2013 ജൂലൈ 16, ചൊവ്വാഴ്ച

YUDHA KANDAM - 2

മലാഡ് വെസ്റ്റിൽ  മാൽവണിയിലെ  ബാഫിറാ നഗറിൽ  പ്രസന്ന വാസ്തു. കൃത്യമായ വിലാസം 2B-31. മൂന്നാം നിലയിലെ  ബെഡ് റൂമിൽ നിന്ന് മെയിൻ റോഡിലേയ്ക്ക് തുറക്കുന്ന ഗ്രിൽസ് ഇല്ലാത്ത ഒരു വിശാലമായ ജനൽ ജാലകം. സന്ധ്യാ സമയത്ത് ലലനാമണികൾ  നടന്നു നീങ്ങുന്ന നയനാനന്ദകരമായ കാഴ്ച കാണാൻ 5 മുതൽ 8 വരെ അർദ്ധ നഗ്നരായ മല്ലുക്കൾ വായിൽ വെള്ളമിറക്കി തുറിച്ചു നോക്കി നില്ക്കുന്ന വിവരം അവർക്കും കൃത്യമായി അറിയാം. അത് അവരുടെ കടക്കണ്ണിൽ ഒളിഞ്ഞിരിയ്ക്കുന്ന നോട്ടവും ഹൃദയത്തിൽ ഒളിപ്പിച്ച മന്ദഹാസവും വിളിച്ചു പറയും. അതിൽ ലതികയും ഉണ്ടാവും. അവളെ നോക്കാൻ മാത്രം ജീവിയ്ക്കുന്ന സുരേഷും ജനൽ ബാൽക്കണിയിലെ  കാഴ്ചക്കാരിൽ ഒരാളാണല്ലോ. ലതിക ഒരു കടാക്ഷത്തിന്റെ ഔദാര്യം സംഭാവന ചെയ്ത് കടന്നു പോയാൽ പിന്നെ അധിക നേരം സുരേഷ് അവിടെ കാണില്ല. ആരും കാണുന്നില്ലെന്ന ധാരണയിൽ അദ്ദേഹം മെല്ലെ ഷർട്ടിട്ടു ''പാല് വാങ്ങി വരാം'' എന്ന് പറഞ്ഞു പുറത്തിറങ്ങും. ബാക്കിയുള്ളവർ അറിയാത്ത പോലെ കാഴ്ച തുടരും.

കാണുന്ന കളറുകളെക്കാൾ രസകരമായിരിയ്ക്കും ഒന്നിനൊന്നു മെച്ചപ്പെട്ട മഹാരഥന്മാരുടെ ജീവിതാനുഭവ കഥകളുടെ കഥനം.

'സിംഹവാലൻ മേനോൻ' എന്ന് ഞങ്ങളോടും നേരിൽ കാണുമ്പോൾ 'മേനോണ്‍' സാർ എന്നും രമേഷ് വിളിയ്ക്കുന്ന മാന്യ ദേഹം ഞങ്ങളുടെ മുകളിലെ ഫ്ലാറ്റിൽ ആയിരുന്നു താമസം. അദ്ദേഹത്തിന്റെ മകളാണ് ലതിക എന്ന ചന്ദ്രികാ കഥാപാത്രം. സുരേഷ് എന്ന രമണൻ ഒളിഞ്ഞും തെളിഞ്ഞും ഓട്ടോ റിക്ഷയിൽ  കർട്ടന്റെ മറവിലും ലോക്കൽ ട്രെയിനിൽ അപ്പോൾ മാത്രം അനുഗ്രഹീതമാവുന്ന തിക്കിലും തിരക്കിലും ബാൻഡ് സ്റ്റാന്റ് ബീച്ചിലും മേനവനവർകളും മറ്റു മക്കളും വീട്ടിൽ ഇല്ലാത്ത നേരം നോക്കി ആ 1 BHK (ബെഡ് റൂം ഹാൾ കിച്ചണ്‍)))))) സ്വകാര്യതയിലും  സന്ധ്യയുടെ പോക്ക് വെയിലിൽ മാൽവണിയുടെ വിജന പ്രാന്തങ്ങളിലും പ്രേമ പ്രാന്ത് പിടിച്ചു ലതികയുടെ കൂടെ സുരേഷ് കറങ്ങി. മറ്റുള്ളവർ ആ കഥകൾ കേട്ട് കിറുങ്ങി.

സന്ധ്യക്ക് കൃഷ്ണേട്ടൻ വന്നാൽ എല്ലാവരും നല്ല കുട്ടികളാവും. ഷർട് ഊരുമ്പോൾ ഹാങ്ങർ എടുത്ത് കയ്യിൽ  പിടിപ്പിയ്ക്കും രമേഷ് . ചായയുമായി ഭവ്യതയോടെ വിനോദ്. ചായ കുടിച്ചു Times of India വായിച്ചു കൊണ്ട് കൃഷ്ണേട്ടൻ കസാലയിൽ ഇരിയ്ക്കുമ്പോൾ ബാക്കി എല്ലാവരും ബഹുമാന പുരസ്സരം നിലത്തിരിയ്ക്കും. എന്തെങ്കിലും പറയുകയാണെങ്കിൽ തന്നെ ശബ്ദം കുറച്ചു ചെവിയിൽ പറയും. കൃഷ്ണേട്ടൻ ഒന്ന് നോക്കിയാൽ മതി, എല്ലാവരും നേർ വഴിയെ നടക്കാനും വേണമെങ്കിൽ  ഓടാനും!

രമേഷ് കൃഷ്ണേട്ടന്റെ ചേട്ടന്റെ മകനാണ്. നേരം ഇരുട്ടിയാൽ കൃഷ്ണേട്ടൻ പറയും: "രമേഷേ, വയറിനു ഒരു സുഖം പോര". കേട്ട പാതി, കേൾക്കാത്ത പാതി, രമേഷ് ഷർട്ട് ഇട്ടു കഴിഞ്ഞിരിയ്ക്കും. സത്രത്തിനു മുമ്പിൽ ഉള്ള ഫയർ സ്റ്റെഷനിൽ മാത്രമേ ഇത്ര വേഗം ആളുകൾ ഷർട്ട് ഇടുന്നത് കണ്ടിട്ടുള്ളു...കാരണം, രമേഷിനറിയാം ആ വയർ നേരെയാവാൻ താഴെ പോയി ഒരു 'ചതുരൻ' (അന്നൊക്കെ ചതുരത്തിൽ ഉള്ള ഒരു കുപ്പിയിൽ കിട്ടുന്ന അമൃത് ആയിരുന്നു ഞങ്ങളുടെ ജീവനോപാധി) വാങ്ങുക ആണ് ഉദ്ദേശം എന്നും അതിൽ ഒരു പങ്കു നമുക്കും തരാവും എന്നും, ഒരു നിമിഷം വൈകിയാൽ ഒരു പക്ഷെ കൃഷ്ണേട്ടന്റെ മനസ്സ് മാറിയേക്കാം എന്നും!

കൃഷ്ണേട്ടൻ ഫോർട്ടിൽ ഒരു വലിയ ഷിപ്പിങ്ങ് കമ്പനിയിലെ സ്റ്റെനൊഗ്രാഫർ ആണ്. നിരക്ഷരരും നിരാലംബരും സർവോപരി പാവങ്ങളും ആയ അവിടത്തെ തൊഴിലാളികളുടെ പിഴിഞ്ഞെടുക്കപ്പെടുന്ന അവകാശങ്ങൾ സംരക്ഷിയ്ക്കുന്ന യൂണിയൻ നേതാവാണ്‌ കൃഷ്ണേട്ടൻ. കൃഷ്ണേട്ടന് അർഹതപ്പെട്ട ശമ്പളത്തിന്റെ പകുതിയേ കിട്ടൂ- യൂണിയൻ നേതാവയത് കൊണ്ട്. ബാക്കി പകുതി യൂണിയന് ഉള്ളതാണ്. യഥാർത്ഥത്തിൽ മുഴുവൻ ശമ്പളവും യൂണിയൻ കൈപ്പറ്റി, അതിൽ പകുതി കൃഷ്ണേട്ടന് കൊടുക്കുകയാണ് പതിവ്. അവിടെ ബാക്കി എല്ലാ തൊഴിലാളികൾക്കും മുഴുവൻ ശമ്പളവും ലഭിയ്ക്കുമെന്നു മാത്രമല്ല അവരുടെ ഏതൊരു പ്രശ്നവും യൂണിയൻ, അതായത് കൃഷ്ണേട്ടൻ, പരിഹരിച്ചു കൊടുക്കുകയും ചെയ്യും.

ഇതൊക്കെയാണെങ്കിലും ആ കമ്പനിയ്ക്ക് കൃഷ്ണേട്ടൻ കണ്ണിലെ കൃഷ്ണമണി പൊലെയാണ് എന്നുള്ളതാണ് ഏറ്റവും വിചിത്രം. ജോലിയുടെ ഗുണ നിലവാരത്തിലായാലും കൃത്യ നിഷ്ടതയിൽ ആയാലും ദൈനംദിന നടത്തിപ്പുകളിലെ ശരികളുടെയും തെറ്റുകളുടെയും തീരുമാനങ്ങളിൽ ആയാലും കൃഷ്ണേട്ടൻ പറയുന്നതിനപ്പുറം മുതലാളിമാർ ആരും ഒരു വാക്കും പറയില്ല. അത് പേടിച്ചിട്ട്‌ മാത്രമല്ല - അതിനപ്പുറം ഒരു ശരിയില്ല എന്ന് അവർക്കും വ്യക്തമായി അറിയാം എന്നത് കൊണ്ടും.

ഇയ്യിടെയായി കണ്ടു വരുന്ന ഒരു കാര്യം: ഏതു അണ്ടനും അടകോടനും കഥ, സാഹിത്യം  എന്നൊക്കെ പറഞ്ഞു കൊണ്ട് ഓരോന്ന് എഴുതി പിടിപ്പിച്ചു വിടാം... ഈ ഞാൻ ഉൾപ്പെടെ എല്ലാ premature എഴുത്തുകാരുടെയും വിചാരം നമ്മൾ ഒരു വെല്ല്യ പാർട്ടിയായി വിരാജിയ്ക്കുകയാണല്ലോ. അപ്പോൾ സാഹിത്യം നമ്മുടെ ഒരു മേഖലയും മാത്രമല്ല മറ്റുള്ള കടന്നു കയറ്റം നമ്മൾ ഉപരോധിയ്കേണ്ട ഒരു  ശത്രുവും ആകുന്നു. ഇവിടെ നാം എഴുതുന്നതിനെ വാഴ്ത്താൻ ഉള്ളവർ, അല്ലെങ്കിൽ അവരുടെ പിണിയാളർ മാത്രം മതി. ബാക്കിയുള്ള ഏഴാം കൂലികളെ അടിച്ചിരുത്തും നമ്മൾ. എന്തൊരു സ്വർഗ്ഗ സുന്ദര വെബ്‌ ലോകം! ഇതിപ്പോ എന്തിനാടോ എഴുന്നള്ളിച്ചത് എന്ന് ഒരു വായനക്കാരൻ ചോദിച്ചത് ഞാൻ കേൾക്കുന്നു. പറയാം: ഇതെല്ലാം കണ്ടാൽ പിന്നെ ഒന്നും എഴുതാൻ തോന്നത്തില്ല സാറെ.

ഇനി ഫ്ലാഷ് ബാക്കിലെയ്ക്ക് പോവാം. എല്ലാം ബ്ലാക്ക് & വൈറ്റ് ആവട്ടെ: സിൽമ എന്ന ശീലെമ്മ കളിയിൽ കാണിയ്ക്കുന്ന പോലെ..കൃഷ്ണേട്ടന്റെ സുഹൃത്തുക്കൾ ആണ് ശ്രീധരെട്ടനും ജോസഫും ഒക്കെ. ശ്രീധരേട്ടൻ BEST തൊഴിലാളി നേതാവും ജോസഫ് എല്ലാ പൊതു പ്രവർത്തനങ്ങളുടെയും നേതാവും ആയിരുന്നു. 70 കളിലും 80 കളുടെ ആദ്യത്തിലും നിസ്വാർതമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ.

"വർഗ്ഗീയതയല്ല സഖാക്കളെ", ജീപ്പിന്റെ ബോണറ്റിൽ കയറിന്നിന്നു, ചേരിയിൽ കൂടിയ ജനാവലിയെ സാക്ഷി നിർത്തി ജോസഫ് പ്രസംഗിക്കുകയാണ്, "വർഗ്ഗ സമരമാണ് നമ്മുടെ ഗതികേടിനുള്ള ഒരേയൊരു പരിഹാരം. " പെട്ടെന്നതാ ജനക്കൂട്ടത്തിൽ നിന്നും കൂവലും തുടർന്ന് മൂർച്ചയേറിയ കല്ലുകൾ കൊണ്ട് ശിവ സേനക്കാർ ജോസഫിനെ എറിയുന്നു. തെറ്റ് കണ്ടാൽ പ്രതികരിക്കുന്നതിനു പകരം വാല് മടക്കി ഓടാൻ മാത്രം ശീലിച്ച 'മറാത്തി മക്കൾ' ഒന്നൊന്നായി സ്ഥലം വിടുമ്പോഴും ജോസഫ് പ്രസംഗം നിരത്തുന്നില്ല.

"ശൂലവും വടിവാളും മുഖമുദ്രയാക്കിയ ഫാസിസ്റ്റു ശക്തികൾ നാളെ നമ്മുടെ ജീവിതത്തെ കൂടുതൽ ദുരിത പൂർണ്ണമാക്കും. അതല്ലേ ഭഗത് സിങ്ങും AKG യും ഒക്കെ കഷ്ടപ്പെട്ട് നമ്മെ പഠിപ്പിച്ചത്? 1947 ലെ വിഭജനം നാം മറന്നു കൂട ..."
ചുറ്റും ശിവസേനക്കാർ മാത്രം. കല്ലേറ് ശക്തിയാവുന്നു, ജോസഫിന്റെ ദേഹം മുഴുവൻ പൊട്ടി ചൊരയൊലിയ്ക്കുന്നു. കണ്ണിലേയ്ക്കു വരുന്ന കല്ലേറുകൾ കയ്യാൽ തടുത്ത്‌ ജോസഫ്.....അവസാനം സംഭവത്തെ പറ്റി കേട്ടറിഞ്ഞു ഓടിയെത്തിയ കൃഷ്ണേട്ടനും ശ്രീധരെട്ടനും കൂടി പ്രിയ തോഴനെ എടുത്തു കൊണ്ട് പോകുന്നത് വരെയും പ്രസംഗവും കല്ലേറും തുടരുന്നു.

അതേ ജോസഫിന്റെ നാട്ടിൽ നിന്നാണ് പിൽക്കാലത്ത്‌ മാർട്ടിൻ ബോംബെയിലേക്ക്‌ വണ്ടി കയറുന്നത് - "ഒരു അനാഥ പ്രേതത്തെ അങ്ങോട്ടയയ്ക്കുന്നു, വേണ്ടും വിധം ശരിപ്പെടുത്തുക" എന്ന ജോസഫിന്റെ കൃഷ്ണേട്ടനുള്ള ശുപാർശ കുറിപ്പുമായി. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കുടുംബത്തിൽ നിന്ന് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ബേസിക്സും ആകാശത്തോളം പ്രതീക്ഷകളും ആയി അവൻ ജയന്തി ജനതയിൽ 2 രാത്രിയും 1 പകലും താണ്ടി ഈറോഡ് സേലം രേനിഗുന്ട കടപ്പാ രേയ്ച്ചുർ ഷൊലപ്പുർ പൂനെ വഴി അന്നത്തെ വിക്ടോറിയ റ്റെർമിനസ്സിൽ കാലു കുത്തി.

ചൂടും പൊടിയും ഗൃഹാതുരത്വവും കഴുകി കളഞ്ഞു കുളിച്ച് സത്രത്തിൽ പുതിയ അന്തേവാസിയായി സത്യ പ്രതിജ്ഞ ചെയ്തു. അവന്റെ കദന കഥ കൂട്ടി അന്ന് രാത്രി എല്ലാവരും ഊണ് കഴിച്ചു. വിനോദ് 'നിന്റെ മക്കളിൽ ഞാനാണ് പ്രാന്തൻ ' എന്ന കവിത ചൊല്ലി. വിജയൻ ഓഫീസിലെ സൽമാൻ-ഐശ്വര്യാ റായ് ഇമിറ്റെഷൻ  പ്രണയ ജോടികളുടെ കഥ സ്വകാര്യമായി പറഞ്ഞു. എല്ലാവരും കൃഷ്ണേട്ടൻ കേൾക്കാതെ വായ പൊത്തി ചിരിച്ചു.
മുംബയ് ദേവി എല്ലാവരെയും താരാട്ട് പാടി ഉറക്കി.

അവനാണ് നേരത്തെ പറഞ്ഞ (അദ്ധ്യായം 1) ലോക്കൽ ട്രെയിൻ യാത്ര നടത്തിയ സാധു.

അതു കഴിഞ്ഞു 3 മാസത്തിനകം വിജയനും വിനോദും കൃഷ്ണേട്ടനും ഷെയർ ഇട്ടു ഒരു കമ്പ്യൂട്ടർ വാങ്ങിച്ചു. ഓഫീസുകളിൽ അല്ലാതെ ഈ കുന്ത്രാണ്ടം വീടുകളിൽ പ്രതിഷ്ഠിക്കുന്ന സമ്പ്രദായം അന്ന് നിലവിൽ വന്നിരുന്നില്ല. മാർട്ടിന് ജോലിയൊന്നും ആവാത്തതിനാൽ ഫൊക്സ്പ്രൊ വെച്ച് അവൻ എന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതി വിജയനാണ് ഇക്കാര്യം അവതരിപ്പിച്ചത്. കൃഷ്ണേട്ടൻ സമ്മതിച്ചു. മാർട്ടിൻ ആണെങ്കിൽ ഫ്രീ ആയി താമസം, ഭക്ഷണം, എല്ലാം മടുത്തു; എന്ത് വേണം എന്നറിയാതെ 'മോഹങ്ങൾ മരവിച്ചു' എന്ന പാട്ടും പാടി കാലം കഴിയ്ക്കുന്നു. അവൻ വെയ്ക്കുന്ന രുചികരമായ ചിക്കൻ കറി മറ്റുള്ളവരും.

കമ്പ്യൂട്ടർ വരുന്നതിനു മുമ്പുള്ള മാർട്ടിൻ  / കമ്പ്യൂട്ടർ വന്നതിനു ശേഷം ഉള്ള മാർട്ടിൻ എന്ന് ചരിത്രകാരന്മാർക്ക് പിന്നീട് രേഖപ്പെടുത്താവുന്നതാണ്. അവൻ ആളാകെ മാറി എന്ന് സാഹിത്യ ഭാഷയിലും 'എന്താ ഓന്റൊരു പൗറെ' എന്ന് സംസ്കൃതത്തിലും എഴുതാം. നേരം വെളുത്താൽ കുളിച്ചു വസ്ത്രം മാറി, മിശിഹായ്ക്കു മുന്നിൽ മെഴുകു തിരി കൊളുത്തി വെച്ചാൽ പിന്നെ അവൻ ഫൊക്സ്പ്രൊ-യിൽ തപസ്യ തുടങ്ങുകയായി. അത് വരെ പഠിച്ചതും നവം നവമായി പഠിച്ചു വരുന്നതും ആയ പുതിയ ERP സൂത്രങ്ങൾ അവൻ പരീക്ഷിച്ചു കൊണ്ടിരുന്നു. വിജയൻ ആണ് അവന്റെ കമ്പനിയിൽ മാർട്ടിനെ ആദ്യം കൊണ്ട് പോയി ഒരു വർക്ക് തരപ്പെടുത്തി കൊടുത്തത്. അത് സാമാന്യം മോശമല്ലാതെ മാർട്ടിൻ ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നെ കഥാപുരുഷന്റെ കഥ വെച്ചടി വെച്ചടി കയറ്റമായിരുന്നൂ പോലും. തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല എന്നും പറയാം. അവനാകട്ടെ, തിരിഞ്ഞോ മറിഞ്ഞോ ഒട്ടു നോക്കിയതും ഇല്ല.

കൃഷ്ണേട്ടന്റെ കമ്പനിയിൽ 2 ലക്ഷം രൂപയുടെ വർക്ക് എടുത്തതോടെ മാർട്ടിൻ ഒരു പ്രതിഭാസമോ പ്രസ്ഥാനമോ ഒക്കെ ആയി. മുതലാളിമാരോട് പറഞ്ഞ് അവന് കമ്പനി ചെലവിൽ  മറ്റൊരു കമ്പ്യൂട്ടറും പിന്നെ ജോലിയ്ക്ക് സഹായത്തിനു ഒരു ഹെൽപ്പർ ആയി രമേഷിന്റെ സുഹൃത്തും C -യിൽ തറ പറ എന്നൊക്കെ എഴുതാൻ അറിയുന്നവനും ആയ സുരേഷിനെയും സത്രത്തിൽ ഏർപ്പാടാക്കി കൊടുത്തതും കൃഷ്ണേട്ടൻ തന്നെ. വിജയൻറെ കമ്പനിയിൽ നിന്ന് ഒരു ഒന്നൊന്നര റഫറൻസ്‌ കൂടി കിട്ടിയപ്പോൾ എല്ലാം പൊടി പാറി. ഇന്നത്തെ പോലെ Linked -in  endorsement എന്നൊക്കെ പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം മുഖസ്തുതി റ്റൈപ്പ് ചെയ്തു പോസ്റ്റിയാൽ  ആരെയും പറ്റിക്കാവുന്ന കാലം ആയിരുന്നില്ല. എല്ല് മുറിയെ പണിതാൽ ലിവർ നിറയെ കുടിയ്ക്കാം എന്ന് തന്നെയായിരുന്നു മുദ്രാവാക്യം.

നാളിതു വരെ ഞങ്ങൾക്ക് ചോറും കറിയും വെച്ച് തന്നിരുന്ന മാർട്ടിന് അതിനൊന്നും സമയമില്ലാതായി. ഞങ്ങൾ പകരം മാർട്ടിന് വെച്ച് വിളമ്പി കൊടുത്തു. മാർട്ടിൻ VGA സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ അത് ഭക്ഷിച്ചു. അവൻ പറയുന്ന കമ്പ്യൂട്ടർ രഹസ്യങ്ങൾ ഞങ്ങൾ  കണ്ണടച്ചും  ഭക്ഷിച്ചു.

വിജയൻ സിങ്കപ്പൂരിലേക്കു പോയപ്പോൾ ഞങ്ങൾ മൊത്തം ടീം എയർപ്പോർട്ട് വരെ എസ്കൊർട്ട് ചെയ്തു. ആദ്യമായിട്ടാണ് അവൻ വിമാനത്തിൽ കയറുന്നത്. ഞങ്ങളിൽ ചിലർ എയർപ്പോർട്ടിൽ പോവുന്നതും. അന്നൊന്നും എല്ലാ അലവലാതികളും ചപ്പലും ഗ്രോസറി ബാഗും ഒക്കെ ആയി വിമാനത്തിൽ കയറാൻ പോവുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. എങ്കിലും ചതുരന്റെ പ്രഭാവത്താൽ തികച്ചും 'സാംസ്കാരികമായി' പെരുമാറാൻ ഞങ്ങൾക്ക് അന്നേ മടിയുണ്ടായിരുന്നില്ല എന്നത് ഇവിടെ എടുത്തു പറയേണ്ടതാണ്. സുരേഷ് ഡിപ്പാർചർ ലോബിയിൽ വാളെടുത്തതും വെളിച്ചപ്പെട്ടതും പറയാതിരിക്കേണ്ടതുമാണ്.

അത് കഴിഞ്ഞു എത്ര തവണയാണ് ഓരോ ആളുകളും വരുമ്പോഴും പോവുമ്പോഴും എയർപ്പോർട്ട് സർവീസ്‌ നടത്തിയിട്ടുള്ളത്! ആ അനുധാവനങ്ങൾക്കു ശേഷം സത്രത്തിൽ തിരിച്ചെത്തി വട്ടത്തിലിരുന്നു ചതുര സേവയും കഴിഞ്ഞു രാജ്യം വിട്ട കശ്മലൻ വിഷമത്തോടെ "keep in touch" എന്ന് പറഞ്ഞ് എഴുതി തന്ന email അഡ്രസ്സ് കീറി കാറ്റിൽ പറത്തുന്നതോടെ ആ അദ്ധ്യായം അവസാനിയ്ക്കുന്നു. കാഴ്ചയ്ക്കപ്പുറം എന്ത് സ്നേഹബന്ധം സുഹൃത്തേ?

വിനോദ് ബോംബെ വിട്ടു നാട്ടിൽ പോവുമ്പോൾ പക്ഷെ മദാമ്മ (വിക്ടോറിയ) റ്റെർമ്മിനസ്സിൽ മാർട്ടിൻ വന്നിരുന്നില്ല. നാലാം നമ്പർ പ്ലാറ്റ്ഫോർമിനു മുന്നിലെ waiting area യിൽ  ഞങ്ങൾ നില്ക്കുകയാണ്. വർഷങ്ങൾക്ക്  ശേഷം ഇവിടെയാണ്‌ അജ്മൽ കസബും മറ്റു കാപാലികരും താണ്ഡവം നടത്താൻ പോവുന്നത്. വിനോദ് ``ഇപ്പൊ വരാം`` എന്ന് പറഞ്ഞു ജയന്തി ജനത നില്ക്കുന്ന പ്ലാറ്റ് ഫോമിലെക്കു നടന്നു. എന്താണ് സംഭവം എന്നറിയാൻ ഞാനും കൂടെ പോയി നോക്കി. അദ്ദേഹം നടന്നു നടന്നു പോവുകയാണ്...വിളിച്ചിട്ട് നില്ക്കുന്നില്ല. നോക്കുമ്പോൾ പ്ലാട്ഫോമിൽ നിന്ന് റെയിൽ ട്രാക്കിലേയ്ക്ക് ഇറങ്ങുന്നു. ഇനി വല്ല വണ്ടിയ്ക്കു തല വെയ്ക്കാനോ  മറ്റോ ആണോ? ഞാൻ ഓടാൻ തുടങ്ങി. പക്ഷെ നില്ക്കുന്ന വണ്ടിയ്ക്കു തല വെയ്ക്കാൻ വഴിയില്ലല്ലോ...മാത്രമല്ല ഇവിടെയിങ്ങനെ എല്ലാവരും നോക്കി നിൽക്കുമ്പോൾ?

വിനോദ് ആണെങ്കിൽ നാലഞ്ച് ദിവസമായിട്ടു വളരെ ഉത്സാഹത്തിൽ ആയിരുന്നു - ഇനി ഒരിയ്ക്കലും ബോംബെയിലേക്ക് വരേണ്ട എന്നതിനാൽ. എന്നോടൊരിക്കൽ പറയുകയും ചെയ്തു: "നീയൊക്കെ ഇവിടെ തന്നെ പണ്ടാരടക്കിക്കോ. പരമാത്മാവിനെന്ന പോലെ ജീവാത്മാവിനും കാല ദേശങ്ങൾ പ്രശ്നമല്ലല്ലോ. ഒരു മറാത്തി പെണ്ണിനേയും കെട്ടി 'കായ് തുമീ' എന്നും പറഞ്ഞു നടന്നോ". അവനെ പോലെ ബോംബെ നഗരം വിട്ടു പവലിയനിലേക്ക് തിരിച്ചു പോവാൻ വിസമ്മതിച്ചതിന്റെ കലിപ്പാണ്‌....

അതാ, വീണ്ടും അപ്പുറത്തെ പ്ലാട്ഫോമിലെയ്ക്ക് കയറി, തിരിച്ചു നടക്കുകയാണ് വിനോദ്. പിറകെ ഓടി. ചോദിച്ചിട്ടൊന്നും മിണ്ടുന്നില്ല. ഇനിയിപ്പോ, വട്ടായോ? എന്താണ് ഭാവം എന്നറിയണമല്ലോ. അവസാനം മനസ്സിലായി, ട്രെയിനിനെ വലം വെയ്ക്കുകയാണ് - അതും ഒന്നല്ല - മൂന്നു തവണ. അവസാനം മുമ്പിൽ ചെന്ന് കാർക്കിച്ചൊരു തുപ്പും! അതിനും ശേഷം ആണ് അന്തം വിട്ടു നില്ക്കുന്ന എന്നോട് ഇപ്രകാരം മൊഴിഞ്ഞത്:
``കഴിഞ്ഞ 5 വർഷമായി ഇത് ചെയ്യാൻ കൊതിച്ചു കൊണ്ടിരിക്കുന്നു.``

സ്റ്റൊക് എക്സ്ചെഞ്ചിൽ ബോംബു പൊട്ടിയ അന്ന് രാത്രിയാണ് മാർട്ടിൻ വിനോദിനും വിജയനും കമ്പ്യൂട്ടർ വാങ്ങിച്ചതിന്റെ പണം തിരികെ കൊടുത്തത്. അതിനവന് വ്യക്തമായ കാരണവും ഉണ്ടായിരുന്നു. അവൻ മാത്രം വർക്കുകൾ ചെയ്യുന്നത് കൊണ്ട് അവന്റെ പേരില് ഒരു കമ്പനി തുടങ്ങാം എന്ന് വെച്ചു, അതിനു മുമ്പായി എല്ലാം സെറ്റിൽ ചെയ്യണമല്ലോ. "പക്ഷെ നിങ്ങളൊക്കെ എപ്പോഴും കൂടെ വേണം, നമ്മൾ ഒരു കുടുംബം പോലെ കഴിഞ്ഞവർ അല്ലെ?"
എന്നാൽ എന്ത് കൊണ്ട് കൃഷ്ണേട്ടന്റെ പൈസ കൊടുക്കുന്നില്ല എന്ന ചോദ്യത്തിന് രണ്ടു മൂന്നു ദിവസത്തിനകം തന്നെ ഞങ്ങൾക്ക് ഉത്തരം കിട്ടി.

മുതലാളിമാർ പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു മാർട്ടിൻ ഡെലിവർ ചെയ്തത്. കമ്പനിയുടെ പകുതിയോളം വരുന്ന സ്റ്റാഫിനെ പിരിച്ചു വിട്ട് വൻ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ പുതിയ സോഫ്റ്റ്‌വെയർ കൊണ്ട് സാദ്ധ്യമായി. എന്നാൽ ഇത് കൃഷ്ണേട്ടനെ വല്ലാതെ വേദനിപ്പിക്കുകയും ക്ഷുഭിതൻ ആക്കുകയും ചെയ്തു എന്ന് പറയേണ്ടതില്ലല്ലോ. പക്ഷെ കൃഷ്ണേട്ടനു അതിന്റെ പേരിൽ പ്രശ്നമുണ്ടാക്കെണ്ടി വന്നില്ല. ഒരു വെറും സ്റ്റെനൊ എന്ന, ഭാവിയിൽ അന്യം നില്ക്കേണ്ട കൃഷ്ണേട്ടന്റെ തസ്തിക, നിഷ്കാസനം ചെയ്യേണ്ടതിന്റെ ആവശ്യകത മുതലാളിമാരെ ധരിപ്പിയ്ക്കാൻ ഉള്ള ഹിന്ദിയെല്ലാം അതിനകം മാർട്ടിൻ സ്വായത്തമാക്കിയിരുന്നു.

അന്ന് രാത്രി പതിവ് സദിരിൽ രാമേട്ടനെ (RUM ) സേവിച്ച കൃഷ്ണേട്ടൻ മാർട്ടിനോട് പറഞ്ഞു:
"സാരമില്ല. പാൽ  തന്ന കൈയ്ക്ക് കൊത്തുക എന്ന പ്രയോഗമൊക്കെ പണ്ടേ ഉള്ളത് തന്നെ. പക്ഷെ ഇനി നമ്മൾ രണ്ടു പേരും കൂടി ഇവിടെ ശരിയാവില്ല. മാർട്ടിൻ നാളെ തന്നെ ഇവിടെ നിന്ന് ഒഴിഞ്ഞു തരണം."

മാർട്ടിൻ ഉവാച :
"ഞാൻ എന്തിനു ഒഴിയണം? ജോലി പോയി, ഇനി മറ്റുള്ളവർക്ക് ബാദ്ധ്യത ആക്കാതെ നിങ്ങൾ അല്ലെ ഒഴിയേണ്ടത്? അല്ലെങ്കിലും ഇത് നിങ്ങളുടെ ഫ്ലാറ്റ് ഒന്നും അല്ലല്ലോ?"

"രാമേട്ടന്റെ" മുഴുവൻ ശക്തിയും ആവാഹിച്ച് രമേഷ് മാർട്ടിന്റെ കരണക്കുറ്റി നോക്കി പൂശി.



3 അഭിപ്രായങ്ങൾ:

Azeez . പറഞ്ഞു...

ഗംഭീരം.ജീവിതചൂളയില്‍ വേവിച്ചെടുത്ത ഒരു മനോഹരമായ രചന.ജീവിതം ഏറ്റവും നല്ല ഗുരു. നല്ലൊരു തിരക്കഥ വായിച്ച അനുഭവം . എല്ലാവരേയും കണ്ടു. കൃഷ്ണേട്ടനെ,ശ്രീധരേട്ടനെ, ജോസഫിനെ,മാ൪ട്ടിനെ...

എന്താ സംഭവിക്കുവാന്‍ പോകുന്നതെന്ന് ഒരു പിടിയുമില്ലായിരുന്നു.ലതികമാ൪ ലോകത്തെവിടേയും ഒരു സംഭവം തന്നെ. മടുപ്പാണ് ജീവിതം. മടുപ്പുമാറ്റാന്‍ ബീഡി, പട്ട, ലതിക ഇവയൊക്കെ നമ്മെ സഹായിക്കുന്നു. സുഖം ക്ഷണികമെങ്കിലും.ബീഡി കത്തിത്തീരും, പട്ട മുള്ളിപ്പോകും, ലതിക കെട്ടിപ്പോകും. ചെക്കന്മാരുടെ ജീവിതം ബാക്കി.

സാഹിത്യത്തില്‍ ഉപജാപകസംഘങ്ങളുണ്ട്, ക്വട്ടേഷന്‍ സംഘവുമുണ്ട്. പാവപ്പെട്ട എന്നെപ്പോലുള്ളവ൪ക്ക് ഒരു ലൈക് കൊടുക്കാതെ ഒരു കേക്ക് മുറിച്ചാല്‍ എഴുപതുമെമ്പതും ലൈക് കിട്ടുന്ന ഭാഗ്യവാന്മാരും/വതികളുമുണ്ട്. ആളെനോക്കി മനപ്പൂ൪വ്വം അവഗണിക്കുന്ന സ്വാ൪ത്ഥവാഹകസംഘങ്ങളുമുണ്ട്.സാഹിത്യം പ്രൊമോട്ട് ചെയ്യേണ്ട മേഖലയും ഉപരോധിക്കെണ്ട ശത്രുവുമാകുന്നു എല്ലാവ൪ക്കും.


വല്ലാത്ത ക്യാരക്റ്റ൪ ആണ് ഇതിലെ കമ്പ്യൂട്ട൪ താരം. ഒരു സ്നേഹക്കൂട്ടായ്മ തരുന്നതെല്ലാം ആസ്വദിച്ച്, വായുവും ജലവുമൂറ്റിക്കുടിച്ച് വള൪ന്ന് ഒടുവില്‍ സ൪പ്പമായി മാറുക. ഒരു സിനിമകഥാപാത്രം പോലെ തോന്നി.

ഹഹഹ. "അന്നൊന്നും എല്ലാ അലവലാതികളും ചപ്പലും ഗ്രോസറി ബാഗും ഒക്കെ ആയി വിമാനത്തിൽ കയറാൻ പോവുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല ." പാവപ്പെട്ട ഗ‍ള്‍ഫ്കാരെയാണോ ഒന്നു " താങ്ങിയത്?"

പിടികിട്ടിയിരുന്നില്ല, ഇപ്പോള്‍ കിട്ടി സാംസ്കാരികപ്രവ൪ത്തക൪ കൂടുതല്‍ ചിരിക്കുന്നതിന്‍റെ കാരണം: ചതുരന്‍.

കഥാന്ത്യം ഗംഭീരം. വെറുപ്പു ചുമന്നുകൊണ്ടുനടന്ന് ഒടുവില്‍ കാ൪ക്കിച്ചൊരുതുപ്പുംതുപ്പി കടന്നുപോകുവാന്‍ കഴിയുന്നവ൪ ഭാഗ്യവാന്മാ൪. കഥാന്ത്യം എങ്ങിനെയെന്ന് ഊഹിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. നന്നായി. രാമേട്ടന്‍റെ പവറിന് നമസ്തെ.

നാട്ടില്‍ കൃഷ്ണഭക്തന്മാ൪ പൂനയില്‍ ചെന്നാല്‍ രാമഭക്തനാകുന്നതെങ്ങിനെയെന്നും മനസ്സിലായി.
ജീവിതമേ വാഴ്ക വാഴ്ക.

vinod konat പറഞ്ഞു...

Going great.. Thanks for for renaming some of the Characters...
Allenkil kodathi kettiyene...

Our Kitchen പറഞ്ഞു...

Loved it Rajeev. :)