2022 ഫെബ്രുവരി 15, ചൊവ്വാഴ്ച
അവരോഹണം
തണുപ്പും മഞ്ഞുവീഴ്ചയും ഉള്ള പ്രഭാതം. ഓസ്കാർ ബെഡിൽ നിന്ന് എന്തിന് എണീയ്ക്കണം എന്നാലോചിച്ചു കിടന്നു. ഭൂമിയിലെയോ ആകാശത്തെയോ ഏതൊരു ചരാചരത്തിന് എന്ത് വ്യത്യാസമാണ് താൻ എണീറ്റത് കൊണ്ട് ഉണ്ടാവാൻ പോകുന്നത്? ഓരോ ദിവസവും ഒരു ചടങ്ങു പോലെ ജീവിച്ചു തീർക്കുക തന്നെ. ഏതായാലും ഉറക്കം വരാത്തതുകൊണ്ട് ഒരു വിധം എഴുന്നേറ്റ് പല്ലുതേച്ചു. കണ്ണാടിയിലെ രൂപം ഒരു വയസ്സന്റേതു പോലെയുണ്ട്. അതിനർത്ഥം മരണം ഒരു വിളിപ്പാടകലെയാണ് എന്നതുകൊണ്ടല്ല, യുവാക്കളുമായുള്ള അകലം വർദ്ധിയ്ക്കുന്നതു കൊണ്ടാണ് ഓസ്കാർ വേപഥു പൂണ്ടത്. കണ്ണാടിയിലെ തന്റെ ബിംബത്തോടയാൾ ചോദിച്ചു: മരണത്തേക്കാൾ, വിരഹവേദനയേക്കാൾ, മോഹഭംഗങ്ങളെക്കാൾ, ദാരിദ്ര്യത്തേക്കാൾ, വാർധക്യമല്ലേ മനുഷ്യന്റെ സങ്കടകരമായ ദുരവസ്ഥ? നിസ്സഹായതയുടെ ചിരിയായിരുന്നു 'പ്രതി'ബിംബത്തിന്റെ മറുപടി. നൊമ്പരമായി കടന്നുപോയ ഇന്നലെകളുടെ ഓർമകളെ സാക്ഷ്യം നിർത്തി ആദ്യത്തെ പെഗ്ഗിൽ സോഡയൊഴിച്ചുകൊണ്ട് ഓസ്കാർ തന്റെ ദിവസത്തിന് തിരി കൊളുത്തി.
ഒരു കത്തെഴുതി വെച്ച് ഭാര്യ സ്ഥലം വിട്ടിട്ട് ഒരു മാസമായി. "മക്കളുമായി നന്നായി അഡ്ജസ്റ്റ് ചെയ്ത് ജീവിയ്ക്കണം. ഞാൻ പോയി എന്നോർത്തു സ്വതവേയുള്ള ബിപി കൂട്ടരുത്. ആഴ്ചയിലൊരിയ്ക്കലെങ്കിലും മുറികളൊക്കെ വൃത്തിയാക്കണം. രാവിലത്തെ വ്യായാമം മറക്കരുത്...." അങ്ങനെയങ്ങനെ. വിടവാങ്ങൽ കത്തിനേക്കാൾ ഒരു നിർദ്ദേശ പത്രികയായിട്ടാണ് ഓസ്‌കാറിന് തോന്നിയത്. 30 വർഷത്തെ ജീവിതം, അനുഭവം, പരീക്ഷണം, എല്ലാം ഉപേക്ഷിച്ച് അവൾ നടന്നു പോയി. യാത്രകൾ ചെയ്ത് ശിഷ്ടകാലം തീർക്കാൻ. അല്ലെങ്കിലും ജീവിതം ഒരു യാത്രയിൽ കവിഞ്ഞു എന്താണ്!
മക്കൾ രണ്ടുപേരും അടുക്കളയിൽ പ്രാതൽ ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. അമ്മയുടെ അഭാവം അച്ഛന് തോന്നാതിരിയ്ക്കാൻ അവർ കഴിയുന്നതും ശ്രമിയ്ക്കുന്നുണ്ട് - അതും അമ്മയുടെ നിർദ്ദേശമാവാം. അവരുടെ അച്ഛൻ പെട്ടെന്ന് അസ്വസ്ഥമാവുന്ന പഴയ തലമുറയുടെ പ്രതീകമാണെന്ന് അവർക്കറിയാം. അച്ഛൻ എന്ന മുമ്പേ പറന്ന പക്ഷിയാണ് അവരുടെ എല്ലാ സൗഭാഗ്യങ്ങളുടെയും സങ്കടങ്ങളുടെയും കാരണം. വെസ്റ്റേൺ ട്രെൻഡിനെ പറ്റി, സംഗീതത്തെ പറ്റി, സിനിമയിലെയും സാഹിത്യത്തേയും പുത്തൻ പ്രവണതകളെപ്പറ്റിയെല്ലാം നിർവികാരമായി വിലയിരുത്തുകയും അതേസമയം പഴകിയ പോയകാലത്തിന്റെ മൗഢ്യങ്ങളിൽ സ്വയം എരിയുകയും മറ്റുള്ളവരെയും എരിയ്ക്കുകയും ചെയ്യുന്ന അച്ഛൻ അവരുടെ അഭിമാനവും ബാധ്യതയുമാണ്. സാഹചര്യത്തിന്റെ ബാധ്യത. സമയത്തിന്റെയും കാലത്തിന്റെയും ബാധ്യത.
ദോശയും ചമ്മന്തിയും ചായയും മേശപ്പുറത്തു കാത്തിരിയ്ക്കുമ്പോൾ കുളി കഴിഞ്ഞ് അടുത്ത പെഗ്ഗിൽ സോഡയൊഴിച്ച് ഓസ്കാർ വീട്ടിൽ നിലയുറപ്പിച്ചു. മക്കൾ ജോലിയിലേയ്ക്കും ബോധം പരിധിയ്ക്കു പുറത്തേയ്ക്കും പോയിക്കഴിഞ്ഞ ആ മധ്യാഹ്നത്തിൽ ഓസ്‌കാറിന് പഴയ കാല സ്മരണകൾ ക്ലോക്ക് തൂങ്ങുന്ന ചുവരിലും ജനാലപ്പുറത്തെ ശൂന്യപഥങ്ങളിലും കിടപ്പുമുറിയിലെ കട്ടിലിലും ബാക്ക് യാർഡിലെ വെള്ളപ്പരവതാനിയിലും എല്ലാമെല്ലാം കാണായി.
ബെഡ്‌റൂമിൽ ചെന്നാൽ അവൾ നട്ടു നനച്ചു വളർത്തിയ പനിക്കൂർക്ക കാണാം. ഒന്ന് തൊട്ടാൽ മണം കൈകളിൽ പടർത്തുന്ന സുന്ദരിച്ചെടി. പരിമളം പരത്തി നിൽക്കുന്ന സുന്ദരിയായിരുന്നല്ലോ ഹെലനും. അടുക്കളയുടെ അടുത്തുള്ള നൂക്കിൽ സ്വന്തം സൗന്ദര്യത്തെപ്പറ്റി തികച്ചും ബോധവതിയായി തലതാഴ്ത്തി നിൽക്കുന്ന റോസ്. ആ പൂവ് അതിന്റെ ദുഃഖം ഓസ്‌കാറിന്റെ കണ്ണുകളിൽ കണ്ടത് മനസ്സിലാക്കിയിട്ടെന്ന പോലെ...മൗനം അവർക്കിടയിൽ ദീർഘ സംവാദങ്ങൾ നടത്തി. 'ഹാ പുഷ്പമേ' എന്ന് ഓസ്കാർ പൂവിനോടാണോ അതോ തിരിച്ചാണോ പാടേണ്ടത് എന്ന് ചിന്തിച്ച് അവർ പുഞ്ചിരിച്ചു പരസ്പരം..
35 വര്ഷങ്ങൾക്കു മുമ്പ് നോർത്ത് അമേരിയ്ക്കയിൽ ഈ ചെറിയ പട്ടണത്തിൽ ഒരു ഇമിഗ്രന്റ് ആയി ചേക്കേറിയ കാലം. കല്യാണം കഴിയ്ക്കാത്ത ചെറുപ്പക്കാർ ബേസ്‌മെന്റുകളിൽ മിതമായ വാടകയും അമിതമായ മോഹങ്ങളും വെച്ച് ജീവിതം പറിച്ചുനട്ട ഗതികെട്ട കാലം. റമ്മടിയും റമ്മി കളിയും പതിവായിരുന്ന കാലം. രണ്ടിലും അഗ്രഗണ്യനായ റൂം മേറ്റ് സഖാവ് കുമാരേട്ടൻ അന്നേ പറഞ്ഞിരുന്നു, "ഓസ്കാർ, ഈ രാജ്യം നിനക്ക് സർവ സൗഭാഗ്യങ്ങളും വാരിത്തന്നു കഴിഞ്ഞാലും ഒരു ദശാസന്ധിയിൽ നീയോർക്കും എന്തിനിവിടെ എത്തിപ്പെട്ടുവെന്ന്. പക്ഷെ അന്ന് തിരിച്ചുപോക്കിനതീതമായ മനസ്സിന്റെയും ശരീരത്തിന്റെയും തടവിലാക്കപ്പെട്ട പ്രലോഭനങ്ങളിൽ നീ തളയ്ക്കപ്പെട്ടിരിയ്ക്കും. ആ തടവറയിൽ ശിഷ്ടകാലം നിനക്ക് രമിയ്ക്കാം, പിന്നെ മരിയ്ക്കാം."
കാലത്തിനു കുറുകെ നടന്ന കുമാരേട്ടൻ ഇവിടെ കരയ്ക്കിട്ട മീനിനെ പോലെയായിരുന്നു. പിൽക്കാലത്ത് അക്കാഴ്ചകൾ കാണാൻ കാത്തുനിൽക്കാതെ ഒരു ആത്മഹത്യ വഴി ജീവിതത്തിൽ നിന്നും സ്ക്രൂട്ടായി.
ലുംബർ എക്സ്പോർട്ട് ബിസിനസ് തുടങ്ങിയ ഓസ്കാർ പെട്ടെന്നാണ് തന്റെ സാമ്രാജ്യം പണിതുയർത്തിയത്. അക്കാലത്ത് സ്ഥലത്തെ പ്രധാന ദിവ്യന്മാർ അത്താഴ വിരുന്നുകളിൽ വീഞ്ഞിന്റെ ലഹരിയുടെ ആധിക്യത്താലും പുതിയ അപ്സ്റ്റാർട്ടിനോട് വീരസ്യം പറയാനുള്ള ത്വരയാലും തങ്ങൾ ഈ പട്ടണത്തിൽ വരുമ്പോഴുള്ള കാലത്തെപ്പറ്റി അതിശയോക്തിയോടെ ബോറടിപ്പിച്ചു കൊണ്ടിരുന്നു. അവർക്കിടയിലും അതുവഴി കമ്മ്യൂണിറ്റിയിലും പള്ളിയിലും പ്രസക്തനാവാൻ ഓസ്കാറിനും അതൊക്കെ അൽപ്പം ആവശ്യമായിരുന്നു. അവരുടെ പരിചയങ്ങളിൽ നിന്നാണ് ഓസ്കാർ ഹെലനെ കണ്ടുമുട്ടുന്നതും ഇഷ്ടമാവുന്നതും 6 മാസത്തെ ഡേറ്റിംഗിന് ശേഷം കല്യാണം കഴിയ്ക്കുന്നതും. ആ സൗന്ദര്യവും തന്റേടവും ക്ഷണയുക്തിയും വാക് സാമർഥ്യവും എല്ലാമെല്ലാം ഓസ്‌കാറിന് ഇഷ്ടമായി. തിളങ്ങുന്ന കണ്ണുകൾ ഇഷ്ടമായി. പിന്നെ അവളുടെ നാടും. കരിനീലക്കായലും മലകളും ആറും വയലേലകളും ചുറ്റിക്കറങ്ങിയ മധുവിധുക്കാലം...അത് പട്ടണത്തിലെ സ്റ്റാർ ഹോട്ടലിൽ ഒരാഴ്ചത്തെ ഹണിമൂൺ സ്റ്റേ ആയി പുനരാവർത്തനം ചെയ്യപ്പെട്ടു. വസന്തകാലത്തെ പുഷ്പാലംകൃതമായ വഴിത്താരകളിൽ സ്വപ്നസുന്ദരിയുമൊത്ത് പ്രഭാതസവാരി, നീലനിറമാർന്ന റോക്കി മലനിരകൾ കണ്ണാടിയിലെന്ന പോലെ കായലിൽ പ്രതിബിംബം തീർക്കുമ്പോൾ ഹെലന്റെ നീലക്കണ്ണുകളിൽ ഓസ്‌കാറിന്റെ ചേതനകൾ ബിംബങ്ങളായും രൂപങ്ങളായും അവയെ പുനരാവിഷ്കരിച്ചു. കാലം നിശ്ചലമായി. കായലിൽ കളിവള്ളം തുഴഞ്ഞ് അവർ പരസ്പരം മിഴികളിൽ നോക്കി എത്രയോ മണിക്കൂറുകൾ സ്വയം നഷ്ടപ്പെടുത്തി. പ്രണയകാലം. സ്വപ്‌നകാലം. സുരഭിലം.
മേജർ സിറ്റികളിൽ എല്ലാം ഓസ്കാർ ആയിടയ്ക്ക് ബ്രാഞ്ച് ഓഫീസുകൾ തുടങ്ങി. പ്രശസ്തമായ ഒരു ഫർണിച്ചർ കമ്പനിയും അക്വയർ ചെയ്ത് പ്രോഡക്ടുകൾ USA, ചൈന, ജപ്പാൻ, ജർമനി തുടങ്ങി എല്ലാ രാജ്യത്തേയ്ക്കും എക്സ്‌പോർട് ആരംഭിച്ചു. കൈ വെയ്ക്കുന്നതെല്ലാം സ്വർണവർണത്തിൽ തിളങ്ങുകയായിരുന്നു. ടൗണിനു നടുക്കായി ബഹുനിലകളുള്ള ഹെഡ് ഓഫിസും ടൗണിനു വെളിയിൽ 5000 സ്‌ക്വയർ ഫീറ്റ് ഏക്കറെജ് രമ്യഹർമ്യവും ഏതാണ്ട് ഒരേ സമയത്താണ് പൂർത്തിയായത്. പലജാതി ലക്ഷുറി കാറുകൾ, യാച്ച്, പ്രൈവറ്റ് ജെറ്റ് എന്നിങ്ങനെ നോർത്ത് അമേരിക്കൻ ആഢ്യത്തത്തിന്റെ ലക്ഷണമൊത്ത ദമ്പതികളായി അവർ മറ്റുള്ളവർക്കു മുമ്പിൽ ദൃശ്യപ്പെടാൻ തുടങ്ങി.
അന്നത്തെ അഞ്ചാമത്തെ പെഗ്ഗിൽ സോഡയൊഴിയ്ക്കുമ്പോൾ ഓസ്കാർ സ്വയം ചോദിച്ചു, എവിടെയാണ് താളം തെറ്റിയത്? മുറുകുന്ന തന്ത്രികൾ നല്ല സ്വരമാധുരി പകരുമെങ്കിലും പൊട്ടാനെളുപ്പമാണ്. ഹണിമൂൺ ദിനരാത്രങ്ങൾ വായ്‌നാറ്റത്തിലേയ്ക്കും വിയർപ്പുമണത്തിലേയ്ക്കും ചെടിപ്പിയ്ക്കാൻ തുടങ്ങിയ നാളുകളിൽ ഹെലൻ തിരിച്ചറിഞ്ഞു, ചേർച്ചയില്ലായ്മകൾ ആണ് കൂടുതൽ എന്നും, വിരുദ്ധ ചേരികളിൽ ആണ് അവരെന്നും. അവൾ കോളേജിൽ പഠിയ്ക്കുമ്പോഴേ പെണ്ണവകാശങ്ങൾക്കു വേണ്ടി പൊരുതിയവളാണെങ്കിൽ, പെണ്ണുങ്ങൾ ഉറക്കെ സംസാരിയ്ക്കുന്ന വീടുകളെ തന്നെ ഓസ്‌കാറിന് അലർജി ആയിരുന്നു. പാരമ്പര്യമായിക്കിട്ടിയ ധാരണകളും വിശ്വാസങ്ങളും ഓസ്‌കാർ മുറുകെപ്പിടിച്ചു. എന്തിനാണ് പെണ്ണുങ്ങൾക്ക് വേണ്ടി ആണുങ്ങളും കിടന്ന് ബഹളം വെയ്ക്കുന്നത് എന്ന് സത്യമായും അയാൾക്ക് മനസ്സിലാവാറില്ല. അതുപോലെ കല, കവിത, എന്നിങ്ങനെ കാൽക്കാശിനു കൊള്ളാത്ത വൃഥാവ്യായാമങ്ങളോട് ഓസ്‌കാർ ഒരു കരുണയും കാണിച്ചില്ല. അവയ്ക്കു വേണ്ടി വലിയ കെട്ടിടങ്ങൾ നിർമിയ്ക്കുവാൻ ചിലവാക്കുന്ന പണം എത്രയോ പ്രയോജനകരമായ പ്രവൃത്തികൾക്ക് ഉപയോഗിയ്ക്കാം എന്ന് അയാൾ ആത്മാർത്ഥമായി ചിന്തിച്ചു. പഴയ കാലം ഇങ്ങനെ വളരെ പ്രാക്ടിക്കൽ ആയി ചിന്തിച്ചവരുടെ കാലമായിരുന്നു എന്നയാൾ എപ്പോഴും പറയും.
ഹെലനാകട്ടെ ദിനം പ്രതി ചെറുതായിക്കൊണ്ടിരിയ്ക്കുന്ന അവളുടെ ലോകത്തിൽ വാതിലുകൾ അകത്തേക്കും പുറത്തേയ്ക്കും തുറക്കാനാവാത്ത അവളുടെ മുറിയിലെ ഒരേയൊരു ജാലകമായിരുന്നു കഥയും കവിതയും എഴുതിയ പുസ്തകങ്ങൾ.
വിരുദ്ധ ചേരികളിലേയ്ക്ക് കാലം തിരിയ്ക്കപ്പെട്ടെങ്കിലും കാലം ക്രൗര്യത്തെ തേനിലൊളിപ്പിച്ച് പലപ്പോഴും വിഷത്തിന്റെ പാനപാത്രത്തിൽ വിളമ്പിത്തരുമല്ലോ. അക്കാലത്തൊരുനാൾ ഹെലൻ ഗർഭിണിയായി. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ പൊട്ടാൻ പോകുന്ന തന്ത്രികളെ മാന്ത്രികൻ തൽക്കാലമെങ്കിലും വിളക്കിച്ചേർത്തതായിരിയ്ക്കണം എന്ന് തോന്നി ഓസ്‌കാറിന്. ആദ്യത്തെ കണ്മണി കുടുംബസങ്കല്പങ്ങൾക്ക് പ്രലോഭനം തീർത്തു. വെച്ചടി കയറുന്ന ബിസിനസ്സ് ഓസ്കറിനെ ദിവസങ്ങളോളം പട്ടണത്തിൽ നിന്നകറ്റി നിർത്തി. ജീവിതം മാറിമറിയുകയായിരുന്നു. കലയും സാഹിത്യവും മ്യൂസിക്കും യാത്രകളും ചരിത്രവും ആസ്വദിച്ച ഹെലൻ ക്രമേണ നാലു ചുമരുകൾക്കുള്ളിൽ സ്വന്തം സന്തതിയുമായി തളയ്ക്കപ്പെട്ടു. ആ ചുമരുകൾ കൂടുതൽ ഇടുങ്ങുന്നതായും ഇരുളുന്നതായും തോന്നി ഹെലന്.കച്ചവടത്തിന്റെ പുതിയ ഉയരങ്ങളും ലക്ഷ്യങ്ങളും പുനർനിർണയം ചെയ്യപ്പെടുമ്പോൾ ഓസ്‌കാറിന്റെ ജീവിതവും സമയവും സംസാരവും ചിരിയും ചിന്തയും സംവേദനങ്ങളും കമ്പനിയുടെ ഭീമാകാരൻ സൗധത്തിനകത്ത് ഒതുങ്ങി.
ഒരുനാൾ മൂന്നു വയസ്സായ മകൻ ബർത്ത് ഡേയ്ക്ക് കേക്ക് മുറിയ്ക്കാൻ അച്ഛനെ കാത്തിരുന്നു. രാവേറെ കഴിഞ്ഞും ഓസ്കാർ വരാതിരുന്നതിനാൽ കണ്ണീരോടെ അമ്മയും മകനും പരസ്പരം കേക്കുകൾ കഴിപ്പിച്ചതും പിറ്റേന്ന് അത് പറഞ്ഞപ്പോൾ ഓസ്കാർ ചിരിച്ചതും ഹെലനെ വേദനിപ്പിച്ചു. അത് കണ്ട് ഓസ്കാറിനും വിഷമമായി.
യാന്ത്രികമായ കുടുംബജീവിതത്തിൽ പരസ്പരം പരിഭവപ്പെടാനാവാതെ സ്നേഹിയ്ക്കാനും വിഹ്വലപ്പെടാനും കരയാനുമാവാതെ ഓസ്കാറും ഹെലനും അവരുടെ കൊട്ടാരത്തിലെ രാജകുമാരനും വർഷങ്ങൾ കഴിച്ചുകൂട്ടിയപ്പോൾ അവർക്ക് അടുത്ത അതിഥിയും വന്നെത്തി. രണ്ടാമത്തെ കുട്ടി - കാലത്തിന്റെ പരീക്ഷണ വികൃതികൾ! അല്ലെങ്കിൽ എന്തിനായിരിയ്ക്കണം, നമ്മൾ നടക്കേണ്ടതില്ലാത്ത, സ്വയം ചലിയ്ക്കുന്ന നടവഴികൾ, അലംകൃതമാക്കി വെച്ചതും, വശീകരണങ്ങൾ വഴി നീളെ നിരത്തി വെച്ചതും?
ഷൂ റാക്കിൽ ഇപ്പോഴും ഹെലന്റെ ചെരുപ്പുകൾ അനാഥക്കുട്ടികളെ പോലെ കിടക്കുന്നുണ്ട്. ഓസ്കാർ ജനലിന്റെ ബ്ലൈൻഡ് പൊക്കി പുറത്തേയ്ക്ക് നോക്കി. സ്നോ വീഴുന്നുണ്ട്. വെയിലത്തു വീഴുന്ന മഞ്ഞുപാളികൾ പണ്ടത്തെപ്പോലെ ഇന്നും മനോഹരം തന്നെ. എത്രയോ കാലത്തിനു ശേഷം ഇയ്യിടെ ലോക്ക് ഡൌൺ സമയത്ത് സ്നോ വീഴുന്ന ഒരു സന്ധ്യയ്ക്ക് ഹെലന്റെ കൂടെ നടക്കാനിറങ്ങിയത് ഓർത്തു ഓസ്കാർ. അന്ന് നടപ്പാതയുടെ വശങ്ങളിൽ, ഇലകൾ പൊഴിഞ്ഞ മരങ്ങളിൽ സ്നോ ധവള ചിത്രം വരച്ചിരുന്നു. പരാതിയും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും പ്രതീക്ഷിച്ച ഓസ്കാറിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് ഹെലൻ അവരുടെ കുട്ടികളുടെ കാര്യമാണ് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നത്. അന്ന് മൂത്ത മകന് ജോലിയിൽ പ്രൊമോഷൻ കിട്ടി അവൻ മാനേജർ ആയ ദിവസമായിരുന്നു. അവനെ സ്‌ട്രോളറിൽ ഇരുത്തി വനാന്തരങ്ങളിലൂടെ അവർ ട്രിപ്പുകൾ നടത്തിയത് ഇന്നലെയെന്നപോലെ ഓർത്താസ്വദിച്ചു. അന്നൊരിയ്ക്കൽ ഒരു സ്വിസ്സ് വില്ലേജിൽ അവനെ എന്റെ മോൻ എന്ന് പറഞ്ഞു കൊഞ്ചിച്ചിരുന്ന ആഞ്ജലീന എന്ന വെള്ളാരംകണ്ണുള്ള കന്യാസ്ത്രീയെ ഓർത്തു അവർ പുഞ്ചിരിച്ചു. വര്ഷങ്ങള്ക്കു ശേഷം അവളുടെ മനോഹരമായ ചിരി ഓസ്കാർ അന്നാണ് കാണുന്നത്. വീട്ടിൽ തിരിച്ചെത്തുന്നതിനു മുമ്പ് ഹെലൻ പറഞ്ഞു,
"ഓസ്കാർ നമുക്ക് പിരിയാം. നാം രണ്ടു പേരും നമ്മുടെതല്ലാത്ത കുറ്റം കൊണ്ട് ഒരുമിയ്ക്കപ്പെട്ടവരാണ്. നമ്മുടേതല്ലാത്ത കുറ്റം കൊണ്ട് കുട്ടികളെ ജനിപ്പിച്ചവരാണ്, ഒരേ വീട്ടിൽ കുറച്ചു കാലം കഴിച്ചു കൂട്ടിയവരാണ്. ഇനി നമുക്ക് വർഷങ്ങളായി നാം തുടരുന്ന നിർവികാര മനസ്സ് കൊണ്ട് തന്നെ ഇതവസാനിപ്പിയ്ക്കാം. വിവാഹമോചനം വേണ്ട. ഓസ്‌കാറിന് വേറെ പെണ്ണിനെ വേണമെങ്കിൽ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചോളു. കുട്ടികളെ കെയർ ചെയ്യണം എന്ന് മാത്രം. എനിയ്ക്കറിയാം അതൊന്നും ആലോചനയിൽ പോലും ഉണ്ടാവില്ലെന്ന്. ഞാൻ ഒരു ദിവസം പ്രഭാതത്തിൽ ഒരു യാത്ര പോകും. ഇനിയെന്റെ ജീവിതം ഹോസ്റ്റലുകളിലും ഗ്രാമങ്ങളിലെ BNB സത്രങ്ങളിലും പിന്നെ വനാന്തരങ്ങളിലെ പർണശാലകളിലും മൂന്നാം ലോക രാജ്യങ്ങളിലെ കടൽത്തീരത്തെ കുടിലുകളിലും ആയിരിയ്ക്കാം. എന്നെ തിരഞ്ഞു വരാൻ മിനക്കെടേണ്ട. കണ്ടെത്താനാവില്ല. കണ്ടെത്തിയാലും ഞാൻ തിരിച്ചു വരില്ല."
"പക്ഷെ ഹെലൻ, നാം, അല്ല, ഞാൻ, ഇപ്പോൾ ഈ കോവിഡ് കാരണം ഒരു വിധം ജീവിതത്തിന്റെ അർത്ഥവും അർത്ഥമില്ലായ്മയും മനസ്സിലാക്കി വരികയാണ്. ഞാൻ ചെയ്ത പല തെറ്റുകളുടെയും നേരെ എന്റെ കണ്ണ് തുറപ്പിച്ചു തരാൻ ഈ വൈറസ് കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. അത് കൊണ്ട് നമുക്ക് ഒന്ന് കൂടി ഒരു ശ്രമം നടത്തിനോക്കിക്കൂടെ? യാത്ര പോകാം, നമുക്കൊരുമിച്ച്." ഓസ്‌കാറിന്റെ മുഖം കരച്ചിലിന്റെ വക്കിലായിരുന്നു.
"ഓസ്കാർ എന്ത് തെറ്റാണ് ചെയ്തിട്ടുള്ളത്? എനിയ്ക്കും കുട്ടികൾക്കും വേണ്ടി ജീവിതം ഹോമിച്ചതോ? ഞങ്ങൾക്ക് സ്വർഗീയ സുഖം വരാൻ വേണ്ടി രാപ്പകൽ അദ്ധ്വാനിച്ചതോ? അടിസ്ഥാനപരമായി ചില വീക്ഷണങ്ങളിൽ നമുക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നിരിയ്ക്കാം...അത് പക്ഷെ വീക്ഷണം മാത്രമല്ലെ ഓസ്കാർ? ശരി തെറ്റുകൾ തീരുമാനിയ്ക്കാൻ നമ്മളാര്? വൈറസ് തന്നെയാണ് എന്നെയും ഇത്രയും ചിന്തിപ്പിച്ചത്. എനിയ്ക്കായി ഓസ്കാർ ഡെപ്പോസിറ്റ് ചെയ്ത വലിയ ഒരു തുകയുണ്ടല്ലോ, അതിൽ നിന്ന് ചെലവുകൾക്ക് ഞാൻ പണമെടുത്തുകൊള്ളാം. സ്വന്തം കാലിൽ നിൽക്കാൻ കഴിയാതിരുന്ന എന്റെ കാലത്തെയോർത്ത് ഞാൻ ലജ്ജിയ്ക്കുന്നു. എങ്കിലും എന്റെ ശിഷ്ട കാലത്തേയ്ക്ക് മുഴുവനും അത് ധാരാളം മതിയാകും. ഓസ്കാർ എനിയ്ക്ക് തന്ന സൗഭാഗ്യങ്ങളിൽ ഏറ്റവും വലുതും അവസാനത്തേതും ആയിരിയ്ക്കും അത്. ദയവു ചെയ്ത് കൂടുതൽ അതിൽ നിക്ഷേപിയ്ക്കരുത്. ദയവു ചെയ്ത് എന്നെ ഇനി മേൽ സ്നേഹിയ്ക്കയുമരുത്."
വീണ്ടും ഞാൻ ചോദിയ്ക്കുന്നു, ഒരവസരം കൂടി തന്നു കൂടെ എന്ന് ചോദിച്ച ഓസ്കാറിനോട് ഹെലൻ പറഞ്ഞ മറുപടി തന്നെയായിരിയ്ക്കണം മനുഷ്യരാശിയോട് കോവിഡ് പറയാനുദ്ദേശിയ്ക്കുന്നതും.
"ഒരവസരം ചോദിയ്ക്കാൻ പോലും കഴിയാതെ 50 ലക്ഷം മനുഷ്യർ ഒരു വൈറസിനാൽ ദാരുണമായി വധിയ്ക്കപ്പെട്ടു. അവർ മരണക്കിടക്കയിൽ കിടക്കുമ്പോൾ ഒരിയ്ക്കലെങ്കിലും സ്വന്തം ഭാര്യയോട്, അമ്മയോട്, അച്ഛനോട്, മകനോട് അല്ലെങ്കിൽ മകളോട് 'ഞാൻ എന്റെ ജീവിതത്തിൽ നിങ്ങളെക്കാൾ സ്നേഹിച്ച ഒരു വ്യക്തിയില്ല. എനിയ്ക്കതൊരിയ്ക്കലും പറയാനോ പ്രകടിപ്പിയ്ക്കാനോ സാധിച്ചില്ല എന്നോർത്ത് ഞാൻ പശ്ചാത്തപിയ്ക്കുന്നു' എന്ന് പറയണമെന്ന് തോന്നിയിട്ടുണ്ടാവില്ലേ? പക്ഷെ അവർക്കു മുമ്പിലുള്ളത് അമിത ജോലിയാൽ ക്ഷീണിച്ച ഒരു നേഴ്സോ ഡോക്ടറോ ആണെങ്കിൽ അവരോടു അത് പറഞ്ഞിട്ടെന്തു കാര്യം എന്നോർത്ത് അവർ രാത്രിയിലെപ്പോഴോ, ഏകാന്തമായ മരണത്തിലേയ്ക്ക് നടന്നു പോയിട്ടുണ്ടാവില്ലേ? അവർ ഏതു മതം, ഏതു ജാതി, ഏതു ദൈവം, ഏതു കുലീന കുടുംബം, ഏതു യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദം ഉള്ളവരായിട്ടും അവരുടെ അവസാനത്തെ നിമിഷങ്ങളിൽ അവർ കരഞ്ഞത് ഒരുപോലെയായിരുന്നില്ലേ? അതുകൊണ്ട് ഞാൻ ജീവിതം പൂർണമായും ഒന്ന് ജീവിയ്ക്കട്ടെ, ഓസ്‌കാറിന് യാത്രകൾ നടത്താം, പക്ഷെ നാം ഒരുമിച്ചു നടത്തുന്ന യാത്രകൾ ഒരിയ്ക്കലും സ്വതന്ത്രമായ കാഴ്ചകൾ പ്രദാനം ചെയ്യില്ല എന്നല്ലേ നമ്മുടെ അനുഭവം?"
സമയം രാത്രിയായിരിയ്ക്കുന്നു. കുട്ടികൾ എപ്പോഴോ വീട്ടിൽ തിരിച്ചെത്തിയിരിയ്ക്കുന്നു. പെഗ്ഗുകൾ എത്രയായെന്നും തിട്ടമില്ല. ഒരിയ്ക്കലും ലഹരിയുടെ അളവും പരിധിയും തിരിച്ചറിയാൻ മിനക്കെടാത്ത മനുഷ്യനെ വൈറസ് വീണ്ടും ഓമിക്രോൺ അവതാരത്തെ വിട്ട് ബോധമണ്ഡലം തിരിച്ചുപിടിയ്ക്കാനും ജീവിതം വെറും ജീവിച്ചങ്ങു തീർക്കാനും വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു. വെറും വെറുതെ.
വേച്ചു വേച്ച് ഓസ്കാർ ബെഡ് റൂമിലെ കിടക്കയിലേക്ക് നടന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ