2013 ഒക്‌ടോബർ 30, ബുധനാഴ്‌ച

YUDHA KANDAM - 3



മൊബൈൽ ഫോണുകൾ വരുന്നതിനു മുമ്പാണ്. സമയം രാത്രി 12 മണി. കോട്ടയം പുഷ്പനാഥനു ഇഷ്ടപ്പെട്ട സമയം. ITI കമ്പനി ഉണ്ടാക്കുന്ന കറക്കി വിളിയ്ക്കുന്ന ഫോണ്‍ ആർത്തലച്ചു...ർർണീം ർർണീം.....ർർണീം ർർണീം.....ഒരു വിധം തപ്പി തടഞ്ഞു, നിരത്തിപ്പിടിച്ചു കിടന്നുറങ്ങുന്നവന്മാരുടെ തലയ്ക്കു മുകളിൽ കവച്ചു വെച്ച് ബെഡ് റൂമിലുള്ള ഫോണെടുത്തു.

"സുകുമാരനാണ്. എന്താടോ ഈ സമയത്ത് കിടന്നുറങ്ങുന്നത്?"

"എനിയ്ക്ക് ജ്വാലി നിന്നെ പോലെ 6 മാസം കപ്പലിലും 6 മാസം വെള്ളത്തിലും അല്ലല്ലോ?"

"ഓ..പാതിരയ്ക്കും തമാശ! ആട്ടെ ഞാനിവിടെ സസൂണ്‍ ഡോക്കിൽ ഇറങ്ങി. ഇങ്ങോട്ടു വരുന്നോ?"

"പോടൈ...വന്ന വള്ളത്തിൽ തന്നെ തിരിച്ചു വിട്ടോ"

"എന്നാ പിന്നെ ഞാനങ്ങോട്ടു വരാം. ചൂടാക്കാൻ ഉള്ള സന്നാഹമൊക്കെ ആയിട്ട്"

അപ്പോൾ ആണ് ഉറക്കം ഒന്ന് വിട്ടത്. അവൻ വന്നു 'ജലസേചനം' തുടങ്ങിയാൽ പിന്നെ, ഇപ്പോൾ ഉറങ്ങി കിടക്കുന്നവരൊക്കെ ഇനിയൊരിയ്ക്കലും ഉറങ്ങാത്ത പരുവമാവും. മുത്തപ്പന്റെ മുത്തച്ഛൻ പോലും മൂക്കത്ത് വിരൽ വെച്ച് ഇരുന്നു പോവും. പ്രൊഫസർ മന്മഥൻ രായ്ക്കു രാമാനം സേവ തുടങ്ങും...കാരണം ഈ പുകിലൊന്നും ബോധമുള്ള ഒരാൾക്കും കാണാനോ കേൾപ്പാനോ കൊള്ളത്തില്ലല്ലോ.

എന്ത് വേണം എന്നാലോചിച്ചു ഇതികർതവ്യതാമൂഢൻ ആയും വെറും ഒരു മൂഢൻ ആയി തല ചൊറിഞ്ഞും ഇരിക്കുമ്പോൾ അങ്ങേ തലയ്ക്കൽ നിന്ന് അരുളപ്പാടുണ്ടായി: "ഒരു കാര്യം ചെയ്യ്‌, ഞാൻ ഇന്നിവിടെ VT സ്റ്റെഷനടുത്ത് റെയിൽവെ ഹോട്ടലിൽ റൂം എടുത്തു കൂടാം. കൂടെയുള്ള സഹ കപ്പൽ കൊള്ളക്കാരെല്ലാം അവിടെയാണ്. നാളെ രാവിലെ കെട്ടെറങ്ങും മുമ്പ് താനങ്ങോട്ടു എത്തിയാൽ മതി."

"വെല്ല്യ ഒപകാരം മൊയലാളി" ഞാൻ ഫോണ്‍ വെച്ച് സമാധാനമായി കിടന്നുറങ്ങി.

രാവിലെ കമ്പനിയിൽ പതിവ് പോലെ അസുഖം ഫോണിലൂടെ അഭിനയിച്ചു കാണിച്ച് ഒരു ദിവസം കാഷ്വൽ ലീവ് ആക്കി. "എന്താ ഗ്രാൻഡ്‌ ഫാദർ മരിച്ചതോ അതോ ഗ്രാൻഡ്‌ മദർ വീണ്ടും വേളി കഴിച്ചതോ" എന്ന് ബോസ് ഫോണിൽ കളിയാക്കി. ഏതായാലും ശനിയാഴ്ച ആണ്. മാർവെ റോഡിൽ ഉള്ള ബസ് സ്റ്റോപ്പിൽ മലാഡ് സ്റ്റെഷനിലെയ്ക്കുള്ള ഡബിൾ ഡക്കർ ബസ്സ് സൂചി കുത്താൻ സ്ഥലമില്ലാതെ വന്നു നിന്നു. അത് പോട്ടെ - തിരക്കി കയറി പോകാൻ ജോലിയ്ക്കല്ലല്ലോ. ലാവിഷ് ആയി ഒരു ഓട്ടോ പിടിച്ചളയാം. പക്ഷെ ഓട്ടോ സ്റ്റാൻഡിൽ ഒരൊറ്റ പഹയനെയും കാണാനില്ല. ഓട്ടോ വന്നു നില്ക്കുന്നതിനു മുമ്പ് തന്നെ ആളുകൾ ബാഗും മറ്റും പിടിച്ചു പറന്നു അതിനകത്ത് ഇരിപ്പാവുന്നു. ഇങ്ങനെ നിന്നാൽ ശരിയാവില്ലല്ലോ..... ബോംബെയുടെ വെള്ളം കുടിച്ച വീര്യം ആളിക്കത്തി. അടുത്ത ഓട്ടോ വന്നതും ചാടിക്കയറിയ മറാത്തി മാനുഷനെ അമ്പരപ്പിച്ചു ഒപ്പം അതിനകത്തെയ്ക്ക് വലിഞ്ഞു കയറി. മലാഡ് സ്റ്റെഷനിലെയ്ക്കാണ് എന്ന് പറഞ്ഞപ്പോൾ മറാത്തി സന്തോഷിച്ചു. 16 രൂപ ചാർജ് 8 രൂപയായി കുറഞ്ഞല്ലോ.

മലാഡ് സ്റ്റെഷനിലെയ്ക്ക് പതിവ് പോലെ പരശതം യാത്രക്കാരുടെ കൂടെ ഓടിക്കൊണ്ട്‌ പ്രവേശിച്ചു.

"नमस्कार पश्चिम रेलवे, यात्रियो कृपया ध्यान दीजिये" എന്ന് മധുരം അല്ലാത്ത ശബ്ദത്തിൽ പെണ്ണും പിള്ള അലയ്ക്കാൻ തുടങ്ങി. 'ചർച്ച് ഗേറ്റ് ഗാടി മിസ്റ്റെക്കു ഗാടി' പാഞ്ഞു വന്നു കൃത്യം 2 മിനിട്ട് മലാഡ് സ്റ്റെഷനിൽ നിന്നു. നൂറോളം ആളുകൾ അകത്തേയ്ക്കും ഒന്നോ രണ്ടോ ഹതഭാഗ്യർ പുറത്തേയ്ക്കും അങ്കം വെട്ടി പ്രവേശിയ്ക്കുന്നത് കാണുമ്പോൾ, ഓരോ തവണയും, നമ്പൂരി ഫലിതം ഓർമ്മ വരും - ട്രെയിനിൽ നിന്നും ഇറങ്ങാൻ ബുദ്ധി മുട്ടുന്ന നമ്പൂരി, കയറാൻ ശ്രമിയ്ക്കുന്നവരോട് - "നിങ്ങൾക്ക് വേണമെങ്കിൽ അടുത്ത വണ്ടിയിൽ കയറിക്കൂടെ, എനിയ്ക്കാച്ചാൽ ഇതീന്നന്നെ എറങ്ങണം ".

മർദ്ദിതനായും നാലു ഭാഗത്ത്‌ നിന്നും ഞെരിയ്ക്കപ്പെട്ടും അകത്തു കയറിയാൽ പിന്നെ ചുടു കാറ്റും അതിലേറെ അലോസരമായ ശബ്ദവും വമിയ്ക്കുന്ന ഫാനിനു താഴെ, 8 പേരുടെ ബലിഷ്ഠ കരങ്ങൾക്കിടയിൽ ഒറ്റ വിരൽ കൊണ്ട് മുകളിൽ നിന്നും തൂങ്ങി നില്ക്കുന്ന കൊളുത്തിൽ മുറുകെ പിടിച്ചും ഷൂസിൽ നിരവധി ആളുകളാൽ മെതിയ്ക്കപ്പെട്ടും അവരുടെ വിയർപ്പാൽ മുഖത്തും ചുണ്ടിൽ വരെയും അഭിഷിക്തനായും നാറ്റം കാരണം ശ്വാസം മുട്ടിയും നടത്തുന്ന വാഗണ്‍ ട്രാജഡിയുടെ ഇടയിലെ ഒരു നൈമിഷിക സുഷുപ്തിയ്ക്കിടയിൽ ഒരു മാത്ര, എന്റെ നാവയുടെ തീരത്തെ തണുത്ത കാറ്റും പച്ച വയലുകളും വിജനമാം സന്ധ്യയും കടന്നു വരും. അപ്പോഴേയ്ക്കും അടുത്ത സ്റ്റെഷൻ എത്തുകയായി. വീണ്ടും നിഷ്കരുണം നൂറോളം ആളുകൾ ഇടിച്ചു കയറുകയായി. നിള വിദൂര സ്മരണകളിൽ പോലും ഇല്ലാത്ത വിധം മറയുകയായി. പാപഫലം!

മറ്റു ചിലപ്പോൾ ഈ കലുഷിത യാത്രകളിൽ ഓർക്കുന്നത് നമ്മുടെ നേതാക്കളെയാണ് - പ്രത്യേകിച്ചും കേരളത്തിലെ ജനുസ്സിനെ. വയറും വീർപ്പിച്ചു വെള്ള ഷർട്ടും വെള്ള ചിരിയുമായി നടക്കുന്ന ഇത്തിക്കണ്ണികൾ എന്നെങ്കിലും ഒരിയ്ക്കൽ ഈ ട്രെയിനിൽ ഒന്ന് കയറിയിരുന്നെങ്കിൽ ഇവനൊന്നും ഇങ്ങനെ ചിരിയ്ക്കാൻ ആവില്ലായിരുന്നു. നെടുവീർപ്പിടുക മദ്ധ്യവർഗ്ഗമേ, നിന്നെയൊക്കെ ഓർത്തു തന്നെയാണ് നിന്റെ നേതാക്കൾ ചിരിച്ചു കൊണ്ടേ ഇരിയ്ക്കുന്നത്. എത്ര നാൾ ഇങ്ങനെ കഷ്ടം സഹിച്ചു യാത്ര ചെയ്യേണ്ടി വരും? നമ്മുടെ മക്കളും ഇതനുഭവിയ്ക്കുമൊ, അതോ തെറ്റായ കാലത്ത് ജനിച്ചു പോയത് കൊണ്ട് നമ്മൾ മാത്രം ഇതെല്ലാം സഹിയ്ക്കാൻ വിധിയ്ക്കപ്പെട്ടവർ ആണോ? പില്ക്കാലത്തെ സുഖലോലുപന്മാരോട് വീരസ്യം വിളമ്പാൻ നമുക്ക് സ്വന്തമായി ഉള്ള ഏക സമ്പാദ്യം ആണോ ഈ കഥകൾ! ഏതായാലും ദൈവം സഹായിച്ചു അധികം ചിന്തിയ്ക്കേണ്ടി വരില്ല ഇത്തരം യാത്രകളിൽ - അടുത്ത സ്റ്റെഷൻ എത്തുകയായി.....

ഇപ്പോൾ ഞാൻ 2 സീറ്റുകളുടെ നടുക്ക് ആളുകളുടെ കാൽമുട്ടുകളുടെ ഇടയിൽ നിൽക്കുക്കയാണ്. 3 പേർക്ക് വേണ്ടി നിമ്മിച്ച ഇരിപ്പിടത്തിൽ നാലാമൻ ആയി ഒരു നിർഭാഗ്യവാൻ ഇരിപ്പുണ്ട്. മൂന്നാമൻ ആവട്ടെ, കയ്യിൽ ഏതോ ഭജന മന്ത്രങ്ങൾ അടങ്ങിയ പുസ്തകം നോക്കി ഏകാഗ്രതയോടെ മനസ്സിൽ സൂക്തങ്ങൾ ഉരുക്കഴിയ്ക്കുകയാണ്. എന്നാൽ മുഴുവൻ ശ്രദ്ധയും ജപത്തിൽ ആണെന്ന് പറയാൻ പറ്റില്ല. ഓരോ 5 മിനുട്ടിലും നിർഭാഗ്യവാനെ ചന്തി കൊണ്ട് തള്ളി സീറ്റിൽ നിന്നും നിഷ്കാസിതൻ ആക്കാനും ഭക്തൻ കിണഞ്ഞു ശ്രമിയ്ക്കുന്നുണ്ട്, അതിൽ വിജയിയ്ക്കുന്നുമുണ്ട്. നാലാമൻ ദൈവത്തിന്റെയും സീറ്റിന്റെയും ഇടയ്ക്കുള്ള തന്റെ അര ചന്തിയ്ക്ക് ഒരിടം യാചിയ്ക്കുന്നു - മനുഷ്യരാശിയുടെ മൊത്തം പ്രതിരൂപം പോലെ! സീറ്റിൽ തൊട്ടും തൊടാതെയും കാൽപ്പനിക ഇരിപ്പിടത്തിൽ ഇരിയ്ക്കുന്നതായി സങ്കല്പ്പിയ്ക്കുന്ന നിർഭാഗ്യവാനെ മുകളിൽ ഒരാൾ കാണുന്നുണ്ടെന്ന (സാക്ഷാൽ ഈ ഞാൻ തന്നെ!) നേരിയ സംശയം പോലും ഭക്തന് ഉണ്ടെന്നു തോന്നുന്നില്ല. ഇതൊന്നും അറിയാതെ ഒന്നും രണ്ടും സീറ്റിൽ ഇരിയ്ക്കുന്ന ഭാഗ്യവാന്മാർ സുഖനിദ്രയിൽ നിർവൃതി പൂകുന്നു - മാഹിം ക്രീക്കിലെ പരിമള ഗന്ധം നാസാരന്ധ്രങ്ങളെ തുളച്ചു കയറിയിട്ടും ഉണരാൻ പറ്റാത്ത വിധം ക്ഷീണിതരായി.

പെട്ടെന്നാണ് ശ്രദ്ധിച്ചത് - ഉറക്കം തൂങ്ങുന്ന മാന്യ ദേഹം നമ്മുടെ രമേഷ് അല്ലെ? തോണ്ടി വിളിച്ച് ഉണർത്തിയപ്പോൾ വേഗം എഴുന്നേറ്റു സീറ്റ് തന്നു. "താനിരുന്നോളൂ, എനിയ്ക്കുടനെ ഇറങ്ങണം". അങ്ങനെ ആ സീറ്റിൽ സുഖമായി ഇരുന്നു. ഞാൻ ചോദിച്ചു: "രമേഷ് എവിടെ പോവുന്നു?"

"ഞാൻ പൂഞ്ഞാറിൽ പോണു...എടാ പൊട്ടാ, രാവിലെ ജോലിയ്ക്കല്ലാതെ എവിടെ പോവാനാ?"

"വരുന്നോ, എന്റെ കൂടെ? സുകുമാരൻ സ്ഥലത്തെത്തിയിട്ടുണ്ട്."

അപ്പോൾ ഭക്തൻ തന്റെ ചന്തി പ്രയോഗം ആവർത്തിയ്ക്കുകയും നാലാം തരം പൌരൻ ഏതാണ്ട് പൂർണമായി തന്നെ സീറ്റിൽ നിന്ന് വീഴുകയും ഉണ്ടായി. അത് കണ്ട രമേഷ് പിന്നെ തന്റെ സ്വത സിദ്ധമായ ശൈലിയിൽ ചെവി നിറയെ ഭക്തന് ഉൽബോധനം ആയിരുന്നു:

"अबे मदरचोथ, कब सुधारनेवाले हो तुम?" എന്ന സൂക്തത്തിൽ തുടങ്ങി, അത് അവസാനിയ്ക്കുന്നതിനു മുമ്പ് തന്നെ ഭക്തൻ സീറ്റിൽ നിന്ന് എഴുന്നേൽക്കുകയും ലെസ്ഫൊർചുനെറ്റിനെ അവിടെ ഇരുത്തുകയും ചെയ്തു.

ചിരി കാണാതിരിയ്ക്കാൻ തല താഴ്ത്തി ഇരിയ്ക്കുന്ന എന്നോട് പിന്നെ പറഞ്ഞു: "ഇന്നേതായാലും ഒരു നല്ല കാര്യം ചെയ്തു, ഇനി ജോലിയ്ക്ക് പോയില്ലെങ്കിലും കുഴപ്പമില്ല. പോയാൽ ചെറിയ കുഴപ്പം ഉണ്ട് താനും. ഒരു കാര്യം ചെയ്യാം ഞാനും തന്റെ കൂടെ വരാം."

അങ്ങനെ ഞങ്ങൾ ചർച്ച് ഗേറ്റിൽ ഇറങ്ങി, ഫാഷൻ സ്ട്രീറ്റ് വഴി നടന്ന് വി.ടി ജനറൽ പൊസ്റ്റൊഫീസിനടുത്തുള്ള റെയിൽവെ ഹോട്ടലിൽ എത്തി. അവിടെ സുകുമാരൻ അക്ഷമനായി, കൂട്ടിലിട്ട വെരുകിനെ പോലെ, രാവിലെ 6 മണിയ്ക്ക് തന്നെ കുളിയും പ്രാതലും കഴിഞ്ഞ് നില്പ്പാണ്‌. ഞാനും രമേഷുമാകട്ടെ ചായ പോലും കുടിച്ചിട്ടുമില്ല.

"എന്നാൽ നമുക്ക് ഓരോ മസാല ദോശയും വിസ്കിയും ആയിട്ടങ്ങു തുടങ്ങാം" സുകുമാരൻ തന്റെ വിദഗ്ദ്ധ അഭിപ്രായം പറഞ്ഞതും ഞങ്ങൾക്ക് പിന്നെയൊന്നും ആലോചിയ്ക്കാൻ ഉണ്ടായിരുന്നില്ല.

അന്നുച്ച തൊട്ട് തുടങ്ങിയ കലാപരിപാടികൾ, പാട്ടും കൂത്തും സർക്കസ്സും എല്ലാം പിറ്റേന്ന് വെളുപ്പിന് 4 മണിയോടെ ഒരു ലേഡീസ് ബാറിന്റെ പിൻ വാതിലിലൂടെ പ്രഭാതമോ പ്രദോഷമോ എന്ന് തിരിച്ചറിയാത്ത അവസ്ഥയിൽ നടന്നും ഇഴഞ്ഞും അവസാനിപ്പിച്ചു. ഒരു സംഭവം മാത്രം ഇന്നും ഓർക്കുന്നു....

ജൂഹു ബീച്ച്. ഒരു സത്രത്തിൽ നിന്നും മറ്റൊന്നിലേയ്ക്കുള്ള ടാക്സി യാത്രയ്ക്കിടയിൽ എപ്പോഴോ ബീച്ചിന്റെ സൌന്ദര്യം ആസ്വദിച്ചളയാം എന്ന് തീരുമാനിച്ചതായിരിയ്ക്കാം. സമയം രാത്രിയിൽ എപ്പോഴോ ആയിരിയ്ക്കാം. കയ്യിൽ പാവ് ഭാജിയുമായി കടലിന്റെ അനന്തത നോക്കി ഞങ്ങൾ ഇരുന്നു.

"പ്രൊറ്റിമ ബേദി നഗ്നയായി ഓടിയ ബീച്ച്" രമേഷ് തന്റെ സാമാന്യ വിജ്ഞാനം പുറത്തെടുത്തു.

"വാട്ട്‌ എ ബിച്!" സമുദ്രത്തെ നോക്കി സുകുമാരാൻ പാടി: "അറബിക്കടലെ അറബിക്കടലെ ചോദിച്ചോട്ടെ, എന്നറബി കഥയിലെ രാജകുമാരി സുഖമായ് വാഴുന്നോ..."

രമേഷ് മുംബയ് ദേവിയോട് വിട പറയുന്നതിനെ കുറിച്ചും, നാട്ടിൽ തറവാട്ടു വക സ്കൂളിൽ വാദ്ധ്യാർ ആയി ജോലിയ്ക്ക് ചേരുന്നതിനെ പറ്റിയും കല്യാണം കഴിയ്ക്കുന്നതിനെ കുറിച്ചുമെല്ലാം വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത്. അടുത്ത് നിർത്തിയിട്ടിരുന്ന ഒരു ഹോണ്ട കാറിൽ നിന്നും ഒരാൾ കുടിച്ചു തീർന്ന ബിയർ കുപ്പി കടലിലേയ്ക്ക് വലിച്ചെറിഞ്ഞു. രമേഷിലെ പരിസ്ഥിതി വാദി സട കുടഞ്ഞെഴുന്നേറ്റ് കാറിനടുത്ത് ചെന്ന് ഉറക്കെ ചോദ്യം ചെയ്തു: "क्या किया तुम ने?" അത്യാവശ്യം ദൃഢഗാത്രനായ സുകുമാരനും പുറകെ മനസ്സില്ലാ മനസ്സോടെ ഞാനും എഴുന്നേറ്റു. ഹോണ്ടയ്ക്കകത്തു 4-5 പേരുണ്ടായിരുന്നു. രമേഷ് ഡ്രൈവിംഗ് സീറ്റിൽ ഇരിയ്ക്കുന്ന മനുഷ്യനോട് ബീച്ചും പരിസരവും വൃത്തിയായി വെയ്ക്കേണ്ട പൌരന്റെ കടമയെ കുറിച്ചും മറ്റും സാമാന്യം മാന്യമായ ഭാഷയിൽ ഉപദേശിച്ചു. ഡ്രൈവൻ പറഞ്ഞു, അറിയാതെ പറ്റിപ്പോയതാണ്, ഇനി ചെയ്യില്ല. അത് കേട്ടപ്പോൾ രമേഷ് എന്നാൽ ഞാൻ തന്നെ പോയി പിക് ചെയ്യാം എന്നു പറഞ്ഞു കൊണ്ട് വെള്ളത്തിനടുത്തെയ്ക്ക്..... രണ്ടടി വെച്ചില്ല, അപ്പോഴെയ്ക്കും പുറകിലെ സീറ്റിൽ ഇരുന്നവൻ എന്തോ ചോദിയ്ക്കുന്നത് കേട്ടു (പിന്നീട് രമേഷ് പറഞ്ഞാണ് അറിഞ്ഞത് അവൻ ചോദിച്ചത്, ये गांडू कोण है पूछनेवाला? എന്നായിരുന്നുവത്രേ).

പെട്ടെന്നാണ് രമേഷ് തിരിഞ്ഞതും ഡോർ തുറന്ന് കാറിന്റെ താക്കോൽ കൈക്കലാക്കിയതും. സ്വതവേ തന്നെ ഇല്ലാത്ത അന്തം വിട്ടു ബ്ലിങ്കി നിൽക്കുന്ന ഡ്രൈവനോട് രമേഷ് പറഞ്ഞു, "ഉടനെ കാറിൽ നിന്നിറങ്ങി ആ ബിയർ ബോട്ടിൽ വെള്ളത്തിൽ നിന്ന് എടുത്തോണ്ട് വാടാ മോനെ, ഇല്ലെങ്കിൽ ഇപ്പൊ ഈ ചാവി ഞാൻ അത് പോലെ തന്നെ വെള്ളത്തിലേയ്ക്ക് എറിയും...चल, फटाफट "
പുറകിൽ ഇരിയ്ക്കുന്ന മുഷ്ക്കൻ മറാത്തി പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് എന്തോ എടുക്കാൻ നോക്കുന്നതും കൂടെയിരുന്നവൻ അത് തടയുന്നതും കണ്ടു. കടവുളേ...തോക്കോ മറ്റോ ആയിരിയ്ക്കുമോ? ഉദ്വേഗ ജനകമായ നിമിഷങ്ങൾ കടന്നു പോകവേ രമേഷ് ചാവി ചൂണ്ടു വിരലിലിട്ടു കറക്കി കൂസലെന്യേ നിൽക്കുകയാണ്.

വീരഭദ്രൻ അകത്തുള്ളതിന്റെ ധൈര്യം കൊണ്ടൊ അതോ പറഞ്ഞതെല്ലാം നേരു തന്നെ ആയതുകൊണ്ടോ, ഇനി ഇതൊന്നുമല്ല, അസുരന്മാർ സുപ്പാരി വാങ്ങി ഏറ്റെടുത്ത ഏതോ വലിയ ക്രൂര കൃത്യത്തിനു ഒരുങ്ങുന്നതിനിടയിൽ ഈയൊരു ഡൂക്ലി പ്രശ്നത്തിന്റെ പേരിൽ ജനശ്രദ്ധ പിടിച്ചു പറ്റേണ്ട എന്നോർത്തോ, എന്താകിലെന്ത്, ഒരുത്തൻ അതാ, വെള്ളത്തിൽ ചാഞ്ചാടിക്കൊണ്ടിരിയ്ക്കുന്ന കുപ്പി പോയി എടുക്കുന്നു, തിരിച്ചു കാറിൽ കയറി ഇരിയ്ക്കുന്നു!

താക്കോൽ തിരിച്ചു കൊടുത്തിട്ട് രമേഷ് അവനോടു പറഞ്ഞു: "നല്ല കുട്ടി, മദ്യപന്റെ കാലിയായ കുപ്പിയുടെ പോലും വിലയില്ലാത്ത അവസ്ഥയിൽ നമ്മുടെയൊക്കെ ജീവിതം ഒരു നാൾ എത്തി നിൽക്കുമ്പോൾ നിനക്ക് ഇതോർത്ത് ചിരിയ്ക്കാം".

എന്റെ ശ്വാസം ഒരു വിധം നേരെയായി. അത് വരെ ശ്വാസം വിട്ടിരുന്നതായി പോലും ഒരു തെളിവും ഇല്ല താനും. രമേഷ് പറഞ്ഞു: "വാ ചലോ ചലോ,അടുത്ത ബാറിലേയ്ക്ക് ".

പിറ്റേന്ന് ഉച്ചയ്ക്ക് ഉണർന്നപ്പോൾ രമേഷ് ചോദിച്ചു: "സമയം എത്രയായി?"

"2 മണി"

"ഇന്നെന്താ രാവിലെ ഇല്ലേ, നേരെ ഉച്ചയായോ?"

ചന്ദന മരങ്ങൾക്ക് പൂക്കൾ ഉണ്ടായിരുന്നെങ്കിൽ, നിലാവിന് സുഗന്ധം ഉണ്ടായിരുന്നെങ്കിൽ, സമയ ദൂരങ്ങളിൽ നമുക്ക് വിപരീത ദിശയിൽ സഞ്ചരിയ്ക്കാൻ ആവുമായിരുന്നെങ്കിൽ, ഈ ലോകം എത്ര സുന്ദരമായേനെ! ഇല്ലാത്തതെന്നു പിൽക്കാലത്ത് തോന്നിപ്പിച്ച സുന്ദര കാലഘട്ടം ആയിരുന്നു രമേഷിന്റെ കൂടെ ഞാൻ ചിലവഴിച്ച ബോംബയിലെ ജീവിതം.

10 വർഷത്തിനു ശേഷം.....

ഗതകാലം സ്മരണകളായും സ്വപ്നങ്ങളായും നിരന്തരം വേട്ട നടത്തുമ്പോൾ ഓടി തളർന്ന മനസ്സുമായി, കുളിർ മഞ്ഞിലെയ്ക്ക്‌ കണ്ണ് തുറക്കുന്ന ഒരു നോർത്ത് അമേരിയ്ക്കൻ പ്രഭാതം. ജനലിനു വെളിയിൽ ഏകാന്തത തളം കെട്ടി നിൽക്കുന്ന ശൂന്യമായ തെരുവീഥി. പാതി ശ്രദ്ധ TV ന്യൂസിലും പാതി ഇമെയിൽ ഇൻബൊക്സിലെ ജങ്കൻ മെയിലുകളിലും പരതുമ്പോൾ പെട്ടെന്ന് സുരേഷിന്റെ ഒരു മെയിൽ വന്നു: സബ്ജക്റ്റ് രമേഷ്.

"ഇന്ന് രാവിലെ രമേഷ് മരിച്ചു. മിനിയാന്ന് ഞാൻ അവനെ കാണാൻ ആശുപത്രിയിൽ പോയിരുന്നു. അവിടെ അവന്റെ ഭാര്യയെയും മകനെയും കണ്ടു. മകന് ഒരു വയസ്സ്. രമേഷിന്റെ രൂപം പാടെ മാറിയിട്ടുണ്ടായിരുന്നു. മെലിഞ്ഞു, ചുണ്ടുകൾ വരണ്ട് .....പക്ഷെ അവന്റെ തീക്ഷ്ണമായ ആ കണ്ണുകൾ! അത് മാത്രം ഒരു മാറ്റവും ഇല്ലാതെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. കാലങ്ങളോളം എന്റെ സ്മരണയിൽ ആ കണ്ണുകൾ മായാതെ നിൽക്കും....."

"എന്റെയും......."  ഞാൻ, വിജനമാക്കപ്പെട്ട എന്റെ ഭൂമികയിൽ ഇരുന്നു ഒറ്റയ്ക്ക് വീണ്ടും വീണ്ടും ഉരുവിട്ടു. ആര് കേൾക്കാൻ! രമേഷ്, നിനക്ക് വേണ്ടി ഇത്രമാത്രം.

2013 ജൂലൈ 16, ചൊവ്വാഴ്ച

YUDHA KANDAM - 2

മലാഡ് വെസ്റ്റിൽ  മാൽവണിയിലെ  ബാഫിറാ നഗറിൽ  പ്രസന്ന വാസ്തു. കൃത്യമായ വിലാസം 2B-31. മൂന്നാം നിലയിലെ  ബെഡ് റൂമിൽ നിന്ന് മെയിൻ റോഡിലേയ്ക്ക് തുറക്കുന്ന ഗ്രിൽസ് ഇല്ലാത്ത ഒരു വിശാലമായ ജനൽ ജാലകം. സന്ധ്യാ സമയത്ത് ലലനാമണികൾ  നടന്നു നീങ്ങുന്ന നയനാനന്ദകരമായ കാഴ്ച കാണാൻ 5 മുതൽ 8 വരെ അർദ്ധ നഗ്നരായ മല്ലുക്കൾ വായിൽ വെള്ളമിറക്കി തുറിച്ചു നോക്കി നില്ക്കുന്ന വിവരം അവർക്കും കൃത്യമായി അറിയാം. അത് അവരുടെ കടക്കണ്ണിൽ ഒളിഞ്ഞിരിയ്ക്കുന്ന നോട്ടവും ഹൃദയത്തിൽ ഒളിപ്പിച്ച മന്ദഹാസവും വിളിച്ചു പറയും. അതിൽ ലതികയും ഉണ്ടാവും. അവളെ നോക്കാൻ മാത്രം ജീവിയ്ക്കുന്ന സുരേഷും ജനൽ ബാൽക്കണിയിലെ  കാഴ്ചക്കാരിൽ ഒരാളാണല്ലോ. ലതിക ഒരു കടാക്ഷത്തിന്റെ ഔദാര്യം സംഭാവന ചെയ്ത് കടന്നു പോയാൽ പിന്നെ അധിക നേരം സുരേഷ് അവിടെ കാണില്ല. ആരും കാണുന്നില്ലെന്ന ധാരണയിൽ അദ്ദേഹം മെല്ലെ ഷർട്ടിട്ടു ''പാല് വാങ്ങി വരാം'' എന്ന് പറഞ്ഞു പുറത്തിറങ്ങും. ബാക്കിയുള്ളവർ അറിയാത്ത പോലെ കാഴ്ച തുടരും.

കാണുന്ന കളറുകളെക്കാൾ രസകരമായിരിയ്ക്കും ഒന്നിനൊന്നു മെച്ചപ്പെട്ട മഹാരഥന്മാരുടെ ജീവിതാനുഭവ കഥകളുടെ കഥനം.

'സിംഹവാലൻ മേനോൻ' എന്ന് ഞങ്ങളോടും നേരിൽ കാണുമ്പോൾ 'മേനോണ്‍' സാർ എന്നും രമേഷ് വിളിയ്ക്കുന്ന മാന്യ ദേഹം ഞങ്ങളുടെ മുകളിലെ ഫ്ലാറ്റിൽ ആയിരുന്നു താമസം. അദ്ദേഹത്തിന്റെ മകളാണ് ലതിക എന്ന ചന്ദ്രികാ കഥാപാത്രം. സുരേഷ് എന്ന രമണൻ ഒളിഞ്ഞും തെളിഞ്ഞും ഓട്ടോ റിക്ഷയിൽ  കർട്ടന്റെ മറവിലും ലോക്കൽ ട്രെയിനിൽ അപ്പോൾ മാത്രം അനുഗ്രഹീതമാവുന്ന തിക്കിലും തിരക്കിലും ബാൻഡ് സ്റ്റാന്റ് ബീച്ചിലും മേനവനവർകളും മറ്റു മക്കളും വീട്ടിൽ ഇല്ലാത്ത നേരം നോക്കി ആ 1 BHK (ബെഡ് റൂം ഹാൾ കിച്ചണ്‍)))))) സ്വകാര്യതയിലും  സന്ധ്യയുടെ പോക്ക് വെയിലിൽ മാൽവണിയുടെ വിജന പ്രാന്തങ്ങളിലും പ്രേമ പ്രാന്ത് പിടിച്ചു ലതികയുടെ കൂടെ സുരേഷ് കറങ്ങി. മറ്റുള്ളവർ ആ കഥകൾ കേട്ട് കിറുങ്ങി.

സന്ധ്യക്ക് കൃഷ്ണേട്ടൻ വന്നാൽ എല്ലാവരും നല്ല കുട്ടികളാവും. ഷർട് ഊരുമ്പോൾ ഹാങ്ങർ എടുത്ത് കയ്യിൽ  പിടിപ്പിയ്ക്കും രമേഷ് . ചായയുമായി ഭവ്യതയോടെ വിനോദ്. ചായ കുടിച്ചു Times of India വായിച്ചു കൊണ്ട് കൃഷ്ണേട്ടൻ കസാലയിൽ ഇരിയ്ക്കുമ്പോൾ ബാക്കി എല്ലാവരും ബഹുമാന പുരസ്സരം നിലത്തിരിയ്ക്കും. എന്തെങ്കിലും പറയുകയാണെങ്കിൽ തന്നെ ശബ്ദം കുറച്ചു ചെവിയിൽ പറയും. കൃഷ്ണേട്ടൻ ഒന്ന് നോക്കിയാൽ മതി, എല്ലാവരും നേർ വഴിയെ നടക്കാനും വേണമെങ്കിൽ  ഓടാനും!

രമേഷ് കൃഷ്ണേട്ടന്റെ ചേട്ടന്റെ മകനാണ്. നേരം ഇരുട്ടിയാൽ കൃഷ്ണേട്ടൻ പറയും: "രമേഷേ, വയറിനു ഒരു സുഖം പോര". കേട്ട പാതി, കേൾക്കാത്ത പാതി, രമേഷ് ഷർട്ട് ഇട്ടു കഴിഞ്ഞിരിയ്ക്കും. സത്രത്തിനു മുമ്പിൽ ഉള്ള ഫയർ സ്റ്റെഷനിൽ മാത്രമേ ഇത്ര വേഗം ആളുകൾ ഷർട്ട് ഇടുന്നത് കണ്ടിട്ടുള്ളു...കാരണം, രമേഷിനറിയാം ആ വയർ നേരെയാവാൻ താഴെ പോയി ഒരു 'ചതുരൻ' (അന്നൊക്കെ ചതുരത്തിൽ ഉള്ള ഒരു കുപ്പിയിൽ കിട്ടുന്ന അമൃത് ആയിരുന്നു ഞങ്ങളുടെ ജീവനോപാധി) വാങ്ങുക ആണ് ഉദ്ദേശം എന്നും അതിൽ ഒരു പങ്കു നമുക്കും തരാവും എന്നും, ഒരു നിമിഷം വൈകിയാൽ ഒരു പക്ഷെ കൃഷ്ണേട്ടന്റെ മനസ്സ് മാറിയേക്കാം എന്നും!

കൃഷ്ണേട്ടൻ ഫോർട്ടിൽ ഒരു വലിയ ഷിപ്പിങ്ങ് കമ്പനിയിലെ സ്റ്റെനൊഗ്രാഫർ ആണ്. നിരക്ഷരരും നിരാലംബരും സർവോപരി പാവങ്ങളും ആയ അവിടത്തെ തൊഴിലാളികളുടെ പിഴിഞ്ഞെടുക്കപ്പെടുന്ന അവകാശങ്ങൾ സംരക്ഷിയ്ക്കുന്ന യൂണിയൻ നേതാവാണ്‌ കൃഷ്ണേട്ടൻ. കൃഷ്ണേട്ടന് അർഹതപ്പെട്ട ശമ്പളത്തിന്റെ പകുതിയേ കിട്ടൂ- യൂണിയൻ നേതാവയത് കൊണ്ട്. ബാക്കി പകുതി യൂണിയന് ഉള്ളതാണ്. യഥാർത്ഥത്തിൽ മുഴുവൻ ശമ്പളവും യൂണിയൻ കൈപ്പറ്റി, അതിൽ പകുതി കൃഷ്ണേട്ടന് കൊടുക്കുകയാണ് പതിവ്. അവിടെ ബാക്കി എല്ലാ തൊഴിലാളികൾക്കും മുഴുവൻ ശമ്പളവും ലഭിയ്ക്കുമെന്നു മാത്രമല്ല അവരുടെ ഏതൊരു പ്രശ്നവും യൂണിയൻ, അതായത് കൃഷ്ണേട്ടൻ, പരിഹരിച്ചു കൊടുക്കുകയും ചെയ്യും.

ഇതൊക്കെയാണെങ്കിലും ആ കമ്പനിയ്ക്ക് കൃഷ്ണേട്ടൻ കണ്ണിലെ കൃഷ്ണമണി പൊലെയാണ് എന്നുള്ളതാണ് ഏറ്റവും വിചിത്രം. ജോലിയുടെ ഗുണ നിലവാരത്തിലായാലും കൃത്യ നിഷ്ടതയിൽ ആയാലും ദൈനംദിന നടത്തിപ്പുകളിലെ ശരികളുടെയും തെറ്റുകളുടെയും തീരുമാനങ്ങളിൽ ആയാലും കൃഷ്ണേട്ടൻ പറയുന്നതിനപ്പുറം മുതലാളിമാർ ആരും ഒരു വാക്കും പറയില്ല. അത് പേടിച്ചിട്ട്‌ മാത്രമല്ല - അതിനപ്പുറം ഒരു ശരിയില്ല എന്ന് അവർക്കും വ്യക്തമായി അറിയാം എന്നത് കൊണ്ടും.

ഇയ്യിടെയായി കണ്ടു വരുന്ന ഒരു കാര്യം: ഏതു അണ്ടനും അടകോടനും കഥ, സാഹിത്യം  എന്നൊക്കെ പറഞ്ഞു കൊണ്ട് ഓരോന്ന് എഴുതി പിടിപ്പിച്ചു വിടാം... ഈ ഞാൻ ഉൾപ്പെടെ എല്ലാ premature എഴുത്തുകാരുടെയും വിചാരം നമ്മൾ ഒരു വെല്ല്യ പാർട്ടിയായി വിരാജിയ്ക്കുകയാണല്ലോ. അപ്പോൾ സാഹിത്യം നമ്മുടെ ഒരു മേഖലയും മാത്രമല്ല മറ്റുള്ള കടന്നു കയറ്റം നമ്മൾ ഉപരോധിയ്കേണ്ട ഒരു  ശത്രുവും ആകുന്നു. ഇവിടെ നാം എഴുതുന്നതിനെ വാഴ്ത്താൻ ഉള്ളവർ, അല്ലെങ്കിൽ അവരുടെ പിണിയാളർ മാത്രം മതി. ബാക്കിയുള്ള ഏഴാം കൂലികളെ അടിച്ചിരുത്തും നമ്മൾ. എന്തൊരു സ്വർഗ്ഗ സുന്ദര വെബ്‌ ലോകം! ഇതിപ്പോ എന്തിനാടോ എഴുന്നള്ളിച്ചത് എന്ന് ഒരു വായനക്കാരൻ ചോദിച്ചത് ഞാൻ കേൾക്കുന്നു. പറയാം: ഇതെല്ലാം കണ്ടാൽ പിന്നെ ഒന്നും എഴുതാൻ തോന്നത്തില്ല സാറെ.

ഇനി ഫ്ലാഷ് ബാക്കിലെയ്ക്ക് പോവാം. എല്ലാം ബ്ലാക്ക് & വൈറ്റ് ആവട്ടെ: സിൽമ എന്ന ശീലെമ്മ കളിയിൽ കാണിയ്ക്കുന്ന പോലെ..കൃഷ്ണേട്ടന്റെ സുഹൃത്തുക്കൾ ആണ് ശ്രീധരെട്ടനും ജോസഫും ഒക്കെ. ശ്രീധരേട്ടൻ BEST തൊഴിലാളി നേതാവും ജോസഫ് എല്ലാ പൊതു പ്രവർത്തനങ്ങളുടെയും നേതാവും ആയിരുന്നു. 70 കളിലും 80 കളുടെ ആദ്യത്തിലും നിസ്വാർതമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ.

"വർഗ്ഗീയതയല്ല സഖാക്കളെ", ജീപ്പിന്റെ ബോണറ്റിൽ കയറിന്നിന്നു, ചേരിയിൽ കൂടിയ ജനാവലിയെ സാക്ഷി നിർത്തി ജോസഫ് പ്രസംഗിക്കുകയാണ്, "വർഗ്ഗ സമരമാണ് നമ്മുടെ ഗതികേടിനുള്ള ഒരേയൊരു പരിഹാരം. " പെട്ടെന്നതാ ജനക്കൂട്ടത്തിൽ നിന്നും കൂവലും തുടർന്ന് മൂർച്ചയേറിയ കല്ലുകൾ കൊണ്ട് ശിവ സേനക്കാർ ജോസഫിനെ എറിയുന്നു. തെറ്റ് കണ്ടാൽ പ്രതികരിക്കുന്നതിനു പകരം വാല് മടക്കി ഓടാൻ മാത്രം ശീലിച്ച 'മറാത്തി മക്കൾ' ഒന്നൊന്നായി സ്ഥലം വിടുമ്പോഴും ജോസഫ് പ്രസംഗം നിരത്തുന്നില്ല.

"ശൂലവും വടിവാളും മുഖമുദ്രയാക്കിയ ഫാസിസ്റ്റു ശക്തികൾ നാളെ നമ്മുടെ ജീവിതത്തെ കൂടുതൽ ദുരിത പൂർണ്ണമാക്കും. അതല്ലേ ഭഗത് സിങ്ങും AKG യും ഒക്കെ കഷ്ടപ്പെട്ട് നമ്മെ പഠിപ്പിച്ചത്? 1947 ലെ വിഭജനം നാം മറന്നു കൂട ..."
ചുറ്റും ശിവസേനക്കാർ മാത്രം. കല്ലേറ് ശക്തിയാവുന്നു, ജോസഫിന്റെ ദേഹം മുഴുവൻ പൊട്ടി ചൊരയൊലിയ്ക്കുന്നു. കണ്ണിലേയ്ക്കു വരുന്ന കല്ലേറുകൾ കയ്യാൽ തടുത്ത്‌ ജോസഫ്.....അവസാനം സംഭവത്തെ പറ്റി കേട്ടറിഞ്ഞു ഓടിയെത്തിയ കൃഷ്ണേട്ടനും ശ്രീധരെട്ടനും കൂടി പ്രിയ തോഴനെ എടുത്തു കൊണ്ട് പോകുന്നത് വരെയും പ്രസംഗവും കല്ലേറും തുടരുന്നു.

അതേ ജോസഫിന്റെ നാട്ടിൽ നിന്നാണ് പിൽക്കാലത്ത്‌ മാർട്ടിൻ ബോംബെയിലേക്ക്‌ വണ്ടി കയറുന്നത് - "ഒരു അനാഥ പ്രേതത്തെ അങ്ങോട്ടയയ്ക്കുന്നു, വേണ്ടും വിധം ശരിപ്പെടുത്തുക" എന്ന ജോസഫിന്റെ കൃഷ്ണേട്ടനുള്ള ശുപാർശ കുറിപ്പുമായി. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കുടുംബത്തിൽ നിന്ന് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ബേസിക്സും ആകാശത്തോളം പ്രതീക്ഷകളും ആയി അവൻ ജയന്തി ജനതയിൽ 2 രാത്രിയും 1 പകലും താണ്ടി ഈറോഡ് സേലം രേനിഗുന്ട കടപ്പാ രേയ്ച്ചുർ ഷൊലപ്പുർ പൂനെ വഴി അന്നത്തെ വിക്ടോറിയ റ്റെർമിനസ്സിൽ കാലു കുത്തി.

ചൂടും പൊടിയും ഗൃഹാതുരത്വവും കഴുകി കളഞ്ഞു കുളിച്ച് സത്രത്തിൽ പുതിയ അന്തേവാസിയായി സത്യ പ്രതിജ്ഞ ചെയ്തു. അവന്റെ കദന കഥ കൂട്ടി അന്ന് രാത്രി എല്ലാവരും ഊണ് കഴിച്ചു. വിനോദ് 'നിന്റെ മക്കളിൽ ഞാനാണ് പ്രാന്തൻ ' എന്ന കവിത ചൊല്ലി. വിജയൻ ഓഫീസിലെ സൽമാൻ-ഐശ്വര്യാ റായ് ഇമിറ്റെഷൻ  പ്രണയ ജോടികളുടെ കഥ സ്വകാര്യമായി പറഞ്ഞു. എല്ലാവരും കൃഷ്ണേട്ടൻ കേൾക്കാതെ വായ പൊത്തി ചിരിച്ചു.
മുംബയ് ദേവി എല്ലാവരെയും താരാട്ട് പാടി ഉറക്കി.

അവനാണ് നേരത്തെ പറഞ്ഞ (അദ്ധ്യായം 1) ലോക്കൽ ട്രെയിൻ യാത്ര നടത്തിയ സാധു.

അതു കഴിഞ്ഞു 3 മാസത്തിനകം വിജയനും വിനോദും കൃഷ്ണേട്ടനും ഷെയർ ഇട്ടു ഒരു കമ്പ്യൂട്ടർ വാങ്ങിച്ചു. ഓഫീസുകളിൽ അല്ലാതെ ഈ കുന്ത്രാണ്ടം വീടുകളിൽ പ്രതിഷ്ഠിക്കുന്ന സമ്പ്രദായം അന്ന് നിലവിൽ വന്നിരുന്നില്ല. മാർട്ടിന് ജോലിയൊന്നും ആവാത്തതിനാൽ ഫൊക്സ്പ്രൊ വെച്ച് അവൻ എന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതി വിജയനാണ് ഇക്കാര്യം അവതരിപ്പിച്ചത്. കൃഷ്ണേട്ടൻ സമ്മതിച്ചു. മാർട്ടിൻ ആണെങ്കിൽ ഫ്രീ ആയി താമസം, ഭക്ഷണം, എല്ലാം മടുത്തു; എന്ത് വേണം എന്നറിയാതെ 'മോഹങ്ങൾ മരവിച്ചു' എന്ന പാട്ടും പാടി കാലം കഴിയ്ക്കുന്നു. അവൻ വെയ്ക്കുന്ന രുചികരമായ ചിക്കൻ കറി മറ്റുള്ളവരും.

കമ്പ്യൂട്ടർ വരുന്നതിനു മുമ്പുള്ള മാർട്ടിൻ  / കമ്പ്യൂട്ടർ വന്നതിനു ശേഷം ഉള്ള മാർട്ടിൻ എന്ന് ചരിത്രകാരന്മാർക്ക് പിന്നീട് രേഖപ്പെടുത്താവുന്നതാണ്. അവൻ ആളാകെ മാറി എന്ന് സാഹിത്യ ഭാഷയിലും 'എന്താ ഓന്റൊരു പൗറെ' എന്ന് സംസ്കൃതത്തിലും എഴുതാം. നേരം വെളുത്താൽ കുളിച്ചു വസ്ത്രം മാറി, മിശിഹായ്ക്കു മുന്നിൽ മെഴുകു തിരി കൊളുത്തി വെച്ചാൽ പിന്നെ അവൻ ഫൊക്സ്പ്രൊ-യിൽ തപസ്യ തുടങ്ങുകയായി. അത് വരെ പഠിച്ചതും നവം നവമായി പഠിച്ചു വരുന്നതും ആയ പുതിയ ERP സൂത്രങ്ങൾ അവൻ പരീക്ഷിച്ചു കൊണ്ടിരുന്നു. വിജയൻ ആണ് അവന്റെ കമ്പനിയിൽ മാർട്ടിനെ ആദ്യം കൊണ്ട് പോയി ഒരു വർക്ക് തരപ്പെടുത്തി കൊടുത്തത്. അത് സാമാന്യം മോശമല്ലാതെ മാർട്ടിൻ ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നെ കഥാപുരുഷന്റെ കഥ വെച്ചടി വെച്ചടി കയറ്റമായിരുന്നൂ പോലും. തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല എന്നും പറയാം. അവനാകട്ടെ, തിരിഞ്ഞോ മറിഞ്ഞോ ഒട്ടു നോക്കിയതും ഇല്ല.

കൃഷ്ണേട്ടന്റെ കമ്പനിയിൽ 2 ലക്ഷം രൂപയുടെ വർക്ക് എടുത്തതോടെ മാർട്ടിൻ ഒരു പ്രതിഭാസമോ പ്രസ്ഥാനമോ ഒക്കെ ആയി. മുതലാളിമാരോട് പറഞ്ഞ് അവന് കമ്പനി ചെലവിൽ  മറ്റൊരു കമ്പ്യൂട്ടറും പിന്നെ ജോലിയ്ക്ക് സഹായത്തിനു ഒരു ഹെൽപ്പർ ആയി രമേഷിന്റെ സുഹൃത്തും C -യിൽ തറ പറ എന്നൊക്കെ എഴുതാൻ അറിയുന്നവനും ആയ സുരേഷിനെയും സത്രത്തിൽ ഏർപ്പാടാക്കി കൊടുത്തതും കൃഷ്ണേട്ടൻ തന്നെ. വിജയൻറെ കമ്പനിയിൽ നിന്ന് ഒരു ഒന്നൊന്നര റഫറൻസ്‌ കൂടി കിട്ടിയപ്പോൾ എല്ലാം പൊടി പാറി. ഇന്നത്തെ പോലെ Linked -in  endorsement എന്നൊക്കെ പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം മുഖസ്തുതി റ്റൈപ്പ് ചെയ്തു പോസ്റ്റിയാൽ  ആരെയും പറ്റിക്കാവുന്ന കാലം ആയിരുന്നില്ല. എല്ല് മുറിയെ പണിതാൽ ലിവർ നിറയെ കുടിയ്ക്കാം എന്ന് തന്നെയായിരുന്നു മുദ്രാവാക്യം.

നാളിതു വരെ ഞങ്ങൾക്ക് ചോറും കറിയും വെച്ച് തന്നിരുന്ന മാർട്ടിന് അതിനൊന്നും സമയമില്ലാതായി. ഞങ്ങൾ പകരം മാർട്ടിന് വെച്ച് വിളമ്പി കൊടുത്തു. മാർട്ടിൻ VGA സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ അത് ഭക്ഷിച്ചു. അവൻ പറയുന്ന കമ്പ്യൂട്ടർ രഹസ്യങ്ങൾ ഞങ്ങൾ  കണ്ണടച്ചും  ഭക്ഷിച്ചു.

വിജയൻ സിങ്കപ്പൂരിലേക്കു പോയപ്പോൾ ഞങ്ങൾ മൊത്തം ടീം എയർപ്പോർട്ട് വരെ എസ്കൊർട്ട് ചെയ്തു. ആദ്യമായിട്ടാണ് അവൻ വിമാനത്തിൽ കയറുന്നത്. ഞങ്ങളിൽ ചിലർ എയർപ്പോർട്ടിൽ പോവുന്നതും. അന്നൊന്നും എല്ലാ അലവലാതികളും ചപ്പലും ഗ്രോസറി ബാഗും ഒക്കെ ആയി വിമാനത്തിൽ കയറാൻ പോവുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. എങ്കിലും ചതുരന്റെ പ്രഭാവത്താൽ തികച്ചും 'സാംസ്കാരികമായി' പെരുമാറാൻ ഞങ്ങൾക്ക് അന്നേ മടിയുണ്ടായിരുന്നില്ല എന്നത് ഇവിടെ എടുത്തു പറയേണ്ടതാണ്. സുരേഷ് ഡിപ്പാർചർ ലോബിയിൽ വാളെടുത്തതും വെളിച്ചപ്പെട്ടതും പറയാതിരിക്കേണ്ടതുമാണ്.

അത് കഴിഞ്ഞു എത്ര തവണയാണ് ഓരോ ആളുകളും വരുമ്പോഴും പോവുമ്പോഴും എയർപ്പോർട്ട് സർവീസ്‌ നടത്തിയിട്ടുള്ളത്! ആ അനുധാവനങ്ങൾക്കു ശേഷം സത്രത്തിൽ തിരിച്ചെത്തി വട്ടത്തിലിരുന്നു ചതുര സേവയും കഴിഞ്ഞു രാജ്യം വിട്ട കശ്മലൻ വിഷമത്തോടെ "keep in touch" എന്ന് പറഞ്ഞ് എഴുതി തന്ന email അഡ്രസ്സ് കീറി കാറ്റിൽ പറത്തുന്നതോടെ ആ അദ്ധ്യായം അവസാനിയ്ക്കുന്നു. കാഴ്ചയ്ക്കപ്പുറം എന്ത് സ്നേഹബന്ധം സുഹൃത്തേ?

വിനോദ് ബോംബെ വിട്ടു നാട്ടിൽ പോവുമ്പോൾ പക്ഷെ മദാമ്മ (വിക്ടോറിയ) റ്റെർമ്മിനസ്സിൽ മാർട്ടിൻ വന്നിരുന്നില്ല. നാലാം നമ്പർ പ്ലാറ്റ്ഫോർമിനു മുന്നിലെ waiting area യിൽ  ഞങ്ങൾ നില്ക്കുകയാണ്. വർഷങ്ങൾക്ക്  ശേഷം ഇവിടെയാണ്‌ അജ്മൽ കസബും മറ്റു കാപാലികരും താണ്ഡവം നടത്താൻ പോവുന്നത്. വിനോദ് ``ഇപ്പൊ വരാം`` എന്ന് പറഞ്ഞു ജയന്തി ജനത നില്ക്കുന്ന പ്ലാറ്റ് ഫോമിലെക്കു നടന്നു. എന്താണ് സംഭവം എന്നറിയാൻ ഞാനും കൂടെ പോയി നോക്കി. അദ്ദേഹം നടന്നു നടന്നു പോവുകയാണ്...വിളിച്ചിട്ട് നില്ക്കുന്നില്ല. നോക്കുമ്പോൾ പ്ലാട്ഫോമിൽ നിന്ന് റെയിൽ ട്രാക്കിലേയ്ക്ക് ഇറങ്ങുന്നു. ഇനി വല്ല വണ്ടിയ്ക്കു തല വെയ്ക്കാനോ  മറ്റോ ആണോ? ഞാൻ ഓടാൻ തുടങ്ങി. പക്ഷെ നില്ക്കുന്ന വണ്ടിയ്ക്കു തല വെയ്ക്കാൻ വഴിയില്ലല്ലോ...മാത്രമല്ല ഇവിടെയിങ്ങനെ എല്ലാവരും നോക്കി നിൽക്കുമ്പോൾ?

വിനോദ് ആണെങ്കിൽ നാലഞ്ച് ദിവസമായിട്ടു വളരെ ഉത്സാഹത്തിൽ ആയിരുന്നു - ഇനി ഒരിയ്ക്കലും ബോംബെയിലേക്ക് വരേണ്ട എന്നതിനാൽ. എന്നോടൊരിക്കൽ പറയുകയും ചെയ്തു: "നീയൊക്കെ ഇവിടെ തന്നെ പണ്ടാരടക്കിക്കോ. പരമാത്മാവിനെന്ന പോലെ ജീവാത്മാവിനും കാല ദേശങ്ങൾ പ്രശ്നമല്ലല്ലോ. ഒരു മറാത്തി പെണ്ണിനേയും കെട്ടി 'കായ് തുമീ' എന്നും പറഞ്ഞു നടന്നോ". അവനെ പോലെ ബോംബെ നഗരം വിട്ടു പവലിയനിലേക്ക് തിരിച്ചു പോവാൻ വിസമ്മതിച്ചതിന്റെ കലിപ്പാണ്‌....

അതാ, വീണ്ടും അപ്പുറത്തെ പ്ലാട്ഫോമിലെയ്ക്ക് കയറി, തിരിച്ചു നടക്കുകയാണ് വിനോദ്. പിറകെ ഓടി. ചോദിച്ചിട്ടൊന്നും മിണ്ടുന്നില്ല. ഇനിയിപ്പോ, വട്ടായോ? എന്താണ് ഭാവം എന്നറിയണമല്ലോ. അവസാനം മനസ്സിലായി, ട്രെയിനിനെ വലം വെയ്ക്കുകയാണ് - അതും ഒന്നല്ല - മൂന്നു തവണ. അവസാനം മുമ്പിൽ ചെന്ന് കാർക്കിച്ചൊരു തുപ്പും! അതിനും ശേഷം ആണ് അന്തം വിട്ടു നില്ക്കുന്ന എന്നോട് ഇപ്രകാരം മൊഴിഞ്ഞത്:
``കഴിഞ്ഞ 5 വർഷമായി ഇത് ചെയ്യാൻ കൊതിച്ചു കൊണ്ടിരിക്കുന്നു.``

സ്റ്റൊക് എക്സ്ചെഞ്ചിൽ ബോംബു പൊട്ടിയ അന്ന് രാത്രിയാണ് മാർട്ടിൻ വിനോദിനും വിജയനും കമ്പ്യൂട്ടർ വാങ്ങിച്ചതിന്റെ പണം തിരികെ കൊടുത്തത്. അതിനവന് വ്യക്തമായ കാരണവും ഉണ്ടായിരുന്നു. അവൻ മാത്രം വർക്കുകൾ ചെയ്യുന്നത് കൊണ്ട് അവന്റെ പേരില് ഒരു കമ്പനി തുടങ്ങാം എന്ന് വെച്ചു, അതിനു മുമ്പായി എല്ലാം സെറ്റിൽ ചെയ്യണമല്ലോ. "പക്ഷെ നിങ്ങളൊക്കെ എപ്പോഴും കൂടെ വേണം, നമ്മൾ ഒരു കുടുംബം പോലെ കഴിഞ്ഞവർ അല്ലെ?"
എന്നാൽ എന്ത് കൊണ്ട് കൃഷ്ണേട്ടന്റെ പൈസ കൊടുക്കുന്നില്ല എന്ന ചോദ്യത്തിന് രണ്ടു മൂന്നു ദിവസത്തിനകം തന്നെ ഞങ്ങൾക്ക് ഉത്തരം കിട്ടി.

മുതലാളിമാർ പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു മാർട്ടിൻ ഡെലിവർ ചെയ്തത്. കമ്പനിയുടെ പകുതിയോളം വരുന്ന സ്റ്റാഫിനെ പിരിച്ചു വിട്ട് വൻ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ പുതിയ സോഫ്റ്റ്‌വെയർ കൊണ്ട് സാദ്ധ്യമായി. എന്നാൽ ഇത് കൃഷ്ണേട്ടനെ വല്ലാതെ വേദനിപ്പിക്കുകയും ക്ഷുഭിതൻ ആക്കുകയും ചെയ്തു എന്ന് പറയേണ്ടതില്ലല്ലോ. പക്ഷെ കൃഷ്ണേട്ടനു അതിന്റെ പേരിൽ പ്രശ്നമുണ്ടാക്കെണ്ടി വന്നില്ല. ഒരു വെറും സ്റ്റെനൊ എന്ന, ഭാവിയിൽ അന്യം നില്ക്കേണ്ട കൃഷ്ണേട്ടന്റെ തസ്തിക, നിഷ്കാസനം ചെയ്യേണ്ടതിന്റെ ആവശ്യകത മുതലാളിമാരെ ധരിപ്പിയ്ക്കാൻ ഉള്ള ഹിന്ദിയെല്ലാം അതിനകം മാർട്ടിൻ സ്വായത്തമാക്കിയിരുന്നു.

അന്ന് രാത്രി പതിവ് സദിരിൽ രാമേട്ടനെ (RUM ) സേവിച്ച കൃഷ്ണേട്ടൻ മാർട്ടിനോട് പറഞ്ഞു:
"സാരമില്ല. പാൽ  തന്ന കൈയ്ക്ക് കൊത്തുക എന്ന പ്രയോഗമൊക്കെ പണ്ടേ ഉള്ളത് തന്നെ. പക്ഷെ ഇനി നമ്മൾ രണ്ടു പേരും കൂടി ഇവിടെ ശരിയാവില്ല. മാർട്ടിൻ നാളെ തന്നെ ഇവിടെ നിന്ന് ഒഴിഞ്ഞു തരണം."

മാർട്ടിൻ ഉവാച :
"ഞാൻ എന്തിനു ഒഴിയണം? ജോലി പോയി, ഇനി മറ്റുള്ളവർക്ക് ബാദ്ധ്യത ആക്കാതെ നിങ്ങൾ അല്ലെ ഒഴിയേണ്ടത്? അല്ലെങ്കിലും ഇത് നിങ്ങളുടെ ഫ്ലാറ്റ് ഒന്നും അല്ലല്ലോ?"

"രാമേട്ടന്റെ" മുഴുവൻ ശക്തിയും ആവാഹിച്ച് രമേഷ് മാർട്ടിന്റെ കരണക്കുറ്റി നോക്കി പൂശി.



2013 ഏപ്രിൽ 9, ചൊവ്വാഴ്ച

YUDHA KANDAM - 1

സിനിമയിലും നോവലിലും കാണുന്നത് പോലെ ഞാന്‍ വിക്ടോറിയ ടെര്‍മിനസ്സില്‍ അല്ല വണ്ടി ഇറങ്ങിയത്‌.; ചത്രപതി ശിവജി ടെര്‍മിനസ്സിലും അല്ല. (നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രമാദമായ ലിംഗ മാറ്റ ശസ്ത്രക്രിയയായി അറിയപ്പെടുന്ന ഈ റെയില്‍വേ സ്റ്റേഷന്‍ പേര് മാറ്റം ഞാന്‍ ബോംബെയില്‍ പൊറുതി തുടങ്ങിയതിനു ശേഷം സംഭവിച്ചതത്രേ. അഹോ ഭാഗ്യം!)

ഞാന്‍ ഇറങ്ങിയത്‌ ദാദറില്‍ ആണ്. ദിവസവും ഓരോ മില്ല്യന്‍ വീതം കൃമി തുല്യര്‍ ആയ ഗതികെട്ട മാനുഷര്‍ - ഗാട്ടികളും ഭൈയ്യമാരും ഗുജ്ജുക്കളും പാണ്ടികളും മല്ലുമാരും സര്‍ദാര്‍മാരും ഉള്‍പ്പെട്ട ഇന്ത്യന്‍ തൊഴില്‍പ്പട - അതിവേഗം എന്ന നാട്യത്തില്‍,  പിടയ്ക്കുന്ന മീന്‍ പോലെ, കൂട്ടിലിട്ട വെരുകിനെ പോലെ, കടന്നു പോകുന്ന സ്റ്റേഷന്‍.!...; ബോംബെയുടെ ഹൃദയം എന്ന് പറയാവുന്ന ജങ്ക്ഷന്‍.;  പുരാതന  യൂറോപ്യന്‍ കുലീനത ഇന്നും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളായി തല പൊക്കി നില്‍ക്കുന്ന തെക്കന്‍ "ഡൌണ്‍ ടൌണും" ചെട്ടികളും കോമട്ടികളും തെണ്ടിപ്പരിഷകളും അടങ്ങുന്ന ബഹു ഭൂരിപക്ഷം, അക്ഷരാര്‍ത്ഥത്തില്‍ തന്നെ "തിങ്ങി"പ്പാര്‍ക്കുന്ന ചേരി സാമ്രാജ്യങ്ങള്‍ നിറഞ്ഞ വടക്കന്‍ സബര്‍ബുകളും കൂടിച്ചേരുന്ന   ജങ്ക്ഷന്‍..;
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്ര തന്നെ ശത്രുത നില നിര്‍ത്തുന്ന വെസ്റ്റേണ്‍ റെയില്‍ വിശ്വാസികളും സെന്‍ട്രല്‍ റെയില്‍ വിശ്വാസികളും ദിവസേന കണ്ടു മുട്ടുന്ന സ്ഥലം. ഇന്ത്യ മുഴുവന്‍ ഒന്ന് രണ്ടു ദിവസം പൊതുജനത്തെ കഴുതപ്പാല് കുടിപ്പിച്ച സിദ്ധിവിനായക ക്ഷേത്രം ഒരു വിളിപ്പാടകലെ...മാഹിം ചര്‍ച്ചും ഹാജി അലി ജുമാ മസ്ജിദും ഒന്നോ രണ്ടോ   വിളിപ്പാടകലെ...ദൈവം മാത്രം   വിളിപ്പാടുകള്‍ക്ക് അപ്പുറം!

എന്തിനേറെ പറയുന്നു , നഗര  പിതാക്കള്‍ ആയ ചോട്ടാ രാജനും ഹാജി മസ്താനും വരദ രാജ മുതലിയാരും  ഒക്കെ ദാദര്‍ ചുറ്റിപ്പറ്റി ആയിരുന്നു അവരുടെ സുവര്‍ണ കാലം കൊണ്ടാടിയത്.

ദാദര്‍ എന്ന് കേട്ടാല്‍ ഓര്‍മയില്‍ എത്തുന്ന ഒരു കഥ കൂടി പറയാതെ വയ്യ: ബോംബെയില്‍ സ്ലോ ട്രെയിനും ഫാസ്റ്റ് ട്രെയിനും ഉണ്ടെന്നു മനസ്സിലാവാന്‍ കുറച്ചു മണ്ടത്തരങ്ങള്‍ ആദ്യം ചെയ്യേണ്ടതുണ്ട്. അങ്ങിനെ ഒരു പുതുതായി വന്ന മലയാളി പയ്യന്‍ - ഒരു VIP സ്യൂട്ട് കേസുമായി, ഹവായ് ചെരുപ്പുമിട്ടു ജയന്തി ജനത ചേച്ചി കൊണ്ട് വരുന്ന ലക്ഷക്കണക്കിന് പരിഷകളില്‍ ഒന്ന് - അന്ധേരിയില്‍ നിന്ന് മാഹിമില്‍ പോവാന്‍ വണ്ടി കയറി. മാഹിം ചര്‍ച്ചില്‍ പോവാന്‍ ആയിരിക്കണം.....ചര്‍ച്ചില്‍ പോവാന്‍ ചര്‍ച്ച് ഗേറ്റ് വണ്ടി പിടിയ്ക്കണം എന്ന് കാര്യ വിവരം ഉള്ളവര്‍ പറഞ്ഞു കൊടുത്തിരിക്കണം. നാട്ടില്‍ നിന്ന് വന്ന സമയം ആയതു കൊണ്ട് പള്ളിയില്‍ പോവാന്‍ ഗൃഹാതുരമായ പ്രചോദനവും ഉണ്ടായിരിക്കണം. പിന്നെ, ജോലി തെണ്ടല്‍ അല്ലാതെ വേറെ ജ്വാലികളും ഇല്ലല്ലോ.. എന്തായാലും അത് ഫാസ്റ്റ് ട്രെയിന്‍ ആയിരുന്നു എന്ന് സാധു അറിഞ്ഞില്ല. മാഹിമും മാട്ടുംഗയും ഒക്കെ അതാ വെടി കൊണ്ട പന്നിയെ പോലെ ഓടി മറയുന്നു. ``കര്‍ത്താവെ ഈ വണ്ടി നിക്കത്തില്ലേ`` എന്ന് സാധു മധ്യ തിരുവിതാം കൂറിലെ കര്‍ത്താവിനോടു മനമുരുകി ചോദിച്ചു കാണണം...വണ്ടി സാവധാനം  നിന്നു. സാധു അന്തം വിട്ടു പുറത്തേയ്ക്ക് നോക്കിയപ്പോള്‍ സ്റ്റേഷന്റെ പേര് കണ്ടു: ദാദര്‍. എന്ത് കുന്തമെങ്കിലും ആവട്ടെ ഇറങ്ങുക തന്നെ എന്ന് കരുതി, പ്ലാറ്റ് ഫോമില്‍ കാലു കുത്തിയതും പറഞ്ഞു വെച്ച പോലെ മുമ്പില്‍ TTR.

``ടിക്കറ്റ് നികാലോ``

സാധുവിന് ഹിന്ദി ഒരു പിടിയും ഇല്ലെങ്കിലും ടിക്കറ്റ് എന്ന് പറഞ്ഞു കൈ നീട്ടി നില്‍ക്കുന്ന കാലന്‍ ആരാവും എന്ന് പെട്ടെന്ന് കത്തി. അതോടെ വയറില്‍ ഒരു കത്തലും ഉണ്ടായി എന്നത് പോട്ടെ. ഉടനെ തന്നെ സാധു സാധുത്തം വെടിഞ്ഞു.

ഹിന്ദിയെങ്കില്‍ ഹിന്ദി, ഡാ പിടിച്ചോ:
``ചര്‍ച്ച് ഗേറ്റ് ഗാടി മിസ്ടെക്ക് ഗാടി. മാഹിം നഹി, മാട്ടുംഗ നഹി, ദാ............ദര്‍!``
അത് പറയുമ്പോള്‍ തുടക്കത്തില്‍ ഒരു ഫാസ്റ്റ് ട്രെയിന്‍ പോവുന്ന പോലെ അതി വേഗത്തിലും ദാദര്‍ എന്ന് പറയുന്നത് വളരെ നീട്ടി, അവിടെ ട്രെയിന്‍ വന്നു നില്‍ക്കുന്നത് മുദ്രയായി കാണിച്ചും പറഞ്ഞൊപ്പിച്ചു.
ചിരിയടക്കി കൊണ്ട് TTR ``അങ്ങനെ അങ്ങനെ ബോലോ`` എന്ന് പറഞ്ഞു എന്നും സാധുവിനെ വെറുതെ വിട്ടു എന്നും ആണ് കഥ.

ആ സാധുവിന്‍റെ പില്‍ക്കാല  കഥ പിന്നീട് പറയാം....അത് വരെ ഈ എഴുത്ത് നീളുകയാണെങ്കില്‍.............!

ഈ പുതിയ പരീക്ഷണം, യുദ്ധ കാണ്ഡം, ബോംബെ ജീവിതം കാണിച്ചു തന്ന ചെട്ടി മിടുക്കുകളുടെ ഒരു പിൽക്കാല  നിരീക്ഷണം ആണ്. നടപ്പ് രീതിയില്‍ പറഞ്ഞാല്‍ ജീവിച്ചിരിക്കുന്നവരോ കാലയവനിക വലിച്ചു കീറി എങ്ങോ പോയി ഒളിച്ചവരോ ആയി പുല ബന്ധം പോലുമില്ല  എന്ന് മനസ്സില്‍ ഉറപ്പിക്കുക. . കാണാത്ത ജീവിതം കണ്‍ മുമ്പില്‍ എത്തിച്ചു തന്ന ബോംബെ നഗരം ഇല്ലായിരുന്നെങ്കില്‍ ഞാനില്ല.

മറ്റൊരു മാറ്റം ഇതില്‍ first person singular (ഞാന്‍) കൂടുതല്‍ ആയി കടന്നു വരുന്നു എന്നതത്രേ. ഞാന്‍ ഞാന്‍ എന്ന ഭാവം വരുന്നത് എനിക്ക് തന്നെ പിടിക്കുന്നില്ല, എന്നിട്ടും അത് ജീവിതത്തില്‍ എന്ന പോലെ കഥയിലും കടന്നു വരുന്നു. പൂനയില്‍ ദരിദ്രനും തെണ്ടിയും കാല്‍ കാശിനു കൊള്ലാതവനും ആയ "ഞാന്‍"`` പിന്നീട് സ്ഥല കാലങ്ങള്‍ മാറിയപ്പോള്‍, അഹന്ത പുറത്തു വന്നതായും ഇതിനെ ചരിത്രകാരന്മാർക്കു വ്യാഖ്യാനിക്കാവുന്നതാണ്. എത്ര കഷ്ടമാണ് മനുഷ്യന്‍റെ അല്‍പത്തരം, അല്ലെ? അത് പോട്ടെ. ജീവിതം തന്നെ ജീവികള്‍ക്ക് ശിക്ഷയും വരദാനവും. ചിന്തിച്ചു കൂട്ടാനുള്ളതെല്ലാം ഈ പുരുഷായുസ്സില്‍ തന്നെ തീരട്ടെ.

ദാദറില്‍ കാലു കുത്തിയത് കൊണ്ടാണോ എന്നറിയില്ല നീണ്ട 10 വര്‍ഷം അവിടെ നീങ്ങിയും നിരങ്ങിയും ഇഴഞ്ഞും പാഞ്ഞും കഴിച്ചു കൂട്ടി. എത്രയെത്ര വിചിത്ര ജന്മങ്ങള്‍ കണ്ണിനു കാഴ്ചയായും കരളിനു പോറല്‍ ആയും കടന്നു പോയി! അതൊക്കെ എഴുതി ഫലിപ്പിക്കാന്‍ ഞാനാര്! അല്ലെങ്കിലും നമ്മള്‍ ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ആയ ആ കാലത്തിനു ഇന്നെന്തു പ്രസക്തി? എല്ലാം ജല രേഖകള്‍ പോലെ വ്യര്‍ത്ഥ ജല്‍പ്പനങ്ങള്‍.!

M .P. നാരായണ പിള്ളയെ പോലെയും ആനന്ദിനെപ്പൊലെയും എത്രയോ പ്രശസ്തർ വരച്ചു കാണിച്ച മഹാനഗര വർണ്ണനകൾ വായിച്ചവർ ക്ഷമിയ്ക്കുക - അവിടെ കുറ്റി ബീഡി വലിച്ചും ഓൾഡ്‌ മങ്ക് കുടിച്ചും തേരാപ്പാര നടന്നും കഴിച്ചു കൂട്ടിയ പരിദേവനത്തിന്റെ പാരായണം മുഷിപ്പിയ്ക്കുന്നുവെങ്കിൽ സദയം മാപ്പാക്കുക.

മാല്‍വണി എന്ന സമുദ്ര തീരത്തെ ഒരു ഗ്രാമ തെരുവില്‍ ആണ് ഞാന്‍ എത്തിപ്പെട്ടത്. അവിടെ എല്ലാം ഉണ്ടായിരുന്നു. തലവേദനയ്ക്ക് ടോലോപാര്‍, അല്ലെങ്കില്‍ ഉറക്കം വരാന്‍ അല്‍പ്രാക്സ് എന്തും ചോദിച്ചാല്‍ എടുത്തു തരുന്ന മെഡിക്കല്‍ ഷോപ്പ്, ആയുര്‍വേദം വഴി ചികിത്സിച്ചു മരുന്ന് തരുന്ന വൈദ്യ ശാല, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ കിട്ടുന്ന പല വ്യഞ്ജന കടകള്‍, പാല്‍ കട, വെജിറ്റെറിയന്‍ ഹോട്ടല്‍, തട്ട് കട, പാന്‍ ഷോപ്പ്, ബാര്‍, ബാര്‍ബര്‍ ഷോപ്പ്, എന്തിനു ഫയര്‍ സ്റേഷന്‍ വരെ, എല്ലാം എല്ലാം അവിടെ ഉണ്ടായിരുന്നു.

ഞാന്‍ കയറി ചെല്ലുമ്പോള്‍ ആ ഫ്ലാറ്റില്‍ കൃഷ്ണേട്ടനും ശ്രീധരെട്ടനും ജോസഫും ആണ് ഇരിയ്ക്കുന്നുണ്ടായിരുന്നത്. അവര്‍ എന്തായിരുന്നു ചര്‍ച്ച ചെയ്തിരുന്നത് എന്ന് പില്‍ക്കാലത്ത്‌ പലപ്പോഴും ഞാന്‍ അന്തം വിട്ടിട്ടുണ്ട്. ജീവിതം മൊത്തത്തില്‍ തന്നെ ഒരു അന്തം വിടല്‍ ആണല്ലോ അല്ലെ? സമ്പ്രദായ രീതികളില്‍ പരിചയങ്ങള്‍ സ്ഥാപിയ്ക്കപ്പെട്ടപ്പോള്‍ കൃഷ്ണേട്ടൻ ചോദിച്ചു: "ഇവിടെ ബുദ്ധിമുട്ടാവുമോ?" 12 പേര്‍ താമസിക്കുന്ന സത്രം. ഒരു ബെഡ് റൂം. ഒരു ഹാള്‍. ഒരു കുളി മുറി. ഒരു കക്കൂസ്. ഒരു അടുക്കള - അതാണ്‌ ആ ഫ്ലാറ്റ്. അവിടെ രാത്രി ജോലി ചെയ്യുന്നവരും പകല്‍ ജോലി ചെയ്യുന്നവരും ജോലി പോയവരും പുതു മുഖങ്ങള്‍ ആയി ജോലി അന്വേഷിച്ചു നടക്കുന്നവരും ഒക്കെ ഉണ്ട്. ഇതല്ലേ നാം തേടിയ ലക്ഷ്യസ്ഥാനം?

ആ ഫ്ലാറ്റ് ആരുടെതുമല്ല. എന്നാല്‍ എല്ലാവരുടെതും ആണ്. കൃഷ്ണേട്ടൻ  ആണ് അതിന്‍റെ  എല്ലാം തീരുമാനിയ്ക്കാന്‍ എന്നിരിക്കിലും അത് കൃഷ്ണേട്ടന്റെ ഫ്ലാറ്റ് ഒന്നുമല്ല. അവിടെ വന്നു പോവുന്ന എല്ലാവരും അതിന്‍റെ ഉടമ പോലെ തന്നെ അവിടെ കഴിഞ്ഞു പോന്നു. സത്രം എന്ന വാക്കിനെ അന്വര്‍ഥമാക്കിയും അനര്‍ത്ഥമാക്കിയും കുറെ ആത്മാക്കള്‍ അവിടെ ഉണ്ടും ഉറങ്ങിയും  പാര്‍ത്തു. ഇന്നത്തെ കാലത്തിനു പിടി കിട്ടാത്ത ഒരു പ്രഹേളിക ആയിരുന്നു അവിടത്തെ സങ്കലനവും സമവാക്യങ്ങളും!

രാത്രി 11 മണി കഴിഞ്ഞപ്പോൾ ഷിഫ്റ്റ്‌ ജോലി കഴിഞ്ഞ് ആദ്യത്തെ അന്തേവാസി വന്നണഞ്ഞു - വിനോദ്. പേര്, സ്ഥലം എല്ലാം പറഞ്ഞപ്പോൾ വിനോദ് ചോദിച്ചു: ``പൊഹ വലി ഉണ്ടല്ലേ.``
``അത്യാവശ്യം``
``കുടിയോ``
``ആവശ്യത്തിൽ അധികം``
``മാംസം വിരോധമുണ്ടോ``
``ലവലേശം നഹി ``
``ബലെ! ച്ചാൽ , നമ്പൂര്യ അല്ലെ``
``അതെ``