2024 ജനുവരി 8, തിങ്കളാഴ്‌ച
ഹിമാലയൻ ഹണിമൂണ്‍
"എത്ര ദൂരം, എത്ര കാലം, പലായനം ചെയ്താലും, എത്രയൊക്കെ പറിച്ചു നട്ടാലും, സ്വദേശത്തോ വിദേശത്തോ എത്ര ജീവിതാനുഭവങ്ങൾ സ്വായത്തമാക്കിയാലും, അവസാനമൊരു നാൾ സ്വന്തം തട്ടകത്ത് നിന്ന് നാം ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല എന്ന സത്യം തിരിച്ചറിയും. അതാണ് മനുഷ്യ ജന്മത്തിന്റെ ദൗർഭാഗ്യകരമായ പരിമിതി."
ഹിമാലയാൻ റേഞ്ചിൽ ദുർഘടമായ, വിജനമായ ഒരു കൂരയ്ക്കുള്ളിൽ ഇരുന്ന് "എങ്ങിനെ ഇവിടെ എത്തിപ്പെട്ടു" എന്ന ഞങ്ങളുടെ ചോദ്യത്തിനു മറുപടിയായി സ്വാമിജി പറഞ്ഞ മറുപടി യാണത്. ഞങ്ങൾ, ഞാനും ഭാര്യയും, കല്യാണം കഴിഞ്ഞു ഒരാഴ്ച ആയതേ ഉള്ളു. ദില്ലിയിൽ നിന്നും ബസ്സ് പിടിച്ച് തലേന്ന് രാത്രി അൽമോറയിലേയ്ക്കും അവിടെ നിന്ന് രാവിലെ ജീപ്പിൽ മല നിരകളിലേയ്ക്കും, അതും കഴിഞ്ഞ് ചൂട് പിടിച്ചു തുടങ്ങിയ പ്രഭാത വെയിലിൽ കാൽ നടയായി കുത്തനെയുള്ള കയറ്റം ഏഴു കിലോമീറ്ററോളം നടന്നും, ആ പർണ്ണ കുടീരത്തിലെത്തിയപ്പോൾ സ്വാമിജി അവിടെ ഉണ്ടായിരുന്നില്ല. അൽമോറയിലോ നൈനിറ്റാളിലോ ഉള്ള സുഖവാസ റിസോർട്ടുകളിൽ ഹണിമൂണ്‍ ആഘോഷിയ്ക്കുന്നതിനു പകരം ഈ മലനിരകളിൽ വിയർത്തു കുളിച്ചു നടന്ന് ഏതോ സംന്യാസിയെ കാത്ത് ആശ്രമത്തിനു മുമ്പിൽ അന്തം വിട്ടു നിൽക്കുന്ന ഈ പിരാന്തനെയാണോ നമുക്കു കിട്ടിയത് എന്ന് ഭാര്യ ചിന്തിച്ചിരിയ്ക്കാം.
എല്ലാ ആത്മീയ അന്വേഷണത്തിനും ഭൗതികമായ ഒരു നിമിത്തം ഉണ്ടായിരിക്കുമല്ലോ. പത്താം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ അച്ഛനുമായുണ്ടായ അഭിപ്രായ വ്യത്യാസത്താൽ വീട് വിട്ടിറങ്ങിയ സ്വാമിജി തൃശ്ശൂരിൽ ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ചേരുകയും, പിന്നീട് 8 വർഷത്തിനു ശേഷം കൽക്കത്തയിലെ അവരുടെ ആസ്ഥാനത്ത് എത്തി, 15 വർഷം മിഷൻ വർക്കുകളുമായി ഇന്ത്യ മുഴുവൻ സഞ്ചരിയ്ക്കുകയും, അവസാനം അതിലും വിരക്തി വന്ന് ഹിമാലയത്തിൽ ആശ്രമം പണിത് തപസ്സും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഒറ്റയ്ക്ക് ഒരു സംന്യാസ ജീവിതം നയിയ്ക്കുകയായിരുന്നു സ്വാമിജി. അറിവിന്റെ ഭണ്ഡാകാരം. നിഷ്ക്കളങ്കതയുടേയും വിനയത്തിന്റെയും മൂർത്തിമത് ഭാവം.
ആശ്രമത്തിനു മുന്നിലുള്ള തറയിൽ ഞങ്ങൾ ക്ഷീണിച്ച് ഇരിപ്പായി. മുമ്പിൽ സൂര്യപ്രകാശമേറ്റ് വെട്ടിത്തിളങ്ങുന്ന ഹിമപാളികളാൽ ഗംഭീരപ്രതാപത്തോടെ ഹിമവാൻ. ശാന്തി കിരണങ്ങൾ അവിടെ നിന്നും പ്രസരിയ്ക്കുന്നുണ്ടെന്ന് തോന്നി. ഭാര്യ ചോദിച്ചു: "തിരിച്ചു നടക്കേണ്ടി വരുമോ?" സെൽ ഫോണ്‍ പോട്ടെ, ലാൻഡ്‌ഫോണ്‍ പോലും സാർവത്രികമല്ലാതിരുന്ന കാലം.
പെട്ടെന്ന് ദൂരെ നിന്ന് അതിവേഗം കാഷായധാരിയായ ഒരു യുവാവ് നടന്ന് വരുന്നത് കണ്ടു. അടുത്തെത്തിയപ്പോൾ ചിരകാല പരിചയമുള്ളതുപോലെ അത്മാർത്ഥമായി തുറന്നു ചിരിയ്ക്കുന്നുണ്ട്. ഞാൻ ആദ്യമായി കാണുകയാണെങ്കിലും സ്വാമിജിയ്ക്ക് അന്ന് എന്റെ ഊഹത്തിൽ ഒരു അമ്പത് വയസ്സെങ്കിലും കാണണം.അപ്പോൾ ഈ "പയ്യൻ" വല്ല ശിഷ്യനുമാവണം.
ഞങ്ങളെ രണ്ടു പേരയും പേരെടുത്ത് അഭിസംബോധന ചെയ്തപ്പോഴാണ് ശരിയ്ക്കും ഞെട്ടിയത്. ഞെട്ടലുകളുടെ തുടക്കം മാത്രമായിരുന്നു അത്. എന്റെ പേര് പണ്ടത്തെ ഓർമ്മകളിൽ ഒരു പക്ഷെ നില നിന്നിരിയ്ക്കാം. പക്ഷെ ഒരാഴ്ച മുൻപ് മാത്രം ഞാൻ പോലും പരിചയപ്പെട്ട എന്റെ ഭാര്യയുടെ പേര് അറിയണമെങ്കിൽ, ശരിയ്ക്കും mystic ആയ, ഞങ്ങൾ തേടി വന്ന, സാക്ഷാൽ സ്വാമിജി തന്നെയാണ് മുൻപിൽ എന്ന് ഉടനെ ബോധ്യപ്പെട്ടു. പക്ഷെ ഇത്രയും ചെറുപ്പമല്ലല്ലോ എന്ന എന്റെ സംശയം പിടിച്ചെടുത്ത് സ്വാമിജി പറഞ്ഞു: "യോഗയും meditation-ഉം ചെയ്ത് കുറച്ചു ഭക്ഷണം ക്രമീകരിച്ചാൽ നിങ്ങൾക്കും പ്രായത്തെ പറ്റിയ്ക്കാം."
ഒരു ബെഡ്റൂം, ഒരു ലൈബ്രറി, ഒരു ഗുഹ പോലുള്ള meditation room - ഇത്രയും ചേർന്നതായിരുന്നു ആശ്രമം. ഞങ്ങൾ ഒരാഴ്ചയോളം അവിടെ താമസിച്ചു. സന്ധ്യാസമയത്ത്, അഗതികളും അശരണരുമായ ഉത്തർഖണ്ടിലെ കുട്ടികളെ വിളിച്ചിരുത്തി സ്വാമിജി മധുരമധുരമായ ശബ്ദത്തിൽ, ഹിന്ദുസ്ഥാനി രാഗത്തിൽ, ശോകവും ഭക്തിയും ചേർത്ത് ആലപിയ്ക്കുന്ന ശുദ്ധസംഗീതം ഇന്നും സിരകളിൽ ലഹരി പടർത്തുന്നു. 'യഥാർത്ഥ വിശ്വാസം യുക്തിയ്ക്ക് നിരക്കുന്നതായിരിയ്ക്കണം.' എന്നും 'യഥാർത്ഥ സംന്യാസം ജനങ്ങൾക്ക് ഉപകരിയ്ക്കുന്നതാവണം' എന്നും ഉള്ള വിവേകാനന്ദ വചനങ്ങൾ അക്ഷരാർത്ഥത്തിൽ ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചു തന്നു.
എത്രയെത്ര കഥ കൾ! ജനക മഹാരാജാവിന് യാജ്ഞ്യ വൽക്യൻ പറഞ്ഞു കൊടുത്ത ഉപദേശങ്ങൾ, കടോപനിഷത്തിൽ പ്രതിപാദിയ്ക്കുന്ന നചികേതസ്സിൻറെ കഥ, അങ്ങനെയങ്ങനെ.....
അവസാനം ഭൌതികലോകത്തെ വെടിഞ്ഞ്, എന്നെയും ശിഷ്യനാക്കാമോ എന്ന് ഞാൻ കെഞ്ചി യപ്പോൾ സ്വാമിജി പറഞ്ഞു : "you have a beautiful wife, and a beautiful life."
സ്വാമിജി തുടർന്നു: " പ്രശ്നോപനിഷത്തിൽ ഒരു കഥയുണ്ട്. ജീവിതത്തിന്റെ നിരർത്ഥകത, മായ, വൈരാഗ്യം - ഇതെല്ലാം ഒന്ന് മനസ്സിലാക്കിത്തരാൻ ഉദാലകാരുണിയുടെ അടുത്ത് ഒരു ശിഷ്യൻ അഭ്യർ ത്ഥിയ്ക്കു കയാണ്. മുനി പറ ഞ്ഞു : എന്റെ കൂടെ 3 മാസം ജീവിയ്ക്കു, അതിനു ശേഷം എനിയ്ക്കറിയുമെങ്കിൽ ഞാൻ പറഞ്ഞു തരാം.
പരമമായ സത്യം, ആത്മൻ എന്ന് വിളിയ്ക്കുന്ന കുണ്ഡലിനീ ശക്തി, അതിലേയ്ക്കുള്ള അന്വേഷണം കഠിനമായ ഒരു പാതയാണ്. രാത്രി വളരെ വൈകി. നിങ്ങൾ ഉറങ്ങിക്കോളു."
രാത്രിയിൽ ഞങ്ങൾ ബെഡ്റൂമിലും സ്വാമിജി മെഡിറ്റേഷൻ റൂമിലും കിടക്കും.യഥാർത്ഥത്തിൽ സ്വാമിജി ഉറങ്ങുന്നുണ്ടോ എന്ന് എനിയ്ക്ക് സംശയമാണ്. അതുപോലെ തന്നെ ഭക്ഷണമില്ലാതെയും, മരവിപ്പിയ്ക്കുന്ന തണുപ്പിൽ തടാകത്തിൽ കുളിച്ചും ജീവിയ്ക്കുന്ന ഒരു അത്ഭുത മനുഷ്യനാണ് അദ്ദേഹം.
ഞങ്ങൾ അവിടെ എത്തിയ അന്ന് രാത്രി.......ഉറക്കത്തിൽ സ്വപ്നത്തിലെന്ന പോലെ ഒരു മുരളൽ. കുറച്ചു കഴിഞ്ഞപ്പോൾ ജനൽപ്പാളികളിൽ തട്ടിയും മുട്ടിയും ഭയങ്കരമായ അലർച്ച . ഞാനും ഭാര്യയും ഞെട്ടി വിറച്ച് എഴുന്നേറ്റു. പെട്ടെന്ന് സ്വാമിജി വന്ന് ജനൽ തുറന്നു. അവിടെ ഭീമാകാരത്തിൽ നിൽക്കുന്ന പുലിയോടു സ്വാമിജി ഹിന്ദിയി ൽ പറഞ്ഞു: "ഹരി ഓം. അവർ എന്റെ അതിഥികളാണെ ന്ന് നിനക്കറിയില്ലേ? അവരെ ശല്യപ്പെടുത്താതെ തിരിച്ചു പോ ...". പുലിയെപ്പോലെ വന്നവൻ എലിയെപ്പോലെ തിരിച്ചു പോകുന്നത് അക്ഷരാർത്ഥത്തിൽ ഞങ്ങൾ കണ്ടു. സ്വാമിജി പറഞ്ഞു: "Himalayan tiger ആണ്. വംശനാശം വന്നു കൊണ്ടിരിയ്ക്കുന്ന പാവങ്ങൾ. ഞാൻ മാത്രമാകുമ്പോൾ വരാറില്ല. ഞാനൊരു useless ആണെന്നാവും കരുതിയിട്ടുള്ളത്. ഇന്നിപ്പോൾ നിങ്ങൾ ഉള്ളത് കൊണ്ട് മണം പിടിച്ചു വന്നതാണ്. സാരമില്ല. ഉറങ്ങിക്കോളൂ, ഇനിയവൻ വരില്ല.
പിറ്റേന്ന് കാലത്ത് ഞാൻ ഭാര്യയോട് ചോദിച്ചു: "ഇന്നലെ രാത്രി നടന്നത് സ്വപ്നമായിരുന്നോ, അതോ നീയും കണ്ടതാണോ?"
അവൾ പറഞ്ഞു: "ഇത് ഞാൻ അങ്ങോട്ട് ചോദിയ്ക്കാൻ തുടങ്ങുകയായിരുന്നു!"
ആദിശങ്കരൻ ഹിമാലയൻ വനാന്തരങ്ങളിൽ സ്ഥാപിച്ച ജ്യോതിർലിംഗം കാണാൻ പോവുകയുണ്ടായി ഞങ്ങൾ. ജീപ്പിൽ മല കയറിയുള്ള യാത്രയിൽ സ്വാമിജി പറഞ്ഞു: "നിങ്ങൾ എന്റെ ആശ്രമിലെത്താൻ ഈ നൂറ്റാണ്ടിലും എത്ര കഷ്ടപ്പെട്ടു! ശങ്കരാചാര്യർ അദ്ദേഹത്തിന്റെ 32 വയസ്സിനുള്ളിൽ ഭാരതം മുഴുവൻ കാൽ നടയായി ചുറ്റിയടിച്ച് , 12 ജ്യോതിർ ലിംഗങ്ങൾ സ്ഥാപിച്ച് ദശനാമി സംസ്കാരം establish ചെയ്യുകയും അദ്വൈതം എന്ന ആശയം പ്രചരിപ്പിയ്ക്കുകയും സൌന്ദര്യ ലഹരി പോലെ അതി മനോഹര സൂക്തങ്ങൾ രചിയ്ക്കുകയും ചെയ്തു. ഹരി ഓം."
ക്ഷേത്രത്തിൽ സുന്ദരിയായ ഒരു സന്യാസിനി ധ്യാനശീലയായി ഇരിയ്ക്കുന്നുണ്ടായിരുന്നു.അവരുടെ അഭൗമമായ സൌന്ദര്യത്തെ വായിൽ നോക്കാനായി സ്വാമിജിയും ഭാര്യയും കാണാതെ ഒപ്പിച്ചെടുക്കാൻ ഞാൻ കുറെ പാടുപെട്ടു. ശ്രീ ശങ്കരന്റെ സാനിദ്ധ്യത്തിൻറെ സ്പന്ദനങ്ങൾ അവിടുത്തെ മണ്‍തരികളിലും അനുഭവവേദ്യമായിരിയ്ക്കാം. പക്ഷെ എന്റെ പാപപങ്കിലമായ മനസ്സും കണ്ണുകളും ആ ശുഭ്രവസ്ത്രധാരിണിയായി കണ്ണടച്ചിരിയ്ക്കുന്ന യുവ സംന്യാസിനിയിൽ ഉടക്കി നിന്നത് സ്വാമിജി കണ്ടു കാണണം. അല്ലെങ്കിൽ ഇങ്ങിനെ പറയില്ലല്ലോ : "സൌന്ദര്യത്തെ ഉപാസിയ്ക്കുന്നതും ആസ്വദിയ്ക്കുന്നതും ഒരു തെറ്റാണെന്നോ, രഹസ്യമായ മാനസിക വിനോദമാണെന്നോ കരുതേണ്ടതില്ല. ഒരു പൂന്തോട്ടത്തിലെ പൂക്കളെ നോക്കി നിന്ന് മനം കുളിർപ്പിയ്ക്കുന്നതു കൊണ്ട് എന്ത് പ്രശ്നം? പ്രശ്നം പൂവെടുത്ത് സ്വന്തം പോക്കറ്റിൽ ഇടുമ്പോഴാണ്".
എനിയ്ക്ക് എല്ലാം മനസ്സിലായി. സ്വാമിജിയ്ക്ക് എല്ലാം മനസ്സിലായി എന്നും മനസ്സിലായി.
ഒരാഴ്ചത്തെ സ്വർഗ്ഗീയ വാസം അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ചു പോരുമ്പോൾ, കരുണയോടെ, സ്നേഹത്തോടെ ആ മാസ്മരികമായ മന്ദഹാസത്തൊടെ ഞങ്ങളുടെ തലയിൽ കൈ വെച്ചനുഗ്രഹിച്ച് സ്വാമിജി പറഞ്ഞു: "വിചിത്രമായ ഉപദേശമാണ് തരുന്നത് - Homeless ആവണം. നമ്മുടെ ശാപമാണ് gather ചെയ്യൽ. എല്ലാം നാം വാരിക്കൂട്ടുന്നു, എന്തിനെന്നറിയാതെ. ബന്ധങ്ങളും ബന്ധനങ്ങളും ഉപഭോഗ വസ്തുക്കളും. എല്ലാം ഉപേക്ഷിയ്ക്കുവാനുള്ള മനസ്സും ധൈര്യവും ഉണ്ടാവണം. ഭാര്യ മുഖം കറുപ്പിയ്ക്കുമ്പോൾ, അല്ലെങ്കിൽ ഭർത്താവ് കുറ്റപ്പെടുത്തുമ്പോൾ, depressed ആകുകയും മറ്റൊരാൾ പൊക്കിപ്പറയുമ്പോൾ പറന്നു പൊന്തുകയും ചെയ്യാതെ, ചിത്തവൃത്തി നിരോധാവസ്ഥയിലേക്ക്, ഒരു tranquil state -ലേയ്ക്ക്, മനസ്സിനെ പരിപാകം ചെയ്യുക. പണ്ട് മരം ഉരയ്ക്കുമ്പോഴാണ് തീയുണ്ടായിരുന്നത്. അതുവരെ ആ തീ എവിടെയായിരുന്നു? അതുപോലെത്തന്നെ മനസ്സിന്റെ ചില പ്രത്യേക അവസ്ഥയിൽ മാത്രമേ മനസ്സിൽ ആത്മീയത കത്തിപ്പടരൂ. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും തീ നിങ്ങളിലും നിങ്ങളിൽ നിന്ന് മറ്റുള്ളവരിലും കത്തിപ്പിടിയ്ക്കട്ടെ. ഹരി ഓം "
മനസ്സില്ലാ മനസ്സോടെ ഞങ്ങൾ ആശ്രമത്തിൽ നിന്നും ഇറങ്ങി. വിജനമായ ആ വഴിയിലൂടെ നടക്കുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി. സ്വാമിജി നിഷ്ക്കളങ്കമായി സ്നേഹപൂർവ്വം ചിരിയ്ക്കുന്നുണ്ടായിരുന്നു.
പുറം കാഴ്ചകളെ ക്കാൾ ഉൾക്കാഴ്ചകൾ പ്രദാനം ചെയ്തതായിരുന്നു ഞങ്ങൾക്ക് മഹത്തായ ആ യാത്ര!
(കടപ്പാട്: സ്വാമി ജ്ഞാന മയാനന്ദ; ശ്രീ.എം )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ