സമയം സന്ധ്യയായി . ഇരുളിന്‍റെ ദേവന്‍ വരാന്‍ പകല്‍ പടി പാതി ചാരി. അയാള്‍ റിപ്പോര്‍ട്ടുകള്‍ നോക്കി: പുരുഷായുസ്സിന്റെ നാഴികക്കല്ലുകള്‍!! പില്‍ക്കാലത്തെ വഴിത്താരകളില്‍ എണ്ണി നോക്കി. വളരെ കുറച്ചേ നേട്ടങ്ങള്‍ എന്ന് പറയാന്‍ ഉള്ളു. ഏറ്റവും ആദ്യം ഓര്‍മ്മ വന്നത് അവളെ ആദ്യം മാറ്റി നിര്‍ത്തി ആരും കാണാതെ മുഖത്തും നിതംബത്തിലും മാറി മാറി തുരു തുരാ ഉമ്മ വെച്ചത്....പിന്നെ അയാള്‍ക്ക് ആദ്യത്തെ കൈക്കുടന്ന നിലാവ് പോലെ കണ്മണി ജനിച്ചതും അതിനു ശേഷം ജീവന്‍റെ ജീവന്‍ ആയ പുന്നാര മോള്‍ ജനിച്ചതും....മോളെ വിദേശത്തെ എന്‍ജിനീയര്‍ കല്യാണം കഴിച്ച് അവള്‍ കണ്ണീരോടെ വിമാനത്താവളത്തില്‍ വിട പറഞ്ഞപ്പോള്‍ കരള്‍ പറിഞ്ഞു പോയ പോലെ സ്മരണകളുടെ അനന്ത സാഗരം തികട്ടി വന്നത്. എല്ലാം ഇനി തീരുകയായി. അല്ലെങ്കിലും, എത്രയായി കഷ്ടപ്പാടുകള്‍ തിന്നും കദന കഥകള്‍ കേട്ടും കയ്പ്പേറിയതും നിറം കെട്ടതും ആയ ഈ പാന പാത്രത്തിലെ സ്വാദിഷ്ടം അല്ലാത്ത മെനു അനുസരിച്ച് ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നു. എത്രയോ കാലമായി കാത്തിരുന്ന ആ അവധിക്കാലം ഇതാ വന്നെത്തിയിരിക്കുന്നു. പക്ഷെ ഒറ്റയ്ക്ക് ആഘോഷിയ്ക്കാന്‍ ആയിരിക്കണം വിധി!
ബയോപ്സി റിസള്‍ട്ട് വന്നപ്പോഴേ മകന്‍റെ മുഖത്ത് കണ്ട കരി നീലിമ കണ്ടിട്ടും കണ്ടില്ലെന്നു നടിയ്ക്കാന്‍ പണ്ടഭിനയിച്ച നാടക വേഷങ്ങളുടെ പ്രവൃത്തി പരിചയം സഹായിച്ചുവോ? പിന്നെയങ്ങോട്ട് അഭിനയങ്ങളുടെ മത്സരമായിരുന്നല്ലോ. അച്ഛനെ ഒന്നും അറിയിയ്ക്കാതെ സംസാരിയ്ക്കാന്‍ മകന്‍റെ അഭിനയം. മകനും മകളും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കിയ വിവരങ്ങള്‍ ആദ്യമേ അറിഞ്ഞിരുന്നു എന്ന വിവരം അറിയിക്കാതിരുന്നു കൊണ്ട് അവര്‍ പറഞ്ഞതൊക്കെ വിശ്വസിച്ചു എന്ന് വരുത്തിക്കൊണ്ട് അച്ഛന്റെ അഭിനയം.....ഇതിനിടയില്‍ ഒന്നും മനസ്സിലാവാതെ പാവം ഭാര്യ....അയാള്‍ റിപ്പോര്‍ട്ടുകള്‍ കുത്തി നിറച്ച ആസ്പത്രി ഫയല്‍ അടച്ചു വെച്ചു.
അര്‍ബുദം കരളിലും ശ്വാസകോശത്തിലും പിടി മുറുക്കി കഴിഞ്ഞു. കൌണ്ട് ഡൌണ്‍ തുടങ്ങി. ഇനി ക്ഷരമല്ലാത്ത ലോകത്തേയ്ക്ക് യാത്രയാവുക. എല്ലാത്തിനും ആധാരമായ ശക്തിയില്‍ ലയിയ്ക്കുക. പക്ഷെ ഞാന്‍ ജീവിതം ആസ്വദിയ്ക്കാന്‍ തുടങ്ങിയത് പോലുമില്ലല്ലോ, ഇത് ചതിയല്ലേ?
അയാള്‍ ഷെല്‍ഫില്‍ നിന്ന് പഴയ ആല്‍ബങ്ങള്‍ എടുത്തു നോക്കി. ഭൂതകാലത്തിന്റെ ചരിത്ര കുറിപ്പുകള്‍ പോലെ. മകള്‍ ആദ്യത്തെ ദിവസം സ്കൂളില്‍ പോയത്. അവള്‍ക്കു പല സമയത്ത് പല പല വേദികളില്‍ സമ്മാനങ്ങള്‍ കിട്ടിയത്, അവളുടെ നൃത്തത്തിന്‍റെ അരങ്ങേറ്റം, അവളുടെ കല്യാണത്തിന് ചെക്കന്റെ വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കാന്‍ എടുത്തത്, പിന്നെ അവളുടെ കല്യാണത്തിന്റെയും അവളുടെ കുട്ടിയുടെയും വരെ...
അതില്‍ ഒരു ഫോട്ടോയില്‍ അയാള്‍ കണ്ണുകള്‍ മാറ്റാന്‍ ആവാതെ തുറിച്ചു നോക്കി ഇരുന്നു: ഇന്നും ഓര്‍ക്കുന്നു, നടന്നു ക്ഷീണിച്ച അവളെ എടുത്ത് അങ്ങാടിയിലൂടെ കടന്നു പോവുമ്പോള്‍ എതിരെ വന്ന ഫോട്ടോഗ്രാഫര്‍ ക്ലിക്ക് ചെയ്ത നൈമിഷിക നിധി. അവള്‍ അയാളെ ഉമ്മ വെക്കുന്ന ചിത്രം.
റെസ്ടുകളിലൂടെയും കീമോതെരാപ്പിയിലൂടെയും ആസ്പത്രികളിലൂടെയും വൈദ്യശാലകളിലൂടെയും ജീവിതം പുരോഗമിയ്ക്കുമ്പോള്‍, സോറി, കത്തി തീരുമ്പോള്‍ ഒരു ദിവസം പഴയ കൂട്ടുകാരന്‍ കാണാന്‍ വന്നു. "കാഴ്ചകള്‍, കെട്ടു കാഴ്ചകള്‍, പരിമിത വൃത്തത്തിനകത്തെ അനുഭാവാഖ്യാനങ്ങള്‍, അഭിനയങ്ങള്‍ - എല്ലാം മടുത്തു കാണും അല്ലെ?" എന്ന് ചോദിച്ചു കൊണ്ടായിരുന്നു അവന്‍റെ വരവ് തന്നെ. കുറച്ചു നേരം, പോയ കാലം ഒരു ദയാ ഹരജി പരിഗണിച്ചെന്നപോലെ, ജാലകങ്ങള്‍ തുറന്നിട്ടു സ്മരണകളെ സ്വച്ചന്ദമായി മേയാന്‍ അനുവദിച്ചു. "എടാ നിന്‍റെ കൂടെ വരാന്‍ എനിയ്ക്ക് പറ്റാതായി പോയത് എന്റെ പാപത്തിന്റെ ശക്തി കാരണം ആയിരിക്കും" എന്ന് പറഞ്ഞു അവന്‍ വിട വാങ്ങി. ഭാര്യയും രണ്ടു മക്കളും എന്നേയ്ക്കുമായി മനോ രോഗത്തിന് അടിപ്പെട്ടു പോയപ്പോള്‍ ജീവിതം ചടങ്ങായി ജീവിച്ചു തീര്‍ക്കുന്ന അവനാണോ അതോ ജീവിച്ചു കൊതി തീരാതെ, ജീവന്‍ വെടിയുന്ന അയാളാണോ ഭാഗ്യവാന്‍? ആത്യന്തികമായി എന്താണ് സാറേ ഈ ഭാഗ്യം?
അവസാനത്തെ കീമോ ചെയ്യാന്‍ ആസ്പത്രിയില്‍ പോവുന്നതിനു മുമ്പ് അയാള്‍ വീടിനടുത്തുള്ള അമ്പലത്തില്‍ പോയി. നട അടച്ചിരുന്നു. അതങ്ങനെയാവുമല്ലോ...അനിവാര്യമായ അന്ത്യ യാത്ര മൊഴിയ്ക്കായി അടഞ്ഞ വാതിലിനു മുന്നില്‍ നിന്ന് കാണാത്ത ദൈവത്തെ നോക്കി യാത്ര പറയാന്‍ വിധിയ്ക്കപ്പെട്ട പാവം മാനുഷര്‍!!1111.....!!.....
അവന്‍ പിറ്റെന്റെ പിറ്റേന്ന് മൃത ദേഹമായി അതേ അമ്പലത്തിനു മുന്നിലൂടെ ആംബുലന്‍സില്‍ പോവുമ്പോഴും തുറക്കാത്ത നടകളില്‍ യാത്രാ മംഗളം ആശിര്‍വദിയ്ക്കാത്ത ജഗദീശ്വരന്‍!.
ഇവിടെ കൂടെ കുറച്ചു കാലം യാത്ര ചെയ്ത ഞങ്ങള്‍ പാവം പുഴുക്കള്‍ മാത്രം സമര്‍പ്പിയ്ക്കട്ടെ ഈ അന്ത്യ യാത്രാ മൊഴി...
1 അഭിപ്രായം:
ജീവിതത്തെ വേദാന്തികമായി സമീപിക്കുന്ന ഈ കുറിപ്പ് വളരെ ഹൃദയസ്പ൪ശിയായിരിക്കുന്നു.
അഭിനയമാണെന്നറിഞ്ഞുകൊണ്ട് അഭിനയിക്കേണ്ടിവരുന്ന നമ്മുടെ യഥാ൪ത്ഥ ജീവിതത്തെക്കുറിച്ചുള്ള ആ രണ്ടാം പാര ഹൃദയത്തില്‍ തറക്കുന്നുണ്ട്.എല്ലാ മരണങ്ങളും കുറെ ഓ൪മ്മകള്‍ ബാക്കിയാക്കുന്നു.മക്കളിലും കുടുംബത്തിലും ഹൃദയമടുപ്പമുള്ളവരിലും അത് വെറുതെ സങ്കടങ്ങള്‍ ഒരു വേള ബാക്കിയാക്കുന്നു.നമ്മള്‍ ഇനിയും യന്ത്രങ്ങളായിട്ടില്ല എന്ന് നമുക്ക് മനസ്സിലാകുന്നത് നമ്മുടെ പ്രിയപ്പെട്ടവരെക്കുറിച്ച് നാം ഇങ്ങിനെ സ്നേഹത്തോടെ ഓ൪ക്കുമ്പോള്‍ മാത്രമാണ്.
നാലാം യാമത്തില്‍ കൂറ്റാക്കൂറ്റിരുട്ടത്ത് ഭയപ്പെടുത്തുന്ന ഗ്രാമവഴികളിലൂടെ ആളൊഴിഞ്ഞ കൃഷ്ണക്ഷേത്രത്തിലേക്ക് നിത്യവും ചെന്ന് യാതൊരു സാമ്പത്തിക പ്രതിഫലവും പറ്റാതെ വിളക്കുകൊളുത്തി ഈശ്വരപൂജ ചെയ്യുക എന്നതിലും വലിയ പുണ്യമുണ്ടോ? അദ്ദേഹം അത് ചെയ്തിരിക്കുന്നു. സാരമില്ല, ദേവന് കാണുവാന്‍ അടഞ്ഞവാതിലിന്‍റെ മറകള്‍ ഒരു മറയല്ലല്ലോ.
ഭാര്യയും രണ്ടുമക്കളും മാനസികരോഗിയായ ആ മനുഷ്യനെക്കുറിച്ചുള്ള സൂചന എന്നെ അല്‍ഭുതപ്പെടുത്തി.മണിക്കൂറുകളോളം സംസാരിച്ചിട്ടും ഒടുവില്‍ ഞങ്ങളെ ഓട്ടോവിളിച്ച് യാത്രയാക്കുമ്പോഴും ആ മനുഷ്യന്‍റെ താടിവള൪ത്തിയ മുഖത്ത് ഒരു പുഞ്ചിരിയല്ലാതെ ദു:ഖത്തിന്‍റെ ഒരു ലാഞ്ചനപോലും എനിക്ക് കാണുവാന്‍ കഴിഞ്ഞില്ല.അല്‍ഭുതമാകുന്നു.ദു:ഖങ്ങള്‍ ഒഴിവാകലല്ല, ദു:ഖങ്ങള്‍ വരുമ്പോള്‍ അത് നേരിടുവാനുള്ള മനസ്സാന്നിദ്ധ്യം വരദാനമായി ലഭിക്കലാണ് ഏറ്റവും വലിയ ദൈവാനുഗ്രഹമെന്ന് എനിക്ക് തോന്നുന്നു.
പക്ഷേ രാജീവ്, നമ്മുടെ ആദരാജ്ഞലികള്‍ക്ക് കൂടുതല്‍ അ൪ത്ഥമുണ്ടാകുന്നത് അദ്ദേഹം ചെയ്ത നല്ല ക൪മ്മങ്ങള്‍ ഏറ്റെടുക്കുവാന്‍ നമുക്ക് കഴിയുമ്പോഴാണ്.ഒരു വേദക്ലാസ്, ഭഗവത്ഗീതാദ൪ശനം ഭാഗവതം ഉപനിഷദ് അറിവുകള്‍ ഇവ മുതി൪ന്നവ൪ക്കും കുട്ടികള്‍ക്കും പക൪ന്നുകൊടുക്കുവാന്‍, തനിക്ക് അതിന് കഴിവില്ല എന്ന് വിനീതമായി പറഞ്ഞുകൊണ്ട് ,അദ്ദേഹം ആഗ്രഹിച്ചിരുന്നു. കാല്‍ഗറിയില്‍ ഈ പടിഞ്ഞാറന്‍ സംസ്കാരത്തില്‍ തനത് നഷ്ടപ്പെടുന്ന നമ്മള്‍ക്ക് അത് ഏറെ ആവശ്യമാണുതാനും.നമുക്ക് വലിയ അറിവൊന്നുമില്ല.പക്ഷേ അറിവുള്ളവ൪ ഇല്ലാതാകുമ്പോള്‍ നമ്മുടെയൊക്കെ ചെറിയചെറിയ അറിവുകള്‍ ഇവിടെ വലിയ അറിവുകളാകുന്നു. ധാരാളം ബുക്കുകളും നമുക്ക് കിട്ടുമല്ലോ.രാജീവ് ,ഒരു സ്ഥിരം വേദക്ലാസിന് നമുക്ക് കഴിയുമോ? കഴിയണം.അതിനുവേണ്ടി ശ്രമിക്കുമോ? വേണം .എന്‍റെ എളിയ സമയം ഞാന്‍ തരാം.
Azeez
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ