റഹ്മത്തുള്ള പറഞ്ഞയച്ച അപരിചിതരായ ആളുകൾ തറവാടിന്റെ മുറികളിൽ കയറിയിറങ്ങി തടിയുടെയും കല്ലിന്റെയും കണക്കെടുത്തു. അയാളുടെ മണിയറയായിരുന്ന, മാറാല കെട്ടിയ മുറി, അച്ഛന്റെ കിടപ്പ് മുറി, പൂജാ മുറി, കുട്ടിക്കാലത്ത് കാറോടിച്ചു കളിച്ചിരുന്ന മരക്കട്ടിൽ - എല്ലാം വില നിശ്ചയിയ്ക്കപ്പെട്ടു. എല്ലാ ഓർമ്മകളും ഇതോടെ പൊളിച്ചടക്കട്ടെ. നൂറ്റാണ്ടുകളുടെ പാരമ്പര്യം തന്നോടു കൂടി മണ്ണടിയട്ടെ.
പഴയ വീടിന്റെ അസ്ഥിവാരം വരെ ചുര മാന്തി ലോറികളിൽ കടത്തപ്പെട്ടു. പുതിയ വീടിന്റെ നിർമ്മിതിയ്ക്കായി ബംഗാളികൾ, ആസ്സാമികൾ, ഭയ്യമാർ, തമിഴന്മാർ എന്ന് വേണ്ട പല വിധം ആണും പെണ്ണുമായി അവിടെ യുദ്ധകാലം പോലെ പണി തുടങ്ങി. കുറഞ്ഞ സമയത്തിനുള്ളിൽ അത്യധികം ജോലി ചെയ്യേണ്ടതുള്ളതിനാൽ ആവണം, മലയാളികളെ മാത്രം കണ്ടില്ല.
തടി വിറ്റ വകയിൽ പ്രതീക്ഷിച്ച വരുമാനമൊന്നും ഉണ്ടായില്ല. എല്ലാം പഴയ തടി ആയതിനാൽ ഉപയോഗിയ്ക്കാൻ പറ്റില്ല എന്നാണ് റഹ്മത്തുള്ളയുടെ വിശദീകരണം. എന്നാൽ ഈ അവസരത്തിൽ റഹ്മത്തുള്ള ഒരു പുതിയ കാർ വാങ്ങിച്ചത് കൂട്ടി വായിയ്ക്കണോ എന്ന് നിങ്ങൾ തീരുമാനിച്ചാൽ മതി.
പുതിയ വീടിനാകട്ടെ, പ്രതീക്ഷിച്ചതിലും എത്രയോ കൂടുതൽ ചെലവ് വന്നു കഴിഞ്ഞു. ഇനിയും വൈദ്യുതി, വെള്ളം, ഫോണ്‍, ഇന്റർനെറ്റ് എന്നിങ്ങനെ നാഗരികതയുടെ എല്ലാ അടയാളങ്ങളും സ്വായത്തമാക്കണം. റഹ്മത്തുള്ളയ്ക്ക് ഒന്നും ഒരു പ്രശ്നമല്ല. അയാൾക്കാണെങ്കിൽ ഓരോന്നും ഒരു പുതിയ പ്രശ്നമായിത്തുടങ്ങിയിരിയ്ക്കു ന്നു.
ഇലക്ട്രിസിറ്റി ഓഫീസിൽ പരാതിക്കാരുടെ നീണ്ട ലൈൻ ഭേദിച്ച് മുന്നേറി, കാവലിരിയ്ക്കുന്ന പ്യൂണിന്റെ പോക്കറ്റിൽ ഒരു "ഗാന്ധി" ചുരുട്ടിയിട്ട് അയാളെയും കൊണ്ട് റഹ്മത്തുള്ള ഓഫീസറുടെ മുറിയില കയറി. അഹങ്കാരം മുഖമുദ്രയായുള്ള അധികാരി പരമ പുഛത്തോടെ അയാളെ നോക്കി. റഹ്മത്തുള്ള ദാസ്യ ഭാവം ശരീരത്തിൽ ആവാഹിച്ചെടുത്ത് കൊണ്ട് ചോദിച്ചു: "സാറിന്റെ വണ്ടിയുടെ ഇൻഷൂറൻസ് അടച്ചിട്ടില്ലല്ലോ?"
ഏമാൻ ഇല്ലെന്ന് തലയാട്ടി. റഹ്മത്തുള്ള "ഒരയ്യായിരം ഉർപ്പ്യങ്ങ്ട് എട്ക്കീ" എന്ന് അയാളോട് ഉത്തരവിട്ടു.
പരുങ്ങി നിന്നപ്പോൾ വീണ്ടും റഹ്മത്തുള്ള പറഞ്ഞു: "ദെന്തത്താത്....വെറും നൂറ് ഡോളറല്ലേ ചോയ്ച്ചത്? ങ്ങക്ക് വീട്ടില് കരണ്ട് വേണ്ടേ?"
പിന്നെ ഏമാനെ നോക്കി വീണ്ടും ഒരു കണ്ണിറുക്കി കൊണ്ട് പറഞ്ഞു: "നമ്മളെ വില്ലേജിലെ തറവാട്ടു വീട്ടിലെ ആളാ , വിദേശത്ത്ന്നു വന്നിട്ട് ഒരു മസായിട്ടെള്ളൂ."
തറവാടിന്റെ പേര് കേട്ടിട്ടാവില്ല ആപ്പീസറുടെ ഭാവാഭിനയം പെട്ടെന്ന് പുഛത്തിൽ നിന്ന് ഭക്തി ബഹുമാനത്തിലേയ്ക്ക് പകർന്നാടിയത്. ഡോളറിന്റെ പച്ച നോട്ടുകൾ കടുത്ത ആദർശവാദികളെ പോലും മുട്ടിലിഴയിയ്ക്കുന്ന കാലം. ഗതി കെട്ട മനുഷ്യർ.
ഒരാഴ്ച്ച മുമ്പ് 'ഭൂമിക്കച്ചവടം' നടത്തുന്ന ബന്ധുവിന്റെ വീട്ടിൽ പോയതോർത്തു അയാൾ. റിട്ടയർമെന്റ് ജീവിതത്തിന് രണ്ടു മൂന്ന് ഏക്കർ സ്ഥലം സ്ഥലം വാങ്ങിച്ചിടുന്നത് എത്രമാത്രം അത്യാവശ്യമാണെന്ന് അയാളെ പറഞ്ഞ് വിശ്വസിപ്പിയ്ക്കാൻ ആ ബന്ധു കിണഞ്ഞു ശ്രമിച്ചു. അയാൾക്ക് താൽപ്പര്യവും പണവും ഇല്ലെന്ന് വ്യക്തമായപ്പോൾ ബന്ധു പറഞ്ഞു: "ഏട്ടൻ പൊയ്ക്കോളൂ, എനിയ്ക്കിത്തിരി തിരക്കുണ്ട്. ഞാൻ ഇടയ്ക്ക് വിളിയ്ക്കാം." ഇനിയൊരിയ്ക്കലും വിളിയ്ക്കാനിടയില്ലാത്ത കസിൻ.
ഉദ്യോഗസ്ഥരുടേയും മന്ത്രിമാരുടെയും പത്രക്കാരുടെയും ചാനൽ ചർച്ചാ വിശാരദൻമാരുടെയും ആശുപത്രിക്കച്ചവടക്കാരുടെയും വിദ്യാഭ്യാസവാണിഭക്കാരുടെയും ആത്മീയം ഹോൾസെയിലായി വിൽക്കുന്നവരുടെയും കപടതയെ കുറ്റം പറയാൻ നാം ആര്? അയാൾ ഓർത്തു. ഭൂമിയെ പോലെ തുണ്ടം തുണ്ടമായി വിറ്റ് കാശാക്കിയ ബന്ധങ്ങളും ശിഥിലസ്വപ്നങ്ങളും ചേർന്നതാണ് ഇന്ന് അയാളുടെ നാട് എന്നാ സത്യം അയാളെ തുറിച്ചു നോക്കി.
ടെലിഫോണും ഇന്റർനെറ്റും ശരിയാക്കാൻ ആറാമത്തെ തവണ എക്സ്ചേഞ്ചിൽ പോയപ്പോഴാണ് പഴയ സഹപാഠിയായിരുന്ന സുലൈമാനെ അയാള് കണ്ടത്. 6 മുതൽ 10 വരെ അയാളുടെ കൂടെ ഒരേ ബെഞ്ചിൽ ഇരുന്ന് കുരുത്തക്കേടുകൾ കാണിച്ച സുലൈമാൻ.
"ഇതാണ് സുലൈമാൻ ഹാജി. ഇവിടെയുള്ള ഒരുമാതിരിപ്പെട്ട എല്ലാ കടകളും മൂപ്പരുടെതാണ്." റഹ്മത്തുള്ള പരിചയപ്പെടുത്തി. മറവിയുടെ മൂടുപടം മാറ്റി ഓർമയുടെ ഉള്ളറകളിൽ നിന്നും പഴയ ചങ്ങാതിയെ വീണ്ടെടുക്കുമ്പോൾ അയാളോർത്തത് ഒരിയ്ക്കലും പള്ളീൽ പോവാൻ ഇഷ്ടമല്ലായിരുന്ന ഈ പഹയൻ എങ്ങനെ ഹാജിയായി എന്നായിരുന്നു. പിറ്റേന്ന് സുലൈമാന്റെ 85 ലക്ഷം രൂപയുടെ രമ്യഹർമ്യത്തിൽ പോയപ്പോൾ പർദ്ദയിട്ട ഭാര്യയേയും മകളെയും കണ്ടു. സുലൈമാൻ ഫോണിലും നേരിട്ടും ആരോടൊക്കെയോ മതകാര്യങ്ങൾ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു. അന്ന് വെള്ളിയാഴ്ചയായതിനാൽ ഉച്ചയായപ്പോൾ സുലൈമാൻ പറഞ്ഞു: "ന്നാ ങ്ങള് പൊയ്ക്കോളീ. ഞമ്മക്ക് പള്ളീ പോവാൻ നേരായി. പിന്നെക്കാണാ. ഇൻഷാ അള്ളാ."
കഷണങ്ങളായി തിരിച്ച പ്ലോട്ടുകളിലൊന്നിൽ ഒരു പോസ്റ്റ് നാട്ടിയാലേ അയാൾക്ക് വീട്ടിൽ വൈദ്യുതി ലഭിയ്ക്കൂ. അനുവാദം ചോദിയ്ക്കാനായി അയാൾ ആ വീട്ടിലെ അപരിചിതനായ ബാലകൃഷ്ണൻ നായരെ കാണാൻ പോയി. നായർ പറഞ്ഞു: പോസ്റ്റു വെയ്ക്കുന്നതിനൊന്നും കൊഴപ്പല്ല്യ. പക്ഷെ നിങ്ങളെന്താ അമ്പലത്തിലൊന്നും വരാത്തത്? മ്മള് ഇന്തുക്കള് ഒന്നിച്ചു നിക്കണം. ങ്ങക്കറിയോ അവര്ക്കൊക്കെ പള്ളീല് ബോംബ് ണ്ടാക്കലാണ് പണി." പിന്നെ ശബ്ദം താഴ്ത്തി രഹസ്യമായി പറഞ്ഞു: "ങ്ങളാ സുലൈമാൻ ഹാജീടെ വീട്ടിലിയ്ക്കധികം പോണ്ട. ഹാജ്യാര് തീവ്രവാദിയാ..."
അയാൾക്ക് തീവ്രവാദി എന്താണെന്നറിയില്ല. പക്ഷെ നാട്ടുകാർ ഒന്നടങ്കം വർഗ്ഗീയമായി ധ്രുവീകരിയ്ക്കപ്പെട്ടിരിയ്ക്കു ന്നു എന്നും എല്ലാവർക്കും മറ്റുള്ളവരെ നോക്കിയിരിയ്ക്കലാണ് ഏർപ്പാട് എന്നും മനസ്സിലായി. ആഫ്രിക്കയിലെ ഏതോ ഗോത്ര വർഗ്ഗത്തിൽ അകപ്പെട്ടു പോയത് പോലെ അയാൾക്ക് പേടി തോന്നി. അച്ഛനമ്മമാരുടെ സുരക്ഷിതത്വം വിട്ട് ആദ്യമായി വിദേശ രാജ്യത്ത് പോയ ചെറുപ്പക്കാരനെ പോലെ അയാൾക്ക് ജന്മനാട്ടിൽ ഗൃഹാതുരത്വം അനുഭവപ്പെട്ടു.
നാട്ടിൽ കുറ്റിയുറപ്പിയ്ക്കുവാൻ കടമ്പകൾ ഏറെ കടക്കേണ്ടിയിരിയ്ക്കുന്നു. പച്ച നോട്ടുകളുടെ വരവിൽ കുറവ് കാണാൻ തുടങ്ങിയപ്പോൾ റഹ്മത്തുള്ളയുടെ ഉത്സാഹം പകുതിയായി കുറഞ്ഞു. വൈദ്യുതി ഒരു വിധത്തിൽ കിട്ടിയെങ്കിലും മറ്റു പലതും പല ഓഫീസുകളിലായി കറങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. പണ്ടെന്നോ വയലായിരുന്ന നിലം നികത്തി അവിടെ പച്ചക്കറി കൃഷി ചെയ്യാൻ ലാന്റ് ട്രിബ്യൂണൽ ഓഫീസിൽ ഇതിനകം 8 തവണ കയറിയിറങ്ങിക്കഴിഞ്ഞു. ആധാർ കാർഡ് വരാൻ കാത്തിരുന്ന് വഴിയാധാരമായി. പിന്നെ ദിവസേനയെന്നോണം പ്രത്യക്ഷപ്പെടുന്ന പിരിവു മാഫിയ - ഉത്സവം, പൂരം, അമ്പലം, സ്പോർട്ട് ക്ലബ്ബ്, സാംസ്കാരിക സമ്മേളനം, രാഷ്ട്രീയം, ആത്മീയം.....ചെലവിനൊരു കുറവും ഇല്ല.
അയാൾ വീണ്ടും മടക്കയാത്രയെപ്പറ്റി ചിന്തിച്ചു തുടങ്ങി. പിരിവുകാരില്ലാത്ത നാട്ടിലേയ്ക്ക്. താൻ മാത്രം വിചാരിച്ചാൽ തന്നെ എന്ത് കാര്ടവും നടക്കുന്ന നാട്ടിലേയ്ക്ക്. ആത്മീയതയിലും ആരോഗ്യ രംഗത്തും, കുടിയ്ക്കുന്ന കഞ്ഞിയിൽ വരെയും പാഷാണം കലർത്താത്ത നാട്ടിലേയ്ക്ക്. തന്റെ ശരിയായ സ്വന്തം നാട്ടിലേയ്ക്ക് അവസാനമായി ഒരു മടക്കയാത്ര.
ഗാഢമായ പര്യാലോചനകൾക്കു ശേഷം അയാൾ റഹ്മത്തുള്ളയെ വിളിച്ചു. "ഈ വീടൊന്നു കച്ചോടമാക്കി തരണം". എന്തിലും കച്ചവടം മാത്രം കാണുന്ന റഹ്മത്തുള്ളയ്ക്കാകട്ടെ, പഴയ ഉത്സാഹം തിരിച്ചു കിട്ടി.
"ങ്ങളൊന്നും പേടിയ്ക്കണ്ട. വീടും പറമ്പും ഞമ്മള് കച്ചോടാക്കിത്തരാം. നയാ പൈസ ഞമ്മക്ക് വേണ്ട.ഇങ്ങക്ക് ല്ലൊരു സർവീസായിട്ട് കൂട്ടിക്കോളി".
അതിനർത്ഥം എന്താണെന്ന് മനസ്സിലാക്കാനുള്ള പരിജ്ഞാനം അതിനകം അയാൾക്ക് ലഭിച്ചിരുന്നു. വീണ്ടും താൻ പുറപ്പെട്ടു പോന്ന പ്രിയപ്പെട്ട നാടിനെ അയാൾ ഓർത്തു - കൃത്യമായ കമ്മീഷൻ ശതമാനം മുൻകൂട്ടി നിശ്ചയിച്ച് റിയാൽട്ടർമാർ വിക്രയം നടത്തി തരുന്ന സുതാര്യമായ ലോകം. അതുപേക്ഷിച്ച് പോന്ന താൻ എത്ര മണ്ടൻ!
അയാൾ ഭൂമിയുടെ മറ്റേ അറ്റത്തുള്ള ആ പഴയ അപ്പാർട്ട്മെന്റിലേയ്ക്ക് മടക്കയാത്രയ്ക്ക് തയ്യാറായി. തരം തിരിയ്ക്കപ്പെട്ട മനുഷ്യരും കച്ചവടവൽക്കരിയ്ക്കപ്പെട്ട സമൂഹവും കൊട്ടിഘോഷിയ്ക്കപ്പെട്ട സംസ്കാരവും ഇല്ലാത്ത ആ ജയിൽ ഇന്നയാൾക്ക് സ്വർഗ്ഗതുല്യമായ മരീചികയായത് പ്രവാസം ഒരു സ്വഭാവമായി രക്തത്തിൽ അലിഞ്ഞത് കൊണ്ടാകുമോ? അതോ ജന്മനാട് അയാളുടെ പ്രതീക്ഷയെക്കാൾ അന്യമായതോ?
നാടും നാട്ടുകാരും ഇല്ലാത്ത ആ പരദേശി നിശ്ശൂന്യതയിലേയ്ക്ക് തിരിച്ചു പോയി.
