2013 ഏപ്രിൽ 9, ചൊവ്വാഴ്ച

YUDHA KANDAM - 1

സിനിമയിലും നോവലിലും കാണുന്നത് പോലെ ഞാന്‍ വിക്ടോറിയ ടെര്‍മിനസ്സില്‍ അല്ല വണ്ടി ഇറങ്ങിയത്‌.; ചത്രപതി ശിവജി ടെര്‍മിനസ്സിലും അല്ല. (നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രമാദമായ ലിംഗ മാറ്റ ശസ്ത്രക്രിയയായി അറിയപ്പെടുന്ന ഈ റെയില്‍വേ സ്റ്റേഷന്‍ പേര് മാറ്റം ഞാന്‍ ബോംബെയില്‍ പൊറുതി തുടങ്ങിയതിനു ശേഷം സംഭവിച്ചതത്രേ. അഹോ ഭാഗ്യം!)

ഞാന്‍ ഇറങ്ങിയത്‌ ദാദറില്‍ ആണ്. ദിവസവും ഓരോ മില്ല്യന്‍ വീതം കൃമി തുല്യര്‍ ആയ ഗതികെട്ട മാനുഷര്‍ - ഗാട്ടികളും ഭൈയ്യമാരും ഗുജ്ജുക്കളും പാണ്ടികളും മല്ലുമാരും സര്‍ദാര്‍മാരും ഉള്‍പ്പെട്ട ഇന്ത്യന്‍ തൊഴില്‍പ്പട - അതിവേഗം എന്ന നാട്യത്തില്‍,  പിടയ്ക്കുന്ന മീന്‍ പോലെ, കൂട്ടിലിട്ട വെരുകിനെ പോലെ, കടന്നു പോകുന്ന സ്റ്റേഷന്‍.!...; ബോംബെയുടെ ഹൃദയം എന്ന് പറയാവുന്ന ജങ്ക്ഷന്‍.;  പുരാതന  യൂറോപ്യന്‍ കുലീനത ഇന്നും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളായി തല പൊക്കി നില്‍ക്കുന്ന തെക്കന്‍ "ഡൌണ്‍ ടൌണും" ചെട്ടികളും കോമട്ടികളും തെണ്ടിപ്പരിഷകളും അടങ്ങുന്ന ബഹു ഭൂരിപക്ഷം, അക്ഷരാര്‍ത്ഥത്തില്‍ തന്നെ "തിങ്ങി"പ്പാര്‍ക്കുന്ന ചേരി സാമ്രാജ്യങ്ങള്‍ നിറഞ്ഞ വടക്കന്‍ സബര്‍ബുകളും കൂടിച്ചേരുന്ന   ജങ്ക്ഷന്‍..;
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്ര തന്നെ ശത്രുത നില നിര്‍ത്തുന്ന വെസ്റ്റേണ്‍ റെയില്‍ വിശ്വാസികളും സെന്‍ട്രല്‍ റെയില്‍ വിശ്വാസികളും ദിവസേന കണ്ടു മുട്ടുന്ന സ്ഥലം. ഇന്ത്യ മുഴുവന്‍ ഒന്ന് രണ്ടു ദിവസം പൊതുജനത്തെ കഴുതപ്പാല് കുടിപ്പിച്ച സിദ്ധിവിനായക ക്ഷേത്രം ഒരു വിളിപ്പാടകലെ...മാഹിം ചര്‍ച്ചും ഹാജി അലി ജുമാ മസ്ജിദും ഒന്നോ രണ്ടോ   വിളിപ്പാടകലെ...ദൈവം മാത്രം   വിളിപ്പാടുകള്‍ക്ക് അപ്പുറം!

എന്തിനേറെ പറയുന്നു , നഗര  പിതാക്കള്‍ ആയ ചോട്ടാ രാജനും ഹാജി മസ്താനും വരദ രാജ മുതലിയാരും  ഒക്കെ ദാദര്‍ ചുറ്റിപ്പറ്റി ആയിരുന്നു അവരുടെ സുവര്‍ണ കാലം കൊണ്ടാടിയത്.

ദാദര്‍ എന്ന് കേട്ടാല്‍ ഓര്‍മയില്‍ എത്തുന്ന ഒരു കഥ കൂടി പറയാതെ വയ്യ: ബോംബെയില്‍ സ്ലോ ട്രെയിനും ഫാസ്റ്റ് ട്രെയിനും ഉണ്ടെന്നു മനസ്സിലാവാന്‍ കുറച്ചു മണ്ടത്തരങ്ങള്‍ ആദ്യം ചെയ്യേണ്ടതുണ്ട്. അങ്ങിനെ ഒരു പുതുതായി വന്ന മലയാളി പയ്യന്‍ - ഒരു VIP സ്യൂട്ട് കേസുമായി, ഹവായ് ചെരുപ്പുമിട്ടു ജയന്തി ജനത ചേച്ചി കൊണ്ട് വരുന്ന ലക്ഷക്കണക്കിന് പരിഷകളില്‍ ഒന്ന് - അന്ധേരിയില്‍ നിന്ന് മാഹിമില്‍ പോവാന്‍ വണ്ടി കയറി. മാഹിം ചര്‍ച്ചില്‍ പോവാന്‍ ആയിരിക്കണം.....ചര്‍ച്ചില്‍ പോവാന്‍ ചര്‍ച്ച് ഗേറ്റ് വണ്ടി പിടിയ്ക്കണം എന്ന് കാര്യ വിവരം ഉള്ളവര്‍ പറഞ്ഞു കൊടുത്തിരിക്കണം. നാട്ടില്‍ നിന്ന് വന്ന സമയം ആയതു കൊണ്ട് പള്ളിയില്‍ പോവാന്‍ ഗൃഹാതുരമായ പ്രചോദനവും ഉണ്ടായിരിക്കണം. പിന്നെ, ജോലി തെണ്ടല്‍ അല്ലാതെ വേറെ ജ്വാലികളും ഇല്ലല്ലോ.. എന്തായാലും അത് ഫാസ്റ്റ് ട്രെയിന്‍ ആയിരുന്നു എന്ന് സാധു അറിഞ്ഞില്ല. മാഹിമും മാട്ടുംഗയും ഒക്കെ അതാ വെടി കൊണ്ട പന്നിയെ പോലെ ഓടി മറയുന്നു. ``കര്‍ത്താവെ ഈ വണ്ടി നിക്കത്തില്ലേ`` എന്ന് സാധു മധ്യ തിരുവിതാം കൂറിലെ കര്‍ത്താവിനോടു മനമുരുകി ചോദിച്ചു കാണണം...വണ്ടി സാവധാനം  നിന്നു. സാധു അന്തം വിട്ടു പുറത്തേയ്ക്ക് നോക്കിയപ്പോള്‍ സ്റ്റേഷന്റെ പേര് കണ്ടു: ദാദര്‍. എന്ത് കുന്തമെങ്കിലും ആവട്ടെ ഇറങ്ങുക തന്നെ എന്ന് കരുതി, പ്ലാറ്റ് ഫോമില്‍ കാലു കുത്തിയതും പറഞ്ഞു വെച്ച പോലെ മുമ്പില്‍ TTR.

``ടിക്കറ്റ് നികാലോ``

സാധുവിന് ഹിന്ദി ഒരു പിടിയും ഇല്ലെങ്കിലും ടിക്കറ്റ് എന്ന് പറഞ്ഞു കൈ നീട്ടി നില്‍ക്കുന്ന കാലന്‍ ആരാവും എന്ന് പെട്ടെന്ന് കത്തി. അതോടെ വയറില്‍ ഒരു കത്തലും ഉണ്ടായി എന്നത് പോട്ടെ. ഉടനെ തന്നെ സാധു സാധുത്തം വെടിഞ്ഞു.

ഹിന്ദിയെങ്കില്‍ ഹിന്ദി, ഡാ പിടിച്ചോ:
``ചര്‍ച്ച് ഗേറ്റ് ഗാടി മിസ്ടെക്ക് ഗാടി. മാഹിം നഹി, മാട്ടുംഗ നഹി, ദാ............ദര്‍!``
അത് പറയുമ്പോള്‍ തുടക്കത്തില്‍ ഒരു ഫാസ്റ്റ് ട്രെയിന്‍ പോവുന്ന പോലെ അതി വേഗത്തിലും ദാദര്‍ എന്ന് പറയുന്നത് വളരെ നീട്ടി, അവിടെ ട്രെയിന്‍ വന്നു നില്‍ക്കുന്നത് മുദ്രയായി കാണിച്ചും പറഞ്ഞൊപ്പിച്ചു.
ചിരിയടക്കി കൊണ്ട് TTR ``അങ്ങനെ അങ്ങനെ ബോലോ`` എന്ന് പറഞ്ഞു എന്നും സാധുവിനെ വെറുതെ വിട്ടു എന്നും ആണ് കഥ.

ആ സാധുവിന്‍റെ പില്‍ക്കാല  കഥ പിന്നീട് പറയാം....അത് വരെ ഈ എഴുത്ത് നീളുകയാണെങ്കില്‍.............!

ഈ പുതിയ പരീക്ഷണം, യുദ്ധ കാണ്ഡം, ബോംബെ ജീവിതം കാണിച്ചു തന്ന ചെട്ടി മിടുക്കുകളുടെ ഒരു പിൽക്കാല  നിരീക്ഷണം ആണ്. നടപ്പ് രീതിയില്‍ പറഞ്ഞാല്‍ ജീവിച്ചിരിക്കുന്നവരോ കാലയവനിക വലിച്ചു കീറി എങ്ങോ പോയി ഒളിച്ചവരോ ആയി പുല ബന്ധം പോലുമില്ല  എന്ന് മനസ്സില്‍ ഉറപ്പിക്കുക. . കാണാത്ത ജീവിതം കണ്‍ മുമ്പില്‍ എത്തിച്ചു തന്ന ബോംബെ നഗരം ഇല്ലായിരുന്നെങ്കില്‍ ഞാനില്ല.

മറ്റൊരു മാറ്റം ഇതില്‍ first person singular (ഞാന്‍) കൂടുതല്‍ ആയി കടന്നു വരുന്നു എന്നതത്രേ. ഞാന്‍ ഞാന്‍ എന്ന ഭാവം വരുന്നത് എനിക്ക് തന്നെ പിടിക്കുന്നില്ല, എന്നിട്ടും അത് ജീവിതത്തില്‍ എന്ന പോലെ കഥയിലും കടന്നു വരുന്നു. പൂനയില്‍ ദരിദ്രനും തെണ്ടിയും കാല്‍ കാശിനു കൊള്ലാതവനും ആയ "ഞാന്‍"`` പിന്നീട് സ്ഥല കാലങ്ങള്‍ മാറിയപ്പോള്‍, അഹന്ത പുറത്തു വന്നതായും ഇതിനെ ചരിത്രകാരന്മാർക്കു വ്യാഖ്യാനിക്കാവുന്നതാണ്. എത്ര കഷ്ടമാണ് മനുഷ്യന്‍റെ അല്‍പത്തരം, അല്ലെ? അത് പോട്ടെ. ജീവിതം തന്നെ ജീവികള്‍ക്ക് ശിക്ഷയും വരദാനവും. ചിന്തിച്ചു കൂട്ടാനുള്ളതെല്ലാം ഈ പുരുഷായുസ്സില്‍ തന്നെ തീരട്ടെ.

ദാദറില്‍ കാലു കുത്തിയത് കൊണ്ടാണോ എന്നറിയില്ല നീണ്ട 10 വര്‍ഷം അവിടെ നീങ്ങിയും നിരങ്ങിയും ഇഴഞ്ഞും പാഞ്ഞും കഴിച്ചു കൂട്ടി. എത്രയെത്ര വിചിത്ര ജന്മങ്ങള്‍ കണ്ണിനു കാഴ്ചയായും കരളിനു പോറല്‍ ആയും കടന്നു പോയി! അതൊക്കെ എഴുതി ഫലിപ്പിക്കാന്‍ ഞാനാര്! അല്ലെങ്കിലും നമ്മള്‍ ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ആയ ആ കാലത്തിനു ഇന്നെന്തു പ്രസക്തി? എല്ലാം ജല രേഖകള്‍ പോലെ വ്യര്‍ത്ഥ ജല്‍പ്പനങ്ങള്‍.!

M .P. നാരായണ പിള്ളയെ പോലെയും ആനന്ദിനെപ്പൊലെയും എത്രയോ പ്രശസ്തർ വരച്ചു കാണിച്ച മഹാനഗര വർണ്ണനകൾ വായിച്ചവർ ക്ഷമിയ്ക്കുക - അവിടെ കുറ്റി ബീഡി വലിച്ചും ഓൾഡ്‌ മങ്ക് കുടിച്ചും തേരാപ്പാര നടന്നും കഴിച്ചു കൂട്ടിയ പരിദേവനത്തിന്റെ പാരായണം മുഷിപ്പിയ്ക്കുന്നുവെങ്കിൽ സദയം മാപ്പാക്കുക.

മാല്‍വണി എന്ന സമുദ്ര തീരത്തെ ഒരു ഗ്രാമ തെരുവില്‍ ആണ് ഞാന്‍ എത്തിപ്പെട്ടത്. അവിടെ എല്ലാം ഉണ്ടായിരുന്നു. തലവേദനയ്ക്ക് ടോലോപാര്‍, അല്ലെങ്കില്‍ ഉറക്കം വരാന്‍ അല്‍പ്രാക്സ് എന്തും ചോദിച്ചാല്‍ എടുത്തു തരുന്ന മെഡിക്കല്‍ ഷോപ്പ്, ആയുര്‍വേദം വഴി ചികിത്സിച്ചു മരുന്ന് തരുന്ന വൈദ്യ ശാല, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ കിട്ടുന്ന പല വ്യഞ്ജന കടകള്‍, പാല്‍ കട, വെജിറ്റെറിയന്‍ ഹോട്ടല്‍, തട്ട് കട, പാന്‍ ഷോപ്പ്, ബാര്‍, ബാര്‍ബര്‍ ഷോപ്പ്, എന്തിനു ഫയര്‍ സ്റേഷന്‍ വരെ, എല്ലാം എല്ലാം അവിടെ ഉണ്ടായിരുന്നു.

ഞാന്‍ കയറി ചെല്ലുമ്പോള്‍ ആ ഫ്ലാറ്റില്‍ കൃഷ്ണേട്ടനും ശ്രീധരെട്ടനും ജോസഫും ആണ് ഇരിയ്ക്കുന്നുണ്ടായിരുന്നത്. അവര്‍ എന്തായിരുന്നു ചര്‍ച്ച ചെയ്തിരുന്നത് എന്ന് പില്‍ക്കാലത്ത്‌ പലപ്പോഴും ഞാന്‍ അന്തം വിട്ടിട്ടുണ്ട്. ജീവിതം മൊത്തത്തില്‍ തന്നെ ഒരു അന്തം വിടല്‍ ആണല്ലോ അല്ലെ? സമ്പ്രദായ രീതികളില്‍ പരിചയങ്ങള്‍ സ്ഥാപിയ്ക്കപ്പെട്ടപ്പോള്‍ കൃഷ്ണേട്ടൻ ചോദിച്ചു: "ഇവിടെ ബുദ്ധിമുട്ടാവുമോ?" 12 പേര്‍ താമസിക്കുന്ന സത്രം. ഒരു ബെഡ് റൂം. ഒരു ഹാള്‍. ഒരു കുളി മുറി. ഒരു കക്കൂസ്. ഒരു അടുക്കള - അതാണ്‌ ആ ഫ്ലാറ്റ്. അവിടെ രാത്രി ജോലി ചെയ്യുന്നവരും പകല്‍ ജോലി ചെയ്യുന്നവരും ജോലി പോയവരും പുതു മുഖങ്ങള്‍ ആയി ജോലി അന്വേഷിച്ചു നടക്കുന്നവരും ഒക്കെ ഉണ്ട്. ഇതല്ലേ നാം തേടിയ ലക്ഷ്യസ്ഥാനം?

ആ ഫ്ലാറ്റ് ആരുടെതുമല്ല. എന്നാല്‍ എല്ലാവരുടെതും ആണ്. കൃഷ്ണേട്ടൻ  ആണ് അതിന്‍റെ  എല്ലാം തീരുമാനിയ്ക്കാന്‍ എന്നിരിക്കിലും അത് കൃഷ്ണേട്ടന്റെ ഫ്ലാറ്റ് ഒന്നുമല്ല. അവിടെ വന്നു പോവുന്ന എല്ലാവരും അതിന്‍റെ ഉടമ പോലെ തന്നെ അവിടെ കഴിഞ്ഞു പോന്നു. സത്രം എന്ന വാക്കിനെ അന്വര്‍ഥമാക്കിയും അനര്‍ത്ഥമാക്കിയും കുറെ ആത്മാക്കള്‍ അവിടെ ഉണ്ടും ഉറങ്ങിയും  പാര്‍ത്തു. ഇന്നത്തെ കാലത്തിനു പിടി കിട്ടാത്ത ഒരു പ്രഹേളിക ആയിരുന്നു അവിടത്തെ സങ്കലനവും സമവാക്യങ്ങളും!

രാത്രി 11 മണി കഴിഞ്ഞപ്പോൾ ഷിഫ്റ്റ്‌ ജോലി കഴിഞ്ഞ് ആദ്യത്തെ അന്തേവാസി വന്നണഞ്ഞു - വിനോദ്. പേര്, സ്ഥലം എല്ലാം പറഞ്ഞപ്പോൾ വിനോദ് ചോദിച്ചു: ``പൊഹ വലി ഉണ്ടല്ലേ.``
``അത്യാവശ്യം``
``കുടിയോ``
``ആവശ്യത്തിൽ അധികം``
``മാംസം വിരോധമുണ്ടോ``
``ലവലേശം നഹി ``
``ബലെ! ച്ചാൽ , നമ്പൂര്യ അല്ലെ``
``അതെ``

3 അഭിപ്രായങ്ങൾ:

Azeez . പറഞ്ഞു...

ടിംധ്യാനം കഴിഞ്ഞുവന്ന നല്ല മൂഡിലായിരുന്നു.കാ൪മേഘമില്ലാത്ത മനസ്സോടെ, മന്ദഹാസത്തോടെ വായിച്ചു.രസിച്ചു.

കാല്‍ഗേറിയന്‍ ആനന്ദ് എഴുത്തില്‍.ചെട്ടിച്ചിയും ഗാട്ടികളും ഭൈയ്യമാരും ഗുജ്ജുക്കളും പാണ്ടികളും മല്ലുമാരും സര്‍ദാര്‍മാരും പഴയ വേശ്യകളും പുതിയ പെണ്‍കുട്ടികളും ഒക്കെ ചേ൪ന്ന് ഒരുകളികളിക്കുന്ന, അവരെ ചേ൪ത്ത് ഒരുകളികളിപ്പിക്കുന്ന മനോഹരമായ ഒരു വാക് വിസ്മയലോകം തുറയുന്നു.

തുടരുക യുദ്ധകാണ്ഠം.

``പൊഹ വലി ഉണ്ടല്ലേ.``
``അത്യാവശ്യം``
``കുടിയോ``
``ആവശ്യത്തിൽ അധികം``
``മാംസം വിരോധമുണ്ടോ``
``ലവലേശം നഹി ``
``ബലെ! ച്ചാൽ , നമ്പൂര്യ അല്ലെ``
``അതെ``


കാണുന്നതിനു മുമ്പ് ഞാനും മനസ്സില്‍ ഒരു രൂപരേഖ തയ്യാറാക്കിയിരുന്നു.നമ്പൂരിയാണല്ലോ.ഒന്നു തൊഴുതുകളയാം.ബ്രഹ്മജ്ഞാനം എന്തെങ്കിലും വീണുകിട്ടാതിരിക്കില്ല.

പഴയ ഒരു സഖാവായതുകൊണ്ട് ഏതായാലും തലയിലെ കച്ചത്തോ൪ത്തെടുത്ത് കക്ഷത്തില്‍ വയ്ക്കുവാനും തോളെല്ലൊടിച്ച് പാരബോളപോലെ ഒന്നുവളഞ്ഞുനില്‍ക്കാനും ഭാഗ്യത്തിന് എന്തോ തോന്നിയില്ല.

അതുകൊണ്ട്, ഇതിലെ ഏറെ രസിച്ച വാചകം::::
ജീവിതം മൊത്തത്തില്‍ തന്നെ ഒരു അന്തം വിടല്‍ ആണല്ലോ അല്ലെ?

ഈ യുദ്ധകാണ്ഠത്തിന് ഒരു ഗാന്ധാരിവിലക്ക് ഉണ്ടാകില്ലെങ്കില്‍ തുടരൂ ഈ യുദ്ധകാണ്ഠം.ബെസ്റ്റ് വിഷസ്.

vinod konat പറഞ്ഞു...

Started well, Waiting for next episodes of our great Mumbai Life. This need to be dedicated to our late commrade Ramesh.. I feel 2b/31 given more experience in life other than any place in the world. at least for me , that life prepared me to survive anywhere in the world..

Unknown പറഞ്ഞു...

ha!ha! adipoli mone kalakki enne orupad varshangal pirakilottu kondupoyi eeeeeeeeeeeee mlechanum kurachukalam sathrathil oru anthe vasiyayirunnallo good enthayalum usharayittund thankalude ee kaiprayokam keep it up