ഓര്‍മ്മകള്‍...
പൂന റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള ഒരു ഹോട്ടല്‍. ജോലി തെണ്ടി നടന്നു ക്ഷീണിച്ചു വിശപ്പും ദാഹവും സഹിയ്ക്കാന്‍ പറ്റാതെ കയറിയതാണ്.
സ്വഭാവം വെച്ച് ഇത്ര മുന്തിയ ഭക്ഷണശാല കാണുമ്പോള്‍ വായിലെ വെള്ളം ഇറക്കി വേഗത്തില്‍ നടക്കുകയാണ് പതിവ്. പിന്നെ റോഡിലേയ്ക്ക് ഇറക്കി കെട്ടിയ ചായക്കടയില്‍ ഒരു ഹാഫ് ചായ ഓര്‍ഡര്‍ ചെയ്തു അതിനു വഴി തെളിയിയ്ക്കാന്‍ രണ്ടു ഗ്ലാസ് പച്ചവെള്ളം കുടിച്ചു അതിന്‍റെ പിന്നാലെ ചൂടുള്ള അതി മധുരമുള്ള "അമൃത തുല്യ"മായ ചായ കുടിച്ചു കഴിഞ്ഞാല്‍ വിശപ്പ് കുറച്ചു ദൂരം പിന്നിലാക്കപ്പെടും..
അക്കാലങ്ങളില്‍ നേരം വെളുത്തു കഴിഞ്ഞാല്‍ തുടങ്ങുക എങ്ങനെ വിശപ്പിനെ പറ്റിയ്ക്കാം എന്ന താത്വിക ചിന്തയാണ്. വെള്ളത്തിന് ദാഹം ശമിപ്പിയ്ക്കല്‍ എന്ന ഒറ്റ ജോലി മാത്രമല്ല എന്ന സാധ്യത കണ്ടെത്തിയതും അക്കാലത്ത് തന്നെ. സ്റ്റേഷന് പിന്നിലെ റെയില്‍ ട്രാക്കുകള്‍ക്കപ്പുറം ചേരി ചേരാ നയം കാത്തു സൂക്ഷിച്ചു കൊണ്ട് ചുറ്റും തകരപ്പാട്ട വീടുകളാല്‍ അലങ്കരിയ്ക്കപ്പെട്ട ഒരു പുരാതന കെട്ടിടത്തിലെ നാലാം നില വലിഞ്ഞു കയറി എത്തിപ്പെട്ടാല്‍ അവിടെ മുറി പങ്കിടാന്‍ ഒരു മധ്യ പ്രദേശുകാരന്‍ ഹോട്ടല്‍ വെയിറ്റര്‍, ഒരു ബംഗാളി ചുമട്ടു തൊഴിലാളി, ഒരു തമിഴന്‍ അക്കൌണ്ടന്റ് എന്നിങ്ങനെ മഹാരഥന്മാര്‍ കുറവല്ല. പക്ഷെ അവര്‍ക്കെല്ലാം പരിവട്ടം മാത്രമേ ഉള്ളൂ, പട്ടിണിയില്ല.പലപ്പോഴും കനിവോടെ ഭക്ഷണം വാങ്ങിച്ചു തന്ന മഹാത്മാക്കള്‍. എങ്കിലും മഹാന്മാര്‍ ഒരുമിച്ചു ശാപ്പാടടിയ്ക്കാന്‍ പോവുമ്പോള്‍ വിളിച്ചാല്‍ കൂടെ പോവുന്നത് ഒഴിവാക്കും. അഭിമാനമാണല്ലോ വലുത്. പച്ചവെള്ളം അതിലും വലുത്. "ഞാന്‍ കഴിച്ചു, വിശപ്പില്ല" എന്ന് പറയുമ്പോള്‍ VKN പറഞ്ഞ പോലെ ആവും ചിന്ത: "ഇപ്പൊ ഒരു കിണ്ടി വെള്ളം കുടിച്ചതെയുള്ളൂ, അതൊന്നു ദഹിച്ചോട്ടെ."
അപ്പോള്‍ പറഞ്ഞു വന്നത് മധ്യാഹ്ന സൂര്യന്‍ തകര്‍ത്തു കളഞ്ഞ ചെറുത്ത്നില്‍പ്പുമായി കയറിച്ചെന്ന ഭക്ഷണശാലയെപറ്റിയാണല്ലോ. മുഖം കഴുകി വെടിപ്പാക്കി മെനു പഠിയ്ക്കാന്‍ തുടങ്ങി. ഉപചാര പൂര്‍വ്വം വെള്ളം കൊണ്ട് വെച്ച വെയിറ്ററെ തല്‍ക്കാലം ഗൌനിച്ചില്ല. വെള്ളവും കുടിച്ചില്ല. കാരണം ഇത്തവണ ഭക്ഷണം തന്നെയാണ് ലക്‌ഷ്യം. മെനുവില്‍ ഉപരിപഠനം തന്നെ നടത്തിയപ്പോള്‍ കയ്യിലുള്ള 25 രൂപയില്‍ നില്‍ക്കുന്നത് മുട്ട ബിരിയാണിയാണ് എന്ന് ബോധ്യമായി. ബിരിയാണി കൊണ്ട് വന്ന വെയിറ്റര്‍ ബഹുമാനം വിടാതെ ഗ്രേവി കൊണ്ട് വരട്ടെ എന്ന് ചോദിച്ചു. നോക്കിയപ്പോള്‍ ശരിയാണ്. ബിരിയാണിയുടെ കൂടെ ഒരു സലാട് പോലുമില്ല. എന്നാല്‍ പിന്നെ ഗ്രേവി കൂട്ടി പൂശാം എന്നായി. ആസ്വദിച്ചു കഴിച്ചു.
ബില്ല് വന്നപ്പോള്‍ ബഷീര്‍ പറഞ്ഞ പോലെ സപ്ത നാഡികളും തളര്‍ന്നു. കണ്ണില്‍ ഇരുട്ട് കയറി. പക്ഷെ പേഴ്സ് നഷ്ടപെട്ടത് അല്ല കാരണം. ബില്ല് 35 രൂപ! വെയിറ്ററെ കൊസ്ട്യന്‍ ചെയ്തു: ഇതെങ്ങനെ സംഭവിച്ചു? "സാറ് ഗ്രേവി ഓര്‍ഡര്‍ ചെയ്തില്ലേ? അതിനു 7 രൂപ, പിന്നെ 3 രൂപ ടാക്സും." ഇടലിയുടെ കൂടെ സാമ്പാര്‍ ഫ്രീ കിട്ടുന്ന പോലെ ഇവിടെ നടക്കില്ല എന്ന് ഓര്‍ക്കേണ്ടതായിരുന്നു.
നാട്ടില്‍ നോക്കെത്താ വയലുകളില്‍ നെല്‍ക്കൃഷിയുടെ ആധിപത്യമോ, കുഞ്ഞുനാള്‍ തൊട്ടു മുറ്റം നിറച്ചും മെതിച്ചും ഉണക്കിയും വേവിച്ചും സമൃദ്ധമായ അന്നത്തിന്റെ സമ്പന്നമായ ചരിത്രമോ ഒന്നുമല്ല ഓര്‍മയില്‍ വന്നത്. അറിയാവുന്ന ഒരു മനുഷ്യന്‍ പോലുമില്ലാത്ത ഈ മഹാനഗരത്തില്‍ ആരാണ് എന്നെ 10 രൂപ തന്നു സഹായിയ്ക്കുക? അതും പെട്ടെന്ന്, ഈ ഹോട്ടലുകാര്‍ കടുത്തെന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ്. സെല്‍ ഫോണ്‍ പോട്ടെ, ലാന്‍റ് ഫോണ്‍ പോലും സാര്‍വത്രികം ആയിട്ടില്ലാത്ത കാലം. ഇന്‍ലാന്റുകളില്‍ കത്തെഴുതി വിവരം കൈമാറിയിരുന്ന കാലം. വിവര സാങ്കേതിക വിപ്ലവം അങ്ങ് ദൂരെ ഏഴു കടലും കടന്നു കാണാ മറയത്തെ ആങ്ങളയെയും പെങ്ങളെയും പുഴയും പൂവും പൂക്കളവും സ്വന്തം മടിത്തട്ടിലെ കൊച്ചു വട്ടത്തില്‍ ആവാഹിച്ചു വരുത്തിയിട്ടുണ്ടായിരുന്നില്ല.
കയ്യില്‍ ഉണ്ടായിരുന്ന ഫയലും എടുത്തു കൌണ്ടറില്‍ പോയി. ഫയലും കയ്യിലെ വാച്ചും അവിടെ വെച്ച് പറഞ്ഞു. ബില്ലടയ്ക്കാന്‍ പൈസ തികയില്ല. 10 രൂപ കുറവുണ്ട്. ഫയലും വാച്ചും ഇവിടെ വെച്ച് വീട്ടില്‍ പോയി ബാക്കി പൈസ എടുത്തു വരാം. ഫയലില്‍ സര്‍ട്ടിഫിക്കറ്റും ഉണ്ട്. ക്ഷമിയ്ക്കണം.
വീട്ടില്‍, അങ്ങനെ പറയാമോ എന്നത് വേറെ വിഷയം, 10 രൂപ പോയിട്ട് 10 പൈസ പോലും ഇല്ല എന്ന രഹസ്യം അവര്‍ക്കെങ്ങനെ അറിയാന്‍ എന്നായിരുന്നു കപട ചിന്ത. വീട്ടില്‍ എന്നല്ല നാട്ടില്‍ തന്നെ കാല്‍ കാശിന്റെ മൂല്യം ഇല്ലാത്ത ദരിദ്രന്‍ മൂല്യബോധത്തില്‍ എങ്ങനെ ധനികന്‍ ആവാന്‍! ഏതായാലും മുഖപടം പൊഴിയാതെ, കാപട്യവും പരാജിതന്റെ വ്രണിത ഭാവവും മിഴികളില്‍ നിന്നും തുടച്ചു, ആത്മ വിശ്വാസക്കുറവു കൊണ്ട് ആര്‍ദ്രമാവുന്ന ശബ്ദം ഉള്ളില്‍ പൂഴ്ത്തി വെച്ച്, തല പൊക്കുമ്പോള്‍ മുന്നില്‍ അതാ ആ വെയിറ്റര്‍. സാറേ എന്ന് വിളിച്ചയാള്‍ ഏതു തെറിയില്‍ ആണ് ഉപസംഹരിയ്ക്കാന്‍ ഭാവം എന്നോര്‍ത്ത് നില്‍ക്കെ അയാള്‍ പറഞ്ഞു: "സാരമില്ല സാര്‍. സാറിവിടെ ഇതൊന്നും വെയ്ക്കേണ്ട. പൊയ്ക്കോളൂ. എന്നെങ്കിലും ഇത് വഴി വരുമ്പോള്‍ 10 രൂപ കയ്യില്‍ ഉണ്ടെങ്കില്‍ ഇവിടെ തന്നു പോയാല്‍ മതി". നിങ്ങള്‍ക്ക് ടിപ്പു പോലും തരാന്‍ പറ്റിയില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ നിലം പരിശാക്കിക്കൊണ്ട് അയാള്‍ മറുപടി നല്‍കി: "എന്നെങ്കിലും നിങ്ങള്‍ ജീവിതത്തില്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇല്ലാത്തവന് ഒരു നേരത്തെ ആഹാരം വാങ്ങിച്ചു കൊടുക്കാന്‍ സാധിച്ചാല്‍ അന്ന് എന്നെ ഓര്‍ത്താല്‍ മതി, അതാണ് എന്റെ ടിപ്."
പിന്നീടും പല തവണ ആ ഹോട്ടലിന്റെ മുന്നിലൂടെ പോയെങ്കിലും ദാരിദ്ര്യത്താല്‍ അനുഗ്രഹീതന്‍ ആയിരുന്നതിനാല്‍ 10 രൂപ തികച്ചു എടുക്കാന്‍ കയ്യില്‍ ഉണ്ടായിരുന്നില്ല. അതുണ്ടായപ്പോഴെയ്ക്കും പിന്നെ ആ നഗരത്തില്‍ നിന്നും ബഹുദൂരം അകന്നു.
വിശക്കുന്നവനു ഒരു നേരം ഭക്ഷണം വാങ്ങിച്ചു കൊടുക്കാനും പിന്നീട് ഒരിയ്ക്കലും സാധിച്ചില്ല. അതുകൊണ്ട് മാന്യനായ ആ വെയിറ്റര്‍ക്ക് ടിപ്പായി ഇത് സമര്‍പ്പിയ്ക്കുന്നു.
4 അഭിപ്രായങ്ങൾ:
well written; brings back like memories; keep those keypads busy !!
ഇപ്പോഴാണ് കണ്ടത്.
നല്ല എഴുത്തുകാരനാകും.
നല്ല മലയാളമറിയാം.
ന൪മ്മമറിയാം.
സാഹിത്യമറിയാം.
നമ്പൂതിരിഹാസ്യത്തിന്‍റെ ഒരു ത്രെഡ് രചനയില്‍ അലിഞ്ഞുചേ൪ന്നിട്ടുണ്ട്.
വളരെ നന്നായിരിക്കുന്നു.
കളപ്പുരയും ചെണ്ടുംചേലുമൊക്കെ ഉണ്ടായിരുന്നവ൪ സംവരണസമുദായ ജാതികളുടെ പുകച്ചുപുറത്താക്കലില്‍ ജന്മനാടുപേക്ഷിച്ച്,പച്ചവെള്ളം കുടിച്ച് തേരാപാര നടക്കേണ്ടിവന്നുവല്ലോ എന്നോ൪ക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട്.
താങ്കളുടെ എഴുത്തിനെ പേടിയുണ്ട്.
ഞങ്ങള്‍ കനേഡിയന്‍ മലയാളികള്‍ ഊതിവീ൪പ്പിച്ചിരിക്കുന്ന വാല്യു, മഹത്വം ഇവ താങ്കള്‍ കുത്തിയുടക്കുമോ.ദയവായി അരുത്.
എഴുത്തില്‍ വളരെ പ്രതീക്ഷ എനിക്കുണ്ട്.
ഇങ്ങനെ ഒരേ ഒരു കഷ്ടപ്പാട് മാത്രം അനുഭവിക്കേണ്ടി വന്ന ഭാഗ്യവാന്‍. മറ്റുള്ളവരുടെ അനുഭവങ്ങളുടെ കണ്ണീരില്‍ അറബിക്കടലില്‍ വെള്ളം ഉയര്‍ന്നാല്‍ കേരളം തന്നെ ഇല്ലാതാകും!
Inspiration 🫡
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ