പൂവിളികളും പൂക്കളങ്ങളും ഓർമിപ്പിക്കുന്നത്
രാജീവ് ചിത്രഭാനു
(Onam message written for Malayali Associatin Calgary, 2017)
ഈ വർഷം ഓണത്തിന് ഒരൊറ്റ ചാനലിലും മലയാളം സിനിമയിലെ നടന്മാരും നടികളും സംവിധായകരും ഒന്നും തന്നെ ദർശനം തന്നു നമ്മെ പുളകം കൊള്ളിക്കുന്നതല്ല എന്നാണത്രെ അനൗദ്യോഗികമായ അരുളപ്പാട്. ചാനലുകളായ ചാനലുകളിലെല്ലാം വാതോരാതെ നടന്ന അന്തിച്ചർച്ചകളിൽ നടന്ന വിഗ്രഹ ഭഞ്ജനം കാരണം തങ്ങൾക്കൊക്കെ നിലപാട് തറയിൽ നിന്ന് നിലത്തേയ്ക്കിറങ്ങേണ്ടി വന്നതിന്റെ രോഷമാണ് പോലും കാരണം. എന്തായാലും ഇത് ശരിയാണെങ്കിൽ ആദ്യം സന്തോഷിക്കുന്നത് സാക്ഷാൽ മാവേലിത്തമ്പുരാൻ ആയിരിക്കും. പിന്നെ വൃത്തിയായി ചിന്തിക്കാൻ കഴിയുന്ന മലയാളികളും.
കഴിഞ്ഞ കുറെ വർഷങ്ങളായി ഓണത്തിന് ഇക്കൂട്ടർ വന്നിരുന്ന് വികലമായ മലയാളത്തിൽ അവരുടെ കുട്ടിക്കാലത്തെ "ബയങ്കര" "ബംഗിയുള്ള" ഓണത്തെക്കുറിച്ചു പുളുവടിക്കലായിരുന്നല്ലോ പതിവ്. 'ഞാൻ', 'എന്റെ' എന്നൊക്കെ നൂറു തവണ പറഞ്ഞും കുണുങ്ങികുഴഞ്ഞും നടികൾ ബുദ്ധി ശൂന്യത പ്രകടിപ്പിക്കും. നടന്മാരാകട്ടെ, ഇല്ലാത്ത കഴിവുകൾ ഉണ്ടെന്നു കാണിക്കാൻ പാട്ടു പാടും, പുസ്തകങ്ങൾ വായിച്ചതായൊക്കെ തട്ടി വിടും, കവിതകൾ ഉദ്ധരിയ്ക്കും, എന്ന് വേണ്ട 'വേഷം കെട്ടൽ' മാത്രമേ വശമുള്ളു എന്നൊരായിരം തവണ സ്വയം തെളിയിക്കും. ടീവിയെ അക്ഷരാർത്ഥത്തിൽ തന്നെ ഈ സിനിമോപജീവികൾ ഒരു പണ്ടാറപ്പെട്ടിയാക്കി വെച്ചു. ആ അക്രമമാണ് ഇനി അവസാനിക്കാൻ പോകുന്നത്. പ്രജാസ്‌നേഹിയായ മാവേലി സ്വാഭാവികമായും ഇത്തവണ സന്തോഷത്താൽ തുള്ളിച്ചാടിയായിരിക്കും നമ്മുടെ അടുത്തെത്തുന്നത്.
ഇത്തരം താരവൈകൃതങ്ങൾ നമ്മുടെ തലവിധിയാകുന്നതിനു മുമ്പുള്ള കാലത്തെ ഓണ വെയിലിന് നല്ല ഭംഗിയുണ്ടായിരുന്നതായി ഓർക്കുന്നുവോ? ചിങ്ങം പിറന്നതറിയാൻ കലണ്ടർ നോക്കേണ്ട - മഴക്കാലം കഴിഞ്ഞ് പൊൻ കിരണം പോലെ പെയ്തിറങ്ങുന്ന മഞ്ഞ വെയിൽ നോക്കിയാലറിയാം ഓണം കൺ മുമ്പിലെത്തിയെന്ന്. മലയാളികളുടെ സ്വന്തം ഓണം ഇന്ത്യയിൽ മറ്റെങ്ങുമില്ലെന്നു മാത്രമല്ല, മറ്റ് ഭാരതീയ ആഘോഷങ്ങളായ ദീപാവലി, ഹോളി, വിനായക ചതുർഥി, ശിവരാത്രി, നവരാത്രി, സംക്രാന്തി, പൊങ്കൽ, ദസ്സറ, വൈശാഖി, വസന്ത് പഞ്ചമി, ജന്മാഷ്ടമി എന്നിങ്ങനെ കാക്കത്തൊള്ളായിരം ആഘോഷങ്ങളൊന്നും കേരളത്തിൽ സർവത്രികമല്ല. നമുക്ക് അതിനെല്ലാം പകരം, അതിനേക്കാളൊക്കെ ജനകീയമായ ഓണമുണ്ട്.
ഓണം കൂടുതൽ മധുരമാവാൻ മനസ്സിൽ പ്രണയം വേണം. കസവു മുണ്ടും വേഷ്ടിയുമണിഞ്ഞു നിൽക്കുന്ന പ്രണയിനിയുടെ കണ്ണുകളിലെ കത്തിനിൽക്കുന്ന വെളിച്ചമാണോണം. പെൺകൊടിയ്ക്കോ, ഡബിൾ മുണ്ടും ജുബ്ബയുമിട്ട ആരാധകന്റെ കൊതിയ്ക്കുന്ന നോട്ടവും ത്രസിക്കുന്ന പ്രസരിപ്പും ഉളവാക്കുന്ന വികാരമാണോണം. ആ ഓണദിനങ്ങളിൽ പരസ്പരം നോക്കിയിരുന്ന്, പറയാതെ പകർന്ന വികാരങ്ങളൊന്നും തന്നെ, ഇന്നത്തെ ഒരു whatsaap മെസ്സേജിനും പകരം വെയ്ക്കാനാവുമോ? ഓണം അന്യമാവുമ്പോൾ നാം പ്രണയ ശൂന്യരായ നിസ്സംഗരായി മാറുന്നു; പൂക്കളുടെയും വർണ്ണങ്ങളുടെയും സൗന്ദര്യത്തെ കാണാനുള്ള കാഴ്ച നഷ്ടമാവുന്നു; ഒരു കാലത്ത് സ്വപ്നം കൊണ്ട് നാം തീർത്ത ജീവിതത്തിന്റെ പാനപാത്രത്തെയും നമ്മളെത്തന്നെയും നഷ്ടപ്പെടുന്നു.
അത് വരാതിരിയ്ക്കാൻ, അഥവാ വന്നുവെങ്കിലും നമ്മുടെ യൗവനവും ഊർജവും തിരിച്ചു പിടിക്കാൻ, പൂവിളികളെ കേൾക്കാനും പൂക്കളങ്ങൾ കാണാനും, നമ്മുടെ സ്വന്തം ഓണാഘോഷം വരികയാണ്. സെപ്റ്റംബർ 2-ന് ശനിയാഴ്ച വൈകുന്നേരം MCAC നടത്തുന്ന ഗംഭീരമായ ഓണാഘോഷത്തിന് പങ്കെടുക്കാൻ താങ്കളെയും കുടുംബത്തെയും സാദരം ക്ഷണിയ്ക്കുന്നു.
വരുമ്പോൾ ഒരു കാര്യം: ദയവായി നിങ്ങളുടെ പുഞ്ചിരി കൊണ്ട് വരാൻ മറക്കരുതേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ